Image

സന്നിധാനത്ത് വിരിവെക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം അയ്യപ്പഭക്തരെ പൊലീസ് തിരിച്ചയച്ചു

Published on 16 November, 2018
സന്നിധാനത്ത് വിരിവെക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം അയ്യപ്പഭക്തരെ പൊലീസ് തിരിച്ചയച്ചു
ശബരിമല: വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് വിരിവെക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം അയ്യപ്പഭക്തരെ പൊലീസ് തിരിച്ചയച്ചു. 

എന്നാല്‍, നെയ്യഭിഷേകത്തിന് കൂപ്പണെടുത്തവരെ തങ്ങാന്‍ അനുവദിച്ചു. തിരിച്ചിറങ്ങിയവര്‍ നിലക്കലിലേക്ക് ബസ് കിട്ടാതെ ബുദ്ധിമുട്ടി. പമ്പയില്‍ തങ്ങാനുള്ള സൗകര്യമില്ല. നെയ്‌ത്തേങ്ങ പൊട്ടിച്ചവരെയും തിരിച്ചിറക്കിയതായി ആക്ഷേപമുണ്ട്. 

പ്രതിഷേധ പരിപാടികളിലേര്‍പ്പെട്ടവരെ പൊലീസ് പമ്പയില്‍  കസ്റ്റഡിയിലെടുത്തു. ആചാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും പന്തളം ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷനുമായ പൃഥ്വിപാല്‍, ഹിന്ദു ഐക്യവേദി മുന്‍ ജനറല്‍ സെക്രട്ടറി ഭാര്‍ഗവറാം എന്നിവരെയാണ് കരുതല്‍ നടപടിയുടെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇരുമുടിക്കെട്ടില്ലാതെയായിരുന്നു പൃഥ്വിപാല്‍ എത്തിയത്. പമ്പയില്‍ നിന്നും ത്രിവേണി പാലത്തിലേക്ക് കടക്കാനൊരുങ്ങവേ ആയിരുന്നു അറസ്റ്റ്. 

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയെ രാത്രി എട്ടരയോടെ മരക്കൂട്ടത്ത്  പൊലീസ് തടഞ്ഞു. ഇരുമുടിക്കെട്ടുമായാണ് ഇവര്‍ എത്തിയത്. ആട്ടവിശേഷ ഉത്സവ ദിവസവും ഇവര്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയിരുന്നു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ശശികലയും ഒപ്പമുള്ളവരും മരക്കൂട്ടത്ത് നാമം ജപിച്ച് പ്രതിഷേധിച്ചു. രാത്രി ഏറെ വൈകിയും ശശികലയെ പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക