Image

ജനതാദള്‍ സെക്യുലര്‍ പോരിനൊടുവില്‍ കൃഷ്ണല്‍കുട്ടി മന്ത്രി

ശ്രീകുമാര്‍ Published on 24 November, 2018
ജനതാദള്‍ സെക്യുലര്‍ പോരിനൊടുവില്‍ കൃഷ്ണല്‍കുട്ടി മന്ത്രി
'പഴുത്ത ഇല വീഴുമ്പോള്‍ പച്ചില ചിരിക്കും...' എന്നാണല്ലോ ഗ്രാമ്യ മൊഴി. കേരളത്തിലെ ജനതാദള്‍ സെക്യൂലര്‍ (ജെ.ഡി.എസ്) പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇതാണ് സ്ഥിതി. മാത്യു ടി തോമസ് വീണപ്പോള്‍ കെ കൃഷ്ണല്‍കുട്ടി ചിരിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, ഈ മൂന്ന് എം.എല്‍.എ പാര്‍ട്ടിയില്‍ മന്ത്രി സ്ഥാനത്തിന് നറുക്കു വീണത് തിരുവല്ലയുടെ നിയമസഭാ സാമാജികന്‍ മാത്യു ടി തോമസിനാണ്. ചിറ്റൂരിന്റെ പ്രതിനിധി കെ കൃഷ്ണന്‍കുട്ടി, വടകരയുടെ ശബ്ദം സി.കെ നാണു എന്നിവരാണ് മറ്റുള്ളവര്‍. എന്നാല്‍ മാത്യു ടി തോമസിന് രണ്ടു വര്‍ത്തേയ്ക്ക് ആദ്യ ടേം നല്‍കിയതാണെന്നും ബാക്കി പകുതി കൃഷ്ണന്‍ കുട്ടിക്ക് അവകാശപ്പെട്ടതാണെന്നും കാട്ടി പാര്‍ട്ടിയില്‍ കൃഷ്ണന്‍കുട്ടി വിഭാഗം നടത്തിയ നിരന്തര പോര്‍വിളിയാണ് മാത്യു ടി തോമസിന്റെ കസേര തെറിപ്പിച്ചത്. എന്നാല്‍ ഇങ്ങനെയൊരു വച്ചുമാറല്‍ കരാര്‍ ഇല്ലെന്നാണ് മാത്യു ടി തോമസിന്റെ വാദം. 

 ഏതായാലും മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഉള്‍പ്പാര്‍ട്ടി കടിപിടിക്ക് കലഹവിരാമമില്ലാത്ത പരിസമാപ്തിയായി. ഇന്നലെ (നവംബര്‍ 23) പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബെംഗളൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിമാറ്റം പ്രഖ്യാപിച്ചു. മാത്യു ടി തോമസിന് പകരം ചീറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍ കുട്ടി മന്ത്രിയാവും. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വെച്ച് മാറാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മാത്യു ടി തോമസിനെ മാറ്റിയിരിക്കുന്നത് എന്നാണ് ദേശീയ നേതൃത്വം പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമായതും മാത്യു ടി തോമസിന്റെ പുറത്ത് പോകലിന് വഴിയൊരുക്കി.

ഇടതു സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ജെ.ഡി.എസിന് ലഭിച്ച ഏക മന്ത്രി പദം മാത്യു ടി തോമസിന് നല്‍കിയത് രണ്ടര വര്‍ഷം കഴിയുമ്പോള്‍ പാര്‍ട്ടിയില്‍ നിന്നുള്ള മറ്റൊരു എം.എല്‍.എക്ക് അവസരം നല്‍കാമെന്ന ധാരണ പ്രകാരമായിരുന്നു എന്നാണ് കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും പറയുന്നത്. ഈ ധാരണ മാത്യു ടി തോമസ് പാലിക്കാതെ വന്നപ്പോഴാണ് ഇവര്‍ ഇരുവരും ദേശീയ നേതൃത്വത്തെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കൃഷ്ണകുട്ടിയും നാണുവും നേരത്തെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയെ കണ്ടിരുന്നുവെങ്കിലും അന്ന് തീരുമാനം അനുകൂലമായിരുന്നില്ല. തുടര്‍ന്ന് മാത്യു ടി തോമസിനും കുടുംബത്തിനും കണക്കിന് ട്രോള്‍ പെരുമഴ കിട്ടി.

പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാമ മന്ത്രിയുമായ ദേവഗൗഡയുമായി വളരെ അടുപ്പമുളള നേതാവ് എന്ന നിലയ്ക്ക് മാത്യു ടി തോമസിന് കസേര ഒഴിയേണ്ട ആവശ്യമുണ്ടാകില്ല എന്നായിരുന്നു ആശ്വാസ കണക്ക് കൂട്ടല്‍. എന്നാല്‍ മന്ത്രിസ്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തില്‍ മാനം കാക്കാന്‍ ദേവഗൗഡ ഇടപെട്ട് മാത്യു ടി തോമസിനോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രി സ്ഥാനം പങ്കുവെയ്ക്കാം എന്ന ധാരണയാണുണ്ടായിരുന്നതെന്നും അപ്രകാരമാണ് നീക്കമെന്നുമാണ് ഡാനിഷ് വിശദീകരിച്ചത്. അതേസമയം മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വേദനിപ്പിച്ചുവെന്നും നീതി പൂര്‍വ്വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കിയെന്നും കുടുംബത്തെയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചുവെന്നും ഇടതുപക്ഷതോടൊപ്പം എന്നുമുണ്ടാകുമെന്നും മാത്യു ടി തോമസ് വേദനയോടെ  പറഞ്ഞു. 

രണ്ടര വര്‍ഷത്തെ പങ്ക് കച്ചവട കാലാവധി പൂര്‍ത്തിയായതോടെ തന്നെ മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണന്‍ കുട്ടി വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ദേശീയ നേതൃത്വത്തിന് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കപ്പെടുകയും ചെയ്തു. പാര്‍ട്ടി പറയുന്ന തരത്തിലല്ല മന്ത്രിയുടെ നീക്കങ്ങളെന്നും നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ജൂലായല്‍ ഡാനിഷ് അലിയുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാത്യു ടി തോമസ് മന്ത്രിയായിട്ട് പാര്‍ട്ടിക്ക് യാതൊരു ഗുണവുമില്ലെന്നായിരുന്നു ഹൃദയം പിളര്‍ക്കുന്ന ആരോപണം. നയപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടിയുമായി അദ്ദേഹം ചര്‍ച്ച ചെയ്യുന്നില്ലത്രേ. 

ബോര്‍ഡ് കോര്‍പ്പറേഷന്‍ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും മാത്യു ടി തോമസ് ഇതിനായി പരിശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. യോഗത്തിന്റെ പൊതുവികാരം പരിഗണിക്കുമെന്ന് ഡാനിഷ് അലി ഇവര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു എന്നാല്‍ ഈ വിഷയത്തില്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ വീണ്ടും കലാപമുണ്ടായത്. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് ദേവഗൗഡ മൂന്ന് ജെ.ഡി.എസ് എംഎല്‍എമാരെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ മാത്യു ടി തോമസ് ചര്‍ച്ചയ്ക്ക് എത്തിയില്ല. കെ കൃഷ്ണന്‍ കുട്ടി, സി.കെ നാണു, ഡാനിഷ് അലി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രിമാറ്റം എന്ന തീരുമാനത്തിലേക്ക് ദേവഗൗഡ ഇടിമിന്നല്‍ പോലെ എത്തിയത്.

മൂന്നാഴ്ച മുന്‍പും മൂന്ന് എം.എല്‍.എമാരെയും വിളിച്ച് സമവായ ചര്‍ച്ചയ്ക്ക് ദേവഗൗഡ ശ്രമിച്ചിരുന്നു. എന്നാല്‍ മാത്യു ടി തോമസ് പങ്കെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. കാര്യങ്ങള്‍ ഇത്രത്തോളമായ സ്ഥിതിക്ക് പരസ്യമായി പ്രതിഷേധിക്കരുത് എന്നു പോലും മാത്യു ടി തോമസിനോട് കേന്ദ്ര നേതൃത്വം കരുണയില്ലാതെ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. പാര്‍ട്ടിയാകുമ്പോള്‍ പ്രശ്‌നമുണ്ടാകുമെന്നും മാത്യു ടി തോമസിന്റെ എല്ലാ സഹായങ്ങളും വേണം എന്നുമാണ് മന്ത്രസ്ഥാന ലഹരിയില്‍ കൃഷ്ണന്‍കുട്ടി പ്രതികരിച്ചിരിക്കുന്നത്. തന്നെ അധിക്ഷേപിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയാണ് കൃഷ്ണന്‍ കുട്ടിയും സംഘവും എന്ന് മാത്യു ടി തോമസ് നേരത്തെ തന്നെ പരാതി ഉന്നയിച്ചിട്ടുളളതാണ്.

മാത്യു ടി തോമസിന്റെ ഭാര്യ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും ആണെന്നാണ് മാത്യു ടി തോമസ് ആരോപിക്കുന്നത്. പാര്‍ട്ടി യോഗത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചിതിന് പിന്നിലും ഇവരാണെന്നും വാട്ടര്‍ അതോറിറ്റിയില്‍ കയ്യിട്ട് വാരാന്‍ അനുവദിക്കാത്തത് കൊണ്ടാണിതെന്നും മാത്യു ടി തോമസ് ആരോപിച്ചിരുന്നു. എന്തായാലും ദേശീയ നേതൃത്വം അവസാന നിമിഷമാണ് മാത്യു ടി തോമസിനെ കൈവിട്ടു.

പിണറായി വിജയന്‍ മന്ത്രി സഭയില്‍ നിന്ന് പടിയിറങ്ങുന്ന നാലാമത്തെ മന്ത്രിയാണ് മാത്യു ടി തോമസ്. ബന്ധുനിയമന വിവാദത്തില്‍ അകപ്പെട്ട് പിണറായി മന്ത്രിസഭയില്‍ നിന്ന് ആദ്യം പുറത്ത്‌പോയത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജനായിരുന്നു. ഫോണ്‍കെണിയില്‍പ്പെട്ട് എന്‍.സി.പിയില്‍ നിന്നുള്ള എ.കെ ശശീന്ദ്രനായിരുന്നു പിന്നീട് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയത്. ഇദ്ദേഹത്തിന്റെ ഒഴിവില്‍ മന്ത്രിയായ തോമസ് ചാണ്ടിക്കും പിന്നീട് ഭൂമി കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു. മൂന്ന് രാജികളും ആരോപണങ്ങളുടെ പേരിലായിരുന്നെങ്കില്‍ മാത്യു.ടി. തോമസിന്റേത് ഉള്‍പ്പാര്‍ട്ടി തര്‍ക്കം കാരണമാണ്. തങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കേസുകളില്‍ നിന്ന് കുറ്റവിമുക്തരാക്കപ്പെട്ട ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാത്യു ടി തോമസ് ഉള്‍പ്പാര്‍ട്ടി കലഹത്തില്‍ കളം വിടുന്നത്. ഇനിയാരാണാവോ...?

മന്ത്രിയെ മാറ്റുന്നതും മറ്റും ജെ.ഡി.എസിന്റെ ആഭ്യന്തര കാര്യം മാത്രമാണെന്നും അതൊന്നും തങ്ങളുടെ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നും ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞ സ്ഥിതിക്ക് ജെ.ഡി.എസിലെ മന്ത്രി മാറ്റ പ്രശ്‌നത്തില്‍ സി.പി.എമ്മിന്റെയോ എല്‍.ഡി.എഫിന്റെയോ ഇടപെടല്‍ ഉണ്ടാവാനുള്ള സാധ്യതയും മങ്ങിയിരിക്കുന്നു. ഇനിയിപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ എന്ന് നടക്കുമെന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ഇരു മുന്നണികളിലുമായി ദളിന്റെ നേതൃനിരയില്‍ ദീര്‍ഘകാലമായി ഉണ്ടായിട്ടും മന്ത്രിയാകാന്‍ കഴിഞ്ഞില്ലെന്ന കെ  കൃഷ്ണന്‍കുട്ടിയുടെ മനോ വേദനയ്ക്കു കൂടിയാണിപ്പോള്‍ പരിഹാരമായിരിക്കുന്നത്. പ്രതിഷേധാഗ്നി ഉള്ളിലൊതുക്കി മാത്യു ടി. തോമസ് പാര്‍ട്ടി തീരുമാനം അംഗീകരിച്ചുവെങ്കിലും ജനതാദള്‍ എസിലെ തര്‍ക്കത്തിന്റെ കനല്‍ അണയില്ല. കൃഷ്ണന്‍കുട്ടി ഒഴിയുന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു വരുമെന്നതാകും കുഴപ്പിക്കുന്ന ചോദ്യം.

ജനതാദള്‍ സെക്യുലര്‍ പോരിനൊടുവില്‍ കൃഷ്ണല്‍കുട്ടി മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക