Image

അതിലൊരു പ്രശ്‌നമുണ്ട്, ശ്രീ പിണറായി വിജയന്‍

Published on 10 November, 2018
അതിലൊരു പ്രശ്‌നമുണ്ട്, ശ്രീ പിണറായി വിജയന്‍
അതിലൊരു പ്രശ്‌നമുണ്ട്, ശ്രീ പിണറായി വിജയന്‍

KJ Jacob-FB

ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധിയെ കേരളീയ നവോത്ഥാനത്തിന്റെ നാള്‍വഴിയിലേക്കു നീക്കിനിര്‍ത്തിയ രാഷ്ട്രീയ നേതാവാണ് താങ്കള്‍. അങ്ങിനെ ചെയ്ത ആദ്യത്തെ വലിയ രാഷ്ട്രീയനേതാക്കളില്‍ ഒരാള്‍. ഒരുവേള ആ ഗണത്തില്‍പ്പെട്ട ഒരേയൊരാള്‍.

ഒപ്പം അതൊരോര്‍മ്മപ്പെടുത്തലും കൂടെയായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിലെവിടെയോവെച്ചനാഥമാക്കപ്പെട്ട നവോത്ഥാനയാത്രയെ വീണ്ടെടുക്കാന്‍, പകുതിയോളം മനുഷ്യരെ തുല്യരായിക്കാണാന്‍ നമുക്കൊരു കോടതിവിധിയുടെ ഇടപെടല്‍ വേണ്ടിവന്നു എന്ന ഒരധ്യാപകന്റെ ഓര്‍മ്മപ്പെടുത്തല്‍.

അവര്‍ മതങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍, നമുക്ക് മനുഷ്യരിലേക്ക് പടരേണ്ടതുണ്ട് എന്ന കമ്യൂണിസ്റ്റിന്റെ ഓര്‍മ്മപ്പെടുത്തല്‍.

ഹിരണ്യഗര്‍ഭന്‍മാരായ രാജാക്കന്മാരും മുറജപികളായ പുരോഹിതന്മാരും അവരുടെ വിചിത്രാചാരങ്ങളും വേട്ടയാടിയ മനുഷ്യര്‍ക്കുവേണ്ടി കലാപം നടത്തിയ പ്രസ്ഥാനം ചവിട്ടിനടന്ന കനല്‍വഴികളിലൊപ്പംനടന്നൊരാള്‍ക്ക് അതൊരു സ്വാഭാവിക നിലപാടായിരുന്നു.

താങ്കളിപ്പോള്‍ വീണ്ടും ഒരു യുദ്ധമുഖത്താണ്. നമ്മുടെ നാടും.

പൗരന്‍ എന്ന നിലയില്‍, ഒറ്റ മനുഷ്യന്‍ എന്ന നിലയില്‍ മാനിക്കപ്പെടാന്‍ തനിക്കര്‍ഹതയുണ്ട് എന്ന് വിചാരിക്കുന്നവരെല്ലാം താങ്കള്‍ക്കൊപ്പമുണ്ട് എന്നാണ് എന്റെ ബോധ്യം. ആ ബോധ്യത്തിനു ആധികാരികതയും നിയമപരമായ പ്രാബല്യവും നല്‍കുന്ന ഭരണഘടനയെന്ന 'പണ്ടാരം' കത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ മറുവശത്തും.

ഈ യുദ്ധത്തില്‍ നിങ്ങള്‍, നമ്മള്‍, ഈ നാട്, ജയിക്കേണ്ടതുണ്ട്. നവോത്ഥാനം പകുതിയ്ക്കുവച്ചു നിര്‍ത്തിപ്പോയ ലിംഗനീതി എന്ന ലക്ഷ്യത്തില്‍ നമ്മളെത്തേണ്ടതുണ്ട്. ആ യാത്രയില്‍ സാധ്യമായത്ര മനുഷ്യര്‍ ചേരേണ്ടതുണ്ട്. ഈ യാത്രയുടെ ഓരോ ചുവടും അതിന്റെ ലക്ഷ്യത്തെ സാധൂരിക്കേണ്ടതുണ്ട്. ഓരോ പടയാളിയും അതിന്റെ ധാര്‍മ്മികത ഉള്‍ക്കൊള്ളേണ്ടതുണ്ട്. ലക്ഷ്യം പോലെ പ്രധാനമായി യാത്രയുടെ ഓരോ ചുവടും കരുതേണ്ടതുണ്ട്.

അതുകൊണ്ട്,

താങ്കളുടെ പാര്‍ട്ടിയുടെ ഒരു നിയമസഭാ സാമാജികനെതിരെ താങ്കളുടെ പാര്‍ട്ടിക്കാരിയായ ഒരു പെണ്‍കുട്ടി നല്‍കിയ ഒരു പരാതി താങ്കളുടെ പാര്‍ട്ടിയുടെ മുന്‍പിലുണ്ട്. അതില്‍ ആ പെണ്‍കുട്ടിയ്ക്ക് ബോധ്യമാകുന്ന ഒരു പരിഹാരം കണ്ടുപിടിക്കാന്‍ താങ്കള്‍ക്കുത്തരവാദിത്തമുണ്ട് എന്ന് ഞാന്‍ കരുതുന്നു.

ആ കുട്ടിക്കു ബോധ്യമാവാത്ത ലിംഗനീതിയെക്കുറിച്ചാണ് താങ്കള്‍ പറയുന്നതെങ്കില്‍,
അതുകൂടി പെടാത്ത നവോത്ഥാനമാണ് താങ്കള്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍,

ആ ഒറ്റ മനുഷ്യനു നീതിവാങ്ങിക്കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍,

അതിലെനിക്കൊരു പ്രശ്‌നമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക