Image

കവിയും നോവലിസ്റ്റുമായ ഡോ. മീന അലക്‌സാണ്ടര്‍ (67) അന്തരിച്ചു

Published on 22 November, 2018
കവിയും നോവലിസ്റ്റുമായ  ഡോ. മീന അലക്‌സാണ്ടര്‍ (67) അന്തരിച്ചു
ന്യു യോര്‍ക്ക്: കവിയും നോവലിസ്റ്റും ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറുമായ ഡോ. മീന അലക്‌സാണ്ടര്‍ (67) അന്തരിച്ചു

മീന അലക്‌സാണ്ടറുടെ അമ്മ മേരിയുടെ പിതാവ് തിരുവല്ല കുറിച്യത്ത് കുരുവിള കുരുവിള എംടി സെമിനാരി ഹൈ സ്‌കൂളിന്റെ ആദ്യ പ്രിന്‍സിപ്പലായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി. വൈക്കം സത്യഗ്രഹത്തിനു വന്നപ്പോള്‍ കുരുവിളയുടെ ക്വാട്ടേഴ്‌സില്‍ ഗാന്ധിജി താമസിക്കുകയും ചെയ്തു.

കോഴഞ്ചേരി കണ്ണാടിക്കല്‍ കുടുംബാംഗമാണു പിതാവ്. ചരിത്രകാരനായ ഡേവിഡ് ലെലിവെല്‍ഡ് ആണു ഭര്‍ത്താവ്. രണ്ട് മക്കള്‍.

 അലഹബാദിലും സുഡാനിലും ആയിരുന്നു ബാല്യകാലം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ എഴുതിയ കവിതകള്‍ അറബിയില്‍ പരിഭാഷപ്പെടുത്തി അവിടെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പതിമ്മൂന്നാം വയസില്‍ ഖാര്‍ടൂം യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചു. ഇംഗ്ലീഷും ഫ്രഞ്ചും ആയിരുന്നു വിഷയങ്ങള്‍

പതിനെട്ടാം വയസില്‍ പഠനത്തിനു ബ്രിട്ടനിലെത്തി. യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിംഗാമില്‍ നിന്നു 1973-ല്‍ ഇംഗ്ലീഷ്  സാഹിത്യത്തില്‍ ഡോക്ടറെറ്റെടുത്തു. അന്ന് പ്രായം 22 വയസ്.

1979-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് പാരിസ്-സോര്‍ബോണില്‍ വിസിറ്റിംഗ് പ്രൊഫറായി. 1980-ല്‍ ന്യു യോര്‍ക്കിലെത്തി. ഫോര്‍ധം യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി. 1987-ല്‍ സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യു യോര്‍ക്കില്‍ (കുനി) ഹണ്ടര്‍ കോളജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍അസി. പ്രൊഫസ്രായി. 1992ല്‍ ഫുള്‍ പ്രൊഫസര്‍.

തുടര്‍ന്ന് സിറ്റി യൂണിവേഴ്‌സിറ്റി ഗ്രാഡ്വേറ്റ് സെന്ററില്‍ മാസ്റ്റേഴ്‌സ്- പി.എച്ച്.ഡി പ്രോഗ്രാമിന്റെ ഭാഗമായി.1999-ല്‍ ഇംഗ്ലീഷ് ഡിസ്ടിംഗ്വിഷ്ഡ് പ്രൊഫസറായി ആദരിക്കപ്പെട്ടു. ഇതോടൊപ്പം ഹണ്ടര്‍ കോളജില്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്, കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പോയട്രി എന്നിവയും പഠിപ്പിച്ചു.

പത്തിലേറേ കവിതാ സമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചു.രണ്ടു നോവലുകള്‍, രണ്ട് ലേഖന സമാഹാരങ്ങള്‍, ഫോള്‍ട്ട് ലൈന്‍സ് എന്ന ആത്മകഥ തുടങ്ങി ഒട്ടേറെ ക്രുതികള്‍ രചിച്ചു. മിക്കതും വലിയ പ്രശംസ നേടുകയുണ്ടായി.
അന്താരാഷ്ട്ര തലത്തില്‍ പല അവാര്‍ഡുകളും ലഭിച്ചുവെങ്കിലും ഇംഗ്ലീഷില്‍ എഴുതുന്നതിനാല്‍ മലയാളത്തില്‍ അര്‍ഹമായ അംഗീകാരം ലഭിച്ചില്ല. എഴുത്തുകാരി മാധവിക്കുട്ടിയുമായി ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു.

കവിതകള്‍: അറ്റ്‌മോസ്ഫിയറിക് എംബ്രോയിഡറി (2018) ബര്‍ത്ത്‌പ്ലേസ് വിത്ത് ബറീഡ് സ്റ്റോണ്‍സ് (2013) ക്വിക്ക്‌ലി ചെയ്ഞ്ചിംഗ് റിവര്‍ (2008) ഹൗസ് ഓഫ് തൗസന്‍ഡ് ഡോര്‍സ് (1988)

ഐ റൂട്ട് മൈ നെയ്ം (1977) ദി ബേര്‍ഡ്‌സ് ബര്‍ത്ത് റിംഗ് (1976) എന്നിവയാണു ആരംഭകാല കവിതകള്‍.

1993-ല്‍ പ്രസിദ്ധീകരിച്ച ആത്മകഥ ഫോള്‍ട്ട് ലൈന്‍സ് 2003-ല്‍ വിപുലീകരിച്ചു.

നാമ്പള്ളി റോഡ് (1991) മന്‍ഹാട്ടന്‍ മ്യൂസിക്ക് (1997) എന്നിവയാണു നോവലുകള്‍.

മലയാളം പത്രത്തിന്റെയും ഇ-മലയാളിയുടെയും സുഹ്രുത്തായിരുന്നു 
see also
കവിയും നോവലിസ്റ്റുമായ  ഡോ. മീന അലക്‌സാണ്ടര്‍ (67) അന്തരിച്ചുകവിയും നോവലിസ്റ്റുമായ  ഡോ. മീന അലക്‌സാണ്ടര്‍ (67) അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക