Image

ആചാരങ്ങളില്‍ ബന്ധിതരായവര്‍ (കവിത: രാജന്‍ കിണറ്റിങ്കര)

Published on 20 November, 2018
ആചാരങ്ങളില്‍ ബന്ധിതരായവര്‍ (കവിത: രാജന്‍ കിണറ്റിങ്കര)
ആചാരങ്ങളില്‍
ബന്ധനസ്ഥരായ
ചിലരുണ്ട്…

പ്രതീക്ഷ നശിച്ച
ഇരുണ്ട ഭാവിയുടെ
പ്രതീകമായി
കറുത്ത് മുഷിഞ്ഞ
വേഷം …

തലയില്‍
ഇരുമുടിക്കെട്ടുണ്ട്
ജീവിതഭാരങ്ങളുടെ
പൊതിയ്ക്കാന്‍
കഴിയാത്ത
തേങ്ങകള്‍ …

വ്രതമുണ്ട്
ഉപവാസമുണ്ട്
അരപ്പട്ടിണിയാല്‍
ഒട്ടിയ വയറില്‍
മുണ്ടു മുറുക്കി
വിശപ്പകറ്റിയ
ഉപവാസം ....

ശരണം വിളിക്കാറുണ്ട്
ദാരിദ്ര്യത്തിന്റെ
ഒറ്റപ്പെടലിന്റെ
അസമത്വത്തിന്റെ
നെരിപ്പോടിലുയര്‍ന്ന
അശരണരുടെ
രോദനം …..

മണ്ഡലമാസത്തെ
പ്രണയിച്ചിട്ടുണ്ട്
ദാരിദ്ര്യത്തെ
വ്രതമാക്കിയ
ദുരഭിമാനത്തിനു
കുടപിടിക്കാന്‍…

വിശ്വാസികള്‍ക്കും
അവിശ്വാസികള്‍ക്കും
വേണ്ടാത്ത
ജീവിതത്തിന്റെ
കരിമല
കയറാന്‍ കഴിയാതെ
തളര്‍ന്നിരിക്കുന്നവര്‍ ...
Join WhatsApp News
കൂട്ടില്‍ കിടക്കും കുരങ്ങന്‍ 2018-11-25 10:08:19
കൂട്ടില്‍ കിടക്കും കുട്ടി കുരങ്ങന്  ചെറു പഴതൊലി പോലും സോര്‍ഗം 
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക