Image

അതിര്‍ത്തി മതില്‍: ഭരണ സ്തംഭനത്തിലേക്ക് നയിക്കുമോ? (എബ്രഹാം തോമസ്)

Published on 19 November, 2018
അതിര്‍ത്തി മതില്‍: ഭരണ സ്തംഭനത്തിലേക്ക് നയിക്കുമോ? (എബ്രഹാം തോമസ്)
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിനുള്ള ധനസഹായം അത്യാവശ്യമാണ്. ഡമോക്രാറ്റുകള്‍ ഇത് അനുവദിക്കുകയില്ല. ഒരു ഭരണ സ്തംഭനത്തിലേയ്ക്ക് നീങ്ങുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിര്‍ത്തി സുരക്ഷയ്ക്കു വേണ്ടി ഒരു ഭരണ സ്തംഭനം വേണമെങ്കില്‍ അതിന് ഉചിതമായ സമയം ഇതാണ്. കാരവന്‍ സൃഷ്ടിക്കുന്ന കുഴപ്പം, വരാന്‍ പോകുന്ന ജനസമൂഹത്തിന്റെ ചിത്രം ഇവ അതിര്‍ത്തി മതിലിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ട്രംപ് പറയുന്നു.

2019 സാമ്പത്തിക വര്‍ഷം അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് പ്രസിഡന്റ് ആവശ്യപ്പെട്ടത് 5 ബില്യന്‍ ഡോളറാണ്. 2018 ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തിലേക്ക് കോണ്‍ഗ്രസ് അനുവദിച്ചത് 1.6 ബില്യന്‍ ഡോളര്‍ മാത്രം. ഭരണ സ്തംഭനത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല. ഡമോക്രാറ്റുകള്‍ക്ക് തിരിച്ചറിവ് ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. തിരിച്ചറിവ് ഉണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പുകള്‍ ഞങ്ങള്‍ ജയിച്ചു കൊണ്ടേ ഇരിക്കും, ട്രംപ് തുടര്‍ന്നു പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെയും മറ്റ് ചില ഫെഡറല്‍ ഏജന്‍സികളുടെയും ധനം ഡിസംബര്‍ 7 നു തീരും. പുതിയ ഒരു സ്‌പെന്‍ഡിങ് ബില്‍ പാസായില്ലെങ്കില്‍ ഇവയുടെ പ്രവര്‍ത്തനം സ്തംഭിക്കും.
പെന്റഗണ്‍ ഉള്‍പ്പടെ മറ്റു ചില ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് 2019 സെപ്റ്റംബര്‍ 30 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ ആവശ്യമായ ധനം ഉണ്ട്. എന്നാല്‍ ഭാഗികമായി പോലും മറ്റു ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തന രഹിതമായാല്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്കു വേതനം ഇല്ലാത്ത അവധി നല്‍കേണ്ടി വരും. വിശേഷ ദിവസങ്ങളില്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ ഷോപ്പിങ്ങിനു പണം ഉണ്ടാവില്ല. ഷോപ്പിംഗിന്റെ സുപ്രധാന കാലത്ത് ഒരു ഷട്ട് ഡൗണ്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഫെഡറല്‍ ജീവനക്കാര്‍.
ഡമോക്രാറ്റുകള്‍ 2019 ജനുവരിയില്‍ ജനപ്രതിനിധി സഭ കൈയടക്കും താങ്ക്‌സ് ഗിവിങ് അവധി കഴിഞ്ഞ് സഭ സമ്മേളിക്കുമ്പോള്‍ ഏവരുടെയും മനസില്‍ അതിര്‍ത്തി മതിലിന്റെ ഫണ്ടിങ്ങാണ് ഉണ്ടാവുക. പുതിയ ഒരു ഫണ്ടിങ് ബില്ലില്‍ അതിര്‍ത്തി മതിലിന്റെയും ഫാം സബ്‌സിഡിയുടെയും കലിഫോര്‍ണിയ കാട്ടുതീ പുനരധിവാസത്തിന്റെയും റോബര്‍ട്ട് മുള്ളര്‍ അന്വേഷണത്തിനും ധനാഭ്യര്‍ത്ഥന നടത്തുന്നത് ഡമോക്രാറ്റുകള്‍ക്കും കൂടി സ്വീകാര്യമായ അനുരഞ്ജനം ആയിരിക്കും എന്നൊരു നിര്‍ദേശം ചില റിപ്പബ്ലിക്കന്‍ കോണുകളില്‍ നിന്ന് ഉയരുന്നു.
ഇനി മൂന്നാഴ്ച മാത്രമാണ് ഈ കോണ്‍ഗ്രസിനുള്ളത്. സാധാരണ വൈറ്റ് ഹൗസിനെയോ കോണ്‍ഗ്രസിനെയോ നിയന്ത്രിക്കുന്ന പാര്‍ട്ടി ഈ ആഴ്ചകളില്‍ വലിയ, വിവാദപരമായ ബില്ലുകള്‍ പാസ്സാക്കിയെടുക്കാനാണ് ശ്രമിക്കുക, ഈ കോണ്‍ഗ്രസില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാത്തവരുണ്ട്. തങ്ങളുടെ സീറ്റുകള്‍ നിഷ്ടപ്പെട്ടവരുമുണ്ട്. ഇത് അംഗങ്ങളുടെ നിലപാടിനെ ബാധിക്കും. എത്രപേര്‍ ഈ ചുരുങ്ങിയ കാലയളവില്‍ ഗൗരവമായ നിയമ നിര്‍മ്മാണത്തില്‍ പങ്കു വഹിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
എന്നാല്‍ ഒരു ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ ഉണ്ടാവില്ലെന്നാണ് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കൊണല്‍ (കെന്റുക്കി) പറയുന്നത്. പ്രസിഡന്റിന് സ്വീകാര്യമായതായിരിക്കും പാസാവുക എന്നാണ് മക്കൊണലിന്റെ അഭിപ്രായം.
സ്‌പെന്‍ഡിങ് ബില്‍ ഡിസംബര്‍ 7 നുള്ളില്‍ പാസാകണം. ഡമോക്രാറ്റുകള്‍ സഭ കൈയ്യടക്കുന്നതിന് മുന്‍പ് ട്രംപിന് ലഭിക്കുന്ന അവസാനത്തെ അവസരം ആയിരിക്കും ഇത്. ഹൗസിലെ ബില്‍, അതിര്‍ത്തി മതിലിനും ദേശീയ സുരക്ഷയ്ക്കും 5 ബില്യന്‍ ഡോളര്‍ ആവശ്യപ്പെടുന്നു. സെനറ്റ് 1.6 ബില്യന്‍ ഡോളര്‍ മതി എന്ന നിലപാടിലാണ്. നിലവിലെ ഹൗസ് മെജോരിറ്റി ലീഡര്‍ കലിഫോര്‍ണിയയില്‍ നിന്നുള്ള കെവിന്‍ മക്കാര്‍ത്തി അവതരിപ്പിച്ച ബില്‍ 23.4 ബില്യന്‍ ഡോളര്‍ അതിര്‍ത്തി മതിലിന്റെ പൂര്‍ണ ചെലവ് ആവശ്യപ്പെടുന്നു.
ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്ന നിയമ വിരുദ്ധരായി യുഎസില്‍ എത്തിയ കുട്ടികള്‍ (ഇപ്പോള്‍ യുവാക്കള്‍) ക്ക് സംരക്ഷണം നല്‍കുവാനുള്ള നിര്‍ദേശം കൂടി അതിര്‍ത്തി മതില്‍ നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി പാസാക്കിയെടുക്കാന്‍ ചില റിപ്പബ്ലിക്കനുകള്‍ ശ്രമിക്കുന്നു.
എന്നാല്‍ മതില്‍ നിര്‍മ്മാണത്തിനാവശ്യമായ മുഴുവന്‍ ഫണ്ടിങ് നല്‍കാനാവില്ല എന്നതാണ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡമോക്രാറ്റുകളുടെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക