Image

ഹാഷിംപുര-ക്രൂരമായ ഒരു ഓര്‍മ്മയും, ഒരു താക്കീതും, ഒരു ഭാവി ഭീതിയും ( ഡല്‍ഹികത്ത്: പി.വി.തോമസ് )

പി.വി.തോമസ് Published on 09 November, 2018
ഹാഷിംപുര-ക്രൂരമായ ഒരു ഓര്‍മ്മയും, ഒരു താക്കീതും, ഒരു ഭാവി ഭീതിയും ( ഡല്‍ഹികത്ത്: പി.വി.തോമസ് )
ഹാഷിംപുര ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തിലുള്ള ഒരു ചെറിയ ജനവാസകേന്ദ്രം ആണ്. മീററ്റില്‍ 1987 മെയ്മാസത്തില്‍ ഒരു വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍. അയോദ്ധ്യയിലെ ബാബരിമസ്ജിദിന്റെ പൂട്ട് ഒരു കോടതിവിധിപ്രകാരം തുറന്നത് ആയിരുന്നു കാരണം. ഇതെതുടര്‍ന്ന് ഹിന്ദു-മുസ്ലീം കലാപം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ പ്രൊവിന്‍ഷ്യല്‍ ആംമഡ് കൊണ്‍സ്റ്റാബുലറിയുടെ(പി.എ.സി.)രണ്ട് റൈഫിളുകള്‍ കലാപകാരികള്‍ തട്ടിക്കൊണ്ട് പോയി. ഇത് മുസ്ലീങ്ങള്‍ ആണ് എന്നായിരുന്നു നാല്പത്തി ഒന്നാം ബറ്റാലിയന്‍ പി.എ.സി.യുടെ വിശ്വാസം. അവര്‍ ഹാഷിംപുര റെയ്ഡ് ചെയ്തു. 644 മുസ്ലീം ആണുങ്ങളെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു. 42-45 മുസ്ലീം യുവാക്കളെ 190 പി.എ.സി. സേനാംഗങ്ങള്‍ തട്ടിക്കൊണ്ട് പോയി സേനയുടെ യു.ആര്‍.യു. 1493 എന്ന ട്രക്കില്‍. ഈ മുസ്ലീം യുവാക്കളെ തൊട്ടടുത്ത ജില്ല ആയ ഗാസിയബാദിലെ ഹിന്റന്‍ കനാലിന്റെ തീരത്ത് നിരത്തി നിറുത്തി ഒന്നൊന്നായി വെടിവെച്ച് കൊന്ന് മൃതദേഹം റോഡിലും കനാലിലും ആയി ഉപേക്ഷിച്ചു.
ഇതാണ് ഹാഷിംപുര മുസ്ലീംകൂട്ടക്കൊല-1987. ഈ കേസിലെ പ്രതികളെ ആദ്യം കീഴ്‌ക്കോടതി വെറുതെ വിട്ടെങ്കിലും ഒക്ടോബര്‍ 31-ാം തീയതി 31 വര്‍ഷങ്ങള്‍ക്കുശേഷം മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിധി പുറപ്പെടുവിച്ചത് ദല്‍ഹി ഹൈക്കോടതി ആണ്. ഇത് ഒരു നിസാര കേസ് അല്ല. സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മഹനീയമായ ഒരു മതന്യൂനപക്ഷ കൂട്ടക്കൊല ആയിരുന്നു. ദല്‍ഹി-ഗുജറാത്ത് സിക്ക്-മുസ്ലീം വംശഹത്യകള്‍ ഇവിടെ മറക്കുന്നില്ല. പക്ഷേ, ഹാഷിംപുര വ്യത്യസ്തം ആണ്. അത് ഒരു കസ്റ്റെഡിയല്‍ കൂട്ടക്കൊല ആയിരുന്നു. അതും ഒരു മതവിഭാഗത്തിലുള്ള ഇവരെ തെരഞ്ഞുപിടിച്ചു. അതുതന്നെയാണ് ദല്‍ഹി ഹൈക്കോടതിയുടെ വിധിന്യായത്തിലും അടിവരയിട്ട്  ഊന്നി പറഞ്ഞത്. അതിലേക്ക് വിശദമായി പിന്നീട് വരാം.

സംഭവം നടന്നത് 1987 മെയ് 22നാണ്. അപ്പോള്‍ ഉത്തര്‍പ്രദേശ് ഭരിക്കുന്നത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വീര്‍ബഹദൂര്‍ സിംങ്ങ് ആയിരുന്നു. ദല്‍ഹിയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും. സംഭവം കഴിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഒരു സി.ബി.-സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചു. 1994-ല്‍ സി.ബി. സി.ഐ.ഡി. അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് പ്രകാരം 60 പി.എ.സി.- പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആണെന്ന് കണ്ടെത്തി. 1996-ല്‍ സി.ബി.-സി.ഐ.ഡി. 19 പി.എ.സി. ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 161 പേരെ സാക്ഷികളും ആക്കി. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതി പ്രകാരം 2002-ല്‍ സുപ്രീം കോടതി കേസ് ദല്‍ഹിയിലേക്ക് മാറ്റി. 2006-ല്‍ ദല്‍ഹിയിലെ വിചാരകോടതി 17 പ്രതികള്‍ക്കെതിരെ കൊലപാതകത്തിനും ഗൂഢാലോചനക്കും തെളിവ് നശിപ്പിക്കലിനും എതിരെ കുറ്റപത്രം ചുമത്തി. 19 പ്രതികളില്‍ രണ്ട് പേര്‍ ഇതിനിടെ മരണപ്പെട്ടിരുന്നു. 2015-മാര്‍ച്ചില്‍ വിചാരകോടതി പ്രതികളായ പി.എ.സി. പോലീസുകാരെ കുറ്റവിമുക്തരാക്കി. ഇത് ഒരു ആസൂത്രിതമായ ന്യൂനപക്ഷവിരുദ്ധ കൊല ആണെന്ന് കോടതി കണ്ടെത്തി. പക്ഷേ, പ്രതികളെ സംശയാതീതമായി തിരിച്ചറിയുവാന്‍ സാധിച്ചില്ലെന്നും കോടതി വിധിച്ചു. അങ്ങനെ യൂണിഫോം ധരിച്ച ആ കൊലപാതകികള്‍ രക്ഷപ്പെട്ടു. എന്നാല്‍ കേസ് അവിടെ തീര്‍ന്നില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസില്‍ പങ്കു ചേര്‍ന്നു. അങ്ങനെയാണ് അവസാനം ഇങ്ങനെ ഒരു വിധി വന്നതും 16 പി.എ.സി. പോലീസുകാരെ മരണം വരെ ജീവപര്യന്തം തടവിന് വിധിച്ചതും. പി.എ.സി.യും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റും ഒട്ടേറെ തെളിവുകള്‍ കോടതിക്ക് നല്‍കുകയുണ്ടായില്ല. ഇതില്‍ ഏറ്റവും പ്രധാനം ആയിരുന്നു സംഭവദിവസത്തെ ഡ്യൂട്ടി രജിസ്ട്രാര്‍. പക്ഷേ, പിന്നീട് അവര്‍ക്ക് അത് നല്‍കേണ്ടതായി വന്നു. അങ്ങനെയാണ് പ്രതികളുടെ തിരിച്ചറിവ് (ഐഡന്റിറ്റി) കോടതി ഉറപ്പ് വരുത്തുന്നത്. ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ ഛായാഗ്രഹകന്‍ ആയ പ്രവീണ്‍ ജയിന്‍ ഒളിച്ചിരുന്ന് എടുത്ത പ്രതികളുടെ ഫോട്ടോകളും കോടതിയെ സഹായിച്ചു. അങ്ങനെയാണ് 31 വര്‍ഷങ്ങള്‍ക്കു ശേഷം അത്യന്തം ഹീനമായ ഈ മതന്യൂനപക്ഷത്തിന്റെ ഉന്നം വച്ചുള്ള കൂട്ടക്കൊലയ്ക്ക് അവസാനം കണ്ടത്.

കോടതി ഇതിനെ ഒരു ന്യൂനപക്ഷത്തെ ഉന്നം വച്ചുള്ള കൊല എന്നാണ് വിശേഷിപ്പിച്ചത്. അതില്‍ ഒരു സായുധ വിഭാഗത്തിനുള്ളില്‍ ഉള്ള ന്യൂനപക്ഷ വിരുദ്ധതയെയും കോടതി എടുത്തുകാട്ടുന്നു. ഇത് അത്യന്തം അപകടകരവും ഭയാനകവും ആണ്. ഇത് ഗവണ്‍മെന്റിന്റെ ഒരു സായുധ വിഭാഗം ആണ് നടത്തിയത് എന്ന് ഓര്‍മ്മിക്കണം. പശു സംരക്ഷ ഗുണ്ടകള്‍ അല്ല. പി.എ.സി. എന്ന സേന തന്നെ ചൗധരിചരണ്‍സിംങ്ങ് പുനര്‍രൂപീകരിച്ചത് ഉത്തര്‍പ്രദേശ് പോലീസിലെ മത-വര്‍ഗ്ഗീയ ചേരിതിരിവിനെ ഇല്ലാതാക്കുവാന്‍ ആയിരുന്നു. പലപ്പോഴും മത- വര്‍ഗ്ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ പോലീസ് അവരുടെ തനിനിറം കാണിക്കുമായിരുന്നു. പക്ഷേ, അതിനെ എല്ലാം മറികടന്നുകൊണ്ടാണ് ഹാഷിംപുര കൂട്ടക്കൊല അരങ്ങേറിയത്. അത് ഇന്‍ഡ്യയുടെ മതനിരപേക്ഷ നിലപാടിനുളള ഒരു തീരാകളങ്കം ആണ്. 31 വര്‍ഷം ഈ കേസ് നീണ്ടുപോയെന്നത് ഇന്‍ഡ്യയുടെ ക്രിമിനല്‍ കുറ്റവ്യവസ്ഥക്ക് എതിരെ ഉയരുന്ന ഒരു വലിയ ചോദ്യം ആണ്. അതുപോലെ കൊലയാളികളായ പ്രതികളെ രക്ഷിക്കുവാന്‍ നടത്തിയ ശ്രമങ്ങളും. അതുകൊണ്ടാണ് 2015-ല്‍ കീഴ്‌ക്കോടതി ഇത് ന്യൂനപക്ഷ മതവിഭാഗമായ മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് ഉന്നം വച്ചുള്ള കൊലപാതകം ആണെന്ന് സ്ഥിരീകരിച്ചെങ്കിലും കുറ്റവാളികളെ ശിക്ഷിക്കുവാനായി 2018 വരെ കാത്തിരിക്കേണ്ടതായിട്ട് വന്നത്. ഇനിയുള്ള ചോദ്യം ശിക്ഷിക്കപ്പെട്ട ഈ ഉദ്യോഗസ്ഥന്മാര്‍ മാത്രം ആണോ ഇതിലെ കുറ്റവാളികള്‍? ഒരിക്കലും അല്ല. ഇതുപോലുള്ള ഒരു ന്യൂനപക്ഷ കൂട്ടക്കൊലക്ക് ഉന്നതാധികാരികളുടെ സഹായവും സംരക്ഷണവും പ്രേരണയും ഇല്ലാതെ സാദ്ധ്യമല്ല. അത് രാഷ്ട്രീയക്കാരാകാം, ഭരണാധികാരികള്‍ ആകാം, പോലീസിലെയും ബ്യൂറോക്രസിയിലെയും മേലാളന്മാര്‍ ആകാം. അവരെ ആര് കണ്ടുപിടിച്ച് ശിക്ഷിക്കും? അവര്‍ പിടിക്കപ്പെടുകയില്ല. ഒരിക്കലും ശിക്ഷിക്കപ്പെടുകയും ഇല്ല. ഉത്തര്‍പ്രദേശില്‍ ഇന്നും ഉന്നം വച്ചുള്ള വ്യാജഏറ്റുമുട്ടലുകളും കൊലകളും വ്യാപകം ആണ് യോഗി ആദിത്യനാഥിന്റെ ഭരണത്തിനു കീഴില്‍. ഇതില്‍ കണക്കുകളുടെ തെളിവ് ഉണ്ട്. വേണമെങ്കില്‍ നിരത്താം.

ഡല്‍ഹിയിലെ സിക്ക് വിരുദ്ധകലാപവും ഗുജറാത്തിലെ മുസ്ലീം വിരുദ്ധ വംശഹത്യയും കാന്തമഹലിലെ(ഒറീസ) ക്രിസ്ത്യന്‍ വിരുദ്ധകലാപവും എല്ലാം ഇതിന്റെ വലിയ പതിപ്പ് ആണെന്ന വ്യത്യാസം മാത്രമെ ഉള്ളൂ. എന്താണ് ഇതിന്റെ എല്ലാം അന്തസത്ത. എങ്ങനെ പട്ടാളത്തിനും(പട്ടാളം ആണ് ഹാഷിംപുരയിലെ മുസ്ലീങ്ങളെ വളഞ്ഞു പിടിച്ച് പി.എ.സി.ക്ക് കൈമാറുന്നത്)പി.എ.സി.ക്കും അവരുടെ മേലാധികാരികള്‍ക്കും ഇതിന് കഴിഞ്ഞത്? ഏത് നിയമം, ഏത് രാഷ്ട്രീയ-മത-സാമൂഹ്യ വീക്ഷണം ആണ് അവരെ ഇതിന് പ്രേരിപ്പിച്ചത്? ബയണ ഘടിപ്പിച്ച നിറതോക്ക് ഈ നിരായുധരായ മുസ്ലീങ്ങളുടെ നേരെ ചൂണ്ടി അവരെ പി.എ.സി.ക്ക് കൊലക്കായി പട്ടാളം കൈമാറുന്ന ചിത്രം എന്റെ സുഹൃത്ത് പ്രവീണ്‍ ജയിന്‍ എടുത്തത് കാണുമ്പോള്‍ ഉള്‍ക്കിടിലം ഉണ്ടാകുന്നു. ഇത് ഇന്‍ഡ്യ തന്നെ ആണോ? അതോ ഹിറ്റ്‌ലറുടെ ജര്‍മ്മനിയോ? അതോ ഏതെങ്കിലും ഏകാധിപതിയുടെ ആഫ്രിക്കന്‍ രാജ്യങ്ങളോ?
മറക്കരുത് ഹാഷിംപുര ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. അത് ആവര്‍ത്തിക്കപ്പെടുത്തല്‍ ആണ്. അത് ആവര്‍ത്തിക്കപ്പെടരുത്. ആവര്‍ത്തിക്കപ്പെട്ടാല്‍ ഇന്‍ഡ്യ എന്ന സ്വപ്‌നം ശിഥിലമാകും. അത് സംഭവിച്ചുകൂടാ.

ഹാഷിംപുര-ക്രൂരമായ ഒരു ഓര്‍മ്മയും, ഒരു താക്കീതും, ഒരു ഭാവി ഭീതിയും ( ഡല്‍ഹികത്ത്: പി.വി.തോമസ് )
Join WhatsApp News
Ninan Mathulla 2018-11-09 21:59:21
Looks like the conscience of many comment writers are frozen to not write a comment. Appreciate the sense of justice of journalists like P.V. Thomas.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക