Image

ശബരിമല: പൂര്‍ത്തിയാക്കാമായിരുന്ന പുനഃപരിശോധന (സുരേന്ദ്രന്‍ നായര്‍)

ശബരിമല കര്‍മ്മ സമിതി Published on 15 November, 2018
ശബരിമല: പൂര്‍ത്തിയാക്കാമായിരുന്ന പുനഃപരിശോധന (സുരേന്ദ്രന്‍ നായര്‍)
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കഴിഞ്ഞ സെപ്റ്റംബര്‍ 28 നു സുപ്രിം കോടതി പുറപ്പെടുവിച്ച വിധിന്യായം കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ അഭൂതപൂര്‍വമായ ചലനങ്ങലാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഭരണഘടനാ ബഞ്ചിന്റെ ഒരു വിധിയിന്മേല്‍ പുനഃപരിശോധന സാധാരണമല്ലെന്നിരിക്കെ കേരളത്തിലെമ്പാടും ശബരിമല സന്നിധാനത്തില്‍ പ്രത്യേകിച്ചും ഉണ്ടായ പ്രതിഷേധങ്ങള്‍ കൂടി പരിഗണിച്ചായിരിക്കാം കോടതി കഴിഞ്ഞ ദിവസം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തയ്യാറായത്. വിധിക്കു ആധാരമായ യങ് ലായേഴ്‌സ് അസോസിയേഷന്റെ പരാതി, ശബരിമലയില്‍ നടന്നുവരുന്ന യുവതി പ്രവേശന നിരോധനം ഭരണ ഘടന സ്ത്രീകള്‍ക്ക് അനുവദിച്ചിരിക്കുന്ന തുല്യ പദവിയുടെ ലംഘനമാണെന്നും തുല്യ നീതിയുടെ നിഷേധമാണെന്നുമായിരുന്നു. 

പരാതിയില്‍ പരിഹാരം നിര്‍ദ്ദേശിക്കേണ്ട ക്ഷേത്രത്തിന്റെ ഭരണ ചുമതലയുള്ള ദേവസ്വംബോര്‍ഡും കേരളസര്‍ക്കാരും പരാതിക്കാരുടെ ആവലാതികള്‍ ശരിവച്ചുകൊണ്ടു സുപ്രിം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു വിശ്വാസ സമൂഹവുമായോ ഹൈന്ദവ സംഘടനകളുമായോ ആലോചിക്കാതെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ നടപടിയിലൂടെ ശബരി മലയിലെ ആചാര അനുഷ്ടാനങ്ങളെ അട്ടിമറിക്കുകയാണെന്നും വ്യതിരിക്തമായ അവിടത്തെ പ്രതിഷ്ഠ സങ്കല്‍പ്പത്തെ അപമാനിച്ചു രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി താന്ത്രിക വിധിപ്രകാരം ആചാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന ക്ഷേത്രം തന്ത്രിയും ശബരിമലയുടെ പൂര്‍വ അവകാശികളായ പന്തളം രാജകുടുംബ അംഗങ്ങളും മറ്റുചില ഭക്തജന സംഘടനകളും കേസില്‍ കക്ഷി ചേരുകയാണുണ്ടായത്.

കേരളത്തില്‍ത്തന്നെ സ്ത്രീകള്‍ക്ക് പ്രായ ഭേദമന്യേ പ്രവേശനമുള്ള 1500 വോളം അയ്യപ്പ ക്ഷേത്രങ്ങള്‍ നിലനില്‍ക്കെ ശബരിമലയിലെ പ്രത്യേക മൂര്‍ത്തി സങ്കല്പം സംബന്ധിച്ച വാദങ്ങള്‍ക്ക് കോടതിയില്‍ പ്രാമുഖ്യം കിട്ടാതെ വരുകയും സര്‍ക്കാരും ബോര്‍ഡും ആഗ്രഹിച്ച പ്രകാരം ഹര്ജിക്കാര്ക്ക് അനുകൂലമായ രീതിയില്‍ യുവതികള്‍ക്കും പ്രവേശനാനുമതി നല്‍കിയ ഉത്തരവാണ് കോടതിയില്‍ നിന്നുണ്ടായത്.
മതവിശ്വാസങ്ങളെയും ദൈവസങ്കല്പങ്ങളെയും നിര്ബന്ധ നിയമങ്ങളിലൂടെയോ ബലപ്രയോഗത്തിലൂടെയോ പരാജയപ്പെടുത്താന്‍ കഴിയില്ലായെന്ന സത്യം മനുഷ്യചരിത്രത്തിന്റെ ഏടുകള്‍ പലവട്ടം വ്യക്തമാക്കുന്നുണ്ട്. വിപ്ലവാനന്തരം സോവിയറ്റ് യൂണിയനില്‍ പള്ളികള്‍ക്കും പട്ടക്കാര്‍ക്കും കുച്ചു വിലങ്ങിട്ട ഭരണാധികാരിയുടെ പടുകൂറ്റന്‍ പ്രതിമകള്‍ പില്‍ക്കാലത്തു മൂടോടെ പിഴുതെടുത്തു പുഴയിലൊഴുക്കിയത് കാലത്തിന്റെ കടംവീട്ടലായി നാം കണ്ടതാണ്. തെക്കു കിഴക്കനേഷ്യ മുഴുവന്‍ ഇന്നും തുടരുന്ന രാജഭരണങ്ങളുടെ പ്രത്യയശാസ്ത്രം മത ശാസനകള്‍ തന്നെയല്ലേ.അയ്യായിരം മുതല്‍ പതിനായിരം വരെ വര്ഷങ്ങളുടെ പഴക്കമുള്ള ഇന്ത്യാചരിത്രത്തിന്റെ ആത്മാവ് അവിടെ പുലര്‍ന്നിരുന്ന ആധ്യാത്മിക ദര്‍ശനങ്ങള്‍ തന്നെയായിരുന്നു. 

ഭൗതിക ശാസ്ത്രത്തിനു പരിചിതമല്ലാത്ത ഭാരതത്തിന്റെ ആധ്യാത്മികതയിലെവിടെയും മത സങ്കല്പങ്ങളോ ഏകശിലാ നിര്‍മ്മിത ദേവതാ രൂപങ്ങളോ സ്ഥാനം പിടിച്ചിരുന്നില്ല. അതുകൊണ്ടു കൂടിയാണ് സ്‌നേഹത്തിന്റെ സന്ദേശവുമായി അവതരിച്ച യേശു ദേവനെയും കര്‍ക്കശമായ ആധ്യാത്മിക സപര്യയിലൂടെ സമൂഹത്തെ കീഴടക്കിയ ഇസ്ലാമിനെയും മതവിദ്വേഷത്താല്‍ ജന്മഭൂമിയില്‍ നിന്നും നിഷ്‌കാസിതരായ ജൂതനെയും സ്വീകരിച്ചു ആദരിക്കാന്‍ ഭാരതത്തിനു കഴിഞ്ഞത്. രാജനൈതികമായ അതിര്‍വരമ്പുകള്‍ രാജിയാക്കുന്ന വിശ്വദര്‍ശനവും ലോക സാഹോദര്യവും യുഗങ്ങള്‍ക്കു മുന്നേ ഭാരതം ഉള്‍ക്കൊണ്ടിരുന്നു എന്നതാണ് ഇന്‍ഡ്യക്കാര്‍ക്കാകെ ലോകസമൂഹം നല്‍കുന്ന ആദരം.
സംഘടിത മതങ്ങളിലെ വളരെ ചെറിയ ന്യുനപക്ഷത്തില്‍ നിന്നാരംഭിച്ചു ക്രമേണ ശക്തി പ്രാപിച്ച തീവ്രവാദപ്രസ്ഥാനങ്ങള്‍ ലോകത്തെ പലപ്പോളും മുള്‍മുനയിലാക്കുന്നു. തീവ്രവാദത്തിന്റെ തിരയിളക്കം പ്രകടിപ്പിക്കുന്ന വിഭാഗങ്ങളെപ്പോലും ആവശ്യത്തിന് വളമേകി സംരക്ഷിച്ചു വോട്ടുബാങ്ക് സൃഷ്ടിക്കുവാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു ഭാഗത്തു ശ്രമിക്കുകയും മറുഭാഗത്തിലൂടെ സഹജമായ സഹിഷ്ണത പുലര്‍ത്തിയിരുന്ന ഭൂരിപക്ഷത്തെ പ്രകോപിപ്പിച്ചു മൗലികവാദങ്ങളിലേക്കു പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്നു.അത്യന്തം ആശങ്കാജനകമായ ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസമുണ്ടായ കോടതി നടപടികള്‍ പരിശോധനവിധേയമാകുന്നത്.

സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തിലൂടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ ലഭിച്ച കോടതിവിധി എഴുതി മഷി ഉണങ്ങുന്നതിന്മുമ്പ് പുനഃപരിശോധനയോ പുനഃനിര്‍ണ്ണയമോ നടത്താന്‍ സമയം നല്‍കാതെ വിധി നടപ്പിലാക്കുകയെന്ന കര്‍ക്കശ നയമല്ലേ സര്‍ക്കാര്‍ കൈകൊണ്ടത്. വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനും മുന്നേ ഏറ്റവും ആദ്യം ക്ഷേത്രം തുറന്ന ദിവസം തന്നെ യുവതികളെ അവിടെ എത്തിക്കാനുള്ള നീക്കങ്ങളും പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ ബല പ്രയോഗത്തിലൂടെ നേരിടാനുള്ള വമ്പിച്ച പോലീസ് സേനയുടെ വിന്യാസവുമല്ലേ കേരളം അവിടെ കണ്ടത്.
വളരെ സ്വീകാര്യതയോടെ വര്ഷങ്ങളായി ശബരിമലയില്‍ നടന്നുവന്നിരുന്ന ആചാരങ്ങളില്‍ പൊടുന്നനവെ കടന്നുവന്ന അധികാരത്തിന്റെ അധീശത്വം പതിനായിരക്കണക്കിന് ഭക്തജനങ്ങളെ പ്രതിഷേധ രംഗത്തിറങ്ങുവാന്‍ പ്രേരിപ്പിച്ചു. വളരെയധികം സ്ത്രീ പങ്കാളിത്വത്തോടെ ആരംഭിച്ച പ്രതിഷേധങ്ങളിലേ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞ പ്രതിപക്ഷ കക്ഷികള്‍ അരയും തലയും മുറുക്കി വിശ്വാസികളോടൊപ്പം ചേര്‍ന്നതോടെ വിശ്വാസസംരക്ഷണ മുന്നേറ്റങ്ങള്‍ക്ക് രാഷ്ട്രീയ മാനവും കൈവരുകയുണ്ടായി.

 വിശ്വാസവും ആചാരവും ഭരണകൂട ഭീകരതയും ചേരുംപടി ചേര്‍ന്നുണ്ടായ ജനമുന്നേറ്റം തിരിച്ചറിയാനുള്ള ജനാധിപത്യ മര്യാദ കാണിക്കുന്നതിന് പകരം അവിശ്വാസികളെയും അരാജകവാദികളെയും കൂട്ടുപിടിച്ചു ഭക്തരെയും അവരെ പിന്തുണയ്ക്കുന്നവരെയും മര്‍ദ്ദിച്ചൊതുക്കിയും പുലഭ്യം പറഞ്ഞും ഭരണക്കാര്‍ പരാജയപ്പെടുന്നു.എന്നിട്ടും വര്‍ദ്ധിത പോലീസ് സന്നാഹങ്ങളുമായി അടുത്ത മുന്നേറ്റത്തിന് കോപ്പു കൂട്ടുന്നു. 

ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വ്യക്തികളുടെ മതസ്വാതന്ത്യവും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമായ കോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങളില്‍ പുനരവലോകനം ആവശ്യമാണെങ്കില്‍ കഴിയും വേഗം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതല്ലേ. കാരണം ജനാധിപത്യത്തില്‍ ജനഹിതം സംരക്ഷിക്കപ്പെടണം.

ശബരിമലയില്‍ ലക്ഷങ്ങള്‍ ദര്‍ശനത്തിനു എത്തുന്ന മണ്ഡല കാലത്തിനു മുന്‍പ് തീര്‍പ്പു കല്പിക്കാമായിരുന്ന പുനഃപരിശോധനാ ഹര്‍ജികള്‍ ദീര്‍ഘ കാലത്തേക്ക് മാറ്റിവച്ചു അടുത്ത എഴുപതു ദിവസങ്ങള്‍നീളുന്ന തീര്‍ഥാടനക്കാലം ശബരിമലയെ കലാപഭൂമിയാക്കി നിലനിര്‍ത്താതിരിക്കാന്‍ പരമോന്നത നീതിപീഠത്തിന് കഴിയുമായിരുന്നില്ലേ,
ഒരു സാധാരണ വിശ്വാസിക്ക് തോന്നാവുന്ന ഒരു സംശയം മാത്രം.
Join WhatsApp News
secular Indian 2018-11-15 19:05:42
എന്തിനാ അതുമിതുമൊക്കെ എഴുതുന്നത്. അയ്യപ്പനെ നിങ്ങള്‍ അപമാനിക്കുകയല്ലെ ചെയ്യുന്നത്? അയ്യപ്പനിഷ്ടമില്ലാത്തതാണെങ്കില്‍ ഇത്തരം വിധി വരുമായിരുന്നൊ? ഇനി അയ്യപ്പനു സ്ത്രീകളെ തടയാന്‍ ആര്‍.എസ്.എസിന്റെഗുണ്ടായിസം വേണോ?
നിയമ ലംഘിക്കുന്നത് ശരിയോ? അതു അമേരിക്കന്‍ മണ്ണില്‍ പറയുന്നത് കുറ്റകരവുമാണ്.
കേരള സര്‍ക്കാറിനെതിരെയുള്ള ആര്‍.എസ്.എസിന്റെ ചൊറിച്ചില്‍ കൊണ്ട് എന്തു കാര്യം? സുപ്രീം കോടതി വിധി ഉള്ള കാലം അതായിരിക്കും നിയമം. അതു മാറ്റണമെങ്കില്‍ നിങ്ങളുടെ ഗവണ്മെന്റാണല്ലോ കേന്ദ്രത്തില്‍. മാറ്റിക്കൂടെ? അങ്ങനെ മാറ്റിയാല്‍ അത് അംഗീകരിക്കുംന്നാണു പിണറായി പരഞ്ഞിരിക്കുന്ന്ത്. പക്ഷെ നിങ്ങള്‍ക്കു വേണ്ടത് നിയമം മാറ്റമൊന്നുമല്ല. ഗുണ്ടായിസം കളിക്കണം. ഇടതുമുന്നണി മന്ത്രിമാര്‍ മിക്കവരും താണ ജാതിക്കരാണല്ലോ.അവരെ എങ്ങനെ അംഗീകരിക്കും അല്ലേ.
എന്തായാലും നീതിയെ ജയിക്കു. അത് നിങ്ങളുടെ ഭാഗത്തില്ല. 
Ninan Mathulla 2018-11-15 20:41:21
It is futile to race against time. Time is moving fast. No community can win if they try to race against time. Supreme court judgement reflects the thinking of the time.
Wisdom 2018-11-16 00:13:11
I concur with Ninan Mathulla.  Forget about all these gods. Believe in you work hard, eat drink and be merry. And, when the time comes die and you don't have any control on it. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക