Image

തൃപ്‌തി ദേശായിക്ക്‌ പ്രത്യേക സുരക്ഷ നല്‍കില്ലെന്ന്‌ പൊലീസ്‌, ആക്രമണമുണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രിയെന്ന്‌ തൃപ്‌തി

Published on 15 November, 2018
തൃപ്‌തി ദേശായിക്ക്‌ പ്രത്യേക സുരക്ഷ നല്‍കില്ലെന്ന്‌ പൊലീസ്‌, ആക്രമണമുണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രിയെന്ന്‌ തൃപ്‌തി
ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്‌തി ദേശായിക്ക്‌ പ്രത്യേക സുരക്ഷ നല്‍കില്ലെന്ന്‌ പൊലീസ്‌. മറ്റ്‌ തീര്‍ത്ഥാടകര്‍ക്ക്‌ നല്‍കുന്ന അതേ സുരക്ഷ തന്നെ തൃപ്‌തിക്കും നല്‍കും.

നേരത്തെ ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്‌ച കേരളത്തില്‍ എത്തുമെന്നും തനിക്കും ഒപ്പം വരുന്നവര്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട്‌ തൃപ്‌തി മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേരളാ പൊലീസ്‌ നയം വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നത്‌.

ആറ്‌ സ്‌ത്രീകളുമായാണ്‌ താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്‌ച നട തുറക്കുമ്പോള്‍ തന്നെ മല കയറാന്‍ സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു തൃപ്‌തി ദേശായി മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കിയിരുന്നത്‌. സ്‌ത്രീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചാലും തന്റെ തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്നാണ്‌ തൃപ്‌തിയുടെ നിലപാട്‌.

കേരളത്തില്‍ വിമാനം ഇറങ്ങിയതിനു ശേഷം ശബരിമലയിലേക്കുള്ള യാത്രയ്‌ക്കിടെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ മുഖ്യമന്ത്രിയും കേരളാ പോലീസുമായിരിക്കും ഉത്തരവാദികളെന്നും തൃപ്‌തി പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശം ആകാമെന്ന കോടതി വിധി സ്വാഗതം ചെയ്‌ത തൃപ്‌തി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തിന്റെ തിയതി പ്രഖ്യാപിച്ചിരുന്നില്ല. സ്‌ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്‌ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.

മണ്ഡലകാലാരംഭത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ തൃപ്‌തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന്‌ ബുധനാഴ്‌ച കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നവിസ്‌ തുടങ്ങിയവര്‍ക്ക്‌ കത്തിന്റെ പകര്‍പ്പും നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക