Image

സുരേന്ദ്രന്‍ അഴിക്കുള്ളില്‍ തന്നെ; മലകയറാന്‍ യുവതികളുമെത്തുന്നില്ല

ശ്രീകുമാര്‍ Published on 24 November, 2018
സുരേന്ദ്രന്‍ അഴിക്കുള്ളില്‍ തന്നെ; മലകയറാന്‍ യുവതികളുമെത്തുന്നില്ല
ശബരിമല: സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് കോടതി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം കൊട്ടാരക്കര സബ് ജയിലില്‍ പാര്‍പ്പ് തുടരും. അതേസമയം, പമ്പയിലെ ഉപരോധവുമായി ബന്ധപ്പെട്ട പഴയ കേസില്‍ സുരേന്ദ്രന് കോടതി ജാമ്യം നല്‍കി. നിരവധി കേസുകളില്‍ പ്രതിയായ സുരേന്ദ്രന്‍ കുറ്റം ചെയ്യുന്നതിന്റെ തെളിവായി വീഡിയോ കൈവശമുണ്ടെന്നും ഹാജരാക്കാമെന്നും പോലീസ് കോടതിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍ ആവശ്യത്തില്‍, ജയില്‍ മാറ്റം സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമെന്ന് കോടതി വ്യക്തമാക്കി.

ജാമ്യം ലഭിച്ചില്ലെങ്കിലും തനിക്കെതിരായ പോലീസ് റിപ്പോര്‍ട്ടിലെ പിഴവുകല്‍ സുരേന്ദ്രന് ആശ്വാസം പകരുന്നു. ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി നിലയ്ക്കലില്‍ പെലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. പമ്പ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവുകള്‍ പുറത്തായതോടെ പൊലീസ് പുലിവാല് പിടിച്ചു. അമളി പിണഞ്ഞ പോലീസ് പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ വേഗത്തില്‍ നല്‍കുകയായിരുന്നു.  സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഇതില്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ കേസ് നമ്പരുകള്‍ രേഖപ്പെടുത്തിയതില്‍ തെറ്റുണ്ടായി. ഇത് ബി.ജെ.പിയുടെ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.

പോലീസ് റിപ്പോര്‍ട്ട് ചെയ്ത അഞ്ച് കേസുകളിലും സുരേന്ദ്രന്‍ പ്രതി ആയിരുന്നില്ല. ശോഭാ സുരേന്ദ്രന്‍ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിലാണെന്ന് തെറ്റ് ധരിച്ചാണ് റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയത്. മറ്റൊരു കേസ് ബി.ജെ.പിയുടെ സമരവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിലും സുരേന്ദ്രന്‍ അതിലും പ്രതി അല്ല. റിപ്പോര്‍ട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കേസുകളില്‍ 1198/2018 എന്ന കേസ് അസ്വാഭാവിക മരണത്തിന് എടുത്തതായിരുന്നു. 705/2015 എന്ന കേസ് മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ െ്രെഡവര്‍ക്കെതിരായ കേസായിരുന്നു. 1524/2018 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ല. ഈ മൂന്നു കേസുകളും സുരേന്ദ്രനെതിരെ വരാനുള്ള കാരണം കേസ് നമ്പരും വര്‍ഷവും കേട്ടെഴുതിയതിലെ പിഴവെന്നാണ് തടിതപ്പിയ പോലീസ് പറയുന്നത്. 

അതേസമയം മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ശബരിമല ദര്‍ശനത്തിന് സംരക്ഷണം തേടി യുവതികളാരും പോലീസിനെ സമീപിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. വെര്‍ച്ച്വല്‍ ക്യൂവിനായി ഓണ്‍ ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത യുവതികളും പിന്‍മാറുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യുവതികളും പമ്പയില്‍ യാത്ര അവസാനിപ്പിക്കുന്നു. ദര്‍ശനത്തിനെത്തുന്ന 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് പോലീസ് സംരക്ഷണം തേടാനായി 12890 എന്ന ടോള്‍ ഫ്രീ നമ്പര്‍ വിളിക്കാം. ശബരിമലയിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ പോലീസ് ഏര്‍പ്പെടുത്തിയ പുതിയ സംവിധാനമാണിത്. രാജ്യത്ത് എവിടെനിന്നും സ്ത്രീകള്‍ക്ക് ഈ നമ്പറിലേയ്ക്ക് വിളിച്ച് സെക്യൂരിറ്റി ആവശ്യപ്പെടാം. 

ഈ നമ്പറിലേയ്ക്ക് ആദ്യം വിളിച്ചത് ഹിന്ദു ലിംഗസമത്വ പ്രവര്‍ത്തകയും 'ഭൂമാത റാന്‍ രാഗിണി' എന്ന സംഘടനയുടെ സ്ഥാപക നേതാവുമായ തൃപ്തി ദേശായിയാണ്. പൊലീസിന് പറ്റാവുന്നതിലേറെ സംരക്ഷണവും സൗകര്യങ്ങളും അവശ്യപ്പെട്ട തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് വീണ്ടും വരുമെന്നറിയിച്ച് മടങ്ങുകയായിരുന്നു. പിന്നീട് മറ്റൊരു യുവതിയും ഈ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും പിന്മാറിയത്രേ. അതിനു ശേഷം ഒരു സ്ത്രീയും ശബരിമല ദര്‍ശനത്തിനായി സംരക്ഷണം തേടി വിളിച്ചിട്ടില്ലെന്ന് പോലീസ് ചീഫ് കണ്‍ട്രോള്‍ റൂം അറിയിക്കുന്നു. എല്ലാ വിഭാഗത്തിലും പെട്ട തീര്‍ത്ഥാടകര്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്ന വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത യുവതികളും പിന്‍മാറുകയാണ്. 

മണ്ഡലകാലത്തിന്റെ ആദ്യ ദിവസങ്ങളില്‍ അഞ്ഞൂറിലേറെ പേര്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് എണ്ണം കുറഞ്ഞു. ഇപ്പോള്‍ പ്രതിദിനം അഞ്ചോ പത്തോ പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇവരില്‍ തന്നെ പലരും വരുന്നുമില്ല. വരുന്നവര്‍ പോലീസിന്റെ സുരക്ഷാ വിശദീകരണം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മടങ്ങുകയും ചെയ്യുന്നു. പലരും പമ്പാ ഗണപതി കോവില്‍ വരെ മാത്രം പോകും. എന്നാല്‍ യുവതികളില്‍ ആരെങ്കിലും മല ചവിട്ടാന്‍ സന്നദ്ധരായി എത്തിയാല്‍ സ്വീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറിന് രൂപം നല്‍കിയിട്ടുണ്ടെന്നും പക്ഷേ ആരും സന്നദ്ധരായി എത്തുന്നില്ലെന്നും പൊലീസ് പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടുംബത്തോടൊപ്പമെത്തുന്ന യുവതികളെല്ലാം പമ്പയില്‍ തീര്‍ത്ഥടനം അവസാനിപ്പിക്കുകയാണ്. കൂടെയുള്ളവര്‍ ദര്‍ശനം നടത്തി മടങ്ങിയെത്തുന്നതുവരെ ഇവര്‍ക്ക് നിലയ്ക്കലില്‍ വിശ്രമിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 

ഇതിനിടെ വ്രതശുദ്ധിയോടും ആചാരാനുഷ്ഠാനങ്ങളോടുമൊക്കെ മുംബൈ കല്യാണില്‍ നിന്നെത്തിയ 120 അംഗ തീര്‍ഥാടക സംഘം ശബരിമല ദര്‍ശനമൊഴിവാക്കി മടങ്ങിയ സംഭവമുണ്ടായി. നട തുറന്ന് ഇത്രയും ദിവസമായിട്ടും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പതിവുള്ള തീര്‍ഥാടകരുടെ പകുതി പോലും സന്നിധാനത്തെത്തിയിട്ടില്ല. ക്ഷേത്രം വഴിപാടായും വ്യാപാര വാണിജ്യങ്ങളായും കടമുറി വാടകയായുമൊക്കെ ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നഷ്ടമാവുന്നു. ശബരിമലയിലെ വരുമാനം കൊണ്ടു മാത്രമാണ് ബോര്‍ഡിനു കീഴിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളില്‍ നിത്യ പൂജയും വഴിപാടുമൊക്കെ നടക്കുന്നത്. ഈ ക്ഷേത്രങ്ങളുടെ നിലനില്‍പ്പും അവതാളത്തിലായി. നാട്ടില്‍ ഒരിടത്തും ശബരിമല തീര്‍ഥാടകരുടെ വലിയ കൂട്ടത്തെ കാണുന്നില്ല. മലയ്ക്കു പോകാന്‍ മാലയിടാന്‍ ക്ഷേത്രങ്ങളിലെത്തുന്നവരുടെയെണ്ണവും കുറഞ്ഞു. ഇടത്താവളങ്ങളിലും തിരക്കില്ല. അന്യസംസ്ഥാനക്കാരാണ് ദര്‍ശനത്തിനെത്തുന്നവരില്‍ ഏറിയ പങ്കും.

ശബരിമലയിലെ യുവതീ പ്രവേശനം വിശ്വാസികളായ യുവതികള്‍ക്കു പോലും സ്വീകാര്യമല്ല. ശബരിമല പ്രവേശനത്തിന് അനുമതി ലഭിച്ചിട്ടും ആക്റ്റിവിസ്റ്റുകളായ കുറച്ചു സ്ത്രീകളല്ലാതെ, സാധാരണക്കാരായ ഒരാള്‍പോലും ദര്‍ശനത്തിനെത്തുകയോ അതിനു താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തില്ല. പ്രശ്‌നപരിഹാരമാണ് ആവശ്യമെങ്കില്‍ ഇപ്പോഴത്തെ കോടതി വിധി അതിജീവിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട് പല വഴികള്‍. അതിനു ശ്രമിക്കാതെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പിപ്പിടി പോരാട്ടമാണ് കക്ഷി ഭേദമെന്യേ എല്ലാവരും നടത്തുന്നത്. പക്ഷേ, അതിനുള്ള വേദി ശബരിമല അല്ല.

സുരേന്ദ്രന്‍ അഴിക്കുള്ളില്‍ തന്നെ; മലകയറാന്‍ യുവതികളുമെത്തുന്നില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക