Image

പകല്‍ കമ്മ്യൂണിസം പറയുകയും രാത്രി ബി.ജെ.പിയുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്ന അവസരവാദിയാണ്‌ മുഖ്യമന്ത്രിയെന്ന്‌ മുരളീധരന്‍

Published on 11 November, 2018
പകല്‍ കമ്മ്യൂണിസം പറയുകയും രാത്രി ബി.ജെ.പിയുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്ന അവസരവാദിയാണ്‌ മുഖ്യമന്ത്രിയെന്ന്‌ മുരളീധരന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ പകല്‍ കമ്മ്യൂണിസം പറയുകയും രാത്രി ബി.ജെ.പിയുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്ന അവസാരവാദിയാണെന്ന്‌ കെ.പി.സി.സി പ്രചാരണ വിഭാഗം തലവന്‍ കെ.മുരളീധരന്‍.

1977ല്‍ പിണറായി വിജയന്‍ വിജയിച്ചത്‌ ആര്‍.എസ്‌.എസുകാരുടെ വോട്ട്‌ നേടിയാണ്‌. ഏതാണ്ട്‌ 7500 വോട്ടുകള്‍ പിണറായിക്ക്‌ വേണ്ടി ആര്‍.എസ്‌.എസുകാര്‍ ചെയ്‌തു.

ബി.ജെ.പി നേതാവ്‌ കുമ്മനം രാജശേഖരനുമായി ഓരോ ആഴ്‌ചയും സര്‍ക്കാര്‍ ചെലവില്‍ കൂടിക്കാഴ്‌ച നടത്തുമായിരുന്നു. ഇത്‌ പൊളിയുമെന്ന ഘട്ടത്തിലാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ മുഖ്യമന്ത്രി കടക്ക്‌ പുറത്ത്‌ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസം സംരക്ഷിക്കാന്‍, വര്‍ഗീയതയെ തുരത്താന്‍ എന്നീ വിഷയങ്ങള്‍ ഉന്നയിച്ച്‌ കെ.പി.സി.സി സംഘടിപ്പിക്കുന്ന പ്രചാരണ യാത്ര തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്‌.എസ്‌ നേതാവ്‌ വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രിയാണ്‌ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

പൊലീസ്‌ സന്ദര്‍ഭോചിതമായ ഇടപെടല്‍ നടത്തിയത്‌ കൊണ്ട്‌ സന്നിധാനത്ത്‌ സംഘര്‍ഷം ഉണ്ടായില്ലെന്നാണ്‌ ദേവസ്വം കമീഷണര്‍ ഹൈകോടതിയെ അറിയിച്ചത്‌. ആര്‍.എസ്‌.എസുകാര്‍ തോന്നിവാസം നടത്തിയപ്പോള്‍ പൊലീസ്‌ കൈയ്യും കെട്ടി നിന്നതാണോ സന്ദര്‍ഭോചിതമായ ഇടപെടലെന്ന്‌ മുരളീധരന്‍ പരിഹസിച്ചു.

കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ പോകുന്നുവെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. ബി.ജെ.പിക്ക്‌ ആളെ കൂട്ടികൊടുക്കുന്ന ജോലിയാണോ മുഖ്യമന്ത്രിക്കുള്ളത്‌. വര്‍ഗീയ പ്രസംഗം നടത്തിയ ശ്രീധരന്‍പിള്ളയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക