Image

എറണാകുളം പ്രസ്‌ ക്ലബില്‍ നിന്നിറങ്ങിയ യുവതികളെ കൂകിവിളിച്ച്‌ പ്രതിഷേധക്കാര്‍; ശരണം വിളിച്ച്‌ യുവതികള്‍

Published on 19 November, 2018
 എറണാകുളം പ്രസ്‌ ക്ലബില്‍ നിന്നിറങ്ങിയ യുവതികളെ കൂകിവിളിച്ച്‌ പ്രതിഷേധക്കാര്‍; ശരണം വിളിച്ച്‌ യുവതികള്‍

കൊച്ചി: എറണാകുളം പ്രസ്‌ ക്ലബ്ബില്‍ നിന്നിറങ്ങിയ യുവതികളെ കൂകി വിളിച്ച്‌ പ്രതിഷേധക്കാര്‍. നീയൊക്കെ അവിടെ കയറുന്നത്‌ കാണെട്ടെ എന്നായിരുന്നു ചിലരുടെ ആക്രോശം.

വാര്‍ത്താ സമ്മേളനം നടത്തിയ കണ്ണൂര്‍ സ്വദേശി രേഷ്‌മ നിഷാന്ത്‌ ഉള്‍പ്പെടെയുള്ളവരെ കനത്ത പൊലീസ്‌ സുരക്ഷയിലാണ്‌ പ്രസ്‌ ക്ലബ്ബിന്‌ പുറത്തെത്തിച്ചത്‌.

ശബരിമലയിലേക്ക്‌ പോകുന്നതിന്‌ താത്‌പര്യമുണ്ട്‌, പക്ഷേ നിലവിലെ സാഹചര്യത്തില്‍ പോകുന്നില്ലെന്ന്‌ അറിയിച്ച്‌ യുവതികള്‍ പത്രസമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്‌മ നിശാന്ത്‌, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നിവരാണ്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്തത്‌.

തങ്ങള്‍ക്ക്‌ ശബരിമല ദര്‍ശനത്ത്‌ ആഗ്രഹമുണ്ടെന്ന കാര്യം ആദ്യംമുതലേ അധികൃതരെ അറിയിച്ചതാണ്‌. എന്താണ്‌ തങ്ങളുടെ വിശ്വാസമെന്ന്‌ മനസിലാക്കി കൂടെ നില്‍ക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അത്‌ യഥാര്‍ത്ഥ്യമാക്കുന്നതുവരെ വ്രതം തുടരും. അത്‌ വരെ മാല അഴിക്കില്ലെന്ന്‌ രേഷ്‌മ പറഞ്ഞു.

കനത്ത മാനസിക സമര്‍ദമാണ്‌ നേരിടുന്നത്‌. വീട്ടില്‍നിന്നു പുറത്ത്‌ പോകുന്നതിന്‌ പോലും സാധിക്കുന്നില്ല. എവിടെ പോയാലും 'രേഷ്‌മ നിശാന്ത്‌ ശബരിമലയിലേക്കു പോയി'യെന്നാണ്‌ പ്രചരിക്കുന്നത്‌. തനിക്കൊരു മകളുണ്ട്‌. അവള്‍ക്കും ശബരിമലയിലേക്ക്‌ പോകാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യമുണ്ടാകണം.

ഇപ്പോള്‍ കലാപ സമാന അന്തരീക്ഷം ശബരിമലയില്‍ ഉണ്ടായതില്‍ ദുഖമുണ്ട്‌. തങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത്‌ കലാപമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നു. അതിനുള്ള അവസരം നല്‍കില്ല.

അതു കൊണ്ട്‌ ഇപ്പോള്‍ പോകുന്നില്ല. പക്ഷേ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ല. ഇപ്പോള്‍ തങ്ങള്‍ മൂന്നു പേര്‍ മാത്രമാണ്‌ ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്‌. മറ്റുള്ളവര്‍ തങ്ങളുടെ കൂടെയുണ്ടെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധക്കാരെ ഒരു വശത്തേക്ക്‌ മാറ്റി നിര്‍ത്തായായിരുന്നു പൊലീസ്‌ ഇവരെ പുറത്തേക്ക്‌ എത്തിച്ചത്‌. വാര്‍ത്താ സമ്മേളനം കഴിഞ്ഞിട്ടും ഇവര്‍ക്ക്‌ പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെയാണ്‌ പൊലീസ്‌ പ്രസ്‌ ക്ലബിനകത്തേക്ക്‌ കയറി ഇവര്‍ക്ക്‌ സംരക്ഷണം നല്‍കി പുറത്തെത്തിച്ചത്‌.

പുറത്തിറങ്ങിയ ഇവരെ പൊലീസ്‌ തന്നെ ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നു.
ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ എത്തിയിരിക്കുന്നെന്ന വിവരമറിഞ്ഞതിന്‌ പിന്നാലെ നിരവധി പേരായിരുന്നു പ്രസ്‌ ക്ലബിന്‌ മുന്നില്‍ തടിച്ചു കൂടിയത്‌. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ അടക്കം നാമജപ പ്രതിഷേധം നടത്തുകയായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക