Image

മൃദു ഭാവെ ദൃഢ കൃത്യേ (ജോര്‍ഡി ജോര്‍ജ്)

Published on 22 November, 2018
മൃദു ഭാവെ ദൃഢ കൃത്യേ (ജോര്‍ഡി ജോര്‍ജ്)

ഈയൊരു കുറിപ്പ് CPI (M) അനുഭാവികളും സ്വതന്ത്രചിന്തകരും ഉള്‍പ്പെടെയുള്ള പല സുഹൃത്തുക്കള്‍ക്കും അലോസരം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എങ്കിലും മുഴുവന്‍ വായിക്കുന്നവര്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.

1. യതീഷ് ചന്ദ്ര എന്ന IPS ഉദ്യോഗസ്ഥന്റെ ചില ഇടപെടലുകള്‍ ആണ് ചര്‍ച്ചചെയ്യുന്നത്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനാനോടും കഴിഞ്ഞ ദിവസം ശശികല 'ടീച്ചറോ'ടും ഇടപെടുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് എന്റെ വിലയിരുത്തല്‍. രാജശേഖരനും ശശികലയും വന്നത് കലാപകാരികളെ സഹായിക്കാനാണ്. ഒരു സംശയവുമില്ല. പക്ഷെ നിയമപരമായി മാത്രമായിരിക്കണം അവരെ നേരിടേണ്ടത്. ആദ്യമായി SP യുടെ പെരുമാറ്റത്തില്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം.

2. വെള്ളപ്പൊക്കത്തില്‍ പാര്‍ക്കിങ് ലോട്ടുകള്‍ ഒലിച്ചുപോയകാര്യം SP പറയുന്നു. വാചകം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് 'I know that' എന്ന് മന്ത്രി പറയുന്നു. 'Can you please listen to me' എന്നാണ് SP യുടെ (പുച്ഛം കലര്‍ന്ന) പ്രതികരണം. 'പറയുന്നത് കേള്‍ക്ക്' എന്നോ മറ്റോ മലയാളത്തില്‍ പറയുന്നതിന് തുല്യമാണ് SP യുടെ പ്രതികരണം. ഇത് ജനങ്ങളുടെ ശമ്പളം വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജനപ്രതിനിധിയോട് സംസാരിക്കേണ്ട രീതിയല്ല. യൂറോപ്പിലായാലും അമേരിക്കയില്‍ ആയാലും ഈ പ്രതികരണം പരുക്കാനാണ്. (rude). ചുരുങ്ങിയ പക്ഷം 'Please allow me to complete' എന്നോ 'Let me complete' എന്നോ മറ്റോ ആയിരിക്കണം മാന്യമായ പ്രതികരണം.

3. തുടര്‍ന്ന് പാര്‍ക്കിങ് ലോട്ട് ഒലിച്ചുപോയി, ഇപ്പോഴും അവിടെ മണ്ണിടിച്ചില്‍/ ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് അതുകൊണ്ട് പാര്‍ക്കിങ് അനുവദിക്കുന്നില്ല എന്ന് SP പറയുന്നു. അതുകൊണ്ട് മാത്രമാണ് സ്വകാര്യവാഹനങ്ങള്‍ അനുവദിക്കാത്തത് എന്നും SP പറയുന്നു. അപ്പോള്‍ മന്ത്രി സര്‍ക്കാര്‍ വാഹനങ്ങളെപ്പറ്റി (KSRTC) ചോദിക്കുന്നു. അവര്‍ പാര്‍ക്ക് ചെയ്യുന്നില്ല, യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്നു എന്ന് SP. അപ്പോള്‍ മന്ത്രിയുടെ അടുത്ത ചോദ്യം, എങ്കില്‍ നിങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളെയും അങ്ങനെതന്നെ ആളെ ഇറക്കി തിരിച്ചുവരാന്‍ അനുവദിച്ചുകൂടെ? ഇവിടെയാണ് മലയാളത്തില്‍ തല്ലുകൊള്ളിത്തരം എന്ന് പറയാവുന്ന മറുപടി SP പറയുന്നത്. ഞാന്‍ എല്ലാ വാഹനങ്ങളെയും കടത്തിട്ടാല്‍ നിലക്കല്‍ വരെ ട്രാഫിക് ബ്ലോക്ക് ഉണ്ടാവും. നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന്.

4. ഈ മഹാന്‍ ആണ് മുന്‍പത്തെ ശ്വാസത്തില്‍ പറഞ്ഞത് പാര്‍ക്കിങ് ലോട്ട് ഇല്ലാത്തതാണ് ഒരേയൊരുകാരണം എന്ന്. ഇപ്പൊ അത് വഴിയിലെ ട്രാഫിക് ജാം ആയി. ആ ചളിപ്പ് മറയ്ക്കാന്‍ ഇയാള്‍ കേന്ദ്രമന്ത്രിയോട് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നു. അങ്ങേയറ്റം ധിക്കാരപരമായ ചോദ്യം. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളതുകൊണ്ടും ചോദിക്കുന്നത് സംഘി മന്ത്രിയോടായതുകൊണ്ടും ഈ പോലീസ് ധിക്കാരത്തിന് നായക പരിവേഷം കൊടുക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാന്‍ ആവില്ല. സ്വകാര്യവാഹനം കടത്തിവിടുന്നില്ലെങ്കില്‍ മാന്യമായി കാരണം പറയാം. കേന്ദ്രമന്ത്രിയോട് ട്രാഫിക് നിയന്ത്രിക്കാമോ എന്നൊക്കെ ഒരു പോലീസുകാരന്‍ ചോദിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ഹീനമായ അവഹേളനമാണ്. അത് കോണ്‍സ്റ്റബിള്‍റാങ്കിലുള്ള (അല്ലെങ്കില്‍ അതിനടുത്ത) പോലീസുകാരുടെ ജോലിയാണ്. ലോക്‌സഭാ MP യും കേന്ദ്ര മന്ത്രിയുമായ വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന ചോദ്യം തെമ്മാടിത്തരമാണ്. കേന്ദ്രമന്തിയുടെ ജോലി ട്രാഫിക് നോക്കലല്ല. അത് കാക്കിയിട്ട പോലീസുകാരന്റെ ജോലിയാണ്. കേന്ദ്ര മന്ത്രിയോട് ഇതൊക്കെ ചോദിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല.

5 . ട്രാഫിക് ബ്ലോക്ക് ഉണ്ടായാല്‍ 'you will be held responsible, are you willing to take responsibility?' എന്നതാണ് SPയുടെ ഭാഷ. 'you will be held responsible' എന്നൊക്കെയുള്ള പരുഷമായ ഭാഷ കീഴുദ്യോഗസ്ഥന്മാരോടു പോലും ഉപയോഗിക്കുന്നത് അത്ര നല്ല രീതിയല്ല. അപ്പോഴാണ് പോലീസുകാരന്‍ കേന്ദ്രമന്ത്രിയോട് ഈ കൊളോണിയല്‍ കാല പ്രയോഗം നടത്തുന്നത്. ഒരു MLA പ്രോട്ടോകോള്‍ പ്രകാരം DGP ക്കും മുകളില്‍ ആണെന്നോര്‍ക്കണം. അവിടെയാണ് ലോക്‌സഭാ MP യും മന്ത്രിയുമായ ഒരാളോട് SP യുടെ ഈ ധാര്‍ഷ്ട്യം. ഇവിടെയും പരിഷ്‌കൃത രാജ്യവും Mr പ്രസിഡന്റ് എന്ന വിളിയും മറ്റും പറഞ്ഞു ന്യായീകരണവുമായി ആയി ആരും വരേണ്ട. Bullying എന്ന് വിളിക്കാവുന്ന പെരുമാറ്റത്തിന്റെ അതിര്‍ത്തിയില്‍ ആണ് ഈ മാതിരി വിരട്ടുകള്‍.

6 . അതിലും വലിയ ധിക്കാരമാണ് അടുത്തത്. ഉത്തരവാദിത്വം ഞാന്‍ എടുക്കില്ല എന്ന് മന്ത്രി പറയുമ്പോള്‍ 'Yeees, that is the point here.. no one wants to take responsibility' എന്ന വൃത്തികെട്ട പരിഹാസം, വീണ്ടും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കാണിക്കേണ്ട മര്യാദയുടെ ലംഘനം. കേന്ദ്ര മന്ത്രിയെ ഉത്തരവാദിത്വം പഠിപ്പിക്കാന്‍ ഒരു IPS ഉദ്യോഗസ്ഥന്‍ ആരുമല്ല. അത് പ്രധാനമന്ത്രിയുടെയും പാര്‍ലമെന്റിന്റെയും ജോലിയാണ്. കാക്കിയിട്ട് ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ വേലക്കാരന്‍ (servant) നിലയ്ക്ക് നില്‍ക്കണം. ഒരുപക്ഷെ Gen VK Singh നെപ്പോലെ യൂണിഫോം ഇട്ട മുട്ടാളന്മാരെ കൈകാര്യം ചെയ്തു പരിചയമുള്ള മന്ത്രിയായിരുന്നെങ്കില്‍, ഈ ധിക്കാരത്തിനു മുഖമടച്ച് മറുപടി സ്‌പോട്ടില്‍ കിട്ടിയേനെ.

7. ഈ സമയത്ത് മന്ത്രിയുടെ കൂടെയുള്ള ആള്‍ ചോദിക്കുന്നു 'അല്ല, ഇത് നിങ്ങള്‍ ചെയ്യേണ്ട ജോലി നിങ്ങള്‍ ചെയ്യാതെ മന്ത്രിയോട് ചൂടാവുവാ?' എന്നോ മറ്റോ. അയാളുടെ രാഷ്ട്രീയം എന്തും ആവട്ടെ. (ഞാന്‍ അയാളുടെ രാഷ്ട്രീയത്തോട് 100% വിയോജിക്കുന്നു). പക്ഷേ ഈ ചോദ്യം ന്യായമാണ്. കാര്യങ്ങള്‍ വ്യക്തമായി അറിയാനുള്ള അവകാശം മന്ത്രിക്കുണ്ട്. എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. അവിടെ മറു ചോദ്യം ചോദിച്ച് വായടക്കാന്‍ ശ്രമിക്കുന്ന പോലീസ് ധിക്കാരം അംഗീകരിക്കാനാവില്ല.

8. കഴിഞ്ഞ ദിവസം ഇയാള്‍ ശശികലയോടു സംസാരിക്കുമ്പോള്‍ അനാവശ്യമായി ശബ്ദം ഉയര്‍ത്തി. ബസ്സില്‍ അത് കണ്ടുനിന്ന ഒരാള്‍ (കട്ട സംഘിയും ശശികലയുടെ സഹായിയും ആയിരിക്കാം) SP യോട് 'അവര്‍ ഒരു സ്ത്രീയല്ലേ, എന്തിനാണ് ശബ്ദമുയര്‍ത്തുന്നത്?' എന്നോ മറ്റോ ചോദിച്ചു. അയാളെ ബസ്സില്‍ നിന്ന് പുറത്താക്കൂ, അയാള്‍ എന്റെ ജോലി തടസ്സപ്പെടുത്തി, arrest him, this is my order എന്നൊക്കെയാണ് SP പുലമ്പിയത്. ഒരു സ്ത്രീയോട് അനാവശ്യമായി കയര്‍ത്തു സംസാരിക്കുന്നതിനെ ചോദ്യം ചെയ്താല്‍ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയ വകുപ്പൊക്കെ ചേര്‍ത്ത് അറസ്റ്റ് ചെയ്യുന്നത് അനാവശ്യമായ അധികാരപ്രയോഗമാണ്.

ഹര്‍ത്താലിന് 'ധൈര്യമുണ്ടെങ്കില്‍ വഴി തടയെടാ' എന്നൊക്കെ ഒരു പോലീസുകാരന്‍ വെല്ലുവിളിക്കുന്നത് മറ്റൊരു വിഡിയോയില്‍ കണ്ടു. വഴി തടയല്‍ അന്യായമാണ്. അത് ഒഴിവാക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. പക്ഷെ 'ധൈര്യമുണ്ടെങ്കില്‍... എന്ന രീതിയിലുള്ള ധിക്കാരം പോലീസിന്റെ ഭാഗത്തുനിന്നുള്ള തെറ്റുതന്നെയാണ്.

9. ഇതുപോലുള്ള നിയന്ത്രണം വിട്ട ഉദ്യോഗസ്ഥരാണ് ഹൈക്കോടതിയില്‍ സര്‍ക്കാരിന് വിമര്‍ശനം ഇരന്നു വാങ്ങിക്കൊടുക്കുന്നത്. ജനക്കൂട്ടത്തെ കാണുമ്പോള്‍ പോര്കാളയുടെ സ്വഭാവം കാണിക്കുന്ന IPS ഉദ്യോഗസ്ഥരെ ഇറക്കുന്നത് മേലുദ്യോഗസ്ഥന്മാര്‍ എളുപ്പവഴിയില്‍ ക്രിയ ചെയ്യാന്‍ നോക്കുന്നതിന്റെ ഭാഗമാണ്. അതിപ്പോ DGP യുടെ തീരുമാനം ആയിരുന്നാല്‍ പോലും രാഷ്ട്രീയ നേതൃത്വം ആ തീരുമാനം തിരുത്തേണ്ടതായിരുന്നു. ജനങ്ങളുടെ അന്തസ്സിലെ ബഹുമാനിക്കാത്ത ഒരു IG യെ ഇതിനുമുന്‍പ് ശബരിമലയില്‍ ഇറക്കിയതും യാദൃശ്ചികമല്ല.

10. IPS കാരന് മന്ത്രിയാവാം, മന്ത്രിക്ക് IPS ആവാന്‍ പറ്റില്ല, ലക്ഷങ്ങളില്‍ നിന്ന് പരീക്ഷ പാസ്സായവര്‍ ആണ് IPS എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. എത്ര ബാലിശമാണ് ഇതൊക്കെ! സ്വന്തമായി LD ക്ലാര്‍ക്ക് പരീക്ഷ എഴുതി ജയിക്കാന്‍ പറ്റാത്തയാള്‍ക്ക് IPS എടുത്തയാളോട് ആരാധന തോന്നുന്നത് മനസ്സിലാക്കാം. പക്ഷെ ബുദ്ധി കൂടിയവര്‍ക്കോ, പരീക്ഷ പാസ്സായവര്‍ക്കോ എന്ത് തോന്ന്യവാസവും നടത്താനുള്ള വ്യവസ്ഥിതിയുടെ പേരല്ല ജനാധിപത്യം. ആര്‍ക്കും മന്ത്രി ആവാം എന്നൊക്കെ തട്ടിമൂളിക്കുന്നവര്‍ ഒന്ന് മന്ത്രി ആയിക്കാണിക്കുന്നത് നല്ലൊരു മാതൃക ആയിരിക്കും.

11. പോലീസ് എന്നാല്‍ സര്‍ക്കാരിന്റെ ഗുണ്ടാസംഘമല്ല. IPS ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ തമ്മനം ഷാജിയോ പള്‍സര്‍ സുനിയോ അല്ല. പൗരന്റെ അന്തസ്സിനെ ബഹുമാനിക്കാത്ത IPS അഹങ്കാരത്തെ തമിഴ്‌നാട്ടുകാര്‍ രജനീകാന്തിനെയെന്നതുപോലെ ഇവിടെ മലയാളികള്‍ ആരാധിക്കുന്നത് അടിസ്ഥാന ജനാധിപത്യ ബോധത്തിന്റെ അഭാവംകൊണ്ടാണ്.

ശബരിമല വിധിയെ സ്വതന്ത്രചിന്തകര്‍ അനുകൂലിക്കുന്നത് ആ വിധി ലിംഗ സമത്വം, മനുഷ്യാവകാശങ്ങള്‍, പൗരന്റെ അന്തസ്സ് തുടങ്ങിയ ജനാധിപത്യ മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതുകൊണ്ടാണ്. സംഘപരിവാര്‍ സമരം ഈ വിധിക്കും അതുവഴി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും എതിരെയാണ്. ആ സമരത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ച് കോടതിവിധി അക്ഷരത്തിലും ആത്മാവിലും നടപ്പാക്കണം. പക്ഷെ അത് നേടേണ്ടത് മറ്റൊരു വശത്ത് അടിസ്ഥാന പൗരാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടായിരിക്കരുത്. പോലീസിന്റെ അതിരുകടന്ന അധികാരപ്രയോഗം ഒരു ജനാധിപത്യത്തിലും അംഗീകരിക്കാനാവില്ല.

12. പോലീസും രാഷ്ട്രീയക്കാരനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് ഇടിപ്പടം കാണുന്ന സുഖം കൊടുക്കുമായിരിക്കും. മാധ്യമങ്ങള്‍ക്ക് ചാകരയായിരിക്കാം. പക്ഷെ രാഷ്ട്രീയത്തിനപ്പുറമായി, IPS അധികാരവും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും തമ്മിലുള്ള ഈഗോ ക്ലാഷില്‍ ഞാനെന്നും ജനപ്രതിനിധിക്കൊപ്പമായിരിക്കും. ജനപ്രതിനിധിയെ ബഹുമാനിക്കാന്‍ അറിയാത്ത ഉദ്യോഗസ്ഥന്‍ ജനാധിപത്യത്തില്‍ അധികപ്പറ്റാണ്. ആ സ്ഥിതിക്ക് ഒരു ജൂനിയര്‍ IPS ഉദ്യോഗസ്ഥന്‍ കേന്ദ്ര മന്ത്രിയുടെ മുന്നില്‍ കാണിച്ച ഷോ തീര്‍ത്തും അംഗീകരിക്കാന്‍ പറ്റാത്തതാണ്. IPS ഉദ്യോഗസ്ഥന്റെ പെരുമാറ്റം വളരെ മോശമായിരുന്നു എന്ന് വീണ്ടും വീണ്ടും പറയാതെ വയ്യ.

13. നമ്മള്‍ ഓരോരുത്തരും നാളെ ഒരു സമര മുഖത്തോ ആക്ടിവിസ്റ്റായി പോകുന്ന സ്ഥലത്തോ ഇയാളെ നേരിടേണ്ടി വന്നാല്‍ എന്താവും അവസ്ഥ എന്നും ആലോചിക്കണം. പൊതു സ്ഥലത്ത്, മീഡിയ ക്യാമറകള്‍ക്ക് മുന്നില്‍, ഒരു ലോക്‌സഭാ MPയും കേന്ദ്ര മന്ത്രിയുമായ പൗരന്റെ അന്തസ്സിനെ ബഹുമാനിക്കാത്ത ഉദ്യോഗസ്ഥന്‍ സാധാരണക്കാരനോട് എന്ത് ചെയ്യും എന്ന് ഊഹിക്കാം. ഇന്ത്യന്‍ ഭരണഘടനാ വിഭാവനം ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം 19 ആം നൂറ്റാണ്ടിലെ കൊളോണിയല്‍ പോലീസിന്റെ മനോഭാവമുള്ളവര്‍ക്ക് ഒരു സ്ഥാനവും ഇല്ല.

14 . മുന്നില്‍ നില്‍ക്കുന്ന കേന്ദ്രമന്ത്രി ഒരു തൊലി കറുത്ത ദക്ഷിണേന്ത്യക്കാരനാണെന്ന പുച്ഛം അയാളുടെ ഭാഷയില്‍ നന്നായി തെളിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. മനപ്പൂര്‍വമായി LKG നിലവാരമുള്ള ഇംഗ്ലീഷ് ആണ് IPS ഏമാന്‍ ഉപയോഗിച്ചത്. ഇത് കേന്ദ്രമന്ത്രിക്ക് നിലവാരമുള്ള ഇംഗ്ലീഷ് മനസ്സിലാവില്ല എന്ന പരിഹാസം തന്നെയാണ്. പത്തിരുപതു വര്‍ഷം ഗോസായിമാരുടെ മദ്രാസിയോടുള്ള സമീപനം അടുത്തുനിന്നു കണ്ട അനുഭവത്തില്‍ പറയുന്നതാണെന്നു കരുതിക്കൊള്ളൂ . (ഈ കേന്ദ്രമന്ത്രി നിയമ ബിരുദ ധാരിയാണ് എന്നാണ് മനസ്സിലാക്കുന്നത്).

15. കേന്ദ്രമന്ത്രിയുടെ കൂടെ ലോക്കല്‍ നേതാക്കള്‍ കാണും എന്നും അവരെ കടത്തിവിടാന്‍ സാധ്യമല്ല എന്നും നേരത്തെതന്നെ കേന്ദ്രമന്ത്രിയെ കൃത്യമായും കര്‍ശനമായും DGP യോ ചീഫ് സെക്രട്ടറിയോ അതുപോലുള്ള ഉന്നത ഉദ്യോഗസ്ഥരോ അറിയിക്കണമായിരുന്നു. ഒരു ജൂനിയര്‍ IPS കാരനായ SP കേന്ദ്രമന്ത്രിയെ വഴിയില്‍ വെയിലത്തു നിറുത്തിയില്ല ഈ വിവരം കൈമാറേണ്ടത്.

16. 'പോലീസ് പിന്നെ രാഷ്ട്രീയക്കാരുടെ കാലുനക്കണോ' എന്നൊക്കെ ചോദിക്കുന്ന നിഷ്‌ക്കുകള്‍ ബിക്കിനി-പര്‍ദ്ദ ദ്വന്ദത്തിന് പുറത്തുവരിക. ലക്ഷങ്ങളില്‍ നിന്ന് വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന ധാരണയില്‍ തെരഞ്ഞെടുത്ത് IPS റാങ്കും അതിനൊത്ത ശമ്പളവും കൊടുത്താണ് ജനങ്ങള്‍ ഇവരെ ജോലിക്ക് വച്ചിരിക്കുന്നത്. രാഷ്ട്രീയ യജമാനനന്റെ കാലുനക്കലും, യജമാനന്റെ എതിരാളിക്ക് നേരെ കുരച്ചു ചാടലും എന്ന രണ്ടു വളര്‍ത്തുനായ ഭാവങ്ങള്‍ക്കപ്പുറം മാന്യമായ പെരുമാറ്റം IPS ഉള്‍പ്പെടെയുള്ള പോലീസ് ഏമാന്മാര്‍ അറിഞ്ഞിരിക്കേണ്ടതാണ്. പറ്റില്ല എന്ന് തീര്‍ത്തു പറയുമ്പോളും ഭാഷയില്‍ മര്യാദ ലംഘിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ അറിയിച്ചു കൊടുക്കാന്‍ ജനാധിപത്യത്തില്‍ സംവിധാനം ഉണ്ടാകണം.

17. കശ്മീരിലും വടക്കു കിഴക്കന്‍ പ്രദേശത്തും തീവ്രവാദികളെ പട്ടാളം നേരിടുന്ന രീതിയെ നിശിതമായി വിമര്‍ശിക്കുന്നവരാണ് ഇടതുപക്ഷക്കാര്‍. തീവ്രവാദിയെ നേരിടുന്നു എന്ന പരിഗണനയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ പട്ടാളത്തിന് അധികാരമില്ല എന്നകാര്യത്തില്‍ ലിബറലുകള്‍ക്കിടയില്‍ ഏറെക്കുറെ അഭിപ്രായ ഐക്യം ഉണ്ട്. ഇതേ ആളുകള്‍ സ്വന്തം നാട്ടില്‍ പോലീസിന്റെ മര്യാദകെട്ട പെരുമാറ്റം ആഘോഷിക്കുന്നത് അദ്ഭുതം തന്നെ.

18. പട്ടാളം ശത്രുവിനെ നേരിടാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ് എന്നോര്‍ക്കണം. പോലീസ് അങ്ങനെയല്ല. പരിഷ്‌കൃത ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ അന്തസ്സിനെ ബഹുമാനിച്ചുകൊണ്ട് പ്രവര്‍ത്തിക്കേണ്ടവരാണ് പോലീസുകാര്‍. പട്ടാളത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെ എതിര്‍ക്കുന്നവര്‍ പോലീസ് അഹങ്കാരത്തിനു സ്തുതി പാടുന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. കേരളത്തില്‍, മറുവശത്ത് സംഘികളാണെന്നത് പോലീസിന്റെ അഹങ്കാരത്തിനു ന്യായീകരണമല്ല.

19. സംഖികളുടെ കപടരാജ്യസ്‌നേഹം കണ്ടു കയ്യടിക്കുന്നു മണ്ടന്മാരുടെ മറ്റൊരു പതിപ്പാണ് IPS ഏമാന്മാരുടെ പ്രകടനം കണ്ടു അവരൊക്കെ ആത്മാര്‍ത്ഥതയുടെ ആള്‍രൂപമാണെന്ന് കരുതുന്നവര്‍. എന്തൊക്കെയോ കാട്ടിക്കൂട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് സിങ്കം, പുലി, ചീങ്കണ്ണി എന്നൊക്കെ ഇരട്ടപ്പേര് വാങ്ങാന്‍ ഇവരില്‍ ചിലര്‍ മിടുക്കന്മാരാണ്. ലോക്കല്‍ SI ചെയ്യേണ്ട ജോലി ചെയ്ത് പത്രത്തില്‍ പടം ഇടുവിച്ചാണ് ഈ IPS മഹാന്മാര്‍ സ്വയം വന്യജീവി ആകുന്നത് എന്നോര്‍ക്കണം. ഈ ഷോ ഓഫ് അല്ലാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ (ഇവര്‍ കയ്യാളുന്ന അധികാരത്തിനും വാങ്ങുന്ന ശമ്പളത്തിനും ആനുപാതികമായി) ജനങ്ങള്‍ക്ക് പ്രയോജനമുള്ള എന്തെങ്കിലും കാര്യം ഇവര്‍ ആരെങ്കിലും ചെയ്തതായി അറിയില്ല. അവസാനമായി ഒരു impact ഉണ്ടാക്കിയ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ TN ശേഷന്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ.

20. ഏത് സര്‍ക്കാര്‍ വന്നാലും IPS കാര്‍ക്ക് സമയാസമയം പ്രൊമോഷനുകള്‍ കിട്ടിക്കൊണ്ടിട്ടിരിക്കും. അതുകൊണ്ടുതന്നെ സ്വന്തം പ്രൊമോഷനോടും ശമ്പളത്തോടും അല്ലാതെ സര്‍ക്കാരിന്റെ നയങ്ങളോടും ജനങ്ങളോടും യാതൊരു പ്രതിബദ്ധതയും കാണിക്കാത്ത ഇയാളെപ്പോലുള്ളവര്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയാണ്. കേന്ദ്രത്തില്‍ നിന്ന് കെട്ടിയിറക്കുന്ന ഇവരെ സ്ഥലം മാറ്റാന്‍ അല്ലാതെ തിരിച്ചുവിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നതും സംസ്ഥാന സര്‍ക്കാരിന്റെ പരിമിതി തന്നെയാണ്. ആ ഒരു സാഹചര്യവും ഇയാളെപ്പോലുള്ളവര്‍ വളരെ നന്നായി ചൂഷണം ചെയ്യുന്നുണ്ട്.

21. ജനപ്രതിനിധികള്‍ അഴിമതിക്കാരോ, കഴിവ് കെട്ടവരോ, വര്‍ഗ്ഗീയ വാദികളോ ആകുന്നത് ജനങ്ങളുടെ പരാജയമാണ്. അതിനൊരു പരിഹാരം കാണേണ്ടത് ജനങ്ങളാണ്, ജനാധിപത്യ പ്രക്രിയയിലൂടെയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് പോലീസുകാര്‍ തമിഴ് സിനിമ ശൈലിയില്‍ ഹീറോയിസം കാണിക്കുന്നതല്ല ഈ പ്രശ്‌നത്തിന് പരിഹാരം.

22. കല്ലേറും അക്രമവും നടത്തുന്ന ആള്‍ക്കൂട്ടത്തെ നേരിടാന്‍ പോലീസ് ബലം പ്രയോഗിക്കുന്നതിനെതിരല്ല ഈ പോസ്റ്റ്. നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ അതൊക്കെ വേണ്ടിവരാം. പക്ഷെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാവശ്യ ധിക്കാരമാണ് ഇവിടെ വിഷയം. 'മൃദു ഭാവെ ദൃഢ കൃത്യേ' എന്ന കേരളാ പോലീസ് മുദ്രാവാക്യം ഓര്‍ക്കാം. സമീപനം എപ്പോഴു മര്യാദയോടെ ആയിരിക്കണം; ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടേത് പ്രത്യേകിച്ചും. ദൃഢമായ കൃത്യം ചെയ്യണ്ട സാഹചര്യം ഉണ്ടാവുന്നതുവരെ ഭാവം മൃദു തന്നെ ആയിരിക്കട്ടെ. ആയിരിക്കണം.
Join WhatsApp News
vayanakaaran 2018-11-22 20:45:24
ജോർഡി ജോർജ് എന്ന പേരിൽ എഴുതിയ 
ആൾ ആരായാലും  നിങ്ങൾ ലജ്ജിക്കുക. 
ആർ എസ എസ്സിന്റെ സംഘികളുടെ 
ചട്ടുകമായി ധീരനായ ഒരു പോലീസ് ഓഫീസറെ 
അധിക്ഷേപിക്കയാണ് നിങ്ങൽ.   അത് നിങ്ങളുടെ  സ്വാതന്ത്ര്യം.
പക്ഷെ സത്യം തിരിച്ചറിയുക.. യതീഷ് ചന്ദ്ര 
അദ്ദേഹത്തിന്റെ മുട്ട് മറക്കാതെ കർമ്മം 
ചെയ്തു. വർഗീയ വിഷം ചീറ്റുന്ന ശശികലയെ നിങ്ങൾ 
അറിയുന്നില്ല. പേരിൽ നിങ്ങൾ ഒരു 
കൃസ്തു വിശ്വാസിയാണെന്നു കരുതുന്നു.
സുഹൃത്തെ സംഘികൾക്ക് കുട പിടിക്കാൻ 
പോകുമ്പോൾ ഓർക്കുക ഒരു ദിവസം 
അവർ ബീഫ് നിരോധിക്കും. ഗീത വായിക്കാൻ 
പറയും, അങ്ങനെ പലതും പറയും. ഒരിക്കലും ഒരു 
മത തീവ്ര വാദി സംഘടനക്ക് കൂട്ട് നിൽക്കരുത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക