Image

നയന്‍സിന്റെ ഇടനിലക്കാരിയാവാനില്ലെന്ന് ഖുശ്ബു

Published on 07 April, 2012
നയന്‍സിന്റെ ഇടനിലക്കാരിയാവാനില്ലെന്ന് ഖുശ്ബു
ഒരു വര്‍ഷം മുന്‍പ് ഈ സമയത്ത് എല്ലാവരും പറഞ്ഞുനടന്നിരുന്നത് നയന്‍സും പ്രഭുദേവയും തമ്മിലുള്ള തീവ്രപ്രണയത്തെ പറ്റിയാണ്. എന്നാല്‍ എല്ലാം പൊളിഞ്ഞ് തകര്‍ന്ന് പോയി. വിധി ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ത്തുവെന്ന് പറയുന്നതിലും നല്ലത് പ്രഭുദേവ പുതിയ മേച്ചില്‍ പുറം തേടി എന്നതാവും. ഇതോടെ മതം മാറി അമ്പലങ്ങളും സന്ദര്‍ശിച്ച് നടന്നിരുന്ന നയന്‍സിന് ഓര്‍ക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയതു പോലെയായി. പ്രഭുവുമായി പ്രണയം തലയ്ക്ക് പിടിച്ച് നടന്നിരുന്ന സമയത്ത് പ്രഭു എന്ന് കൈയ്യില്‍ പച്ച കുത്തിയത് എങ്ങനെ മായ്ക്കുമെന്ന് അന്വേഷിച്ച് നടക്കുകയാണ് പാവം നയന്‍സ്. ഇതിനിടയിലാണ് പ്രഭുദേവയുടേയും നയന്‍സിന്റേയും പൊതുസുഹൃത്തായ പഴയ ഗ്ലാമര്‍ താരം ഖുശ്ബു ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെടുമെന്ന വാര്‍ത്ത പ്രചരിച്ച് തുടങ്ങിയത്.

മൂന്ന് ദിവസം മുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകനോട് ഖുശ്ബു ഇതേപ്പറ്റി സംസാരിച്ചതോടെയാണ് പതിയെ കെട്ടടങ്ങിയിരുന്ന നയന്‍സ്പ്രഭു ബന്ധം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയത്. ഇതോടെ ഖുശ്ബുവിന്റെ ഇടപെടലുകള്‍ ഇരുവരുടേയും മനം മാറ്റുന്നതിന് കാരണമാകുമെന്നും ഒന്നിയ്ക്കാന്‍ സാധ്യതയേറിയെന്നുമുള്ള വാര്‍ത്തകള്‍ കോളിവുഡില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ കൊണ്ട് ഖുശ്ബുവിന് രക്ഷയില്ലാതായി.

പ്രഭുദേവയുമായും നയന്‍സുമായും പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നത് സംബന്ധിച്ച് ഖുശ്ബു ആദ്യവട്ട ചര്‍ച്ച നടത്തിയെന്നുവരെ വാര്‍ത്തകളിറങ്ങി. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അവര്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഖുശ്ബു പറഞ്ഞിരിക്കുന്നത് നയന്‍സും പ്രഭുവുമായുള്ള പ്രശ്‌നത്തില്‍ താന്‍ ഒരു കാരണവശാലും ഇടപെടില്ലെന്നാണ്. പ്രഭുദേവയും നയന്‍ താരയും ദീര്‍ഘകാലമായി തനിക്കുള്ള സുഹൃത്തുക്കളാണെന്ന് ഖുശ്ബു പറഞ്ഞു. എന്നാല്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ തനിക്ക് പ്രഭുദേവയെ അറിയാമെന്നും ഖുശ്ബു വെളിപ്പെടുത്തി.

ഒരു സ്വതന്ത്ര കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ പ്രഭുദേവ ആദ്യമായി രംഗത്ത് വരുന്നത് തന്റെ ഒരു സിനിമയിലൂടെയാണെന്നും ഖുശ്ബു പറഞ്ഞു. എന്നാല്‍ സംഭവിച്ചതെല്ലാം കഴിഞ്ഞ കഥകളാണെന്നും താന്‍ എന്തുവന്നാലും അതില്‍ ഇടപെടാന്‍ ശ്രമിക്കില്ലെന്നും ഖുശ്ബു പറയുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത് തികച്ചും അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്നും അതിനെ ബഹുമാനിക്കുന്നതുകൊണ്ട് തന്നെ ആ വിഷയത്തില്‍ ഇടപെടില്ലെന്നുമാണ് ഖുശ്ബു അഭിപ്രായപ്പെടുന്നത്. സൗഹൃദം സൗഹൃദമായി തന്നെ ഇരിക്കട്ടെയെന്നും തനിക്ക് ഇരുവരുമായി സൗഹൃദമുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അത് വിനിയോഗിക്കേണ്ടതില്ലെന്നുമാണ് ഖുശ്ബു പറയുന്നത്.

എന്നാല്‍ പ്രഭുദേവയ്ക്ക് നയന്‍സിലുള്ള താത്പര്യം നഷ്ടമായതാണ് വേര്‍പിരിയലിന് കാരണമെന്നും ഖുശ്ബു ഇടപെട്ടാല്‍ അത് തീരില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്നും ചില വിമര്‍ശകര്‍ പറയുന്നുണ്ട്. മാത്രവുമല്ല പ്രഭുദേവ നയന്‍സിനെ ഉപേക്ഷിച്ച സ്ഥിതിയ്ക്ക് പ്രഭുവുമായി കൂടുതല്‍ അടുപ്പമുള്ള ഖുശ്ബുവെങ്ങനെ പ്രശ്‌നം തീര്‍ക്കാന്‍ ഇടപെടുമെന്നും ഇവര്‍ ചോദിക്കുന്നു.

നയന്‍സിന്റെ ഇടനിലക്കാരിയാവാനില്ലെന്ന് ഖുശ്ബു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക