Image

ഡോക്ടറും എഞ്ചിനീറും മാത്രം പോരാ, ഉടുപ്പ് തുന്നാനും ഓട്ടോ ഓടിക്കാനും ആള് വേണം

Published on 21 November, 2018
ഡോക്ടറും എഞ്ചിനീറും മാത്രം പോരാ, ഉടുപ്പ് തുന്നാനും ഓട്ടോ ഓടിക്കാനും ആള് വേണം
അഞ്ജു ബോബി നരിമറ്റം-FB

കോളപ്ര ഗവണ്മെന്റ് സ്‌കൂളിലാണ് ഞാന്‍ ഏഴ് വര്‍ഷത്തോളം പഠിച്ചത്. അവിടെ കൃഷിക്കാരുടേം കൂലിപ്പണിക്കാരുടേം മീന്‍ കച്ചോടക്കാരുടേം തടിപ്പണിക്കാരുടേം ഒക്കെ മക്കള്‍ ആയിരുന്നു കൂടുതലും. പത്തു കഴിഞ്ഞു ആണ്‍കുട്ടികളില്‍ കുറച്ചു പേരൊക്കെ അപ്രത്യക്ഷരായി. ഡിഗ്രിക്കും PGക്കും ഒക്കെ പോകുന്ന സമയത്തു അവരൊക്കെ ചായക്കടകളിലും റബ്ബര്‍ തോട്ടങ്ങളിലും തടി മില്ലിലും മീന്‍ചരുവങ്ങളുടെ പുറകിലും ഒക്കെ പ്രത്യക്ഷപ്പെട്ടു. അവരില്‍ ചിലര് എന്നെ കണ്ടു ഓടി വന്നു സ്‌നേഹത്തോടെ സംസാരിച്ചു. ചുരുക്കം ചിലര് ജാഡയിട്ടു തിരിഞ്ഞു നിന്നു. അങ്ങനെ നിന്നവരുടെ അടുത്തോട്ടു ഓടി ചെന്ന് വയറിനിട്ടു ഒരു കുത്തും താടക്ക് ഒരു തേമ്പും കൊടുത്തു അവരെ ഒക്കെ ഞാന്‍ പഴയ 'കോളപ്ര പിള്ളേര്‍ 'ആക്കും. കിട്ടേണ്ടത് കിട്ടി കഴിയുമ്പോള്‍ അവന്മാരുടെ ജാഡ പോകും. എന്നെ കണ്ടു മിണ്ടാഞ്ഞതിന്റ കാരണം ചോദിക്കുമ്പോള്‍ അവന്മാര് ഒരു മങ്ങിയ ചിരിയോടെ 'നീ കോളേജില്‍ ഒക്കെ പോകുന്നതല്ലേ, വന്നു മിണ്ടിയാല്‍ നീ മൈന്‍ഡ് ചെയ്തില്ലെങ്കിലൊന്നു ഓര്‍ത്താണെന്നു പറയും. എനിക്ക് ചിരി വരും. ഞാനിവിടെ ലിറ്റററി തിയറിക്കും ക്രിട്ടിസിസത്തിനും ഇടയില്‍പ്പെട്ടു ചതഞ്ഞു അരഞ്ഞു കിടക്കുവാണെന്ന് ഇവര്‍ക്കൊന്നും അറിഞ്ഞൂടല്ലോ. 'പഠിക്കാന്‍ മിടുക്കി ആയോണ്ടല്ല, അപ്പന്റെ കയ്യില്‍ കെട്ടിച്ചു വിടാന്‍ കാശില്ലാത്തോണ്ടാ ഞാനിങ്ങനെ PG, B Ed എന്നൊക്കെ പറഞ്ഞു ഓരോ കോളേജില്‍കൂടെ നടക്കുന്നതെന്ന് ഈ മറുതായോടു ആരേലും ഒന്ന് പറഞ്ഞു കൊടുക്കോ' എന്ന ട്യൂണില്‍ വായിക്കണം. .

അപ്പന്‍ കൃത്യം ST പൈസ മാത്രമേ തരുമായിരുന്നുള്ളു. ഇവന്മാര്‍ ആരെങ്കിലും പണി ഒക്കെ കഴിഞ്ഞു വൈകിട്ട് കടയില്‍ നില്‍കുമ്പോള്‍ ഞാന്‍ ഓടി ചെല്ലും. മിട്ടായി വേണോ പലഹാരം വേണോ എന്നൊക്കെ ചോദ്യം വരുന്നേനു മുന്‍പേ ഞാന്‍ കൈ നീട്ടും 'എന്തേലും മേടിച്ചു താടാ' എന്ന് പറയുംപോലെ. 'നിനക്ക് വല്ല പണിക്കും പൊക്കൂടെ ഇങ്ങനെ പഠിക്കാന്‍ പോവാണ്ട് ' എന്ന് പറഞ്ഞിട്ടേ സാധനം കയ്യിലേക്ക് കിട്ടൂ. നാണംകെട്ട ഞാന്‍ അതും മേടിച്ചു തിന്നോണ്ട് പോകും.

വീട് ഒരു വല്യ മല മുകളില്‍ ആണ്. അപൂര്‍വം ചിലരെ മീനും കൊണ്ടു കയറി വരൂ. ഒരു ഞായറാഴ്ച തിണ്ണയില്‍ ഇരിക്കുമ്പോള്‍ പത്തില്‍ കൂടെ പഠിച്ച സലിം മീനും കൊണ്ടു വന്നു. എന്നെക്കണ്ടു, വലിയ ചരുവം തലേല്‍ വച്ചു അവന്‍ മുറ്റത്തു സംശയിച്ചു നിന്നു. ഞാന്‍ ഓടി ചെന്നു, അമ്മ ചട്ടിയുമായിട്ട് പുറകേ. 'ഇത് നിന്റെ വീടാണോ' അവന് അതിശയം. മീന്‍ പെറുക്കി ഇടുന്നതിനു ഇടയില്‍ അവന്‍ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു. അവന്റെ കല്യാണം കഴിഞ്ഞെന്നു ! ഞാന്‍ പോരുകോഴിയെ പോലെ അമ്മെയെ നോക്കി. എന്നെ ഇനി എന്ന് കെട്ടിക്കാനാ. അമ്മ ജന്മനാ കണ്ണും കാണില്ല ചെവിയും കേള്‍ക്കില്ലന്നുള്ള മട്ടില്‍ എങ്ങോട്ടോ നോക്കി നില്‍ക്കുന്നു. അവന്‍ നിന്ന് ചിരിക്കുന്നു. ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍ .
സലീമിനെ പോലെ പലരും പിന്നീടും വീട്ടില്‍ വന്നു. ആഞ്ഞിലിടെ ചവറു വെട്ടാന്‍ വിനു, റബറിനു പ്ലാസ്റ്റിക് ഇടാന്‍ ഉണ്ണി, കപ്പവാട്ടിന് കുഞ്ഞനും അമ്മേം അങ്ങനെ പലരും. വിനു ആഞ്ഞിലിടെ തുഞ്ചത്തു ഇരുന്നു എന്നെ വിളിച്ചു 'ഒന്നിങ്ങു വാടി '. ഞാന്‍ ഓടി ചെന്നു. 'ഇനി നീ ഞാന്‍ പണിക്കുള്ളപ്പോ അടുക്കളേല്‍ കേറുവോ കറി വക്കുവോ ചെയ്യരുത് '. ഉച്ചക്ക് ഞാന്‍ ഉണ്ടാക്കിയ കറി കൂട്ടിയതിന്റെ നന്ദി ആണ്. വൃത്തികെട്ടവന്‍. 'ഉണ്ടാക്കിയാല്‍.. 'ഞാന്‍ വിപ്ലവകാരി ആയി. 'ഉണ്ടാക്കിയാല്‍ നിന്റെ നെറുകംതലേല് ഞാന്‍ ആഞ്ഞിലി കൊമ്പ് വെട്ടിയിടും '. അവന്റെ ഭീഷണിയില്‍ എന്റെ വിപ്ലവ വീര്യം ഒലിച്ചു പോയി. ചെയ്യുംന്നു പറഞ്ഞാല്‍ അവന്‍ ചെയ്യും. കീഴടങ്ങുന്നതാണ് ബുദ്ധി.


ഞാന്‍ PG കഴിഞ്ഞു മാനത്തും നോക്കി ഇരിക്കുമ്പോളാണ് വിനൂന്റെ കല്യാണം. ഓഡിറ്റോറിയത്തില്‍ ചെന്നപ്പോള്‍ ആണ്‍-പെണ്‍ സൈഡിലെ ബാക്ക് ബെഞ്ചേഴ്സ് എല്ലാം ഉണ്ട്. പഠിപ്പികള്‍ ആരുമില്ല. നന്നായി. അവറ്റകളെ കാണുന്നതേ എനിക്ക് വെറുപ്പാണ്. കാണുമ്പോളെ ചോദിക്കും, JRF കിട്ടിയോ HSA ലിസ്റ്റില്‍ വന്നോ. നാശം. JRF കിട്ടിയില്ലെങ്കില്‍ എന്താ ആകാശം ഇടിഞ്ഞു വീഴുവോ. .
സ്റ്റേജില്‍ കയറി ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ കൂട്ടത്തിലാരോ 'ഇവള് മാത്രമേ നമ്മുടെ കൂടെ പഠിച്ചിട്ടു രക്ഷപ്പെടാതെ പോയുള്ളു 'എന്ന് കല്യാണപെണ്ണിനോട്. പെണ്ണ് സഹതാപത്തോടെ എന്ത് ചെയ്യുന്നു എന്ന് എന്നോട്. ഞാന്‍ ശബ്ദം താഴ്ത്തി കോളേജില്‍ പഠിപ്പിക്കുവാണെന്നു പറഞ്ഞപ്പോള്‍ കൂട്ടച്ചിരി ആയി. ' അവള് വല്യ ടീച്ചര്‍. ഇന്നാളും കൂടെ ഇവക്ക് ഞാന്‍ ബേക്കറില്‍ കേറ്റി ചായ മേടിച്ചു കൊടുത്താ 'എന്ന് വിനു. അവന് ഇതിപ്പോ ഇവിടെ പറയണ്ട വല്ല കാര്യോം ഉണ്ടോ. സ്വന്തം കല്യാണം ആണെന്നുള്ള ഒരു ബോധോം ഇല്ലാതെ അവന്‍ എന്റെ തലക്കിട്ടു കൊട്ടുവേം മുടിയേല്‍ പിടിച്ചു വലിക്കുവേം കൈ തിരിക്കുവേം ഒക്കെ ചെയ്യുന്നു. ജാള്യത മറയ്ക്കാന്‍ 'സ്‌നേഹം കൊണ്ടാ 'എന്ന് ഞാന്‍ അവന്റെ ഭാര്യയോട് പറഞ്ഞു. പണ്ട് കൂടെ പഠിച്ച സ്‌നേഹം ഇത്ര ആണെങ്കില്‍ ഇന്ന് രാത്രി തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഓര്‍ത്തു ആ പെണ്ണ് അപ്പൊത്തന്നെ ബോധം കെട്ടു വീണെന്നൊക്കയാണ് അസൂയക്കാര് പറയുന്നത്.
* * * * * *
എന്റെ കല്യാണം ഒക്കെ കഴിഞ്ഞു മോന്‍ ഉണ്ടായതിനു ശേഷം കുടയത്തൂര് നിന്ന് അറക്കുളത്തെ വീട്ടിലേക്കു ആ പ്രാവശ്യം വന്നത് അക്കരെ സ്‌കൂളില്‍ കൂടെ പഠിച്ച സാജുന്റെ ഓട്ടോക്ക് ആണ്. അവന്‍ മാത്രം എന്നെ എപ്പോ കണ്ടാലും മുഖം തിരിക്കും. ഓടിച്ചെന്നു വിളിച്ചാലും ഒരു മൂളലില്‍ മറുപടി ഒതുക്കും. സാജു ഓട്ടോ ഗേറ്റിനുള്ളിലേക്കു കയറ്റി നിര്‍ത്തി. ഞാന്‍ മോനേം എടുത്തു ഇറങ്ങിയിട്ട് വീട്ടില്‍ കേറാന്‍ അവനെ ക്ഷണിച്ചു. വേണ്ട നീ കാശ് താ, ഞാന്‍ പോട്ടെ എന്ന് അവന്‍. ഞാന്‍ ഒറ്റച്ചാട്ടത്തിനു ഗേറ്റ് അടച്ചു. ഇനി ഇവന്‍ എങ്ങനെ പോകും. വീട്ടില്‍ കേറിയില്ലേല്‍ കാശ് തരില്ലന്നുള്ള എന്റെ ഭീഷണി ആയി അടുത്തത്. അവന്‍ കെണിയില്‍ വീണ എലിയെ പോലെ നിന്ന് പരുങ്ങി. നീ ഗേറ്റ് തുറക്കെടി, പോട്ടെ എന്ന് ദുര്‍ബലമായി പ്രതിഷേധിച്ചു. ഞാന്‍ അനങ്ങാപ്പാറ പോലെ നിന്നു. അവന്‍ ഗത്യന്തരമില്ലാതെ വീടിനുള്ളില്ലേക്ക് കേറി വന്നു.

ചായ കുടിക്കുന്നതിനു ഇടയില്‍ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു. ഇത്രേം നാള്‍ കാണുമ്പോള്‍ മിണ്ടാതെ ഇരുന്നത് എന്താണെന്ന് ഞാന്‍ ചോദിച്ചു. 'നിനക്കൊക്കെ മിണ്ടാനും കൂട്ടുകാരനാണ് എന്ന് പറയാനും നാണക്കേടുണ്ടാവുംന്നു ഓര്‍ത്തിട്ടാണെന്ന് മറുപടി വന്നു.
കാരണം ഉണ്ട്. അവന്‍ ഏതോ ഒരു വല്യ വീട്ടില്‍ ഓട്ടം പോയി. ചെന്നപ്പോള്‍ മുറ്റത്തു സ്‌കൂളില്‍ എന്റേം അവന്റെം ഒക്കെ ഉറ്റ കൂട്ടുകാരി ആയിരുന്നവള്‍ ഭര്‍ത്താവിന്റെ കൂടെ നില്‍ക്കുന്നു. ഓടിച്ചെന്നു ഓര്‍ക്കുന്നില്ലേടി അക്കരെ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചതാ എന്ന് പറഞ്ഞപ്പോളെ മുഖമടച്ചുള്ള മറുപടി കിട്ടി. 'പണ്ട് കൂടെ പഠിച്ച എത്ര പേര് ഇവിടെ പണിയാന്‍ വരുന്നു എത്ര പേര് എവിടെല്ലാം ഓട്ടോ ഓടിക്കുന്നു, അതൊക്കെ ഓര്‍ത്ത് വക്കാന്‍ പറ്റുവോ 'എന്ന്. 'തിരിച്ചു ഓട്ടോ ഓടിക്കുമ്പോള്‍ കണ്ണ് നിറഞ്ഞിട്ട് വഴിയൊന്നും കാണത്തില്ലാരുന്നു' എന്ന് പറഞ്ഞു വിഷമിച്ച അവന്റെ കയ്യിലിരുന്നു ചായ തണുത്തു. എന്റേം നാവിറങ്ങി പോയി. ഒന്നും പറയാന്‍ തോന്നിയില്ല.

എനിക്കപ്പോള്‍ ഒരു കല്യാണ ഹാള്‍ ഓര്‍മ വന്നു. കൂടെ പഠിച്ച ഒരാള്‍ -ഇപ്പൊ ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ ആണ് -അഞ്ജു ഇപ്പൊ എന്താ ചെയ്യുന്നേ എന്ന് ചോദിച്ചു. ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ ആണെന്ന് പറഞ്ഞപ്പോള്‍ 'ഓ ചുമ്മാ തട്ടിക്കൂട്ടല്ലേ, എന്ത് കിട്ടും അയ്യായിരമോ ആറായിരമോ 'എന്ന് പുച്ഛിച്ചു ചിരിച്ചതും കുറെ പേര് ആ ചിരി ഏറ്റു പിടിച്ചതും ഞാന്‍ കണ്ണീരുപ്പ് കൂട്ടി ചോറ് വാരിയുണ്ടതും ഒക്കെ ഓര്‍മ വന്നു. മൂലമറ്റത്തുള്ള ഒരു കടയില്‍ ചെരുപ്പ് വാങ്ങാന്‍ ചെന്നപ്പോള്‍ 'ജോലീം കൂലീം യോഗ്യതേം ഇല്ലാത്ത പെണ്ണുങ്ങളാ അണ്‍ എയ്ഡഡില്‍ മൊത്തം പഠിപ്പിക്കുന്നത്, ഇവറ്റകള്‍ ഒക്കെ പഠിപ്പിച്ചാല്‍ പിള്ളേര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാവില്ല എന്ന് പരിഹസിച്ചു. ഞാന്‍ അന്ന് ഒരു അണ്‍ എയ്ഡഡ് കോളേജില്‍ ആണ്. എനിക്ക് അപ്പൊ എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ്സ് ഓര്‍മ വന്നു. പഠിക്കാന്‍ പിന്നോക്കം നില്‍ക്കുന്ന ഉഴപ്പന്മാരെ ക്യാന്റീനില്‍ പോയി പിടിച്ചോണ്ട് വന്നു സ്‌പെഷ്യല്‍ ക്ലാസ്സ് വച്ചതും പരീക്ഷ കഴിഞ്ഞു വന്നു 'മിസ്സ് പഠിപ്പിച്ചത് ഒക്കേം എഴുതി 'എന്ന് പറഞ്ഞു വിടര്‍ന്നു ചിരിച്ചതും റിസള്‍ട്ട് വന്നപ്പോ 'കണ്ടാ ഞങ്ങള്‍ ജയിച്ചത് കണ്ടാ 'എന്ന് പറഞ്ഞു ഓടി വന്നതും ഒക്കെ.
ചെരുപ്പുകടക്കാരന്റ പരിഹാസം സഹിക്കാതെ തേഞ്ഞു പോയ ചെരുപ്പ് തന്നെ വാശിക്ക് വീണ്ടും തള്ളിക്കയറ്റി ഇട്ടോണ്ട് ഇറങ്ങി പോന്നു.
ചെയ്യുന്ന ജോലിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന, നാലാള് കൂടുന്നിടത്തു അപമാനിക്കപ്പെടുന്ന, രണ്ടാംതരക്കാരായി പോകുന്ന വേദന എത്രയെന്നു ആരും പറയാതെ തന്നെ അറിയാം. നാളെ രാവിലെ ചെല്ലുമ്പോള്‍ 'ടീച്ചര്‍ക്ക് പകരം പുതിയ ആള് വന്നു, പൊക്കോ 'എന്ന് പറഞ്ഞാല്‍ പോരേണ്ടി വരുമെന്ന് അറിയാമായിട്ടും അധ്യാപനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നത് അതിനോടുള്ള ഭ്രാന്തമായ ഇഷ്ട്ടം കൊണ്ടാണ്. ഒരു തൊഴിലിനോടുള്ള ഇഷ്ടം കൊണ്ടോ, വേറെ ഒന്നും കിട്ടാത്തത് കൊണ്ടോ, ചിലപ്പോള്‍ ഗതികേട് കൊണ്ടോ ഒക്കെയാവാം നിങ്ങളുടെ പഴയ കൂട്ടുകാര്‍ ഓരോരോ തൊഴില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഉയര്‍ന്ന സ്ഥാനത്തു ഇരിക്കുന്ന കൂട്ടുകാരെ കാണുമ്പോള്‍ ഓടിച്ചെന്നു മിണ്ടുന്ന അതേ താല്പര്യത്തോടെ കേബിള്‍ പൈസ പിരിക്കാന്‍ വരുന്ന പഴയ കൂട്ടുകാരെ കാണുമ്പോള്‍ ഒന്നിറങ്ങി ചെല്ലാനും, പെട്രോള്‍ പമ്പില്‍ നില്കുന്നവനെ കാണുമ്പോള്‍ ഗ്ലാസ് താഴ്ത്തി ഒന്ന് മിണ്ടാനും, മീന്‍ വില്കുന്നവനെ കാണുമ്പോള്‍ തോളത്തൊന്നു തട്ടാനും ഒക്കെ ഒരു മടിയും വിചാരിക്കരുത്.
ഉയര്‍ന്ന നിലയില്‍ എത്തിയെന്നു എപ്പോളെങ്കിലും നിങ്ങള്ക്ക് തോന്നിയാല്‍ ആ നിലയില്‍ നിന്നോണ്ട് താഴെ ഉള്ളവനെ പിടിച്ചു കയറ്റാന്‍ പറ്റിയില്ലെങ്കിലും വേണ്ട, അവനെ കണ്ടൊന്നു നിറഞ്ഞു ചിരിക്കാനെങ്കിലും ശ്രമിക്കണം. പരീക്ഷ കഴിഞ്ഞു ആന്‍സര്‍ ഷീറ്റില്‍ മാര്‍ക്കുമായി ചെല്ലുമ്പോള്‍ ക്ലാസ്സുകളില്‍ പറയുന്നതേ ഇവിടേം പറയാനുള്ളൂ ; 'ഡോക്ടറും എഞ്ചിനീറും മാത്രം പോരാ, ഉടുപ്പ് തുന്നാനും ഓട്ടോ ഓടിക്കാനും തെങ്ങില്‍ കേറാനും മീന്‍ കൊണ്ട് തരാനും പിള്ളേരെ പഠിപ്പിക്കാനും കേടായ ടീവി നന്നാക്കാനും ഒക്കെ ഇവിടെ ആള് വേണം. ' പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കിനും അപ്പുറം ജീവിതത്തില്‍ നൂറില്‍ നൂറും മേടിച്ചു പാസ്സായ അവരെ ഒക്കെ അഭിമാനത്തോടെയും സ്‌നേഹത്തോടെയും വേണ്ടേ നോക്കാന്‍.... - with Arun Eastroom, Bobby Narimattom and Joseph Narimattom.
https://www.facebook.com/permalink.php?story_fbid=485906861900104&id=100014423832851
ഡോക്ടറും എഞ്ചിനീറും മാത്രം പോരാ, ഉടുപ്പ് തുന്നാനും ഓട്ടോ ഓടിക്കാനും ആള് വേണം
Join WhatsApp News
josecheripuram 2018-11-21 18:03:39
Some thing to think for Parents who insists that their children should become engineer,doctors.Nothing less than that. Be he best in what you are.If you become a thief be the best thief.
josecheripuram 2018-11-22 17:59:56
A very successful business man who had no much education was interviewed by a famous  reporter.He asked him"Sir without any education you became a very rich person,If you were educated you would be more richer.  He paused a moment and said,I will be sitting in your seat& interviewing some rich man.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക