Image

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് വിവേകപൂര്‍വം ചിന്തിക്കണമെന്ന് സര്‍ക്കാരിനോട് കോടതി

Published on 19 November, 2018
ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് വിവേകപൂര്‍വം ചിന്തിക്കണമെന്ന് സര്‍ക്കാരിനോട് കോടതി

കൊച്ചി: സന്നിധാനത്തെ നടപ്പന്തലില്‍ പ്രശ്നങ്ങളുണ്ടാക്കിയത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ആര്‍എസ്എസുകാരാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍. വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എ.ജി കോടതിയില്‍ പറഞ്ഞു. മൂന്നിടങ്ങളിലായി 4000 പേര്‍ക്ക് വിശ്രമിക്കാനായി സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് എ.ജി പറഞ്ഞു.

ബിജെപിയുടെ സര്‍ക്കുലര്‍ എ.ജി കോടതിയില്‍ ഹാജരാക്കി. ഇതോടെ അറസ്റ്റ് നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. ശബരിമലയില്‍ എല്ലാവര്‍ക്കും അവരുടേതായ അജണ്ടകളുണ്ടെന്നും കോടതി പറഞ്ഞു.

വലിയ നടപ്പന്തലില്‍ നിന്ന് പ്രായമായവര്‍, കുട്ടികള്‍, സ്ത്രീകള്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ വിരിവെക്കുന്നതില്‍ നിന്ന് തടയാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.

നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തിട്ടുള്ള ആരെയും സന്നിധാനത്തുനിന്ന് ഇറക്കിവിടാന്‍ പാടില്ല. നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്ആര്‍.ടി.സി സര്‍വീസ് തടയരുതെന്ന് പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് വിവേകപൂര്‍വം ചിന്തിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക