Image

ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ തുടര്‍ച്ചയായ ആചാരലംഘനം നടത്തുന്നതായി ആക്ഷേപം

Published on 18 November, 2018
ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ തുടര്‍ച്ചയായ ആചാരലംഘനം നടത്തുന്നതായി ആക്ഷേപം
ശബരിമല: ആചാര സംരക്ഷണത്തിന്റെ പേരില്‍ സമരം നടത്തുന്ന ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ തുടര്‍ച്ചയായ ആചാരലംഘനം നടത്തുന്നതായി ആക്ഷേപം. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി വന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും ആചാരം ലംഘിച്ചതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ചിത്തിര ആട്ടവിശേഷ സമയത്ത് ശ്രീകോവിലിന് പുറംതിരിഞ്ഞ് പതിനെട്ടാംപടിയില്‍ കയറി നിന്നതിന് പിന്നാലെയാണ് ഇരുവരെയും കുറിച്ചുള്ള ആരോപണം.

അടിക്കടി ഇരുമുടിക്കെട്ടുമായി വരുന്നത് ആചാരലംഘനമത്രേ. ശശികല തുലാമാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും പിന്നീട് കഴിഞ്ഞ ദിവസവും എത്തിയത് ഇരുമുടിക്കെട്ടുമായാണ്. ചിത്തിര ആട്ടവിശേഷത്തിന് സുരേന്ദ്രനും എത്തിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ 41 ദിവസത്തെ പഞ്ചശുദ്ധി വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായെത്തി അത് ഭഗവാനില്‍ സമര്‍പ്പിക്കുന്നതാണ് ശബരിമലയിലെ ആചാരം.

വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടയാന്‍ നേതൃത്വം നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ശനിയാഴ്ച എത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ പലതവണ ഇരുമുടിക്കെട്ടേന്തി വരുന്നതിന്റെ പവിത്രതയാണ് സുരേന്ദ്രന്റെയും ശശികലയുടെയും പ്രവൃത്തികളിലൂടെ ചോദ്യംചെയ്യപ്പെടുന്നത്. ഇത് ആചാരത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് വിമര്‍ശനം.

വ്രതശുദ്ധി പാലിച്ചാല്‍ ഇരുമുടിക്കെട്ടുമായി ഒരാള്‍ ഒന്നിലേറെ തവണ എത്തുന്നതില്‍ തെറ്റ് പറയാനാവില്ലെന്ന് യോഗക്ഷേമ സഭ മുന്‍ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് 'മാധ്യമ'ത്തോട് പറഞ്ഞു. കഴിഞ്ഞ മാസം വന്നവര്‍ക്ക് വ്രതം മുട്ടക്കിയിട്ടില്ലെങ്കില്‍ ഈ മാസവും വരാം. കുടുംബത്തില്‍ മരണമുണ്ടായാല്‍ 16 ദിവസത്തെ പുലവാലായ്മയാണ് പറയുന്നത്. അതുകഴിഞ്ഞാല്‍ ക്ഷേത്രദര്‍ശനത്തിന് തടസ്സമില്ല. കുടുംബത്തില്‍ മരണമുണ്ടായാല്‍ ആ വര്‍ഷം ശബരിമലയിലേക്ക് പോകാതിരിക്കല്‍ ചിലര്‍ ആചാരമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക