Image

യുവതീപ്രവേശം തടയാന്‍ സര്‍ക്കാരിനാവില്ലെന്നു മുഖ്യമന്ത്രി

Published on 15 November, 2018
യുവതീപ്രവേശം തടയാന്‍ സര്‍ക്കാരിനാവില്ലെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ സര്‍ക്കാരിനാവില്ലെന്നും വേണമെങ്കില്‍ ഇതു ചില ദിവസങ്ങളിലായി ക്രമീകരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിനു മറ്റൊരു മാര്‍ഗമില്ല. പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ. സെപ്റ്റംബറിലെ ഉത്തരവ് നിലനില്‍ക്കുന്നതായാണ് കോടതി പറഞ്ഞത്. 10-50 വയസിന് ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ വരാം. ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും കോടതി പറഞ്ഞത് അനുസരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതി പ്രവേശനം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍.

ചര്‍ച്ച തൃപ്തികരമാണ്. മുഖ്യമന്ത്രി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പന്തളം രാജകൊട്ടാര പ്രതിനിധി വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ നടയടക്കുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്ന് തന്ത്രി പറഞ്ഞു. യുവതികള്‍ ക്ഷേത്രത്തില്‍ വരരുതെന്ന് തന്ത്രി അഭ്യര്‍ഥിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക