Image

എന്റെ ചില സംശയങ്ങള്‍ (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 21 November, 2018
എന്റെ ചില സംശയങ്ങള്‍ (രാജു മൈലപ്രാ)
ഞാനൊരു സംശയരോഗിയാണെന്നുള്ള കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല. ആര് എന്തു നല്ല കാര്യം ചെയ്താലും അതിനെ സംശയത്തോടെ നോക്കിക്കാണുക എന്നുള്ളത് എന്റെ ഒരു ശീലമായിപ്പോയി.

മഹാപ്രളയത്തിനുശേഷം നവകേരള നിര്‍മ്മിതിയുമായി, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നപ്പോള്‍ ജനം ഒന്നടങ്കം കൈയടിച്ചു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അര്‍ഹിക്കുന്നത്ര സഹായം നല്‍കാഞ്ഞതിനാലും, കിട്ടുവാനുള്ള നക്കാപ്പിച്ച വിദേശ സഹായത്തിനു പാരവെച്ചതും ഈ പദ്ധതിയെ പുറകോട്ടടിച്ചു.
പക്ഷേ, നമ്മള്‍ മനഃപ്രയാസപ്പെടേണ്ട കാര്യമൊന്നുമില്ല- അമേരിക്കന്‍ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു, നമ്മുടെ ദേശീയ സംഘടനകളായ ഫൊക്കാനയും, ഫോമയും കളത്തിലിറങ്ങിക്കഴിഞ്ഞു. പേരിനു വേണ്ടി ഒന്നോ രണ്ടോ തുക്കടാ വീടുകള്‍ നിര്‍മ്മിക്കുന്നതിനു പകരം, ഗ്രാമങ്ങളെ മൊത്തത്തില്‍ ഇവര്‍ ദത്തെടുക്കുകയാണ്.(ഈ 'ദത്തെടുക്കല്‍' പ്രയോഗം എനിക്കു ശരിക്കു പിടികിട്ടിയിട്ടില്ല). വീടില്ലാത്തവര്‍ക്കെല്ലാം വീട്; വീടിനോടു ചേര്‍ന്നുതന്നെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍-അടിപൊടി സെറ്റപ്പ്- പാചകത്തിനുള്ള ഗ്യാസ് സിലണ്ടര്‍ അവിടെ എത്തിച്ചു കഴിഞ്ഞു-ഇനി വീട് പൂര്‍ത്തിയാകേണ്ട താമസമേയുള്ളൂ, കുക്കിംഗ് തുടങ്ങുവാന്- ശൗചാലയങ്ങളുടെ ഉദ്ഘാടനത്തിന് അല്‍ഫോന്‍സ് കണ്ണന്താനത്തിനെ ബുക്ക് ചെയ്തു കഴിഞ്ഞു. എല്ലാം കൂടി കണക്കുകൂട്ടിയാല്‍ മൊത്തത്തില്‍ ഒരു ആയിരം വീടോളം വരും. 

യുദ്ധകാലാടിസ്ഥാനത്തിലാണു ഇതിന്റെ നിര്‍മ്മാണം നടക്കുന്നതെന്നാണു ഭാരവാഹികള്‍ അവകാശപ്പെടുന്നത്. അപ്പോള്‍ ഈ ഭരണസമിതിയുടെ കാലവധി കഴിയുന്നതിനു മുമ്പു തന്നെ ഇതു നടക്കും. ഇല്ലെങ്കില്‍ത്തന്നെയും കുഴപ്പമൊന്നുമില്ല. സ്ഥിരം നേതാക്കന്മാരാണല്ലോ മാറിയും മറിഞ്ഞും വരുന്നത്.

ദത്തെടുക്കുന്ന ഗ്രാമങ്ങള്‍ക്ക് സംഘടനയുടെ പേരു നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങിനെ കുരമ്പാല ഫൊക്കാന ടൗണായും, കുമ്പഴ ഫോമാ ടൗണായും ഭാവിയില്‍ അറിയപ്പെടുവാനുള്ള സാദ്ധ്യതയുണ്ട്.
ഷഷ്ടി പൂര്‍ത്തികഴിഞ്ഞവരും, അതിനോടടുത്തുനില്‍ക്കുന്ന ചെറുപ്പക്കാരും അമരത്തുള്ളതുകൊണ്ട്, ഇത്തവണ എന്തെങ്കിലും കാട്ടിക്കൂട്ടുമെന്ന് എനിക്കൊരു പ്രതീക്ഷയുണ്ട്.

ആദ്യത്തെ ഈ ആവേശമെല്ലാം ആറിത്തണുക്കുമ്പോള്‍, പദ്ധതി ഇഴയുവാന്‍ തുടങ്ങുമോ? എന്നിലെ സംശയക്കാരന്റെ സംശയം മാത്രമാണിത്. ധൈര്യമായി മുന്നോട്ടു പൊയ്‌ക്കൊള്ളൂ-ലക്ഷം ലക്ഷം പിന്നാലെ!
*********
കാര്യങ്ങളെല്ലാം ഒരു മാതിരി സ്മൂത്ത് ആയി പോകുമ്പോഴാണു 'ശബരിമല സ്ത്രീപ്രവേശന' വിഷയം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നത്.
ജനിച്ച നാള്‍ മുതല്‍, 'എനിയ്ക്ക് അയ്യപ്പനെ കാണണമേ-ശബരിമല ചവിട്ടണേ' എന്ന പ്രാര്‍ത്ഥനാവൃതവുമായി, ഈ ഒരു വിധിയ്ക്കു വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്നു തോന്നും, വിധി വന്ന പുറകേ ചില പെമ്പ്രന്നോന്മാര്‍ ജീന്‍സുമിട്ടു പതിനെട്ടാം പടിചവിട്ടുവാനായി ചാടിപുറപ്പെട്ടതു കാണുമ്പോള്‍ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ വേണ്ടി ഇവരെ ആരോ മനഃപൂര്‍വ്വം ഇറക്കുമതി ചെയ്തതാണോ എന്നെനിക്കു സംശയമുണ്ട്.

വിധിവന്നതോടു കൂടി നമ്മുടെ രാഷ്ട്രീയ പണ്ഡിറ്റുകളെല്ലാം കൂടി ചാനല്‍ ചര്‍ച്ചകളിലൂടെ അതിനെ ഒരു പരുവമാക്കി. ഇപ്പോള്‍ ഏതു അണ്ടനും, അടകോടനും യാതൊരു വൃതശുദ്ധിയുമില്ലാതെ ശബരിമലയില്‍ കയറി നിരങ്ങാമെന്ന അവസ്ഥയായി. ആചാരസംരക്ഷണമൊന്നുമല്ല ഇവരുടെ അജണ്ടായെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും.

തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്തവര്‍, വിശ്വാസികളുടെ വികാരം മനസ്സിലാക്കിയപ്പോള്‍ ഇപ്പോള്‍ ദിനംപ്രതി മലക്കം മറിയുകയാണ്. ഏതു വളയത്തില്‍ കൂടി ചാടിയാലാണ് പത്തു വോട്ടുകിട്ടുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ.
കേന്ദ്രത്തിലൊരു നയം- കേരളത്തില്‍ മറ്റൊന്ന്- ശശികല ടീച്ചറും, സുരേന്ദ്രന്‍ സ്വാമിയും മല ചവുട്ടിയത് എന്തിനാണെന്നു ഒരു പരിധിവരെ മനസ്സിലാക്കാം.
എന്നാല്‍ ഈ കോണ്‍ഗ്രസുകാര്‍ എന്തു കോപ്രായമാണ് കാണിക്കുന്നതെന്നു പിടികിട്ടുന്നില്ല.

ആദ്യം ബി.ജെ.പി.യോടൊപ്പം അവരുടെ കൊടിക്കീഴില്‍ ജാഥ നടത്തി. അമളി പറ്റിയപ്പോള്‍ ഇനി തനിച്ചാകാമെന്നായി- കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിജിയുടെ വിശ്വാസത്തേക്കാള്‍, അവര്‍ വില കൊടുത്തത്, രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ക്കാണ് ഈശ്വരോ രക്ഷതു!

ഈ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാക്കന്മാരെല്ലാം കൂടി അണികളേയും കൂട്ടി ശബരിമലയ്ക്കു പോയത് എന്തിനാണാവോ?
'ലംഘിക്കും, ലംഘിക്കും 144 ലംഘിയ്ക്കും' എന്നുള്ള ശരണം വിളിയോടുകൂടിയാണു അവര്‍ സ്വന്തം കാറില്‍ മല ചവിട്ടിയത്.

ഉമ്മന്‍ചാണ്ടി, രമേഷ് ചെന്നിത്തല, പി.ജെ.ജോസഫ്, കെ.എം.മുനീര്‍, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ മുന്‍ നിരയിലുണ്ടായിരുന്നു.
'ഞങ്ങള്‍ 144 ലംഘിക്കുകയാണ്- ഞങ്ങളെ അറസ്റ്റു ചെയ്യൂ.' എന്നവര്‍ താണുവീണുകേണപേക്ഷിച്ചിട്ടും പോലീസ് വഴങ്ങിയില്ല.
'പ്ലീസ്, അറസ്റ്റ് അസ്'- ചെന്നിത്തല ഇംഗ്ലീഷില്‍ ഒരു കാച്ചുകാച്ചി നോക്കി- അല്ലെങ്കില്‍ത്തന്നെ ഈയിടെയായി ചെന്നിത്തലയ്ക്ക് ഇംഗ്ലീഷ് ഇച്ചിരെ കൂടുതലാണ്- പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടി കൂടെയുള്ളപ്പോള്‍-കുഞ്ഞൂഞ്ഞിനെ ഒന്നു കൊച്ചാക്കി കാണിക്കുവാന്‍ അതു മനഃപൂര്‍വ്വം ചെയ്യുന്നതാണ് എന്നാണെന്റെ സംശയം. ഉമ്മച്ചന്റെ അംഗ്രേസി ആഡ്രായില്‍ അത്ര ഏശുന്നില്ല.

മുദ്രാവാക്യം വിളിക്ക് അത്ര ഉശിരൊന്നുമുണ്ടായിരുന്നില്ല. സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ അത്ര പോരാ- അലക്കിത്തേച്ച തൂവെള്ള ഖദര്‍ഷര്‍ട്ടില്‍ ചെളി പറ്റുന്നത് അവര്‍ക്ക് ചിന്തിക്കുവാന്‍ പോലും പറ്റില്ല.

അറസ്റ്റു നടക്കാതെ വന്നപ്പോള്‍ '144 പിന്‍വലിക്കാതെ ഞങ്ങള്‍ ഇവിടെ നിന്നും എഴുന്നേല്‍ക്കില്ല-' എന്നൊരു വിഡ്ഢിത്തരം ഒരുത്തന്‍ എഴുന്നെള്ളിക്കുന്നതുകണ്ടു 'ഇവനേതു കോത്താഴാത്തുകാരനാണെടാ?' എന്ന ഭാവത്തില്‍ പോലീസ് ഓഫീസര്‍ കൈ മലര്‍ത്തി.

പിന്നീടു ശരണം വിളി മാത്രമായി ശരണം-'സ്വാമിയേയ്.... ശരണമയ്യപ്പോ'എന്നുള്ള ശരണം വിളി വന്നപ്പോള്‍ ഉമ്മച്ചനും, ജോസഫും, മുനീറും ഊമകളെപ്പോലെ നിന്നു. പുതുപ്പള്ളി പള്ളിയിലെ സ്ഥിരം കസ്റ്റമറായ ചാണ്ടിക്കുഞ്ഞ് 'ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുതെന്നുള്ള' ബൈബിള്‍ വചനം ഓര്‍ത്തു കാണും- 'ശരണം' വിളിച്ചിട്ട് പാണാക്കാട്ടേയ്ക്കു എങ്ങിനെ പോകുമെന്നു മുനീര്‍ സാഹീബും ചിന്തിച്ചുകാണും.
അവസാനം നട്ട്‌സ് പോയ അണ്ണാന്‍ന്മാരെപ്പോലെ ഇളിഭ്യരായി, 'സമരത്തിന്റെ ഒന്നാം ഘട്ടം നമ്മള്‍ വിജയിച്ചു' എന്നൊരു പ്രഖ്യാപനം നടത്തിയിട്ട്, അവര്‍ വന്ന വണ്ടിയില്‍ത്തന്നെ മലയിറങ്ങി- ഇനി ഏതാണ്ടൊക്കെ ഉലുത്തുമെന്നാണു പറയുന്നത്- കാത്തിരുന്നു കാണാം.

എന്റെ ചില സംശയങ്ങള്‍ (രാജു മൈലപ്രാ)
Join WhatsApp News
observer 2018-11-21 10:11:10
സുപ്രീം കോടതി വിധി എന്തുതന്നെയായാലും, വിശ്വസങ്ങൾക്കു
എതിരായാലും, അനുകൂലമായാലും, 'that was a blessing in disguise for the Hindu community to unite and show their strength.' ബിജെപി എന്ന രാഷ്ട്രീയപാർട്ടിക്കു ഇതുകൊണ്ടു കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല. അവരുടെ ചില നേതാക്കൻമ്മാരുടെ അമിതാവേശം തിരിച്ചടി ആകാനാണ് സാധ്യത. കോൺഗ്രസ് ഈ വിഷയം വിടുന്നതാണ് നല്ലതു. അല്ല എങ്കിൽ അവർ വീണ്ടും പിളരുവാനുള്ള സാധ്യത ഉണ്ട്.

Mathew V. Zacharia, New Yorjker 2018-11-21 09:24:09
Raju Mlelapra: Your skepticism needs to be commented. very sarcastic but very very humorous.
Please keep writing for a moment of happiness. well wisher. Mathew V. Zacharia, New Yorker.

ഓടുന്ന വിശ്വാസം 2018-11-21 06:09:19
ആനപ്പുറത്ത് ശീവേലി എഴുന്നള്ളിപ്പ്‌ ! ആനപ്പുറത്തിരിക്കുന്ന പൂജാരിയും.. മറ്റും സകലകലാ വല്ലഭന്മാരും.. ആന പുറത്തിരിക്കുന്ന വിഗ്രഹത്തെ കണ്ട് തൊഴുതു നിർവിതി അടയുന്ന ഭക്തജനം.. ഇതൊക്കെ നമ്മുടെ ആചാരം,വിശ്വാസം, ആന ഒന്ന് ഇടഞ്ഞാലോ.. ആചാരവും വിശ്വാസവും അപ്പോടെ പോയി.. പിന്നെ വിഗ്രഹം താഴേക്ക്‌ ഇട്ടു ജീവന് വേണ്ടി നെട്ടോട്ടമായി.. ഇതും.. നമ്മുടെ ആചാരവും വിശ്വാസങ്ങളും! ആനപുറത്ത് എല്ലാവരും തൊഴുതു വണങ്ങിയ ദൈവം ഇരിക്കുമ്പോൾ.. ആന ഇടഞ്ഞാലെന്താ..! ജീവന് വേണ്ടി ഓടേണ്ടതുണ്ടോ?? അപ്പോൾ വിശ്വാസവും ആചാരവും എവിടെ പോയി...!! അപ്പോഴും പറയും ഇതു നമ്മുടെ വിശ്വാസം. 
നാരദന്‍ -copy FB post
സരിത ശരണം 2018-11-21 11:24:47
സബരി സബരി എന്ന് നിരന്തരം കേട്ടു മടുത്തപ്പോള്‍  സരിത എന്ന് തോന്നിയത് ആവാം കോണ്ഗ്രസ് കാട്ടിയ ഇ കോലാഹലത്തിനു കാരണം.
 രാമന്‍ നായരുടെ പുറകെ bjp യില്‍ ചാടാന്‍ ചെന്നിത്തല കാട്ടുന്ന കൊപ്രാന്തും ആകാം 
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക