Image

നിരോധനാജ്ഞ ലംഘിച്ച്‌ യു.ഡി.എഫ്‌; നിലയ്‌ക്കലില്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന സംഘത്തെ പൊലീസ്‌ തടഞ്ഞു

Published on 20 November, 2018
നിരോധനാജ്ഞ ലംഘിച്ച്‌ യു.ഡി.എഫ്‌; നിലയ്‌ക്കലില്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന സംഘത്തെ പൊലീസ്‌ തടഞ്ഞു

ശബരിമല സന്ദര്‍ശനത്തിന്‌ വന്ന യുഡിഎഫ്‌ സംഘം നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന്‌ പൊലീസ്‌ തടഞ്ഞു. നിലയ്‌ക്കലില്‍ വെച്ചാണ്‌ മുന്‍ മുഖ്യമന്ത്രിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന സംഘത്തെ പൊലീസ്‌ തടഞ്ഞത്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, ആന്റോ ആന്റണി എംപി, പി ജെ ജോസഫ്‌ എംഎല്‍എ, യുഡിഎഫ്‌ കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പൊലീസ്‌ തടഞ്ഞതോടെ നേതാക്കളും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. ഇതോടെ ഇവരെ പൊലീസ്‌ സന്നിധാനത്തേക്ക്‌ പോകാന്‍ അനുവദിക്കുകയായിരുന്നു.

പൊലീസ്‌ ആദ്യം അറിയിച്ചത്‌ സംഘത്തിലെ എംഎല്‍എമാരെ മാത്രം കടത്തി വിടാമെന്നാണ്‌. പക്ഷേ അതിനെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എതിര്‍ത്തു. അങ്ങിനെ പോകുന്നില്ല. പോകുന്നെങ്കില്‍ എല്ലാവരും ഒരുമിച്ചേ പോകൂവെന്നാണ്‌ രമേശ്‌ ചെന്നിത്തല പൊലീസിനോട്‌ പറഞ്ഞത്‌. ഇതോടെയാണ്‌ എല്ലാവരെയും കടത്തിവിടാന്‍ പൊലീസ്‌ തീരുമാനിച്ചത്‌.

ജില്ലാ ഭരണകൂടം ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാണ്‌ യുഡിഎഫിന്റെ ആവശ്യം. ഇത്‌ നടപ്പാക്കാത്ത സാഹചര്യത്തില്‍ നിരോധനാജ്ഞ ലംഘിച്ച്‌ സമരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ സംഘമെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക