Image

രാജാ രവിവര്‍മ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 21 November, 2018
രാജാ രവിവര്‍മ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)
ചിത്രകല കലാകാരന്മാരില്‍ അതുല്യമായ സ്ഥാനം നേടിയ 'രാജ രവിവര്‍മ്മ' ഭാരതത്തിന്റെ അഭിമാന ദീപമായി നിത്യം നിലകൊള്ളുന്നു. രവിവര്‍മ്മയ്ക്കു മുമ്പ് ചിത്ര രചനയെന്നത് യൂറോപ്പ്യന്മാരുടെ കുത്തകയായി കരുതിയിരുന്നു. ചിത്ര ലോകത്തിലെ മുടിചൂടാ മന്നനായിരുന്ന ഇദ്ദേഹം രാജകുടുംബത്തിലെ അംഗവും കലാലോകത്തിന്റെ അഭിമാനവും തിളക്കവുമായിരുന്നു. ചിത്ര വരകള്‍ വഴി ഒരു കാലഘട്ടത്തന്റെ സാമൂഹികമായ കാഴ്ചപ്പാടുകള്‍ അദ്ദേഹം ലോകത്തിനു നല്‍കി. രാജാക്കന്മാരുടെ ചിത്രകാരനും ചിത്രകാരന്മാരുടെ രാജാവുമായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കൂടുതലും പുരാണങ്ങളെയും ഹൈന്ദവ ഐതിഹാസിക കഥകളെയും രാമായണത്തെയും മഹാഭാരതത്തെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്ത്യന്‍ ചിത്രകലയും പാശ്ചാത്യ ചിത്രകലയും സംയോജിപ്പിച്ചുള്ള സമ്മിശ്രമായ ഒരു ചിത്രകലയ്ക്ക് തുടക്കമിട്ടത് രവിവര്‍മ്മയായിരുന്നു. ഇന്ത്യയിലെ സുപ്രസിദ്ധ കലാകാരന്മാരുടെ നിരയിലേക്ക് അദ്ദേഹം ഉയരാന്‍ കാരണവും പാശ്ചാത്യ അനുകരണവും അവരുടെ ചിത്രകല ടെക്ക്‌നിക്കും സ്വീകരിച്ചതുകൊണ്ടായിരുന്നു. അതുമൂലം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അദ്ദേഹത്തിന്റ ചിത്രകലകള്‍ പ്രസിദ്ധമായി. ദക്ഷിണ ഭാരതത്തിലെ സ്ത്രീകളുടെ സൗന്ദര്യം പകര്‍ത്തിക്കൊണ്ടുള്ള രചനകളിലാണ് കൂടുതലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്.

1848 ഏപ്രില്‍ ഇരുപത്തിയൊമ്പതാം തിയതി 'രാജ രവിവര്‍മ്മ' തിരുവിതാംകൂര്‍ രാജ്യത്തിലെ കിളിമാന്നൂരില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ , 'റാണി ഭഗീരതീ ഭായി'യെ (കൊച്ചു പങ്കി 'അമ്മ) വിവാഹം ചെയ്തു. മാവേലിക്കര രാജ കൊട്ടാരത്തില്‍ വളര്‍ന്ന പങ്കിയമ്മയുടെ അന്നത്തെ പ്രായം പന്ത്രണ്ടു വയസായിരുന്നു. കേരളവര്‍മ്മ, ചെറിയ കൊച്ചമ്മ, ഉമാ അമ്മ, മഹാപ്രഭ അമ്മ, രാമവര്‍മ്മ എന്നിവര്‍ മക്കളുമായിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഏഴുമാവില്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടും 'അമ്മ ഉമയംബ ബായി തമ്പുരാട്ടിയുമായിരുന്നു. രണ്ടു സഹോദരരും ഒരു സഹോദരിയുമുണ്ടായിരുന്നു. അവരില്‍ ഇളയ അനുജന്‍ രാജവര്‍മ്മ, രവിവര്‍മ്മയെ ജീവിതകാലം മുഴുവന്‍ ചിത്ര രചനകളില്‍ സഹായിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മക്കളില്‍ ഇളയ മകനും ഒരു കലാകാരനായിരുന്നു. ഈ മകന്‍ മുബൈയിലുള്ള ജെ.ജെ സ്കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠനം പൂര്‍ത്തിയാക്കി.

'രവിവര്‍മ്മ' മൈസൂര്‍, ബറോഡ, എന്നിങ്ങനെ മാറി മാറി അനേക പട്ടണങ്ങളില്‍ കുടുംബമായി താമസിച്ചിരുന്നു. നിരവധി സ്ഥലങ്ങളില്‍ താമസിച്ചതുകൊണ്ട് അതാത് സ്ഥലങ്ങളിലുള്ള ജനതയുടെ വിവിധ സംസ്കാരങ്ങളെ അദ്ദേഹത്തിന് വിലയിരുത്താന്‍ സാധിച്ചിരുന്നു. ലോകകാര്യങ്ങള്‍ വ്യക്തമായി അനുഭവങ്ങളില്‍ക്കൂടി പഠിച്ചിരുന്നതിനാല്‍ വിശാലമായി ചിന്തിക്കാനും സാധിച്ചിരുന്നു. അതുമൂലം നാനാ ജാതി മതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും ജീവിതരീതികള്‍ തന്റെ ചിത്ര കലകളില്‍ പകര്‍ത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു.

രാജാ രവിവര്‍മ്മയ്ക്ക് ചെറുപ്പം മുതല്‍ തന്നെ ചിത്രകലയില്‍ നല്ല ഭാവനകളുണ്ടായിരുന്നു. ഓരോ ചിത്രങ്ങളിലും അദ്ദേഹത്തിന്‍റെ സാഹസവും ധീരമായ മനസ്സും പ്രകടമായിരുന്നു. ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല. മനുഷ്യന്റെ രൂപത്തില്‍ ദൈവങ്ങളെ, ദേവതകളെ വരച്ച ആദ്യത്തെ കലാകാരനായിരുന്നു രവി വര്‍മ്മ.

കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ വീടിന്റെ ഭിത്തികളില്‍ മൃഗങ്ങളുടെയും അവകളുടെ ചാഞ്ചാട്ടങ്ങളുടെയും ചിത്രങ്ങള്‍ വരക്കുമായിരുന്നു. ദൈനംദിന ജീവിതത്തിലെ പ്രതിഭാസങ്ങളും ചിത്രരൂപങ്ങളില്‍ അദ്ദേഹം ഭിത്തികളില്‍ നിറച്ചിരുന്നു. കിളിമാന്നൂര്‍ കൊട്ടാരത്തിന്റെ ചുവരുകള്‍ നിറയെ കരിക്കട്ടകൊണ്ട് ചിത്രങ്ങള്‍ വരക്കുകയെന്നത് ബാലനായ അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. ഇലകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും മരത്തിന്റെ തൊലികള്‍ കൊണ്ടും രവിവര്‍മ്മ തന്റെ ചിത്രങ്ങള്‍ രചിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ തന്റെ അമ്മാവന്‍ പകുതി വരച്ച ചിത്രം ബാലനായ വര്‍മ്മ പൂര്‍ത്തിയാക്കിയപ്പോള്‍ മുതലാണ് അദ്ദേഹം അമ്മാവന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് അമ്മാവന്‍ ഗുരു സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹത്തെ ചിത്രകലകള്‍ അഭ്യസിപ്പിച്ചുകൊണ്ടിരുന്നു. മദ്രാസില്‍നിന്നുള്ള ഒരു പത്ര പരസ്യം കണ്ടുകൊണ്ട് അമ്മാവന്‍ ഛായാ ചിത്രങ്ങള്‍ വരക്കാനുള്ള ഓയില്‍ പെയിന്റ് രവിവര്‍മ്മയ്ക്ക് വാങ്ങിച്ചു കൊടുത്തു. അത് അദ്ദേഹത്തിന്‍റെ ചിത്രകലാ ജീവിതത്തിലേക്കുള്ള ഒരു വഴിത്തിരിവായിരുന്നു. അമ്മാവനാണ് അദ്ദേഹത്തെ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ആയില്യം തിരുന്നാള്‍ മഹാരാജാവിന്റെ സമീപത്ത് കൊണ്ടുപോയത്. അന്ന് അദ്ദേഹത്തിന്‍റെ പ്രായം പതിന്നാല് വയസ്. രാജകൊട്ടാരത്തില്‍ താമസിക്കാന്‍ അനുവദിക്കുകയും ചെയ്തു.

ആദ്യം കൊട്ടാര ചിത്രകലാ വിദഗ്ദ്ധനായ രാമസ്വാമി നായിഡുവിന്റെ ശിക്ഷണം ലഭിച്ചു. അദ്ദേഹം വാട്ടര്‍ പെയിന്റ് ചിത്രങ്ങളുടെ സാങ്കേതിക വശങ്ങള്‍ മുഴുവന്‍ രവിവര്‍മ്മയെ പഠിപ്പിച്ചു. ഓയില്‍ പെയിന്റിങ് ടെക്ക്‌നിക്കുകള്‍ ഒരു ഡച്ച് ചിത്രകാരന്‍ തീയോഡര്‍ ജെന്‍സണ്‍ കൊട്ടാരത്തില്‍ വന്നു പഠിപ്പിച്ചുകൊണ്ടിരുന്നു. കലയെപ്പറ്റി ഗഹനമായി പഠിക്കാനും ആശയങ്ങള്‍ സമാഹരിക്കാനും വര്‍മ്മ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. തെക്കേ ഇന്ത്യയിലെ സുന്ദരികളുടെ ചിത്രം വരക്കാനായിരുന്നു താല്‍പ്പര്യം. ബന്ധുജനങ്ങളുടെ ചിത്രങ്ങള്‍ വരച്ച് അവരെയും പ്രസിദ്ധരാക്കിയിരുന്നു. ചിത്രങ്ങളില്‍ ചിലത് വര്‍മ്മയുടെ മകളായ മഹാപ്രഭയുടേതായിരുന്നു. അവര്‍ കുഞ്ഞുങ്ങളെ എടുത്തുകൊണ്ടിരിക്കുന്ന ചിത്രം വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്‍റെ അനുജത്തി ഭരണി തിരുന്നാള്‍ ലക്ഷ്മി ഭായിയുടെ ചിത്രവും കലാ പ്രേമികളുടെ ഹൃദയം കവരുന്നതാണ്.

കൊട്ടാരത്തിലെ അക്കാലത്തെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ കലാ ചിത്രങ്ങളും അദ്ദേഹം പഠിച്ചുകൊണ്ടിരുന്നു. വിദേശത്തു നിന്നും സ്വദേശത്തുനിന്നും ചിത്രരചനയെ സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ ആയില്യം തിരുന്നാള്‍ അദ്ദേഹത്തിന് വരുത്തി കൊടുത്തിരുന്നു. ബ്രിട്ടീഷ് പ്രൊവിന്‍സായിരുന്ന മദ്രാസ് ഗവണ്മെന്റിന്റെ ഓഫിസില്‍ രവിവര്‍മ്മ വരച്ച 'ബേക്കിങ് ഹാം പ്രഭുവിന്റെ' പടം സ്ഥാപിച്ചതോടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നു.

ഹിന്ദു ദൈവങ്ങളുടെയും ദേവി ദേവന്മാരുടെയും പടങ്ങള്‍ ഹൈന്ദവരിലെ താണ ജനവിഭാഗങ്ങളില്‍! എത്തിക്കാനും അവര്‍ക്ക് ചിത്രങ്ങള്‍ നോക്കി ആരാധിക്കാനുള്ള അവസരങ്ങളും ലഭിച്ചു. അക്കാലങ്ങളില്‍ താണ ജാതികളായ ഹിന്ദുക്കള്‍ക്ക് അമ്പലങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവര്‍ വര്‍മ്മയുടെ പടങ്ങള്‍ വച്ച് വീടുകളില്‍ ആരാധിച്ചിരുന്നു. അമ്പലത്തിനുള്ളിലെ ദേവീ ദേവന്മാരുടെ രൂപങ്ങള്‍ എങ്ങനെയെന്നും രവിവര്‍മ്മയുടെ ചിത്രങ്ങളില്‍ക്കൂടി ഗ്രഹിക്കാന്‍ സാധിച്ചിരുന്നു. അതുപോലെ, ചിത്രകലയെപ്പറ്റിയുള്ള അറിവുകളും പ്രാധാന്യവും ഇന്ത്യന്‍ ജനതയില്‍ എത്തിച്ചുകൊണ്ടുമിരുന്നു.

കഥകളും ഐതിഹ്യ മാലകളും കോര്‍ത്തുകൊണ്ടുള്ള അനേക ചിത്രങ്ങള്‍ രവിവര്‍മ്മ ചിത്ര ശേഖരത്തിലുണ്ട്. ദുഷ്യന്ത രാജാവിന്റേയും ശകുന്തളയുടെയും ചിത്രങ്ങള്‍ വളരെ മനോഹരവും സൗന്ദര്യാത്മകവുമാണ്. ചിത്രം കാണുന്ന കവികള്‍ക്ക് മനസ് നിറയെ കവിതകളും നിറയുന്നു. അതുപോലെ നളനും ദമയന്തിയും തമ്മിലുള്ള വിരഹദുഃഖ ചിത്രങ്ങള്‍ കാലത്തെ അതിജീവിച്ചും പ്രസിദ്ധ ചിത്രങ്ങളായി നിലകൊള്ളുന്നു. ശ്രീരാമന്‍ ജടായുവിന്റെ ചിറകുകള്‍ മുറിക്കുന്നതു സുന്ദരവും തേജസു നിറഞ്ഞതുമാണ്. രവിവര്‍മ്മ വരച്ച ചിത്രങ്ങളെല്ലാം നിരവധി സംസ്കാരങ്ങളുടെയും സാമൂഹിക കാഴ്ചപ്പാടുകളുടെയും ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്. 'യാചകരുടെ ഒരു കുടുംബം' എന്ന ചിത്രം ഭാരതത്തിന്റെ ഒരു കാലഘട്ടത്തിലെ സാധുക്കളായവരുടെയും അവരുടെ ദരിദ്രാവസ്ഥയെയും ചിത്രീകരിക്കുന്നു. ഒരു തെക്കേ ഇന്ത്യന്‍ സ്ത്രീ വീണ വായിക്കുന്ന പടം, മഹാഭാരതത്തിലുള്ള അര്‍ജുനനും സുഭദ്രയും, ദ്രൗപതിയും കീചകയും, ഋഷി കന്യക, ശകുന്തളയുടെ കഥ, ഒരു സ്ത്രീ അമ്പലത്തില്‍ നേര്‍ച്ച നല്‍കുന്ന ചിത്രം, ചിന്തകള്‍ നഷ്ടപ്പെട്ട ഒരു സ്ത്രീ, പഴവര്‍ഗങ്ങളുമായി നില്‍ക്കുന്ന ഒരു സ്ത്രീ, ശ്രീകൃഷ്ണന്‍, ശ്രീ രാമന്‍ വരുണനെ ആക്രമിക്കുന്നത്, സുന്ദരിയായ ഒരു നായര്‍ സ്ത്രീയുടെ പടം, പ്രേമിക്കുന്ന ഒരു യുവാവും യുവതിയും, 'ശകുന്തള' ദുഷ്യന്ത രാജാവിന് കത്ത് എഴുതുന്നത്, ഹൃദയം പൊട്ടി തകരുന്ന ഒരു സ്ത്രീയുടെ പടം, രാമായണത്തിലെ ഇന്ദ്രജിത്തിന്റെ വിജയം എന്നിങ്ങനെ രവിവര്‍മ്മയുടെ ചിത്രങ്ങളുടെ നീണ്ട പരമ്പരകള്‍ തന്നെയുണ്ട്.

രാജാ രവിവര്‍മ്മയ്ക്ക് ചിത്ര കലകളില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും നിരവധി പ്രശംസാ പത്രങ്ങളും ലഭിച്ചിട്ടുണ്ട്. 1871ല്‍ അദ്ദേഹത്തിന് ആയില്യം തിരുന്നാള്‍ മഹാരാജാവില്‍നിന്ന് വീരശൃംഖല ലഭിച്ചു. 1873ല്‍ തലയില്‍ മുല്ലപ്പൂ ചൂടിയ നായര്‍ സുന്ദരിയുടെ പടം യൂറോപ്പ്യന്‍ ചിത്രകാരെയും പിന്തള്ളിക്കൊണ്ട് ഒന്നാം സമ്മാനം നേടിയതോടെ അദ്ദേഹം യൂറോപ്പ്യന്‍ നാടുകളിലും പ്രശസ്തനായി തീര്‍ന്നു. 1873ല്‍ അദ്ദേഹത്തിന്റെ പെയിന്റിംഗ് വിയന്നയില്‍ പ്രദര്‍ശിപ്പിക്കുകയും സമ്മാനം കരസ്ഥമാക്കുകയും ചെയ്തു. ലോക മാധ്യമങ്ങളും ചിത്രങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 1876ല്‍ ശകുന്തളയുടെ പ്രേമാനുരാഗങ്ങള്‍ വരച്ചതും സമ്മാനാര്‍ഹമായി. ആ ചിത്രം ബക്കിങ്ഗാം പ്രഭു നേരിട്ട് വാങ്ങുകയായിരുന്നു. അങ്ങനെ യുവാവായ രവിവര്‍മ്മ ലോകപ്രശസ്തനായി ഉയരങ്ങള്‍ താണ്ടിക്കൊണ്ടിരുന്നു. 1893ല്‍ അദ്ദേഹത്തെ ഷിക്കാഗോയില്‍ അയക്കുകയും അവിടെ വേള്‍ഡ് കൊളംബിയന്‍ എക്‌സ് പോസിഷന്‍ സംഘടിപ്പിച്ച ചിത്രമേളയില്‍ മൂന്നു സ്വര്‍ണ്ണ മെഡലുകള്‍ നേടുകയുമുണ്ടായി. ബ്രിട്ടീഷ് ഭരണാധികാരിയായ എഡ്ജര്‍ തുര്‍സ്‌റ്റോണ്‍ ആണ് വര്‍മ്മായ്ക്ക് വിദേശങ്ങളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സഹായ സഹകരണങ്ങള്‍ നല്‍കിയിരുന്നത്. സാധുക്കള്‍ക്കു കുറഞ്ഞ ചിലവില്‍ വാങ്ങുവാനുള്ള ചിത്രങ്ങളും രചിച്ചിരുന്നു. അതുമൂലം രാജ രവിവര്‍മ്മ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സ്‌നേഹവും ആര്‍ജിച്ചിരുന്നു. പൊതു ജനങ്ങളുടെ നന്മക്കായി ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്ന രവിവര്‍മ്മയെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്‌സ്ന്‍ പ്രഭു 1904ല്‍ 'കൈസര്‍ഇ ഗോള്‍ഡ് മെഡല്‍' (ഗമശമെൃശഒശിറ ഏീഹറ ങലറമഹ) നല്‍കി ആദരിക്കുകയുണ്ടായി. വിദേശത്ത് കലാപ്രദര്‍ശനങ്ങള്‍ക്കായി ചിത്രങ്ങളെത്തിയാല്‍ രവി വര്‍മ്മയുടെ ചിത്രങ്ങളെപ്പറ്റിയായിരുന്നു അക്കാലങ്ങളില്‍ പ്രധാന സംസാര വിഷയങ്ങളായിരുന്നത്. അദ്ദേഹത്തിന്‍റെ ബുദ്ധിവൈഭവത്തെ കടലുകള്‍ക്കപ്പുറമുള്ള അതിര്‍ത്തികളിലും പ്രകീര്‍ത്തിക്കുമായിരുന്നു.

രവിവര്‍മ്മ ചിത്ര രചനകളില്‍ പ്രസിദ്ധനായ ശേഷം ഒരു ലിത്തോഗ്രാഫിക്ക് പ്രസ്സ് (കല്ലച്ചു പ്രസ്സ്)ആരംഭിക്കണമെന്നും തീരുമാനിച്ചു. ലിത്തോഗ്രാഫിക്ക് പ്രസുകള്‍ യൂറോപ്പിലും അമേരിക്കയിലും വ്യാപകമാകാന്‍ തുടങ്ങിയ കാലവുമായിരുന്നു. ദിവാന്‍ ടി മാധവ റാവു രവിവര്‍മ്മയോടും അദ്ദേഹത്തിന്‍റെ സഹോദരനോടും അത്തരം ഒരു പ്രസ് സ്വന്തമായി തുടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് ലിത്തോഗ്രാഫിക്ക് പ്രസ്സ് അദ്ദേഹം ബോംബയില്‍ തുടങ്ങി. പിന്നീട് ലോനവള എന്ന സ്ഥലത്ത് പ്രസ്സ് മാറ്റി സ്ഥാപിച്ചു. പ്രസ്സില്‍ എണ്ണഛായാ മഷിയുപയോഗിച്ചുളള അച്ചടിച്ചചിത്രങ്ങള്‍ ധാരാളമായി പ്രസിദ്ധീകരിക്കാനും തുടങ്ങി. ഹിന്ദുദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങളായിരുന്നു കൂടുതലായും അച്ചടിച്ചുകൊണ്ടിരുന്നത്. അക്കാലത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു പ്രസ്സായിരുന്ന അത്. അവിടെയുണ്ടായിരുന്ന പ്രധാന പെയിന്ററുടെ മരണശേഷം രവിവര്‍മ്മയുടെ സഹോദരന്‍ പ്രസ്സിന്റെ ചുമതലകള്‍ വഹിച്ചിരുന്നു.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കുറച്ചുകാലം ബിസിനസ്സ് നടത്തിയശേഷം പ്രസ്സ് മുമ്പോട്ടു നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. പ്രസ്സ് പിന്നീട് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച 'ഫ്രിറ്റ്‌സ് സ്ക്‌ലെത്തിച്ചേര്‍' എന്ന ജര്‍മ്മന്‍കാരനു വില്‍ക്കുകയായിരുന്നു. കലാനൈപുണ്യമില്ലാത്തവരെ നിയമിച്ച് പിന്നീട് ആ സ്ഥാപനം വ്യവസായിവല്‍ക്കരിക്കുകയും ചെയ്തു. താമസിയാതെ ഫാക്റ്ററി മുഴുവന്‍ കത്തിയെരിയുകയാണുണ്ടായത്. രാജാ രവിവര്‍മ്മയുടെ വിലയേറിയ ചിത്രങ്ങളും അതിന്റെ ലിത്തോഗ്രാഫ്‌സ് പ്രതികളും അതോടൊപ്പം കത്തി ചാരമായി തീര്‍ന്നു. അദ്ദേഹത്തിന്റെ പ്രിന്‍റിംഗ് പ്രസ്സ് കത്തിയതെങ്ങനെയെന്ന് അവ്യക്തമെങ്കിലും വര്‍മ്മയുടെ ചിത്രരചനകളോട് എതിര്‍പ്പുള്ളവര്‍ കത്തിച്ചതായിരിക്കാമെന്നും ദുരൂഹതകളുണ്ട്. തീയുണ്ടായ കാരണങ്ങള്‍ എന്തെന്നും അക്കാലങ്ങളില്‍ വ്യക്തമായി ആര്‍ക്കും അറിവുണ്ടായിരുന്നുമില്ല.

രാജാ രവിവര്‍മ്മയുടെ ചിത്രകലയിലുള്ള സംഭാവനകളെ മാനിച്ച് കേരളസര്‍ക്കാര്‍ 'രാജ രവിവര്‍മ്മ പുരസ്ക്കാരം' ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക സംസ്ക്കാരിക രംഗങ്ങളിലും കലകളിലും മികച്ച കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് രവിവര്‍മ്മ പുരസ്ക്കാരം വര്‍ഷംതോറും നല്‍കാറുണ്ട്. രാജാ രവിവര്‍മ്മയുടെ പേരില്‍ മാവേലിക്കരയില്‍ ഒരു കോളേജ് സ്ഥാപിച്ചിട്ടുണ്ട്. രവിവര്‍മ്മയെപ്പറ്റിയും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ജീവിതത്തെപ്പറ്റിയും നിരവധി നോവലുകളും സിനിമകളുമുണ്ട്. അതില്‍ ബോളിവുഡ് സിനിമയായ 'രംഗ് റസിയ' യും മലയാളത്തിലെ ഫിലിമായ 'മകരമഞ്ഞും' പ്രസിദ്ധങ്ങളാണ്. 'രഞ്ജിത്ത് ദേശായി' മഹാരാഷ്ട്രയില്‍ എഴുതിയ രാജ രവിവര്‍മ്മ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള അദ്ധ്യായങ്ങള്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് ബോര്‍ഡിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാമി വിവേകാനന്ദനും രവിവര്‍മ്മയുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ചുള്ള അദ്ധ്യായം അവിടെ സ്കൂള്‍ക്കുട്ടികള്‍ പഠിക്കുന്നുമുണ്ടായിരുന്നു.

അക്കാലത്തെ ജനങ്ങളുടെ വ്യത്യസ്തമായ ചിന്തകള്‍ രവിവര്‍മ്മയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ലെങ്കിലും അദ്ദേഹം തന്റെ ചിത്ര രചനയുടെ സ്‌റ്റൈലില്‍ നിന്നും ഒരിക്കലും വ്യതിചലിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ ധീരമായ, ചഞ്ചലമല്ലാത്ത മനഃസ്ഥൈര്യം മൂലം നല്ല കലാമൂല്യങ്ങളുള്ള ചിത്രങ്ങള്‍ പുറത്തു വരുവാനും കാരണമായി. സ്ത്രീത്വത്തെ, സ്ത്രീകളുടെ മേനി സൗന്ദര്യത്തെ പച്ചയായി അവതരിപ്പിച്ചിരുന്ന ഒരു ചിത്രകാരനായിരുന്നു അദ്ദേഹം. ഒരു പുരുഷന്റെ ചിത്രമാണെങ്കിലും മദ്ധ്യത്തില്‍ ഒരു സുന്ദരിയുടെ പടവും കാണും. അങ്ങനെ ചിത്രകലയ്ക്ക് ആകര്‍ഷണവും സൃഷ്ടിച്ചിരുന്നു.

വര്‍മ്മയുടെ എല്ലാ പടങ്ങളും സ്ത്രീകളുടെ അര്‍ദ്ധ നഗ്‌നത കാണിക്കുന്നില്ല. ഇന്നുള്ള തലമുറകള്‍ വര്‍മ്മയുടെ രാജകീയ ജീവിതവും രാജകൊട്ടാരവും അതിനോടനുബന്ധിച്ചുള്ള സുന്ദരികളുടെ ചിത്രങ്ങളും കയ്യടികളോടെ സ്വീകരിക്കുന്നു. പരിവര്‍ത്തന വിധേയമല്ലാത്ത കാലഘട്ടത്തില്‍ മറ്റു യാതൊരു കലാകാരന്മാര്‍ക്കും പുത്തനായ ചിന്തകളുള്‍പ്പെട്ട നവീകരണ ചിത്രങ്ങള്‍ അന്നു വരക്കുവാന്‍ സാധിക്കുമായിരുന്നില്ല. കാലം മാറിയതുകൊണ്ടു പഴങ്കാലത്തിലെ സാമൂഹിക ചിന്തകളെ ഇന്നുള്ള യുവതലമുറകള്‍ അവഗണിക്കുകയും ചെയ്യുന്നു.

രവി വര്‍മ്മയുടെ ചിത്രങ്ങളെ വിമര്‍ശന രൂപേണ കാണുന്നവരുമുണ്ട്. കാലത്തിനൊത്ത ചിത്രങ്ങളോ പരിവര്‍ത്തന ചിന്തകളോ ഇല്ലാതെ മാറ്റമില്ലാത്ത ചിത്രങ്ങളാണ് രവിവര്‍മ്മയുടെ ചിത്ര ശേഖരത്തിലുള്ളത്. പാരമ്പര്യവും ഇതിഹാസവും നിറഞ്ഞ മനസുമായി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. ദേവതകളെ ചിത്രീകരിക്കുന്നതു ലൈംഗിക ചുവയോടെയായിരുന്നു. ഇന്ത്യന്‍ സ്ത്രീകളെ വെളുത്ത തൊലിവെളുപ്പോടെ വരക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. താഴ്ന്ന ജാതികളിലുള്ള സ്ത്രീകളെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തെക്കേ ഇന്ത്യയില്‍ പ്രസിദ്ധമായ ദേവികളെ മാത്രം വരക്കുന്നതില്‍ രവിവര്‍മ്മ താല്പര്യപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളെ ഗൗനിക്കാതെ ധീരമായി തന്നെ തന്റേതായ നിലപാടില്‍ ചിത്രകലയുടെ സൗന്ദര്യത്തില്‍ത്തന്നെ അദ്ദേഹം ഉറച്ചുനിന്നു.

ജെ. സ്വാമിനാഥന്‍ രവിവര്‍മ്മയുടെ ചിത്രങ്ങളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ പലതും അദ്ദേഹത്തിന്‍റെ ഭാര്യ, മക്കള്‍, സഹോദരികള്‍ എന്നിവരുടേതാണ്. കുടുംബത്തിലുള്ള എല്ലാവരും കറുത്തവരെങ്കിലും യൂറോപ്പ്യന്‍ സ്ത്രീകളുടെ വെളുപ്പാണ് ഓരോ ചിത്രത്തിലും കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ സ്വാഭാവികത അവിടെ നഷ്ടപ്പെട്ടിരിക്കുന്നു. വര്‍മ്മയുടെ കുടുംബം സില്‍ക്ക് സാരി ധരിച്ചിരുന്നവരുമല്ല. അദ്ദേഹത്തിന്‍റെ 'അമ്മ' കറുത്ത സ്ത്രീയും ഒരു കവിയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും രാജ സഹോദരികളും നിറമുള്ളവരായിരുന്നില്ല. പക്ഷെ ബ്രഷുകൊണ്ട് അവരെയെല്ലാം മോഡല്‍ സ്ത്രീകളായി വരച്ചു വെച്ചു. സൗന്ദര്യമില്ലാത്ത പെണ്മക്കളെ ബ്രഷുകൊണ്ട് സുന്ദരികളാക്കിയതു ചിത്രങ്ങളുടെ സ്വാഭാവികതയും തന്മയത്വവും നഷ്ടപ്പെടുത്തിയിരിക്കുന്നു.

രവിവര്‍മ്മയുടെ ദേവീ ദേവന്മാരെ ചിത്രീകരിച്ചുകൊണ്ടുള്ള നഗ്‌ന ചിത്രങ്ങള്‍ കാലത്തെ അതിജീവിച്ചും അമൂല്യങ്ങളായി കരുതുന്നു. ഇന്നുള്ള ജനത രവിവര്‍മ്മയുടെ ചിത്രങ്ങള്‍ സ്വീകരിക്കുമെങ്കിലും അദ്ദേഹത്തിന്‍റെ കാലത്തുണ്ടായിരുന്ന യാഥാസ്ഥിതികര്‍ക്ക് അത്തരം ചിത്രങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നു. പ്രകൃതി വിരുദ്ധമായി വരച്ച ചിത്രങ്ങള്‍, ലൈംഗിക വൈകൃതമുള്ള കലകള്‍ എന്നിങ്ങനെ രവിവര്‍മ്മയുടെ ചിത്രങ്ങളെ യാഥാസ്ഥിതിക ലോകം വിലയിരുത്തി. !ഇംഗ്ലീഷിലുള്ള 'പെര്‍വെര്‍ട്ട്' എന്ന അര്‍ത്ഥമുള്ള സമാന വാക്കുകള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശകര്‍ പ്രയോഗിച്ചിരുന്നു. അന്നുള്ളവരുടെ മാനസിക വികാരങ്ങള്‍ ആധുനിക ചിന്തകളില്‍നിന്നും വ്യത്യസ്തമായിരുന്നു.

സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ വരക്കുന്നതില്‍ മാത്രമല്ല രവി വര്‍മ്മ വിമര്‍ശിക്കപ്പെട്ടിരുന്നത്. ഇന്ത്യന്‍ കലാകാരന്മാരില്‍ ദൈവങ്ങളുടെ, ദേവതകളുടെ പടം വരച്ച ആദ്യത്തെ ചിത്രകാരനും രവി വര്‍മ്മയായിരുന്നു. അതും പ്രാരംഭത്തില്‍ ഒരു പൊട്ടിത്തെറിക്ക് കാരണമായിരുന്നു. അതുമൂലം യാഥാസ്ഥികരില്‍നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. കാലക്രമേണ സരസ്വതി, ലക്ഷ്മി ദേവികളെ അംഗീകരിക്കുകയും ചെയ്തു. നഗ്‌ന ചിത്രങ്ങളുടെ പേരില്‍ ബോംബെ ഹൈക്കോര്‍ട്ടില്‍ കേസുകള്‍ വരുകയും കേസില്‍ വര്‍മ്മ വിജയിക്കുകയും ചെയ്തു. മഹാഭാരതത്തിലെയും രാമായണത്തിലെയും സെമി ദേവതകളായ ഉര്‍വശിയുടെയും രംഭയുടെയും നഗ്‌ന ചിത്രങ്ങള്‍ വരച്ചതിന് അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. മതങ്ങളുടെ മൂല്യങ്ങള്‍ക്ക് എതിരായ ചിത്രങ്ങളായിരുന്നതും പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമായി. എന്നിരുന്നാലും അദ്ദേഹം എന്നും ചിത്രം വരകളില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നു. അക്കാലം വരെയും ആരും എത്തപ്പെടാതിരുന്ന കലാമൂല്യങ്ങളുടെ ഭാവനകളില്‍ തേജസ്സാര്‍ന്ന ചിത്രങ്ങള്‍ തന്റെ കരവിരുതുകളില്‍ അദ്ദേഹം വരച്ചുകൊണ്ടിരുന്നു.

കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ചിത്രങ്ങളിലുണ്ടായില്ലെങ്കില്‍ കലയുടെ അര്‍ത്ഥമെന്തെന്ന് ആധുനിക ചിന്തകളുള്ള ഇന്നത്തെ കലാകാരന്മാര്‍ ചോദിക്കാറുണ്ട്. എന്നാല്‍ വര്‍മ്മയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്‍റെ കലയെപ്പറ്റിയുള്ള ചിന്തകള്‍ കാലത്തിനും അതീതമായിരുന്നു. നമ്മുടെ ഇന്നുള്ള മനസ്സിനുള്ളിലെ മാറ്റങ്ങളാണ് വര്‍മ്മയുടെ ചിത്രങ്ങളില്‍ ഒരു നൂറ്റാണ്ടിനപ്പുറം പ്രകടമായത്. ചിത്രങ്ങള്‍ മനുഷ്യ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചുവെന്നതും വര്‍മ്മയുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. വര്‍മ്മയെ പ്രകൃതി വിരുദ്ധ ചിന്താഗതിക്കാരനായി ചിത്രീകരിക്കുന്നവര്‍ക്ക് കലാപരമായ വസ്തുതകളെ ശരിവെക്കുവാന്‍ അറിയില്ല. കലയുടെ ഹൃദയഹാരിയായ മനോഹാരിതയെ വിലയിരുത്തുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ചിത്രകലാ നൈപുണ്യത്തെയും ചഞ്ചലമല്ലാത്ത ധീരമായ മനസിനെയും പുകഴ്ത്താന്‍ സാധിക്കും.

രവിവര്‍മ്മയുടെ ചിത്രങ്ങള്‍ കാലങ്ങളെ അതിക്രമിക്കുംതോറും മാര്‍ക്കറ്റും കൂടി വരുന്നതായി കാണാം. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ദമയന്തി പടം ന്യൂയോര്‍ക്കില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു. ഒന്നര മില്യണ്‍ ഡോളര്‍ ആ ചിത്രത്തിനു വില നിര്‍ണ്ണയിച്ചിട്ടുണ്ടായിരുന്നു. ഐതിഹ്യ കഥാപാത്രങ്ങളില്‍ക്കൂടി ഓരോ ചിത്രങ്ങളിലും ഈണമിടുന്ന പ്രേമ ഗാനങ്ങളും, ശൃങ്കാര ഭാവങ്ങളും കലാപ്രേമികളായ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.

ഗിന്നിസ് ബുക്കില്‍ രേഖപ്പെടുത്തിയ രാജാ രവിവര്‍മ്മയുടെ കലാവിരുതുകളില്‍ വരച്ച ചിത്രങ്ങളടങ്ങിയ ഒരു സാരി ലോകത്തിലേക്കുംവെച്ച് ഏറ്റവും വിലകൂടിയതെന്നു കരുതുന്നു. അതിന്റെ വില നിര്‍ണ്ണയിച്ചിരിക്കുന്നത് ഒരു ലക്ഷം ഡോളറാണ്. 'വിവാഹപ്പട്ടെന്ന്' പേരിട്ടിരിക്കുന്ന ആ സാരിയില്‍ രവിവര്‍മ്മയുടെ ഒരു ഡസനോളം ചിത്ര രചനകളുണ്ട്. ശിവലിംഗത്തുള്ള ചെന്നൈ സില്‍ക്ക് കമ്പനിയാണ് ഗിന്നിസ് ബുക്കില്‍ ഇടം നേടിയ വിവാഹപ്പട്ടു സാരിയുടെ നിര്‍മ്മാതാവ്.

അനുജന്‍ രാജരാജ വര്‍മ്മയുടെ മരണം രവിവര്‍മ്മയെ തളര്‍ത്തിയിരുന്നു. എങ്കിലും അനുജന്‍ പൂര്‍ത്തിയാക്കാതിരുന്ന ചിത്രങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. 1906 ആയപ്പോള്‍ രവിവര്‍മ്മ പ്രമേഹ രോഗ ബാധിതനായി മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത സ്വദേശത്തും വിദേശത്തും വലിയ പ്രാധാന്യത്തോടെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഭാരത സങ്കല്പങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ദേവി ദേവന്മാരുടെ ഭാവനകള്‍ക്കും തന്മയത്വവും മനോഹാരിതയും നല്‍കിക്കൊണ്ട് ഭാരതത്തിന്റെ സംസ്ക്കാര ശൃങ്കലകളില്‍ രവിവര്‍മ്മ വരച്ച ചിത്രങ്ങള്‍ കാലങ്ങളെയും അതിജീവിച്ചു തിളങ്ങിക്കൊണ്ടിരിക്കുന്നു.യൂറോപ്യന്‍ റിയലിസം ഉള്‍പ്പെടുത്തി ഇന്ത്യന്‍ ദൈവങ്ങളുടെയും ഐതിഹാസ കഥകളുടെയും അടിസ്ഥാനത്തില്‍ ചിത്രങ്ങള്‍ വരച്ച ഇന്ത്യയിലെ ആദ്യത്തെ കലാകാരനായിരുന്നു വര്‍മ്മ. അദ്ദേഹത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍ പൗരാണിക ഭാരതത്തിന്റെ സത്തയെ വെളിപ്പെടുത്തുന്നു. ലോകം മുഴുവനുമുള്ള കലാസ്‌നേഹികളില്‍ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഇമ്പമേറിയ കലാമാധുര്യത്തോടെ നിത്യം തിളങ്ങിയും നില്‍ക്കുന്നു.
രാജാ രവിവര്‍മ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)രാജാ രവിവര്‍മ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)രാജാ രവിവര്‍മ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)രാജാ രവിവര്‍മ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)രാജാ രവിവര്‍മ്മയും ചിത്രങ്ങളും ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക