Image

നിരോധനാജ്ഞ ലംഘിച്ച യു.ഡി.എഫ്‌ നേതാക്കള്‍ക്കെതിരെ കേസെടുക്കും

Published on 20 November, 2018
നിരോധനാജ്ഞ ലംഘിച്ച യു.ഡി.എഫ്‌ നേതാക്കള്‍ക്കെതിരെ കേസെടുക്കും
നിരോധനാജ്ഞ ലംഘിച്ചതിന്‌ യു.ഡി.എഫ്‌ നേതാക്കള്‍ക്കെതിരെ കേസെടുക്കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ്‌ കേസ്‌. എസ്‌.പി ഹരിശങ്കറാണ്‌ ഇക്കാര്യം അറിയിച്ചത്‌.

നേരത്തെ നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ്‌ പരിശോധിക്കും. ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ യു.ഡി.എഫ്‌ സംഘം ഇന്ന്‌ ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ച്‌ മടങ്ങിയിരുന്നു. രാവിലെ നിലയ്‌ക്കലിലെത്തിയ യു.ഡി.എഫ്‌ നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

ഗുണ്ടാരാജാണ്‌ ശബരിമലയില്‍ നടപ്പിലാക്കുന്നതെന്നും നിരോധനാജ്ഞ എത്രയും പെട്ടെന്ന്‌ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിരോധനാജ്ഞ യു.ഡി.എഫ്‌ ലംഘിച്ചെന്നും ചെന്നിത്തല വ്യക്തമാക്കി.

സന്നിധാനത്തേക്ക്‌ പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ദേവസ്വംബോര്‍ഡിന്‌ കീഴിലുള്ള 1400 ക്ഷേത്രങ്ങള്‍ തകരുമെന്നും ചെന്നിത്തല പമ്പയില്‍ പറഞ്ഞു.

ഗവര്‍ണറെ കണ്ട്‌ ശബരിമലയിലെ സ്ഥിതി വിവരിക്കുമെന്നും യു.ഡി.എഫ്‌ നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫ്‌ കണ്‍വീനറായ ബെന്നി ബഹനാന്‍, പി.ജെ ജോസഫ്‌, ജോണി നെല്ലൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍, സി.പി ജോണ്‍, ജി. ദേവരാജന്‍ എന്നിവരും പ്രവര്‍ത്തകരുമാണ്‌ പമ്പയിലെത്തിയത്‌.

നേരത്തെ നിലയ്‌ക്കലിലെ പ്രതിഷേധത്തിന്‌ ശേഷം പമ്പയിലെത്തിയും യു ഡി എഫ്‌ നേതാക്കള്‍ പ്രതിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക