Image

ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടുത്തം; 2 ജീവനക്കാര്‍ അറസ്റ്റില്‍

Published on 10 November, 2018
ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി തീപിടുത്തം; 2 ജീവനക്കാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മണ്‍വിള വ്യവസായ എസ്‌റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് തീവച്ചതുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ചിറയന്‍കീഴ് സ്വദേശി ബിമല്‍, കാര്യവട്ടം സ്വദേശി ബിനു എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ശമ്പളം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധമായാണ് ഇവര്‍ സ്ഥാപനത്തിന് തീവച്ചതെന്ന് പോലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഇവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തീവച്ചത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കെട്ടിടത്തിന്റെ മുകളിലെ സ്‌റ്റോര്‍ മുറിയില്‍നിന്നാണ് അഗ്‌നിബാധയുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന, ഉത്പന്നങ്ങള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ച് തീവച്ചതാണ് വന്‍അപകടത്തിന് വഴിവച്ചത്. ബിമലാണ് ലൈറ്റര്‍ കൊണ്ട് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു.

രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുമണിവരെയാണ് ബിനുവിന്റെയും ബിമലിന്റെയും ജോലി സമയം. ജോലി കഴിഞ്ഞ് ലൈറ്റ് അണച്ച ശേഷം സ്‌റ്റോര്‍ റൂമിന് സമീപത്തെത്തി തീകൊളുത്തുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പോലീസ് അറിയിച്ചു.

ഫാക്ടറിയിലെ എക്കണോമിക്‌സ് സ്‌റ്റോറില്‍ സഹായികളായാണ് ഇരുവരും ജോലി ചെയ്യുന്നത്. ഫാക്ടറിയിലെ സി സി ടിവിയിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഇവര്‍ കത്തിക്കാനുപയോഗിച്ച ലൈറ്റര്‍ വാങ്ങിയത് സമീപത്തെ കടയില്‍നിന്നാണെന്നും പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക