Image

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലവും ശബരിമല സംഘര്‍ഷഭരിതമാകും

Published on 13 November, 2018
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലവും ശബരിമല സംഘര്‍ഷഭരിതമാകും

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലവും ശബരിമല സംഘര്‍ഷഭരിതമാകും. യുവതീ പ്രവേശനമെന്ന സുപ്രീം കോടതിയുടെ പഴയ ഉത്തരവ് നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ നേരിടാന്‍ ഇറങ്ങുന്ന സംഘ പരിവാര്‍ ശബരിമലയെ വീണ്ടും പ്രതിഷേധ വേദിയാക്കും.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക് എത്തിയിരിക്കുന്നു. ജനുവരി 22ന് ആണ് പുന:പരിശോധന ഹരജികള്‍ കോടതി പരിഗണിക്കുക. ഇനി ഈ വിഷയത്തില്‍ തന്ത്രി, രാജകുടുംബം, ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി ഓരോരുത്തരുടെയും വാദങ്ങള്‍ കോടതിക്ക് മുന്നില്‍ ഉന്നയിച്ച് നിലപാടുകള്‍ വ്യക്തമാക്കാം.

കേരളത്തില്‍ ക്രമസമാധാന പ്രശ്നമായി സുപ്രീം കോടതി വിധി മാറിയെന്നത് യാഥാര്‍ത്ഥ്യമാണ്. രാഷ്ട്രീയമായും സാമുദായികമായും സംസ്ഥാനത്ത് നിരവധി തര്‍ക്കങ്ങള്‍ക്കും ആശയ സംവാദങ്ങള്‍ക്കും വിധി വഴി വെച്ചു. 49 പുനപരിശോധനാ ഹര്‍ജികളും സുപ്രീം കോടതി പരിഗണനയ്ക്കെടുത്തതോടെ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന വിധി നടപ്പിലാക്കണമെന്ന ബാധ്യതയില്‍ നിന്ന് സര്‍ക്കാരിന് രക്ഷപെടാവുന്നതാണ്.

പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ മുന്നിലായതിനാല്‍ തന്നെ നേരത്തെ പുറപ്പെടുവിച്ച വിധി സര്‍ക്കാരിന് നടപ്പിലാക്കാവുന്നതല്ല. പുനപരിശോധനാ ഹര്‍ജികളുടെ വിധി വരുന്നത് വരെ ക്ഷമയോടെ സര്‍ക്കാര്‍ കാത്തിരുന്നേ മതിയാകൂ.

ദേവസ്യം ബോര്‍ഡാകട്ടേ ചെകുത്താനും കടലിനുമിടയിലാണ്. വിശ്വാസികളെ തള്ളി സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്നെന്ന പേരുദോഷം ബോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു .ഇത് മാത്രമല്ല ദേവസ്വം ബോര്‍ഡ് തങ്ങളുടെ വാദങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ കണ്ട് വെച്ച പ്രമുഖ അഭിഭാഷകന്‍ ആര്യാമ സുന്ദരത്തെ വിശ്വഹിന്ദു പരിഷത്ത് വശത്താക്കിയതും തിരിച്ചടി തന്നെയാണ്. മകര വിളക്കിന് ശേഷം പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമ്പോള്‍ അതില്‍ എന്ത് തീരുമാനം വരുമെന്നതാണ് ഇനി എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്.

ഇത് വരെ സംഘപരിവാറിന് തിരിച്ചടിയും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളിയുമാണ്. മണ്ഡല മകരവിളക്ക് കാലത്താണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് വലിയ ഉത്തരവാദിത്യം മുന്നിലുണ്ട്. ഇതിന് മേലുള്ള വിലയിരുത്തലുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉയര്‍ന്നു വരും.

വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ചെറിയ തര്‍ക്കം തന്നെയായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുണ്ടായത്. രാഷ്ട്രിയമായി കൈക്കൊണ്ട നിലപാടില്‍ നിന്ന് അണുവിട വ്യതിചലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെന്ന് അവര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടും വ്യക്തമാക്കുന്നു. റിട്ട് ഹര്‍ജികള്‍ നില നില്‍ക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത് രാഷ്ട്രീയ നിലപാടിന് കരുത്ത് പകരുന്നതാണ്. പുനപരിശോധന ഹര്‍ജിയില്‍ 6 കാര്യങ്ങളാണ് അക്കമിട്ട് നിരത്തിയത്.

പുന:പരിശോധന ഹര്‍ജികളിലെ വാദങ്ങള്‍
1. ഭരണഘടനയുടെ 14) അനുഛേദം അനുസരിച്ച് ആചാരനുഷ്ഠാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും
2. വിഗ്രഹാരാധന ഹിന്ദു മതത്തില്‍ അനിവാര്യം. വിഗ്രഹത്തിനുള്ള അവകാശം സംരക്ഷിക്കണം
3. നൈഷ്ഠിക ബ്രഹ്മചാരി സങ്കല്‍പ്പത്തിന്റെ പ്രത്യേകകതകള്‍ പരിഗണിച്ചില്ല.
4. അയ്യപ്പ ഭക്തന്‍മാര്‍ പ്രത്യേക മതവിദാഗം ആണോ അല്ലയോ എന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല
5. അയ്യപ്പന്റെ നൈഷഠിക ബ്രഹ്മചര്യം സ്ഥാപിക്കുന്ന പൗരാണിക തെളിവുകള്‍ പരിഗണിച്ചില്ല.
6 വിശ്വാസത്തിന്റെ ഭരണഘടനാവകാശം നിഷേധിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക