Image

നിങ്ങള്‍ ചീത്ത പറഞ്ഞോളൂ; ഞങ്ങള്‍ നന്നാവില്ല: ഔട്‌സോഴ്‌സിംഗ് സിന്ദാബാദ്‌

മൊയ്തീന്‍ പുത്തന്‍ചിറ Published on 06 April, 2012
നിങ്ങള്‍ ചീത്ത പറഞ്ഞോളൂ; ഞങ്ങള്‍ നന്നാവില്ല: ഔട്‌സോഴ്‌സിംഗ് സിന്ദാബാദ്‌
ഇപ്പോള്‍ പാസ്‌പോര്‍ട്ട് സര്‍വ്വീസും ഔട്ട്‌സോഴ്‌സ് ചെയ്തു എന്ന വാര്‍ത്തയില്‍ നിന്നു മനസ്സിലാകുന്നത് അമേരിക്കയില്‍ ആരൊക്കെ മുറവിളി കൂട്ടിയാലും ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യും എന്ന മേല്പറഞ്ഞ മന്ത്രിയുടെ പ്രഖ്യാപനവും ഇന്ത്യാ ഗവണ്മെന്റിന്റെ അവഗണനാ മനോഭാവവും സ്ഥിരീകരിക്കുന്നതാണ്. എല്ലാ ജോലിയും സ്വകാര്യ ഏജന്‍സികളെ ഏല്പിക്കുകയാണെങ്കില്‍ ഈ കോണ്‍സുലേറ്റുകളുടെ പ്രസക്തി എന്താണ്?
--------------------------------

വിദേശ പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിച്ച് അവസാനം വാക്കു മാറ്റിപ്പറഞ്ഞ ഇന്ത്യാ ഗവണ്മെന്റിന്റെ ഇരട്ടത്താപ്പു നയത്തിനെതിരെ അമേരിക്കന്‍ മലയാളികള്‍ പലവിധത്തില്‍ പ്രതികരിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നാളിതുവരെഒരു പ്രതിവിധിയും കാണാന്‍ കഴിഞ്ഞിട്ടില്ല. കരയുന്ന കുഞ്ഞിനു പാലു കൊടുത്തതുപോലെ ഒരു പിഐഓ-ഓസിഐ യില്‍ ഒതുക്കി കൈകഴുകിയിരിക്കുകയാണ് ഇന്ത്യാ ഗവണ്‍മന്റ്. ദുരൂഹതകള്‍ നിറഞ്ഞ പല മാറ്റങ്ങളും അവയില്‍ ഇപ്പോഴും വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

വിവിധ സംഘടനകള്‍ അവരവരുടെ പ്രാപ്തിക്കനുസരിച്ച് പ്രവര്‍ത്തിന്നുണ്ടെങ്കിലുംഭൂരിഭാഗം പേരും സ്വന്തം താല്പര്യത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നത്. അതായത് മന്ത്രിയുമായി ഒരു ചങ്ങാത്തം കൂടുക. മന്ത്രിമാരാകട്ടേ 'ഇപ്പ ശരിയാക്കിത്തരാം.....ഇപ്പ ശരിയാക്കിത്തരാം...' എന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കിജനങ്ങളെ കബളിപ്പിച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സുഖവാസവും കഴിഞ്ഞ്തിരിച്ചു പോകുന്നു. പത്രത്താളുകളില്‍ ദിനംപ്രതി നേതാക്കളുടേയും മന്ത്രിയുടേയും ഫോട്ടോകള്‍ അച്ചടിച്ചു വരുന്നു. 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ' എന്നു പറഞ്ഞതുപോലെ സാധാരണ അമേരിക്കന്‍ മലയാളികള്‍ അതെല്ലാം കണ്ട് നെടുവീര്‍പ്പിടുന്നു. മലയാളി സംഘടനകളുടെ സമ്മര്‍ദ്ദം കൊണ്ട് ഏതെങ്കിലും ഒരു പ്രശ്‌നത്തിന് ഇന്ത്യാ ഗവണ്മെന്റ് പരിഹാരം കണ്ടു എന്ന് നാളിതുവരെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അവ താല്‍ക്കാലികവുമായിരിക്കും.

അമേരിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെ എട്ടു വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കാര്‍ക്കാണ് ഇരട്ട പൗരത്വം അനുവദിക്കുന്നതിനു പൗരത്വനിയമം (1955) ഭേദഗതി ചെയ്യാന്‍ 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെയൊരു തീരുമാനമെടുക്കുക വഴി പൗരത്വമെടുക്കുന്നവര്‍ക്കു മാത്രമല്ല രാജ്യത്തിനും പ്രയോജനം ലഭിക്കും എന്നും അന്ന് അറിയിച്ചിരുന്നു.

അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, ഓസ്‌ട്രേലിയ, ഇറ്റലി, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പൗരത്വമെടുത്ത ഇന്ത്യക്കാര്‍ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ അനുകൂല സാഹചര്യമൊരുക്കുകയെന്നതായിരുന്നു നിയമഭേദഗതിയുടെ ലക്ഷ്യങ്ങളില്‍ പ്രധാനം. തന്നെയുമല്ല, വിദേശ പൗരത്വം സ്വീകരിച്ച വ്യവസായികളുടേയും സാങ്കേതിക വിദഗ്ധരുടേയും സേവനം തുടര്‍ന്നും പ്രയോജനപ്പെടുത്താന്‍ ഇരട്ട പൗരത്വം അവസരമൊരുക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. 'പ്രവാസി ദിവസ്' എന്ന പേരില്‍ ഡല്‍ഹിയില്‍ നടത്തുന്ന മാമാങ്കം പ്രവാസികളുടെ ക്ഷേമത്തിനാണെന്നു പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും, പ്രവാസികളുടെ സമ്പത്തിലാണ് സര്‍ക്കാരിന്റെ നോട്ടമെന്നതാണ് സത്യം.

വിദേശരാജ്യങ്ങളില്‍ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രവാസികളെപ്രീണിപ്പിക്കുകയും അവരുടെ നിക്ഷേപത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്നതിലുപരി സാധാരണ പ്രവാസികള്‍ക്ക് യാതൊരു ഗുണവുമില്ലാത്ത മാമാങ്കമാണ് ഈ പ്രവാസി ദിവസ്. സ്വന്തം ചിലവില്‍ ഡല്‍ഹി വരെ പോയി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാമെന്നല്ലാതെ, സാധാരണ പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവും അതുകൊണ്ട് കിട്ടുന്നില്ല. ഇങ്ങനെയുള്ള പ്രഹസനങ്ങള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ കൂട്ടുനില്‍ക്കരുതെന്നാണ് അഭ്യര്‍ത്ഥന.

ഡോ. എല്‍.എം. സിങ്ങ്‌വി അദ്ധ്യക്ഷനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഇരട്ട പൗരത്വം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും ഒഴികെ വിദേശ ഇന്ത്യക്കാരുള്ള രാജ്യങ്ങളില്‍ ഇരട്ട പൗരത്വം അനുവദിക്കുന്നതില്‍ അപകതയില്ലെന്ന് 2001 ഡിസംബറില്‍ സമിതി കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് നിയമം നടപ്പിലാക്കാനായിരുന്നു ശുപാര്‍ശ.

ഇരട്ട പൗരത്വം നല്‍കൂന്നതിനു മുന്നോടിയായിട്ടായിരുന്നു 2000 ഏപ്രിലില്‍ വിദേശ ഇന്ത്യക്കാരെനോണ്‍ റസിഡന്റ് ഇന്ത്യന്‍സ് (എന്‍ആര്‍ഐ), പെഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഓ) എന്നിങ്ങനെ രണ്ടായി തരം തിരിച്ചത്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാതെ വിദേശത്ത് താമസിക്കുന്നവരാണ് എന്‍ആര്‍ഐ വിഭാഗത്തിലുള്ളത്.

തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കുവേണ്ടി വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് മാതൃരാജ്യത്തോടുള്ള വൈകാരിക ബന്ധങ്ങള്‍ ഇല്ലാതാകാത്തതിനാലായിരുന്നു ഇരട്ട പൗരത്വമെന്ന ആശയം സമിതി മുന്നോട്ടു വെച്ചത്. പക്ഷേ, രാജ്യസുരക്ഷയുടെ കാരണം പറഞ്ഞ് ഇരട്ട പൗരത്വമെന്ന ആശയം തള്ളിക്കളയുകയും ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഓസിഐ) എന്ന കാര്‍ഡില്‍ ഒതുക്കുകയും ചെയ്തു. എന്നാല്‍ ഈ ഓസിഐ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് തുടര്‍ന്നു നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നു.

അമേരിക്കയില്‍ കുടിയേറി തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി അമേരിക്കന്‍ പൗരത്വമെടുത്ത ലക്ഷക്കണക്കിനു ജനങ്ങള്‍ ഇരട്ട പൗരത്വത്തിനായി വീണ്ടും മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യന്‍ ഭരണകൂടം അവയെല്ലാം തള്ളിക്കളയുകയാണ്. വിവിധ സംഘടനകളും വ്യക്തികളും ഇടതടവില്ലാതെ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നുമുണ്ട്.

ഇരട്ട പൗരത്വം കൊണ്ട് ഇന്ത്യക്കു തന്നെയാണ് ഏറെ ഗുണം ചെയ്യുക എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. വോട്ടു ചെയ്യാനും ഭരണഘടനാനുസൃതമായ പദവികള്‍ വഹിക്കുവാനും അര്‍ഹതയില്ലെങ്കിലും, വ്യവസായത്തിനു മുതല്‍ മുടക്കാനും ശാസ്ത്രസാങ്കേതിക മേഘലകളില്‍ അവരുടെ സേവനം ലഭ്യമാക്കാനും ഇരട്ട പൗരത്വം കൊണ്ട്കഴിയുമായിരുന്നു എന്ന ബോധമെങ്കിലും ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ടായിരുന്നെങ്കില്‍? ഇരട്ട പൗരത്വം അനുവദിക്കാതെ ഓസിഐ അനുവദിക്കുകയും വിവിധ നിബന്ധനകളെന്ന നൂലാമാലകള്‍കൊണ്ട് വിദേശ ഇന്ത്യക്കാരെബന്ധിച്ചിരിക്കുകയാണിപ്പോള്‍.

പല സംഘടനകളും വിവിധ തരത്തിലുള്ള നിവേദനങ്ങള്‍ മന്ത്രിമാര്‍ക്ക് നേരിട്ടു സമര്‍പ്പിക്കുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, ആ നിവേദനങ്ങള്‍ മന്ത്രി എന്തു ചെയ്തു എന്ന് ആര്‍ക്കും അറിയില്ല. ലേഖകനും ഒരിക്കല്‍ ഒരു മന്ത്രിക്ക് നിവേദനം നല്‍കിയ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ പെടാത്ത വിഷയങ്ങള്‍ ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചു വേണ്ടതു ചെയ്യാമെന്നെങ്കിലും അദ്ദേഹം വാക്കു തന്നിരുന്നു.പക്ഷേ,പിന്നീട് എന്തു സംഭവിച്ചു എന്ന് അറിയില്ല. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റാകട്ടേ മന്ത്രിയുടെ ഉത്തരവ് കാറ്റില്‍ പറത്തുകയും ചെയ്തു.

നിവേദനത്തില്‍ ആവശ്യപ്പെട്ട പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ടെലഫോണ്‍ സംവിധാനവും കസ്റ്റമര്‍ സര്‍വ്വീസ് സംവിധാനവും മെച്ചപ്പെടുത്തുക എന്നത്. 'ഇപ്പോള്‍ ഇവിടെ വെച്ച് എന്നെക്കൊണ്ട് ചെയ്യാവുന്ന കാര്യം ചെയ്യാം' എന്നു പറഞ്ഞ മന്ത്രി,വിവിധ സംഘടനകളിലെ സജീവ പ്രവര്‍ത്തകരടങ്ങുന്ന സംഘത്തിന്റെ മുന്‍പില്‍ വെച്ച്, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് കാര്യം തിരക്കി എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ഇന്നുവരെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.

ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായി 'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ക്ക് തോന്നിയ പോലെയൊക്കെ ഞങ്ങള്‍ ചെയ്യും, നിങ്ങളാരാ ചോദിക്കാന്‍' എന്നു മറ്റൊരുമന്ത്രി ആക്രോശിക്കുന്നതും അമേരിക്കന്‍ മലയാളികള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതാണ്.'ഇപ്പ ശരിയാക്കിത്തരാം.....ഇപ്പ ശരിയാക്കിത്തരാം...' എന്നു പറഞ്ഞ് അമേരിക്കന്‍ മലയാളി വേദികളില്‍ വീണ്‍വാക്കു പറയുന്ന മന്ത്രിയാണിതെന്നും ഓര്‍ക്കണം.ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയിലെ പ്രവാസികളുടെ ആതിഥേയത്വം സ്വീകരിച്ച് അവരെ വിഡ്ഢികളാക്കുന്ന മന്ത്രിമാരെയാണ് വീണ്ടും നമ്മള്‍ സ്വീകരിച്ചാനയിക്കാന്‍ തയ്യാറെടുക്കുന്നത്.

ഇപ്പോള്‍ പാസ്‌പോര്‍ട്ട് സര്‍വ്വീസും ഔട്ട്‌സോഴ്‌സ് ചെയ്തു എന്ന വാര്‍ത്തയില്‍ നിന്നു മനസ്സിലാകുന്നത് അമേരിക്കയില്‍ ആരൊക്കെ മുറവിളി കൂട്ടിയാലും ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യും എന്ന മേല്പറഞ്ഞ മന്ത്രിയുടെ പ്രഖ്യാപനവുംഇന്ത്യാ ഗവണ്മെന്റിന്റെ അവഗണനാ മനോഭാവവുംസ്ഥിരീകരിക്കുന്നതാണ്. എല്ലാ ജോലിയും സ്വകാര്യ ഏജന്‍സികളെ ഏല്പിക്കുകയാണെങ്കില്‍ ഈ കോണ്‍സുലേറ്റുകളുടെ പ്രസക്തി എന്താണ്? തന്നെയുമല്ല ട്രാവിസയെ തഴഞ്ഞ് ഇന്ത്യക്കാര്‍ കൂടുതലുള്ള പുതിയ ഏജന്‍സിയായ വി.എഫ്.എസ് ഗ്ലോബലിനെ ഏല്പിക്കുക വഴി പ്രവാസികള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ട സാഹചര്യവും ഉണ്ടായേക്കാം.

മന്ത്രിമാര്‍ക്ക് ഇപ്പോള്‍ കൊയ്ത്തുകാലമാണ്. അതായത് അമേരിക്കയിലേക്കു വരാന്‍ എല്ലാവരും റെഡി. ഇവിടെയാണെങ്കിലോ മന്ത്രിമാരെ കൊണ്ടുവരാനും പൊന്നാടയണിയിക്കാനും സംഘടനകള്‍ മത്സരിക്കുന്നു. ഇനി ഏതാനും മാസങ്ങള്‍ മന്ത്രിമാരുടേയും എം.പി.മാരുടേയും എം.എല്‍.എ. മാരുടേയും തേരോട്ടമായിരിക്കും അമേരിക്കയില്‍.ഇവരെ കൊണ്ടുവരുന്ന സംഘടനാ നേതാക്കളോട് ഒന്നേ അഭ്യര്‍ത്ഥിക്കാനുള്ളൂ. അമേരിക്കന്‍ മലയാളികളൂടെ ക്ഷേമങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെങ്കില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ മന്ത്രിമാരുമായി സമഗ്ര ചര്‍ച്ച നടത്തുകയും, തീരുമാനമെടുപ്പിക്കുകയും വേണം. അമേരിക്കന്‍ മലയാളികളോടു കാണിക്കുന്ന ഈ അവഗണനക്കെതിരെ പ്രതികരിക്കാന്‍ കഴിവില്ലെങ്കിലോ പ്രതികരിച്ചിട്ട് പ്രയോജനമില്ലെന്നു തോന്നുന്നുണ്ടെങ്കിലോ മലയാളി സംഘടനകള്‍ മന്ത്രിമാരെ ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാവുന്നതേ ഉള്ളൂ.
നിങ്ങള്‍ ചീത്ത പറഞ്ഞോളൂ; ഞങ്ങള്‍ നന്നാവില്ല: ഔട്‌സോഴ്‌സിംഗ് സിന്ദാബാദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക