Image

ശബരിമലയില്‍ സുരക്ഷാ ചുമതലയില്‍ ഐ.എം.വിജയന്‍

അനില്‍ പെണ്ണുക്കര Published on 17 November, 2018
ശബരിമലയില്‍ സുരക്ഷാ ചുമതലയില്‍ ഐ.എം.വിജയന്‍
വെടിയുണ്ടപോലെ ചീറിപ്പായുന്ന ഷോട്ടുകള്‍ കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിന്റെ തലവര മാറ്റിയ ഐ.എം.വിജയന്‍ ശബരിമല സന്നിധാനത്ത് സേവനത്തില്‍. തൃശൂര്‍ കെ.എ.പി. ഒന്നിലെ സി.ഐയായ ഐ.എം.വിജയന്‍ ശബരിമല സന്നിധാനത്ത് നവംബര്‍ 30 വരെയുള്ള പോലീസിന്റെ ആദ്യഘട്ട സുരക്ഷാ ഡ്യൂട്ടിക്കായാണ് എത്തിയിട്ടുള്ളത്. ശരംകുത്തിയിലാണ് ഐ.എം.വിജയനെ സുരക്ഷാ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്.

ഫുട്‌ബോള്‍ പോലെ പ്രിയപ്പെട്ടതാണ് തന്റെ പോലീസ് ജോലിയുമെന്ന് ഒരു ചെറു പുഞ്ചിരിയോടെ ഐഎം. വിജയന്‍ പറഞ്ഞു. ഇതിനു മുന്‍പും മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖം വാടി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ പ്രകടനത്തില്‍ നന്നേ നിരാശനാണ് ഐ.എം.വിജയന്‍. എല്ലാ മേഖലയിലും ബ്ലാസ്റ്റേഴ്‌സ് മികവ് പുലര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസമെന്ന നിലയിലും, ജയരാജിന്റെ ശാന്തം ഉള്‍പ്പടെയുള്ള ഒട്ടേറെ സിനിമകളിലെ അഭിനയത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്ത ഐ.എം.വിജയന്‍ പൊലീസ് വേഷത്തിലും തിളങ്ങുകയാണ്. നല്ല മഴ.. നമുക്ക് വീണ്ടും കാണാം, ശരം കുത്തിയില്‍ മഴ കനത്തതോടെ സി.ഐ. ഐ.എം.വിജയന്‍ വീണ്ടും തന്റെ ജോലിയില്‍ കര്‍മ്മനിരതനായി.

ഭക്തര്‍ക്ക് അക്ഷയപാത്രമായി
സന്നിധാനത്തെ അന്നദാന മണ്ഡപം
------------------------------------------------
കല്ലംമുള്ളും താണ്ടി അയ്യനെ കാണാന്‍ എത്തുന്ന തീര്‍ഥാടകരുടെ വിശപ്പകറ്റാന്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം തുറന്നു. ഇന്നലെ രാവിലെ ഏഴിന് ശബരിമല സ്പെഷ്യല്‍ കമ്മിഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം.മനോജ് അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ശബരിമല എക്സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡി. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അന്നദാന മണ്ഡപത്തിന്റെ ചുമതല ദേവസ്വം സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍.വിനോദിനാണ്. ഒരേ സമയം 2300 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന വിപുലമായ അന്നദാന മണ്ഡപമാണ് സന്നിധാനത്തുള്ളത്. രാവിലെ ഏഴു മുതല്‍ 10.30 വരെയാണ് പ്രഭാതഭക്ഷണ സമയം. ഉപ്പുമാവും കടല കറിയും ചുക്ക് കാപ്പിയുമാണ് പ്രഭാത ഭക്ഷണം.
11.30 മുതല്‍ മൂന്നു വരെയാണ് ഉച്ചഭക്ഷണസമയം. സാമ്പാര്‍, അവിയല്‍, തോരന്‍, അച്ചാര്‍, രസം എന്നിവ അടങ്ങിയതാണ് വിഭവ സമൃദ്ധമായ ഉച്ചയൂണ്. അന്നദാന മണ്ഡപത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ തങ്ങള്‍ സജ്ജരാണെന്ന് അന്നദാന മണ്ഡപത്തിന്റെ ഏകോപനം നിര്‍വഹിക്കുന്ന ജി. സുജാതന്‍ നായര്‍ പറഞ്ഞു. കഞ്ഞിയും പയറുകറിയും അച്ചാറുമാണ് രാത്രി ഭക്ഷണം. രാത്രി ഏഴു മുതല്‍ 11 വരെയാണ് കഞ്ഞിയും പയറുകറിയും ചേര്‍ന്ന രാത്രി ഭക്ഷണം ലഭിക്കുക. ഭക്തര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ അന്നദാന മണ്ഡപത്തിന്റെ അണിയറയില്‍ 70 പാചകക്കാരാണ് ജോലിചെയ്യുന്നത്. വിളമ്പാനും തീന്‍മേശ വൃത്തിയാക്കാനുമായി 180 താല്‍ക്കാലിക ജോലിക്കാരെ ദേവസ്വം ബോര്‍ഡ് നിയമിച്ചിട്ടുണ്ട്.

സന്നിധാനവും പരിസരവും
പൊടിവിമുക്തമാക്കി ഫയര്‍ഫോഴ്സ്
---------------------------------------------------------
ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തല്‍ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കി. പൊടി ശല്യത്തിനു പരിഹാരം കാണുന്നതിനാണ് വെള്ളം സ്്രേപ ചെയ്ത് കഴുകിയത്. ഭക്തരുടെ സുരക്ഷയ്ക്കായി സദാസമയവും കര്‍മ്മ നിരതരാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. ഭക്തര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ഉടന്‍ സ്‌ട്രെച്ചറില്‍ ആശുപത്രിയില്‍ എത്തിക്കുക, തീപിടുത്തം നിയന്ത്രിക്കുക തുടങ്ങിയ പ്രധാന ജോലികള്‍ കൂടാതെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി അതത് മേഖലയിലെ പൊടി ശല്യം വെള്ളമൊഴിച്ചു പരിഹരിക്കുന്നതും ഫയര്‍ഫോഴ്സാണ്.
വയനാട് ജില്ല ഫയര്‍ ഓഫീസര്‍ വി.സി. വിശ്വനാഥാണ് ശബരിമലയിലെ ഫയര്‍ഫോഴ്സ് സ്‌പെഷ്യല്‍ ഓഫീസര്‍. ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്. ഗോപകുമാര്‍ സ്റ്റേഷന്‍ ഓഫീസറായും പ്രവര്‍ത്തിക്കുന്നു. ആദ്യ ഘട്ട ബാച്ചില്‍ 66 സേനാംഗങ്ങളെയാണ് ഫയര്‍ഫോഴ്സ് വിന്യസിച്ചിട്ടുള്ളത്.
കണ്‍ട്രോള്‍ റൂം, നടപന്തല്‍, ഭസ്മക്കുളം, മാളികപ്പുറം, ശരംകുത്തി, മരക്കൂട്ടം, പാണ്ടിതാവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സന്നിധാനത്ത് ഭക്തരുടെ സുരക്ഷയ്ക്കായി സദാ പ്രവര്‍ത്തിക്കുന്നത്. സ്പെഷ്യല്‍ ഓഫീസറുടെ കീഴില്‍ ഓരോ യൂണിറ്റിലും ഒരു ലീഡിംഗ് ഫയര്‍ ഓഫീസര്‍ ഉണ്ട്. ഒരു യൂണിറ്റില്‍ ഏഴു പേരാണ് ഉള്ളത്

അയ്യപ്പന് കാണിക്കയായി
മതമൈത്രി സംഗീതോത്സവം
------------------------------------------

വ്രതശുദ്ധിയുടെ വൃശ്ചികപുലരിയില്‍ സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ മുഴങ്ങികേട്ടത് മതമൈത്രി സംഗീത ശീലുകള്‍. മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച് ആദ്യ പരിപാടിയായി മതമൈത്രി സംഗീതജ്ഞന്‍ ഡോക്ടര്‍ വാഴമുട്ടം ചന്ദ്രബാബുവാണ് സംഗീത സദസ് അവതരിപ്പിച്ചത്. തുളസീവന കൃതികള്‍ മാത്രം കച്ചേരിയായി അവതരിപ്പിക്കുന്ന വാഴമുട്ടം ചന്ദ്രബാബുവിന്റെ 46-മത് തുളസീവന സംഗീതപരിപാടിയാണ് സന്നിധാനത്ത് അരങ്ങേറിയത്. പ്രശസ്ത സംഗീതജ്ഞന്‍ നെയാറ്റിന്‍കര വാസുദേവന്റെ ശിഷ്യനാണ് ഡോക്ടര്‍ വാഴമുട്ടം ചന്ദ്രബാബു. സംഗീതത്തില്‍ ഡോക്ടറേറ്റ് ഉള്ള വാഴമുട്ടം ചന്ദ്രബാബുവിനൊപ്പം യു.എസ്. ദീക്ഷ്, വയലിന്‍ അടൂര്‍ എസ്. അനന്ദകൃഷ്ണന്‍, മൃതംഗം പന്തളം ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക