Image

മൃഗയാ.....(ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 19 November, 2018
മൃഗയാ.....(ലേഖനം: ജയന്‍ വര്‍ഗീസ്)
' മാനിഷാദ! ' മൃഗയക്കെതിരേ ഉയര്‍ന്ന ആദ്യത്തെ പ്രതിഷേധ സ്വരം. ക്രൗഞ്ചപ്പക്ഷികളുടെ കരള്‍പ്പുളകങ്ങളെ കീറി മുറിച്ച കാട്ടാളന്റെ കൂരന്പ് ഏറ്റത് കവിയുടേ തരളിത ഹൃദയത്തിലായിരുന്നു! രാമകഥയുടെ ആദ്യ ശീലുകള്‍ കാലത്തിന്റെ മാറില്‍ കോറിയിട്ട് കവി സംതൃപ്തിയടഞ്ഞതല്ലാതെ, വേടന്റെ ആവനാഴിയില്‍ നിന്ന് അന്പുകള്‍ ഒഴിഞ്ഞു പോയതായി ചരിത്രമോ, സങ്കല്പമോ സാക്ഷിക്കുന്നില്ല.

മൃഗയാ ജന്തു വര്‍ഗ്ഗത്തിന്റെ അനിവാര്യമായ ജീവിത വ്യാപാരമാണ്. പുഴുവിനെ തിന്നുന്ന ചെറുകിളിയും, ചെറു മൃഗത്തെ വേട്ടയാടുന്ന വന്യ മൃഗവും, വീണടിയുന്‌പോള്‍ ഇവകളെ അരിച്ചു തീര്‍ക്കുന്ന പുഴുവും, മൃഗയയുടെ വിസ്മയ സമസ്യാ ചക്രം അതി സമര്‍ത്ഥമായി പൂരിപ്പിക്കുകയാണ് ; ഇവിടെ!

ഈ വേട്ടകളില്‍ വേട്ടക്കാരനെ പിന്തിരിപ്പിക്കുന്ന ഏതെങ്കിലും ഹൃദയ വികാരങ്ങളുണ്ടോ ? ഉള്ളതായിക്കാണുന്നില്ല. കൂട്ടില്‍ വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് ഇര തേടിയിറങ്ങിയ അമ്മയേയോ, പ്രണയ വിവശയായി ഇണയെ സന്ധിക്കാനെത്തുന്ന ഇണയേയോ ആണ് താന്‍ വീഴ്ത്തുന്നതെന്ന് ഒരു പുനര്‍ ചിന്തയുണ്ടോ ? ഇല്ല. കൊല്ലുകയും, തിന്നുകയും മാത്രമല്ലാ, പാതി ചത്ത ഇരകളെ ക്രൂരമായി തട്ടിക്കളിച്ചു രസിക്കുന്ന ശാര്‍ദ്ദൂല വിക്രീഡിതത്തിന്റെ പെര്‍ഫോമന്‍സ് കൂടി മൃഗയയുടെ ഈ മെഗാ പാരന്പരയില്‍ അനവരതം ആവിഷ്ക്കരിക്കപ്പെടുന്‌പോള്‍, ജന്തു വര്‍ഗ്ഗത്തിലെ കേവലമൊന്നു മാത്രമായ മനുഷ്യനിലും മൃഗയയുടെ ഈ വന്യ തൃഷ്ണകള്‍ എന്നും സജീവമായിരുന്നതായി മനുഷ്യന്റെ വംശ ചരിത്രം സാക്ഷിക്കുന്നു !

ആധികാരിക രേഖകള്‍ അവശേഷിപ്പിച്ചു കൊണ്ട് മണ്‍ മറഞ്ഞ പുരാതന സംസ്കാരങ്ങളിലെല്ലാം മൃഗയാ മനുഷ്യന്റെ മുഖ്യ വിനോദ ഉപാധിയായിരുന്നതായി കാണാം. ഭാരതീയ യവന ഇതിഹാസങ്ങളിലെ വീര നായകന്മാര്‍ നായാട്ടിലുള്ള തങ്ങളുടെ പ്രാവീണ്യം തെളിയിച്ചു കൊണ്ടാണ് സമൂഹത്തിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഭാരതീയ രാജാവായിരുന്ന ദശരഥന്റെ നായാട്ടു ഭ്രമമാണ്, ഒരു കാലഘട്ടത്തിന്റെ ചിന്താ ധാരയിലും, സാമൂഹികാവസ്ഥയിലും കാതലായ മാറ്റങ്ങള്‍ക്ക് കാരണമായിത്തീര്‍ന്ന രാമായണക്കാല സംഭവങ്ങള്‍ ഒരു ജനതയുടെ ഭാഗധേയം തന്നെ മാറ്റി മറിച്ചു കളഞ്ഞത്?

കലിംഗയില്‍ പരന്നൊഴുകിയ ചോരക്കളങ്ങളില്‍ നിന്ന് പശ്ചാത്താപത്തിന്റെ മുള്‍മുനകള്‍ ഏറ്റു വാങ്ങിയ എംപറര്‍ അശോകന്‍ ബുദ്ധ ദര്‍ശനങ്ങളുടെ ആരാധകനായി അഹിംസയുടെ കാവല്‍ ഭടനായിത്തീര്‍ന്നത് ചരിത്ര സത്യം.

അണുഭേദനത്തിന്റെ അനന്ത സാധ്യതകള്‍ ആവിഷ്ക്കരിച്ച ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റെയിന്‍, ഹിരോഷിമയിലും, നാഗസാക്കിയിലും മനുഷ്യ സ്വപ്നങ്ങളെ ഭസ്മീകരിച്ച അഗ്‌നി നാളങ്ങളായി അത് പരിണമിക്കുന്‌പോള്‍ സ്വന്തം ഭാവനത്തിലിരുന്ന് നിശബ്ദനായി കരയുന്നുണ്ട് !

കാലവും, ചരിത്രവും ഏറ്റു വാങ്ങിയ ഈ കണ്ണീര്‍ക്കണങ്ങളില്‍ നിന്നൊന്നും പാഠം പഠിക്കാത്ത മനുഷ്യ രാശി, മൂര്‍ച്ച വരുത്തി വിഷം പുരട്ടിയ പുതിയ അന്പുകളുമായി മൃഗയയുടെ പുത്തന്‍ മാനങ്ങള്‍ തേടുന്‌പോള്‍, ക്രൗഞ്ചപ്പക്ഷികളുടെ കരള്‍ വിങ്ങലുകള്‍ എട്ടു വാങ്ങുന്ന പാവം കവിക്ക് ഇന്നും കരയുവാനേ കഴിയൂ.....?

നിഷാദന്റെ നിയമം നീതി ശാസ്ത്രമാവുന്ന ഒരു കാല ഘട്ടത്തില്‍, അരുതിന്റെ ആദ്യ ശബ്ദമായ ' മാ' ആരും ശ്രദ്ധിക്കാത്ത അപ ശബ്ദമായി അലിഞ്ഞില്ലാതാവുകയാണ്. ഒരിക്കല്‍ അതിന്റെ ഉപജ്ഞാതാക്കളായിരുന്ന ആചാര്യന്മാര്‍ പോലും ഇന്ന് അടിപൊളി അവതാരങ്ങളുടെ ആസനം താങ്ങികളായി അപഹാസ്യരാവുകയാണ് !

അറിയപ്പെടുന്ന പ്രപഞ്ചത്തിലെ അത്യുല്‍കൃഷ്ട ജീവിയാണ് മനുഷ്യനെങ്കില്‍, ആ ഉല്‍കൃഷ്ടതക്ക് മാനദണ്ഡമായി എക്കാലവും വാല്യൂവേറ്റു ചെയ്തിരുന്നത്, അവന്റെ മനസിലെ അലറുന്ന മൃഗത്തിന്റെ വന്യ തൃഷ്ണകളെ അടക്കി നിര്‍ത്തുവാന്‍ അവനാര്‍ജ്ജിച്ച കരുത്തിന്റെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു എന്ന് കാണാം ? മനുഷ്യ വംശ സംസ്കാരങ്ങള്‍ക്കു ഊടും, പാവുമേകിയെ ഈ കരുത്താണ്, അപരന്റെ അവകാശങ്ങളെ അംഗീകരിക്കുവാനുള്ള അവബോധം അവനു പകര്‍ന്നേകിയത് !

ബലവാന്‍ അതില്ലാത്തവന്റെ ഇരയേയും, ഇണയെയും കവര്‍ന്നെടുത്തിരുന്ന കാടന്‍ നീതിയില്‍ നിന്ന് ' ധര്‍മ്മ സംസ്ഥാപനാര്‍ഥായ, സംഭവാമി യുഗേ യുഗേ ' എന്നും, ' നിന്നെപ്പോലെ, ഒട്ടും കുറയാതെ നിന്റെ അയല്‍ക്കാരന്‍ എന്ന അപരനെ ' അംഗീകരിക്കണമെന്നും, ഇതിലൂടെ ഹിംസയല്ലാ, അഹിംസയാണ് നേര്‍ വഴിയെന്നും കാല ഘട്ടങ്ങളുടെ കരിന്പാറകളില്‍ കോറിയിട്ടതും ഈ കരുത്തായിരുന്നു.?

കാലം മാറി. സയന്‍സും, ടെക്‌നോളജിയും ജീവിത കാമനകളുടെ അസാധ്യങ്ങളെ സുസാധ്യങ്ങളാക്കുന്ന പുതിയ ലോകം വന്നു. മനുഷ്യ മാധ്യമങ്ങളില്‍ വിശ്വ സാഹോദര്യത്തെക്കുറിച്ചും, ലോക സമാധാനത്തെക്കുറിച്ചുമുള്ള നെടുങ്കന്‍ പ്രസ്താവനകള്‍ നിറഞ്ഞു നിന്നു.

ആഗോളവല്‍ക്കരണത്തിന്റെ അഴിക്കൂടുകള്‍ തീര്‍ക്കുന്ന പുത്തന്‍ വ്യവസ്ഥിതിയില്‍, മനുഷ്യനെ ഒരു കൂട്ടിലിട്ട തത്തയായി വളര്‍ത്തുകയാണ് സംവിധാനങ്ങള്‍ ? സംസ്കാരങ്ങളുടെ മനയോല കൊറിച്ചു പതം വന്ന നാക്കുമായി, ഉപ ഭോഗ സംസ്ക്കാരത്തിന്റെ നാടന്‍ നന്തുണിയില്‍ ' തത്തമ്മേ, പൂച്ച, പൂച്ച ' എന്ന് പാടിക്കൊണ്ടേയിരിക്കാം.

മതിയായില്ലേ? അകലെയകലെ മാടി വിളിക്കുന്ന നീലാകാശത്തെ അവഗണിച്ചാലെന്ത്?, ചക്രവാളച്ചെരുവിലെ നക്ഷത്രപ്പൂത്തിരികളെ വിസ്മരിച്ചാലെന്ത്?, കൊത്തിപ്പെറുക്കാനും, കൊക്കുരുമ്മാനുമുള്ള ഇണപ്പക്ഷിയുടെ ഇടനെഞ്ചിലെ വിളി കേട്ടില്ലെങ്കിലെന്ത്?, അഴിക്കൂട്ടിലെ അസ്വാതന്ത്ര്യത്തില്‍ ആഹാരമുണ്ടല്ലോ? അത് തന്നെയാണല്ലോ ആരും കൊതിച്ചു പോകുന്ന ആഗോളവല്‍ക്കരണം ?

മൃഗയാ പുതിയ രൂപത്തില്‍ അവതരിക്കുകയാണിവിടെ. അപരന്റെ അവകാശങ്ങള്‍ അംഗീകരിക്കുകയും, അവന് അവകാശപ്പെട്ടത് നല്‍കുകയും എന്നതിന് പകരം, മസ്ത്തിഷ്ക്ക പ്രക്ഷാളനത്തിലൂടെ മനോഹരമാക്കപ്പെട്ട ഇരയുടെ ഉള്ളിലൊളിപ്പിച്ച ഉടക്ക് ചൂണ്ടകള്‍ ആരും കാണുന്നേയില്ല. കച്ചവട താല്പര്യങ്ങളുടെ ഈ വര്‍ണ്ണക്കൂടുക്കുകളില്‍ കൊത്തിക്കുടുങ്ങുന്നവരെ സമര്‍ത്ഥമായി വലിച്ചെടുക്കുന്ന അജ്ഞാത കരങ്ങളെ ആരും കാണുന്നുമില്ല !

ഇര പിടിക്കുന്ന ജന്തുവായി ഈ കാലഘട്ടത്തിലും മനുഷ്യന്‍ തരാം താഴുന്‌പോള്‍, അതിനെതിരെ പൊരുതി മരിച്ച മഹത്തുക്കളും, പ്രവാചകന്‍മാരും അപഹാസ്യരാക്കപ്പെട്ട്, അപമാനിക്കപ്പെടുകയാണ് ?

ഈവനിംഗും, നൈറ്റുമായി ഡബിള്‍ ഡ്യൂട്ടിക്ക് സ്വന്തം ഭാര്യമാരെ തള്ളി വിട്ടിട്ട്, കാപ്പിക്കുരു മാലയും, കൈത്തണ്ടയിലെ കനത്ത കാപ്പും, കൈയില്‍ കറുത്ത ജോണി വാക്കറുമായി ബേസ്‌മെന്റു കൂട്ടായ്മകളില്‍ ചീട്ടു കളിച്ചു, കളിച്ചു തളര്‍ന്നുറങ്ങുന്ന അമേരിക്കന്‍ അച്ചായന്മാര്‍, ( സോറി, ഇത് നിങ്ങളെക്കുറിച്ചല്ലാ.) ആട് മാടുകളെപ്പോലെ ഭാര്യമാരെ സ്വന്തമാക്കുന്ന അഫ്ഗാനിലെ താടിക്കാരെക്കാള്‍ ക്രൂരന്മാരാകുന്നുവെന്ന് നിങ്ങളറിയുന്നുണ്ടോ? കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത ' താലി' യെന്ന നന്പര്‍ പ്‌ളേറ്റിന്റെ ഒറ്റ ബലത്തിന്മേല്‍ ഭാര്യമാരെ െ്രെപവറ്റ് പ്രോപ്പര്‍ട്ടികളാക്കി സൂക്ഷിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം, ഇന്ത്യയിലെ സുപ്രീം കോടതി വിവാഹേതര ലൈംഗിക ബന്ധങ്ങളെ കുറ്റ വിമുക്തമാക്കി വിധി പുറപ്പെടുവിക്കേണ്ടി വന്നത്. ഇത്തരത്തില്‍ മനുഷ്യാവകാശങ്ങളെ വിധ്വംസിക്കുന്ന കശ്മലന്മാര്‍, മാന്‍പേടകളുടെ കഴുത്തുകള്‍ കടിച്ചീന്പുന്ന ചെന്നായ്ക്കളെപ്പോലെ സ്വന്തം മേല്‍ക്കൂരക്കടിയില്‍ മൃഗയാ നടപ്പിലാക്കുന്ന വെറും ജന്തുക്കളാകുന്നു ?

കാട്ടിലെ നീതിയും! നാട്ടിലെ നീതിയും ഒന്നാവുകയാണ്? മൃഗയാ അതിന്റെ എല്ലാ പ്രഭാവങ്ങളോടെയും ഇന്നും നില നില്‍ക്കുന്നു?അടിസ്ഥാന പരമായ ഈ ജന്തു വികാരത്തിന്മേല്‍ നൂറ്റാണ്ടുകളിലൂടെ മനുഷ്യന്‍ നേടിയ ആധിപത്യത്തെ നമ്മള്‍ സംസ്കാരം എന്ന് വിളിച്ചാദരിച്ചിരുന്നു; ബുദ്ധനെയും, ക്രിസ്തുവിനെയും, നബിയെയും നാം നമ്മുടെ വിളക്ക് മരങ്ങളില്‍ ഉയര്‍ത്തി നിര്‍ത്തിയിരുന്നു.?

എല്ലാം വെറുതെ,? നമ്മുടെ എല്ലാ നിയന്ത്രണങ്ങളേയും അതി ലംഘിച്ചു കൊണ്ട് ഇന്നും വളര്‍ന്നു പടരുന്നത് അത് തന്നെ മൃഗയാ.....?

അതി സുരക്ഷിതങ്ങളായ ഒളിത്താവളങ്ങളില്‍ നിന്ന്, നിരായുധരും, നിസ്സഹായരുമായ കുഞ്ഞുങ്ങളുടെയും, അവരെ മുലയൂട്ടുന്ന അമ്മമാരുടെയും മൃദു നെഞ്ചുകള്‍ക്കു നേരെ അതി ക്രൂരമായി മിസൈലുകള്‍ വിക്ഷേപിച്ചു രസിക്കുന്ന ആധുനിക ഭരണ കൂടങ്ങളും, അതിനെ താങ്ങി നിര്‍ത്തുന്ന പിണിയാളുകളും, നര്‍മ്മദയുടെ ശീതള ഛായയില്‍ പ്രേമ പൂര്‍വം കൊക്കുരുമ്മിയിരുന്ന ക്രൗഞ്ച മിഥുനങ്ങളിലൊന്നിന്റെ കരള്‍ പിളര്‍ന്ന കാടന്റെ സംസ്ക്കാരമല്ലെങ്കില്‍ പിന്നെന്താണ് നടപ്പിലാക്കുന്നത് ?

മത മൗലിക വാദത്തിന്റെ മറ ശീലക്കുള്ളില്‍ മനുഷ്യാവകാശങ്ങളെ കശാപ്പു ചെയ്തു കൊണ്ട്, മതങ്ങളുടെയും, ജാതികളുടെയും, മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ മനുഷ്യനെ തടവിലിട്ടു കൊണ്ട്, തങ്ങളുടേതല്ലാത്ത ലേബലുകള്‍ നെറ്റിയിലൊട്ടിക്കുന്നവനെ ഹിംസിക്കുകയെന്ന കിരാതത്വം നടപ്പിലാക്കിക്കൊണ്ട്, അവന്റെ അവകാശങ്ങളും, ആരാധനാലയങ്ങളും ഇടിച്ചു നിര്‍ത്തിക്കൊണ്ട്, ലോകത്താകമാസനമുള്ള മനുഷ്യ സ്‌നേഹികളെ ഭയത്തിന്റെ തടവറയില്‍ തള്ളി മുന്നേറുന്ന മത തീവ്ര വാദികളുടെ ഒരു ന്യൂന പക്ഷം മഹാ ഭൂരിപക്ഷത്തിന്മേല്‍ ആധിപത്യം നേടിക്കൊണ്ടിരിക്കുകയാണ്.

അന്ധമായി ഇവര്‍ എയ്തു വിടുന്ന ആഗ്‌നേയാസ്ത്രങ്ങള്‍, ജീവിതായോധനത്തിന്റെ കുളിരരുവിയില്‍ കുടത്തില്‍ വെള്ളമെടുക്കുന്ന നിസ്സഹായരും, നിഷ്ക്കളങ്കരുമായ മുനി കുമാരന്മാരെയാണ് വധിച്ചു തള്ളുന്നതെന്നും, ദൈവത്തിന്റെ പേരില്‍ മദമിളകി നടപ്പിലാക്കുന്ന ഇത്തരം കലാ പരിപാടികളില്‍ തങ്ങള്‍ കഴുത്തു പിണക്കുന്നത് തങ്ങളുടെയും കൂടി അടിസ്ഥാന വികാരങ്ങളിലൊന്നായ മൃഗയായുടെ നുകത്തിനടിയില്‍ തന്നെയാണെന്ന് ഈ സാംസ്കാരിക നവോത്ഥാനക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ?

പരസ്പര വിശ്വാസത്തിന്റെയും, കരുതലിന്റെയും ഈ ലോകം ഇന്നും കറങ്ങുന്നത്. ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെയാണ് നമ്മുടെ പരമമായ ലക്ഷ്യമെങ്കില്‍ ഈ അച്ചുതണ്ട് ഇനിയും ബലപ്പെടുത്തേണ്ടതുണ്ട്. വിശ്വാസത്തിന്റെ കരുത്തിലും, കരുതലിന്റെ ബലത്തിലുമാണ് ഇത് സുസാധ്യമാക്കണ്ടത്.

ഇതിനു വേണ്ടി നമുക്ക് വെളിച്ചം ആവശ്യമുണ്ട്. ഇതാ ഇവിടെ വെളിച്ചം എന്ന് മതങ്ങളും, ഇസങ്ങളും മാത്രമല്ലാ, സയന്‍സും, ടെക്‌നോളജിയും നമ്മോടു പറയുന്നു. നിസ്സഹായരും, നിരാവലംബരുമായ നമ്മള്‍ അത് വിശ്വസിച്ചു പോകുന്നു. ഇവരുടെ നുകത്തിനടിയില്‍ നാം നമ്മുടെ കഴുത്തുകള്‍ പിണച്ചു കൊടുക്കുന്നു. തങ്ങളുടെ ചാവേര്‍പ്പടകളിലെ മനുഷ്യ ബോംബുകളാക്കി അവര്‍ നമ്മെ മാറ്റിത്തീര്‍ക്കുന്‌പോഴേക്കും നമുക്ക് പോലും നമ്മെ നിയന്ത്രിക്കാനാവാതെവണ്ണം നാം പൊട്ടിച്ചിതറുന്നു.!

വെളിച്ചത്തിനായുള്ള നമ്മുടെ അന്വേഷണമാണ് വഴി തെറ്റിയതെന്ന് നാം തിരിച്ചറിയണം. ചോക്ക് മലയില്‍ ഒരു കഷ്ണം ചോക്ക് അന്വേഷിച്ചു നടന്ന മനുഷ്യനെപോലെ ( ലോഹിത ദാസിനോട് കടപ്പാട് ) യാണ് നമ്മള്‍. വെളിച്ചം നമ്മളിലാണ്, നമ്മളാണ് വെളിച്ചം. കടുത്ത ദൈവസ്‌നേഹം കൊളുത്തി വച്ച തിരി നാളങ്ങളാണ് നമ്മള്‍. മൃല്‍സ്‌നയുടെ സുഗന്ധത്തില്‍ പണിതുയര്‍ത്തപ്പെടേണ്ട സ്വര്‍ഗ്ഗ മന്ദിരത്തിലെ പരസ്പരം ചേര്‍ന്നിരിക്കേണ്ടുന്ന ചതുരക്കല്ലുകളാണ് നമ്മള്‍ ! ഈ ചതുരത്വം എന്നത് നമ്മിലെ നിറഞ്ഞു തുളുന്‌പേണ്ടുന്ന സ്‌നേഹമാണ്, പരസ്പരമുള്ള വിശ്വാസമാണ്, അപരന് വേണ്ടിയുള്ള തികഞ്ഞ കരുതലാണ് !?

ഏതൊരു പ്രലോഭനത്തിനും അതീതമായി ഇത് സാധിക്കുന്നില്ലായെങ്കില്‍, നമുക്ക് ശേഷവും നമ്മുടെ തലമുറകള്‍ നില നില്‍ക്കേണ്ടുന്ന ഈ മണ്ണ് കരയും. അതോര്‍ക്കേണ്ടി വരുന്ന നമ്മുടെ ആത്മാവുകള്‍ ഗതി കിട്ടാത്ത പ്രേതങ്ങളായി അലയും !

' സഹ്യന്റെ മകന്‍ ' എന്ന കവിതയില്‍ വൈലോപ്പിള്ളി ശ്രീധര മേനോന്‍ ഇത് സമര്‍ത്ഥമായി പ്രതീകവല്‍ക്കരിക്കുന്നുണ്ട്. ഒരിക്കല്‍ കാട്ടില്‍ അലറി നടന്നിരുന്ന ആനയാണ്, നാട്ടിലെ ഉത്സവപ്പറന്പില്‍ എഴുന്നള്ളത്തിനെത്തുന്നത്. ആനയുടെ ഉണങ്ങാത്ത മദപ്പാടില്‍ അമര്‍ഷം കിനിയുന്‌പോലും ആന നിര്‍വികാരനാണ്. തനിക്കു ചുറ്റും ആര്‍ത്തലക്കുന്ന ജനക്കൂട്ടം കാട്ടിലെ കാറ്റിലാടുന്ന ഈറ്റത്തലപ്പുകളാണെന്ന് ആന തെറ്റിദ്ധരിക്കുന്നില്ല. വെടി പടഹങ്ങളില്‍ മുഖരിതമായ കരിമരുന്നു പ്രയോഗം കാട്ടു മലകളില്‍ കല്ലുരുളുന്നതാണെന്നും ആന ധരിക്കുന്നില്ല. മുത്തുക്കുടയും, വെഞ്ചാമരവും ചൂടി മസ്തകത്തിലിരിക്കുന്ന ദേവന്റെ തിടന്പ് കാട്ടുവൃക്ഷങ്ങളിലെ തളിരിലകള്‍ ശിരസില്‍ ഉരസുന്നതാണെന്നും ആന വ്യാഖ്യാനിക്കുന്നില്ല.

ഒരു നിമിഷം ആനയുടെ മനസ്സ് കാട് കയറിയിരുന്നെങ്കില്‍, അതുല്യമായ ആ കരുത്തിനു മുന്പില്‍ കൊട്ടുകാരെവിടെ ?, പാട്ടുകാരെവിടെ?, വെടിക്കെട്ടെവിടെ ?, ജനമെവിടെ?, എന്തിന് ? മസ്തകത്തിലിരിക്കുന്ന ദേവനെവിടെ ?

ഒന്നും സംഭവിക്കുന്നില്ല. എല്ലാം സ്മൂത്തായി നടക്കുകയാണ്, കേവലം ഒരു മൃഗത്തിന്റെ ചിന്തകളില്‍ കൂടിത്തന്നെ ! വിശ്വാസം...പരസ്പര വിശ്വാസം. മനുഷ്യര്‍ തന്റെ മിത്രങ്ങളാണെന്ന ആനയുടെ വിശ്വാസം. ആന ഇടയുകയില്ലെന്ന സ്ത്രീകളുടെയും, കുട്ടികളുടെയും വിശ്വാസം. ഈ വിശ്വാസമാണ് ആനയെയും, മനുഷ്യനെയും നിര്‍ഭയരാക്കി ഉത്സവപ്പറന്പില്‍ എത്തിക്കുന്നത്. ഇവിടെ ആനയും, മനുഷ്യനും തങ്ങളുടെ ' മൃഗയാ' യില്‍ നിന്നും തിരിച്ചു നടക്കുന്നതാണ് നാം കാണുന്നത്.!

ഈ തിരിച്ചു നടത്തം. കാടത്തത്തില്‍ നിന്ന് സംസ്കാരത്തിലേക്കുള്ള ഈ നടത്തം അതാണ്, മനുഷ്യ വര്‍ഗ്ഗത്തിന്റെ ഇന്നുകളുടെ അനിവാര്യമായ പ്രസക്ത സുവിശേഷം.!

ഇത് നടപ്പിലായാല്‍, വിക്ഷേപണത്തറകളില്‍ തുരുന്‌പെടുക്കുന്ന മിസൈലുകളും, ആഗോള സൈനിക സ്‌റ്റോറേജുകളില്‍ നശിപ്പിക്കപ്പെടുന്ന ജൈവ രാസായുധങ്ങളും, മൂലം യുദ്ധവിമുക്തമായ ഒരു ലോകം നമുക്കിടയില്‍ സംജാതമാകും ! മതങ്ങള്‍ക്കും, ജാതികള്‍ക്കും അതീതമായി, വര്‍ഗ്ഗങ്ങള്‍ക്കും, വര്‍ണ്ണങ്ങള്‍ക്കും അതീതമായി, അതിരുകള്‍ക്കും, ലേബലുകള്‍ക്കും അതീതമായി, മനുഷ്യന് വേണ്ടി കരുതുന്ന മനുഷ്യന്റെ പുതിയ ലോകം.!

ദൈവ സ്‌നേഹത്തിന്റെ നറും ചാന്തില്‍ ഒട്ടിച്ചു ചേര്‍ത്തു പണിതുയര്‍ത്തപ്പെടുന്ന ഈ മണ്‍ സ്വര്‍ഗ്ഗത്തില്‍ അണലികളുടെ മാളങ്ങളില്‍ കൈയിട്ടു രസിക്കുന്ന ശിശുക്കളും, ബാല സിംഹങ്ങളുടെ അണപ്പല്ലുകളില്‍ എണ്ണം പഠിക്കുന്ന കുട്ടികളും എന്ന നൈല്‍ നദീതട സാംസ്കാരിക സ്വപ്നം ഒരു യാഥാര്‍ഥ്യമാകും.!

മതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഉറപ്പില്ലാത്ത മരണാന്തര സ്വര്‍ഗ്ഗമോ, നമ്മുടെ വര്‍ത്തമാനാവസ്ഥയില്‍ നമുക്കനുഭവേദ്യമാക്കാനാവുന്ന ജീവിത സ്വര്‍ഗ്ഗ യാഥാര്‍ഥ്യമോ? ഏതാണ് നമുക്ക് വേണ്ടത് ? തെരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടേതാണ് നമ്മുടേത് മാത്രം !?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക