Image

യുഎ.ഇഎക്‌സ്‌ചേഞ്ച് ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 22 November, 2018
യുഎ.ഇഎക്‌സ്‌ചേഞ്ച്  ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ദുബായ്: യുഎഇ എക്‌സ്‌ചേഞ്ചും ചിരന്തന കലാസാംസ്‌കാരിക വേദിയും ചേര്‍ന്ന് പി.വി.വിവേകാനന്ദന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അതിവിശിഷ്ട മാധ്യമ വ്യക്തിത്വപുരസ്‌കാരത്തിന് മലയാള പത്രപ്രവര്‍ത്തകരിലെ കുലപതിയും കേരള പ്ര സ് അക്കാദമി മുന്‍ അധ്യക്ഷനുമായ തോമസ് ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. 

പത്ര പ്രവര്‍ത്തനത്തിന് ജനകീയ മുഖം നല്‍കുന്നതിനും അധ്യാപനത്തിലൂടെ പുതു മാധ്യമ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതിനും അര്‍പ്പിച്ച സുദീര്‍ഘ സേവനങ്ങളാണ് തോമസ് ജേക്കബിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തങ്ങള്‍ പ്രതിനിധീകരിക്കുന്ന മാധ്യമങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാര ഹേതുവാകുകയും ചെയ്തതാണ് ഗള്‍ഫ് മാധ്യമ പ്രവര്‍ത്തകരുടെ പുരസ്‌കാര നേട്ടത്തിന് പരിഗണനയായതെന്നും ജൂറി വിശദീകരിച്ചു. 

കഴിഞ്ഞവര്‍ഷം അന്തരിച്ച മാധ്യമകാരന്‍ വി.എം.സതീഷിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തുന്ന, ഗള്‍ഫിലെ ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യന്‍ പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് ഗള്‍ഫ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിന്‍സാല്‍ അബ്ദുല്‍ ഖാദര്‍ അര്‍ഹനായപ്പോള്‍ മികച്ച റേഡിയോ ജേര്‍ണലിസ്റ്റിനുള്ള രാജീവ് ചെറായി പുരസ്‌കാരത്തിന് ഏഷ്യാനെറ്റ് റേഡിയോയിലെ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ജസിത സംജിതും തെരഞ്ഞെടുക്കപ്പെട്ടു. 

ഗള്‍ഫ് ടുഡേ പത്രത്തിലെ ഫോട്ടോഗ്രാഫര്‍ കമാല്‍ കാസിം മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റായും എന്‍.ടിവിയിലെ കാമറാമാന്‍ അലക്‌സ് തോമസ് മികച്ച വീഡിയോ ജേര്‍ണലിസ്റ്റായും തെരഞ്ഞെടുക്കപ്പെട്ടു. യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ.മൊയ്തീന്‍ കോയ, കമ്യൂണിറ്റി ഔട്ട് റീച്ച് മാനേജര്‍ വിനോദ് നമ്പ്യാര്‍, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഗള്‍ഫിലെ മാധ്യമ രംഗത്ത് മലയാളത്തിന്റെ യശസ്സുയര്‍ത്തി അകാലത്തില്‍ പൊലിഞ്ഞുപോയ പിവി വിവേകാനന്ദ്, വി.എം.സതീഷ്, രാജീവ് ചെറായി എന്നിവരുടെ സംഭാവനകളെ അനുസ്മരിക്കുന്നതിനും ഡിസംബര്‍ 6 വ്യാഴാഴ്ച വൈകീട്ട് 7ന് ഷാര്‍ജ അല്‍ റയാന്‍ ഹോട്ടലില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സംഗമം ഉതകുമെന്ന് സംഘാടകര്‍ പറഞ്ഞു. 

4 പിഎം ന്യൂസ്, ദി ഡെയിലി ട്രിബ്യുണ്‍, വീകെന്‍ഡര്‍ എന്നിവയുടെ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പുറവങ്കര, ഗള്‍ഫ് ന്യൂസില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കിയ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.കെ. അബ്ദുറഹ്മാന്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കും. 

അതിവിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും മറ്റു അവാര്‍ഡ് ജേതാക്കള്‍ക്ക് കാല്‍ ലക്ഷം രൂപ വീതം യുഎഇ എക്‌സ്‌ചേഞ്ച് കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഉപഹാരവും പൊന്നാടയും സമ്മാനിക്കും. പുരസ്‌കാരദാന ചടങ്ങില്‍ യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. 

ചിരന്തന വൈസ് പ്രസിഡന്റുമാരായ ഡോ. വി.എ. ലത്തീഫ്, സി.പി.ജലീല്‍, ട്രഷറര്‍ ടി.പി. അഷ്‌റഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക