Image

ജവാന്‍ ഓഫ് വെള്ളിമല, മമ്മൂട്ടിയ്ക്ക് ഇരട്ടദൗത്യം

Published on 07 April, 2012
ജവാന്‍ ഓഫ് വെള്ളിമല, മമ്മൂട്ടിയ്ക്ക് ഇരട്ടദൗത്യം
ഒരു സൂപ്പര്‍ഹിറ്റിനായി കൊതിക്കുന്ന മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജവാന്‍ ഓഫ് വെള്ളിമല'. ഡബിള്‍ റോളാണ് മമ്മൂട്ടിക്ക് ഈ സിനിമയില്‍. നായക കഥാപാത്രം അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിര്‍മ്മിക്കുന്നതും മമ്മൂട്ടിയാണ്. ആറ് സിനിമകള്‍ വിതരണത്തിനെത്തിച്ച പ്ലേഹൗസിന്റെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജവാന്‍ ഓഫ് വെള്ളിമലയ്ക്കുണ്ട്. ഹൈറേഞ്ചിലെ വെള്ളിമല എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. 

വെള്ളിമലയില്‍ സ്ഥിതിചെയ്യുന്ന ഡാമിലെ ജീവനക്കാരനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഗോപീകൃഷ്ണന്‍. ചില പ്രത്യേക കാരണത്താല്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞുപോരേണ്ടി വന്ന ഭൂതകാലവും ഈ കഥാപാത്രത്തിനുണ്ട്. ഡാമിന്റെ ചുമതലയുള്ള എക്‌സിക്യുട്ടീവ് എന്‍ജിനീയറാണ് വര്‍ഗീസ്. ശ്രീനിവാസനാണ് ഈ വേഷം ചെയ്യുന്നത്. ഡാമിലെ ജീവനക്കാരിയാണ് മമ്ത മോഹന്‍ദാസിന്റെ അനിത എന്ന കഥാപാത്രം. കോശി ഉമ്മന്‍ എന്ന ശക്തമായ കഥാപാത്രമായി ആസിഫ് അലിയും ചിത്രത്തിലുണ്ട്. 

ഇവരുടെ ജീവിതത്തിലൂടെ ഹൈറേഞ്ചിന്റെ ദൃശ്യമനോഹാരിതയും ചേര്‍ത്ത് കഥപറയാന്‍ ഒരുങ്ങുകയാണ് 'ജവാന്‍ ഓഫ് വെള്ളിമല'യിലൂടെ നവാഗതനായ അനൂപ് കണ്ണന്‍. ലാല്‍ജോസിന്റെ കീഴില്‍ മീശമാധവന്‍ മുതല്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് അനൂപ് കണ്ണന്‍ സ്വതന്ത്രസംവിധായകനായി മാറുന്നത്. തൃശ്ശൂര്‍ ആമ്പല്ലൂരില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പീരുമേടായിരിക്കും. 

ജോണി ആന്റണിയുടെ താപ്പാനയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തുകഴിഞ്ഞു.
വെനീസിലെ വ്യാപാരിക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രത്തിന് കൂടി രചന നിര്‍വഹിക്കുകയാണ് ജവാന്‍ ഓഫ് വെള്ളിമലയിലൂടെ ജയിംസ് ആല്‍ബര്‍ട്ട്. പ്രണയത്തിന് മനോഹര ദൃശ്യങ്ങള്‍ ഒരുക്കിയ സതീശ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

ബിജിബാലിന്റേതാണ് സംഗീതം. മമ്തയും, പുതുമുഖ നടി ലിയോന ലിഷോയിയും ഉള്‍പ്പെടെ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ടാവും. 
മറവത്തൂര്‍ കനവ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രവുമായാണ് ലാല്‍ജോസ് സംവിധാനരംഗത്ത് ചുവടുവെച്ചത്. അദ്ദേഹത്തിന്റെ ശിഷ്യനും ഒരു സൂപ്പര്‍ഹിറ്റ് മലയാള സിനിമയ്ക്കും മമ്മൂട്ടി ആരാധകര്‍ക്കും സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

ജവാന്‍ ഓഫ് വെള്ളിമല, മമ്മൂട്ടിയ്ക്ക് ഇരട്ടദൗത്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക