Image

ദീപങ്ങളുടെ പൊന്‍കണിയൊരുക്കി ഐശ്വര്യ ദേവതയെ സ്വീകരിക്കുന്ന തൃക്കാര്‍ത്തിക

ശ്രീകുമാര്‍ Published on 23 November, 2018
ദീപങ്ങളുടെ പൊന്‍കണിയൊരുക്കി ഐശ്വര്യ ദേവതയെ സ്വീകരിക്കുന്ന തൃക്കാര്‍ത്തിക
വ്രതാനുഷ്ഠാനങ്ങളുടെ മാസമാണ് വൃശ്ചികം. ശബരിമല മണ്ഡല-മകര വിളക്ക് വ്രതം, ഗുരുവായൂര്‍ ഏകാദശി എന്നിവയ്ക്കു പുറമേ തൃക്കാര്‍ത്തിക വ്രതവും ഏറെ സവിശേഷമാണ്. ഇരുളകറ്റി വെളിച്ചത്തിന് പ്രണാമമര്‍പ്പിക്കുന്ന തൃക്കാര്‍ത്തിക ഇന്നാണ് (നവംബര്‍ 23). തൃക്കാര്‍ത്തിക ദേവിയുടെ പിറന്നാളായാണ് ആചരിക്കുന്നത്. വൃശ്ചിക മാസത്തിലെ കാര്‍ത്തിയും പൗര്‍ണമിയും ചേര്‍ന്നു വരുന്ന ദിവസമാണ് തൃക്കാര്‍ത്തിക. ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും നിറയെ ചിരാതുകള്‍ തെളിച്ച് അന്ധകാരത്തിനു മേല്‍ പ്രകാശം ചൊരിയുന്ന ദിവസമാണ് തൃക്കാര്‍ത്തിക. മണ്‍ചിരാത് കത്തിച്ചു പ്രാര്‍ത്ഥിക്കുന്നത് ഐശ്വര്യവും നന്മയും ഉണ്ടാക്കും എന്നാണ് വിശ്വാസം. മാത്രമല്ല ദാരിദ്ര്യത്തില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നു. അഗ്‌നി നക്ഷത്രമായാണ് കാര്‍ത്തികയെ കണക്കാക്കുന്നത്. മൂന്നു ദിവസം ഇതിന്റെ വ്രതാനുഷ്ഠാനമുള്ളതു കൊണ്ട് തൃക്കാര്‍ത്തിക എന്ന് പറയുന്നു. കാര്‍ത്തിക നക്ഷത്രം അറിവിന്റെയും ആഗ്രഹപൂര്‍ത്തീകരണത്തിന്റെയും നക്ഷത്രമെന്നാണ് അറിയപ്പെടുന്നത്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണമിയും ഒത്തു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് കൂടുതല്‍ ശക്തി വരുന്നതും.

തുളസിയുടെ ജനനം തൃക്കാര്‍ത്തിക ദിനത്തിലായിരുന്നുവെന്നാണ് വിശ്വാസം. ഇതുപോലെ സുബ്രഹ്മണ്യനെ എടുത്തു വളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തിക ദേവിമാരായിരുന്നു. ഇവര്‍ ആറു പേരായിരുന്നു. ഇന്നേ ദിവസം തുളസി, സുബ്രഹ്മണ്യന്‍, വിഷ്ണു എന്നിവരെ പ്രസാദിപ്പിക്കുന്നതു നല്ലതാണ്. തൃക്കാര്‍ത്തിക വ്രതം മൂന്നു ദിവസം ആചരിക്കണം. തലേന്നും പിറ്റേന്നും ആചരിയ്ക്കണം. തലേന്ന് ഒരിക്കലൂണ് പ്രധാനം. എണ്ണതേച്ചു കുളി തലേന്നൊഴിവാക്കുക. പകലുറക്കവും പാടില്ല. വീടിനു ചുറ്റും ചാണകവെള്ളം തളിച്ചു ശുദ്ധീകരിയ്ക്കുക. മറ്റു വ്രതങ്ങളുടെ പോലെ തൃക്കാര്‍ത്തിക ദിവസം പൂര്‍ണ ഉപവാസം പറയുന്നില്ല. ഇത് പാടില്ലെന്നാണ് പറയുക. രാവിലെ കുളിച്ചു ദേവീസ്തുതി ചൊല്ലി പ്രാര്‍ത്ഥിച്ച ശേഷം മാത്രം ജലപാനം ചെയ്യുക. വ്രതമെടുക്കുന്ന മൂന്നു ദിവസങ്ങളിലും മത്സ്യമാംസാദികള്‍ പാടില്ല. ദേവീ സ്തുതികളായ ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്‌തോത്രം എന്നിവ ചൊല്ലുക. ക്ഷേത്ര ദര്‍ശനവും ക്ഷേത്രത്തിലെ പ്രസാദമായി ഭക്ഷണവുമാകാം.

കാര്‍ത്തിക ദിവസം ദേവിയുടെ സാന്നിധ്യം സകുടുംബം ചിരാതുകള്‍ കത്തിച്ചു വച്ച് നാമം ജപിച്ചാലുണ്ടാകുമെന്നാണ് വിശ്വാസം. ദേവിയെ ഇതിലൂടെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നുവെന്നാണ് സങ്കല്‍പ്പം. കുടുംബത്തിന്റെ ഐശ്വര്യത്തിന് ഏറെ പ്രധാനമാണ് തൃക്കാര്‍ത്തിക വ്രതം. മൂന്നു ദിവസം ശരീര, മന ശുദ്ധിയോടെ ചിട്ടകളോടെ വ്രതം നോറ്റാല്‍ ഫലസിദ്ധി പറയുന്നു. കുടുംബത്തില്‍ ഒത്തൊരുമയുണ്ടാകാന്‍, ദുരിതങ്ങള്‍ മാറാന്‍, കാര്യതടസം നീങ്ങാന്‍ തുടങ്ങി വിവിധ ഉദ്ദേശ്യങ്ങള്‍ ഈ വ്രതം കൊണ്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഈ വ്രതം നോല്‍ക്കുന്നത് വിദ്യാഭ്യാസ കാര്യത്തില്‍ വിജയമുണ്ടാക്കും. മൂന്നാം ദിവസം അതായത് രോഹിണി നാളിലും കുളിച്ചു നാമം ജപിക്കണം. ഈ ദിവസവും വ്രതാനുഷ്ഠാനം നടത്തിയാലേ തൃക്കാര്‍ത്തിക വ്രതം പൂര്‍ത്തിയാകൂ എന്നാണ് വിശ്വാസം. ദേവീ ക്ഷേത്രങ്ങളില്‍ കാര്‍ത്തികാചരണം കൂടുതലാണ്. പ്രശസ്തമായ ചക്കുളത്തു കാവു പൊങ്കാല ഇന്നേ ദിവസമാണ് ആചരിക്കുന്നത്. 

 അധര്‍മ്മത്തിന് മേല്‍ പരാശക്തി വിജയം നേടിയ തൃക്കാര്‍ത്തിക. തൃക്കാര്‍ത്തിക ദിനത്തില്‍ ദേവിയുടെ സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ ദേവിക്ക് ഏറെ പ്രാധാന്യമുള്ള വെള്ളിയാഴ്ച ദിനത്തില്‍ തൃക്കാര്‍ത്തിക വരുന്നതിനാല്‍ ദേവീക്ഷേത്രങ്ങളില്‍ നാരങ്ങാവിളക്ക്, നെയ് വിളക്ക് എന്നിവ സമര്‍പ്പിക്കുന്നതും ശ്രേഷ്ഠമാണ്. മനസ്സിലെ മാലിന്യങ്ങള്‍ നീക്കി കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നതാണ് തൃക്കാര്‍ത്തിക വ്രതം. വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. അന്ന് മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ മനോഹരമായ ദൃശ്യമാണ്. തമിഴ്‌നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും ദക്ഷിണ കേരളത്തില്‍ തൃക്കാര്‍ത്തിക പ്രധാനമാണ്. 

കാര്‍ത്തികയുടെ അന്ന് കുളിച്ചു ശരീരശുദ്ധി വരുത്തി ദേവീനാമങ്ങള്‍ ജപിച്ചശേഷം മാത്രം ജലപാനം ചെയ്യുക. അന്നേദിവസം ഒരിക്കലൂണ് അഭികാമ്യം. അത് ദേവീക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദമാണെങ്കില്‍ അത്യുത്തമമാണ്. ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ഭക്തിപൂര്‍വം ജപിക്കുക. ദേവീക്ഷേത്ര ദര്‍ശനവും നന്ന്. സന്ധ്യാസമയത്തു ദേവിയെ വീട്ടിലേക്കു ക്ഷണിക്കുന്നു എന്ന സങ്കല്പത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് കാര്‍ത്തിക വിളക്കു തെളിയിച്ചു ഭക്തിയോടെ ദേവീകീര്‍ത്തനങ്ങള്‍ ജപിക്കുക. തൃക്കാര്‍ത്തിക ദിവസം ദീപം തെളിച്ചു പ്രാര്‍ഥിച്ചാല്‍ മഹാദേവന്റെയും ദേവിയുടെയും സുബ്രമണ്യന്റെയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ഒരുമിച്ച് ലഭിക്കുമെന്ന് പറയപ്പെടുന്നു.

കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ ദേവി ക്ഷേത്രവും അവിടുത്തെ തൃക്കാര്‍ത്തിക മഹോത്സവവും വളരെ പ്രശസ്തമാണ്. കേരളത്തിലെ നൂറ്റെട്ടു ദുര്‍ഗാലയങ്ങളില്‍ (ദുര്‍ഗ പ്രതിഷ്ഠയുള്ള ക്ഷേത്രം) ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കുമാരനല്ലൂര്‍ ഭഗവതീക്ഷേത്രം. ചരിത്രമനുസരിച്ചും പുരാണമനുസരിച്ചും 2400ല്‍ പരം വര്‍ഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു പറയപ്പെടുന്നു. കേരളത്തില്‍ വളരെ ചുരുക്കം കാണ്‍പ്പെടുന്ന 'ശ്രീചക്ര' (എകകേന്ദ്ര വൃത്തങ്ങള്‍ക്കുനടുവില്‍ വരക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേര്‍ത്ത് വരച്ചിരിക്കുന്ന ചെമ്പുതകിടാണ് ശ്രീചക്രം) രീതിയില്‍ പണികഴിപ്പിച്ച ശ്രീകോവിലും നാലമ്പലവും ക്ഷേത്ര ചുവരുകളിലെ ചുമര്‍ചിത്രങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. കേരളത്തിലെ പഴയ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് കുമാരനല്ലൂര്‍. സുബ്രഹ്മണ്യനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്. കുമാരനല്ലൂര്‍ ഭഗവതിയുടെ പിറന്നാള്‍ ദിനത്തിലെ തൃക്കാര്‍ത്തിക ആഘോഷം പ്രസിദ്ധമാണ്. ഉത്സവകാലത്ത് എല്ലാ ദിവസവും ദേവിക്ക് ആറാട്ടുണ്ടെന്നത് മറ്റെവിടെയും ഇല്ലാത്തൊരു പ്രത്യേകതയാണ്. കാര്‍ത്തിക നാളിലാണ് പള്ളിവേട്ടയും. 

ഒരിക്കല്‍ വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ, കേരള സംസ്‌കൃതസാഹിത്യ മണഡലത്തിലെ പ്രധാനിയായിരുന്ന വില്വമംഗലം സ്വാമിയാര്‍ക്ക് തന്റെ ദിവ്യ ദൃഷ്ടികൊണ്ട് മനസിലായി ശ്രീകോവിലില്‍ വടക്കും നാഥനില്ലെന്ന്. ഭഗവാനെതേടി ക്‌ഷേത്രപരിസരത്ത് അന്വേഷിച്ചപ്പോള്‍ തെക്ക് വശത്തെ മതിലിന് സമീപം ഭഗവാന്റെ സാമിപ്യം തിരിച്ചറിഞ്ഞു. കാര്യം അന്വേഷിച്ച സ്വാമിയാരോട് ആറാട്ട് കഴിഞ്ഞെത്തുന്ന കുമാരനല്ലൂര്‍ ദേവിയെ ദര്‍ശിക്കാന്‍ എത്തിയതാണെന്ന് പറഞ്ഞു. ഇന്നും വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ തൃശൂര്‍ വടക്കും നാഥക്ഷേത്രത്തിലെ മധ്യപൂജ തെക്ക് വശത്താണ്. ചെമ്പരത്തി, ചുവന്ന പട്ട്, കൊമ്പനാന, എന്നിവയ്ക്ക്  നാലമ്പലത്തില്‍ പ്രവേശനമില്ല. ഭദ്രദീപം തെളിയിക്കല്‍, മഞ്ഞളഭിഷേകം എന്നിവ പ്രധാനമാണ്. ഏവര്‍ക്കും ഐശ്വര്യദായകമായ തൃക്കാര്‍ത്തിക മംഗളങ്ങള്‍.

ദീപങ്ങളുടെ പൊന്‍കണിയൊരുക്കി ഐശ്വര്യ ദേവതയെ സ്വീകരിക്കുന്ന തൃക്കാര്‍ത്തിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക