Image

ആളെ കൊല്ലുന്ന ബൈക്ക് യാത്രകള്‍

മുരളി തുമ്മാരുകുടി Published on 10 November, 2018
ആളെ കൊല്ലുന്ന ബൈക്ക് യാത്രകള്‍
കോയമ്പത്തൂരിൽ നിന്നും രാത്രി ബൈക്ക് ഓടിച്ചു വന്ന രണ്ടു കുട്ടികൾ ഇന്നലെ ആലപ്പുഴക്കടുത്ത് ബൈക്കപകടത്തിൽ മരിച്ച സംഭവം എന്നെ ഏറെ ദുഖിപ്പിക്കുന്നു.

രണ്ടായിരത്തി പതിനേഴിൽ കേരളത്തിൽ പതിനയ്യായിരത്തിനടുത്ത് ബൈക്കപകടങ്ങൾ ഉണ്ടായി, അതിൽ ആയിരത്തി മുന്നൂറു പേർ മരിച്ചു. ഗുരുതരമായി പരിക്ക് പറ്റിയവരുടെ എണ്ണം പതിനോരായിരം ആണ്. ചെറുപ്രായത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റാൽ അവരുടെ ജീവിതം മാത്രമല്ല, ആ കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയും സാമ്പത്തിക സുരക്ഷയും ആണ് നശിച്ചു പോകുന്നത്. കുട്ടികൾ ഇതൊക്കെ മനസ്സിലാക്കണം. ബൈക്ക് വാങ്ങിക്കൊടുക്കുന്നതിന് മുൻപ് മാതാപിതാക്കളും.

ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും പറയാം, കേരളത്തിലെ റോഡുകളിൽ ബൈക്കുകൾക്ക് ഒരു സ്ഥാനവും ഇല്ല. ബസ് മുതൽ ട്രക്ക് വരെ ടിപ്പർ മുതൽ ഓട്ടോറിക്ഷ വരെ ഓടിക്കുന്നവർ ബൈക്കുകാരുടെ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല. ബൈക്ക് കാരെ അവർ തന്നെ കാക്കണം.

സാധിക്കുമെങ്കിൽ ബൈക്ക് എടുത്ത് നമ്മുടെ റോഡുകളിൽ ഇറങ്ങാതിരിക്കുന്നതാണ് ബുദ്ധി. എത്ര ദൂരം റോഡിലുണ്ടോ, എത്രമാത്രം വലിയ വാഹനങ്ങൾ റോഡിലുണ്ടോ അത്രയും കൂടുതലാണ് ബൈക്കുകാർക്ക് അപകടം സംഭവിക്കാനുള്ള സാധ്യത.

ദീർഘദൂര ബൈക്ക് യാത്രകൾ ഒഴിവാക്കുക, ഹൈവേകളിൽ ബൈക്കിൽ പോകുന്നത് കുറക്കുക, രാത്രിയാത്ര തീർത്തും ഒഴിവാക്കുക, മഴയുള്ളപ്പോൾ യാത്രകൾ ഒഴിവാക്കുക, ഹെൽമെറ്റ് വെക്കാതെയും മദ്യപിച്ചും വണ്ടി ഓടിക്കുന്നത് ആത്മഹത്യാപരമാണെന്ന് അറിയുക എന്നിങ്ങനെ സ്വയം അപകടം കുറക്കാനുള്ള വഴികൾ ഏറെയുണ്ട്. എത്ര ശ്രദ്ധിക്കുന്നുവോ അത്രയും നല്ലത്.

റോഡ് നന്നാക്കണം, മറ്റു ഡ്രൈവർമാർ ലൈറ്റ് ഡിം ആക്കുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങൾ ശരിയാണ്. പക്ഷെ അതൊന്നും നിങ്ങൾക്ക് മാറ്റാൻ പറ്റുന്നതതല്ല. അതുകൊണ്ട് ജീവനിൽ കൊതിയുണ്ടെങ്കിൽ മുൻപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടികളുടെ ജീവനിൽ കൊതിയുണ്ടെങ്കിൽ ബൈക്ക് വാങ്ങികൊടുക്കാതിരിക്കുക, ഉണ്ടെങ്കിൽ തന്നെ സുരക്ഷിതമായി മാത്രം ഉപയോഗിക്കാൻ പറയുക, പഠിപ്പിക്കുക.

മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികൾ. മാതാപിതാക്കളുടെ സങ്കടത്തിൽ പങ്കുചേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക