Image

തൃപ്തിയാന ദര്‍ശനം; അരുമയാന ദര്‍ശനം

അനില്‍ പെണ്ണുക്കര Published on 22 November, 2018
തൃപ്തിയാന ദര്‍ശനം; അരുമയാന ദര്‍ശനം
ശ്രീകോവിലില്‍ അയ്യപ്പസ്വാമിയെ ദര്‍ശിച്ച് ആത്മീയ സംതൃപ്തി അനുഭവിച്ചറിഞ്ഞതിന്റെ ആഹ്ലാത്തിലാണ് ശബരിമലയിലെത്തുന്ന ഭക്തര്‍. 'തൃപ്തിയാന ദര്‍ശനം; സാമി തൃപ്തിയായി പാത്ത്‌റ്‌ക്കെ, ഇതുക്കുമേ ഇന്തമാതിരി ദര്‍ശനം കെടക്കയില്ല'. 36 തവണ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുള്ള തമിഴ്‌നാട് നാമക്കല്‍ സ്വദേശിനി ലക്ഷ്മിയുടെ വാക്കുകള്‍ സുഖദര്‍ശനത്തിന്റെ പൂര്‍ണ സംതൃപ്തി പ്രകടമാക്കുന്നതായിരുന്നു. ഹൈദ്രബാദില്‍ നിന്ന് ദര്‍ശനത്തിനു വന്ന അഞ്ജിമ 24 തവണ ദര്‍ശനം നടത്തിയിട്ടുണ്ട്. വരുമ്പോള്‍ ഭയമുണ്ടായിരുന്നു.

എന്നാല്‍ സന്നിധാനത്തെത്തിയപ്പോള്‍ മനസ്സിലായി ഒരു പ്രശ്‌നവുമില്ലെന്ന്. കര്‍ണ്ണാടക മംഗലാപുരത്ത് നിന്നുവന്ന ലാലിനിയും സുഖദര്‍ശനത്തിന്റെ സന്തോഷം പങ്കുവെച്ചു.
മാളയില്‍ നിന്നു സുലോചനയും വത്സലയും പേരക്കുട്ടികളുമായാണ് ദര്‍ശനത്തിന് വന്നത്. അയ്യപ്പ സ്വാമിയെ നല്ലോണം കണ്ട് തൊഴുതു. ഞങ്ങള്‍ 10പരുണ്ടായിരുന്നു. പേരകുട്ടികള്‍ ആദ്യമായി വന്നതാണ് അവര്‍ക്കും നന്നായി തൊഴാന്‍ സാധിച്ചു. സുലോചന പറഞ്ഞു. മൂന്നാം ക്ലാസുകാരി സാന്‍വി സന്ദീപിന്റെ മുഖത്തും സന്തോഷം തെളിഞ്ഞുകണ്ടു. സന്നിധാനത്ത് ലഭ്യമാകുന്ന സൗകര്യങ്ങളിലും പോലീസിന്റെ സമീപനത്തിലും തീര്‍ത്ഥാടകര്‍ തൃപ്തി അറിയിച്ചു.

പമ്പമുതല്‍ സന്നിധാനംവരെയുള്ള കാനനപാതയില്‍ നീലിമലബോട്ടം, നീലിമല മിഡില്‍, നീലിമലടോപ്പ്, അപ്പാച്ചിമേട് ബോട്ടം, അപ്പാച്ചിമേട് മിഡില്‍, അപ്പാച്ചിമേട് ടോപ്പ്, ശബരിപീഠം, മരക്കൂട്ടം, ക്യൂകോംപ്ലക്‌സ്, ശരംകുത്തി, വാവരുനട എന്നിവിടങ്ങിലും പാണ്ടിത്താവളം, ചരല്‍മേട് ടോപ്പ്, ഫോറസ്റ്റ് മോഡല്‍ ഇ.എം.സി, ചരല്‍മേട് ബോട്ടം തുടങ്ങിയ സ്ഥലങ്ങളിലുമായി ആരോഗ്യവകുപ്പ് 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ പരിശീലനം ലഭിച്ച നഴ്‌സുമാര്‍, നഴ്‌സിങ് പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍, അയ്യപ്പസേവാസംഘത്തില്‍പ്പെട്ട വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ സേവനമനുഷ്ഠിക്കുന്നു.

രോഗപരിചണം ആവശ്യമായിവരുന്ന അയ്യപ്പ•ാര്‍ക്ക് ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആവശ്യമെങ്കില്‍ ആശുപത്രിയിലേയ്ക്ക് മാറ്റും. രണ്ട് ഷിഫ്റ്റുകളിലായി ഓരോ കേന്ദ്രത്തിലും നാലുപേര്‍ അടങ്ങുന്ന വൈദ്യസഹായസംഘം കൂടാതെ അയ്യപ്പസേവാസംഘം വോളന്റിയര്‍മാരും 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നു.ഹൃദയസംബന്ധമായ ബുദ്ധിമുട്ട് നേരിട്ടാല്‍ അടിയന്തിരസഹായത്തിന് എല്ലാ സെന്ററുകളിലും ഹൃദയപുനരുജ്ജീവന യന്ത്രം ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

കൂടാതെ സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. സന്നിധാനത്ത് ആകെ 1161 ശുചിമുറികള്‍ ദേവസ്വംബോര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 877 എണ്ണം സൗജന്യമാണെന്ന് മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്കുള്ള വഴിയുടെ അരികിലും തീര്‍ഥാടകര്‍ക്കായി 150 മൂത്രപ്പുരകള്‍ തയ്യാറാക്കിയിട്ടുണ്ട്. ചന്ദ്രാനന്ദന്‍ റോഡ്, ക്യൂ കോംപ്ലക്‌സ്, മാളികപ്പുറം എന്നിവിടങ്ങളിലായി സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും വെവ്വേറെ മൂത്രപ്പുരകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 100 കുളിമുറികളും 60 ഷവര്‍പോയിന്റുകളും പ്രവര്‍ത്തനക്ഷമമാണ്.

ബാത്‌റൂമുകളുടേയും ശൗചാലയങ്ങളുടേയും ശുചീകരണത്തിനായി മൂന്ന് ഷിഫ്റ്റുകളിലായി 99 തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്. ഓരോ ഷിഫ്റ്റിലും 33പേര്‍വീതമുണ്ടാകും. ഇവരുടെ മേല്‍നോട്ടത്തിനായി 30 ജീവനക്കാരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മലകയറി ക്ഷീണിതരാകുന്ന അയ്യപ്പ•ാര്‍ക്ക് 24 മണിക്കൂറും കുടിവെള്ള ലഭ്യതയ്ക്കായി 283 ടാപ്പുകള്‍ പലസ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഔഷധഗുണമുള്ള തിളപ്പിച്ച ചുക്കുവെള്ളം വിതരണം 36 പോയിറ്റുകളിലായി ക്രമീകരിച്ചിട്ടുണ്ട്. തിളപ്പിച്ച ചുക്കുവെള്ള വിതരണത്തിനായി മാത്രം 306പേരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനനിരതരായി ഉണ്ടാകും.വിശ്രമം ആവശ്യമായി വരുന്ന ഭക്തര്‍ക്ക് സൗകര്യങ്ങള്‍ക്കായി 534 മുറികള്‍ മിതമായ വാടകയില്‍ ലഭ്യമാകുന്നുണ്ട്. മണ്ഡലകാലം മുഴുവന്‍ ഈ കെട്ടിടങ്ങളും വൃത്തിയാക്കുന്നതിനായി ശുചീകരണ തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്.

ഭക്തജനങ്ങള്‍ക്ക് നിത്യവും അന്നദാനത്തിനുള്ള സംവിധാനവും ദേവസ്വംബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യസംസ്ക്കരണത്തിനായി മൂന്ന് ഇന്‍സിനേറ്റര്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മണിക്കൂറില്‍ 750 കിലോഗ്രാം മാലിന്യസംസ്ക്കരണത്തിനുള്ള ശേഷി ഇവയ്ക്കുണ്ട്. അഞ്ച് എം.എല്‍.ഡി. ശേഷിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും 250ഓളം മാലിന്യസംഭരണികളും സന്നിധാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പുണ്യദര്‍ശനത്തിനെത്തുന്ന അയ്യപ്പ•ാര്‍ക്ക് അറിവിനൊപ്പം വിവരങ്ങളും വിനോദങ്ങളും പകര്‍ന്ന് നല്‍കാനായി നിലയ്ക്കല്‍ ഭാഗത്ത് വീഡിയോ വാളുകള്‍സ്ഥാപിച്ചു.300 സ്ക്വയര്‍ഫീറ്റ് വീതം വിസ്തീര്‍ണം വരുന്ന രണ്ട് വീഡിയോ സ്ക്രീനുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് പമ്പയില്‍ രാമമൂര്‍ത്തി മണ്ഡപത്തിന് സമീപം സ്ഥാപിച്ചിരുന്ന വീഡിയോവാളുകള്‍ക്ക് സമാനമായ രീതിയിലാണ് ഇത്തവണ നിലയ്ക്കലില്‍ ഇത് ഒരുക്കിയിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം, വസ്ത്രങ്ങള്‍ നിക്ഷേപിച്ച് പമ്പ മലിനമാക്കരുത്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍, സന്ദര്‍ശകര്‍ക്ക് സഹായകരമായ ടോള്‍ ഫ്രീ നമ്പറുകള്‍, പമ്പയിലും സന്നിധാനത്തും ലഭ്യമായ സേവനങ്ങളുടെ വിവരങ്ങള്‍, കാനനപാതയില്‍ പമ്പമുതല്‍ സന്നിധാനംവരെയുള്ള വൈദ്യസഹായത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ദേവസ്വംബോര്‍ഡിന്റെ അറിയിപ്പുകള്‍, ബോര്‍ഡ് തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍, ശബരിമലയുടെ ചരിത്രവും ആചാരങ്ങളും തീര്‍ഥാടകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ലഘുവിവരണങ്ങള്‍ എന്നിവ ഈ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും.

സന്നിധാനത്തെ ദൃശ്യങ്ങള്‍ തല്‍സമയം ഈ സ്ക്രീനുകളില്‍ക്കൂടി പ്രദര്‍ശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പി.ഡബ്ല്യൂ.ഡി. ഇലക്ട്രോണിക് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്യൂജോണ്‍ പറഞ്ഞു. ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്കുകൂടി സൗകര്യപ്രദമായ രീതിയില്‍ വിവിധഭാഷകളില്‍ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
തൃപ്തിയാന ദര്‍ശനം; അരുമയാന ദര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക