Image

വിവേകാനന്ദന്റെ ഭാരതീയ ദര്‍ശനത്തിനടിസ്ഥാനം അദൈ്വത ദര്‍ശനം - സ്വാമി വിവിക്താനന്ദ സരസ്വതി

Published on 08 April, 2012
വിവേകാനന്ദന്റെ ഭാരതീയ ദര്‍ശനത്തിനടിസ്ഥാനം അദൈ്വത ദര്‍ശനം - സ്വാമി വിവിക്താനന്ദ സരസ്വതി
പിറവം: സ്വാമി വിവേകാനന്ദന്റെ ഭാരതീയ ദര്‍ശനത്തിനടിസ്ഥാനം ശ്രീശങ്കരന്റെ അദൈ്വതദര്‍ശനം തന്നെയാണെന്ന് ചിന്മയാ മിഷന്‍ കേരള അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ചിന്മയ അന്തര്‍ദേശീയ കേന്ദ്രത്തിന്റെ ആസ്ഥാനമായ വെളിയനാട് ആദിശങ്കരനിലയത്തില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിജി.

സനാതനധര്‍മവും ഭാരതീയ സംസ്‌കാരം തന്നെയും കടുത്ത പ്രതിസന്ധികളില്‍ക്കൂടി കടന്നുപോകുന്ന സമയത്താണ് എട്ടാം നൂറ്റാണ്ടില്‍ ശ്രീശങ്കരന്‍ ഭൂജാതനായത്. അദൈ്വതദര്‍ശനത്തിലൂടെ ശ്രീശങ്കരന്‍ സംസ്‌കൃതിക്ക് പുത്തനുണര്‍വേകി. പലതില്‍ ഒന്നിനെ കാണുന്ന ഏകാത്മമാനവ ദര്‍ശനത്തിന്റെ അടിസ്ഥാനവും ഇതേ അദൈ്വത ദര്‍ശനമാണെന്ന് സ്വാമിജി ചൂണ്ടിക്കാട്ടി.

ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ് അധ്യക്ഷനായി.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളം ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് ശ്രീ ശങ്കരനെന്ന് പി. പരമേശ്വരന്‍ പറഞ്ഞു. ശങ്കരാചാര്യര്‍ ഭാരതത്തിന്റെ നാല് ഭാഗങ്ങളിലായി നാല് മഠങ്ങള്‍ സ്ഥാപിച്ചതും 'ദശനാമി' സമ്പ്രദായത്തില്‍ സന്യാസപരമ്പരയെ സംഘടിപ്പിച്ചതും ഭാരതത്തിന്റെ ശ്രേയസ്സിനും ദേശീയ ഐക്യത്തിനും വേണ്ടിയായിരുന്നുവെന്ന് പരമേശ്വര്‍ജി ചൂണ്ടിക്കാട്ടി.

ആരണ്യം, ആശ്രമം, ഭാരതി, ഗിരി, സരസ്വതി തുടങ്ങി 'ദശനാമി' വ്യവസ്ഥയില്‍ സംഘടിപ്പിച്ചതിനു വളരെ ഗഹനമായ അര്‍ഥതലം ഉണ്ടെന്ന് പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്റെ സമസ്തമേഖലകളിലും ആ സംസ്‌കാരം എത്തണമെന്ന് ശ്രീശങ്കരന്‍ അന്നേ ചിന്തിച്ചിരുന്നുവെന്നും ഭാരതം ഇന്നും ഭാരതമായി നിലനില്‍ക്കുന്നതിന്റെ കാരണം ശങ്കരാചാര്യരുടെ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി ക.ഭ. സുരേന്ദ്രന്റെ 'വൈഭവത്തിലേക്കുള്ള വഴി' എന്ന പുസ്തകം സ്വാമി വിവിക്താനന്ദ സരസ്വതി ഡോ. എം. മോഹന്‍ദാസിന് നല്‍കി പ്രകാശനംചെയ്തു. സംസ്ഥാന പൊതുകാര്യദര്‍ശി ഡോ. കെ. ജയപ്രകാശ് സ്വാഗതവും സ്വാഗതസംഘം രക്ഷാധികാരി അഡ്വ. കെ.എന്‍. സ്വാമിദാസ് നന്ദിയും പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിചാരകേന്ദ്രം വിവേകാനന്ദദര്‍ശനങ്ങള്‍ ശിബിരത്തില്‍ സമഗ്രമായ ചര്‍ച്ചയ്ക്കും പഠനത്തിനും വിഷയമാക്കിയിട്ടുണ്ട്. വിചാരകേന്ദ്രം നേതൃത്വംനല്‍കുന്ന വിവേകാനന്ദ പഠനവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടന കാര്യദര്‍ശി ക.ഭ. സുരേന്ദ്രന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് 'സ്വാമി വിവേകാനന്ദനും കേരളവും' എന്ന വിഷയത്തെ അധികരിച്ച് പാലക്കാട് ദാര്‍ശിനിക സമാജത്തിലെ പ്രൊഫ. എസ്. രാധാകൃഷ്ണന്‍ സംസാരിച്ചു.

വിചാരകേന്ദ്രം ജില്ലാ ഭാരവാഹികളായ വി.കെ. സന്തോഷ്‌കുമാര്‍, ഡോ. കെ. ശിവപ്രസാദ്, രംഗനാഥ് കൃഷ്ണ, സി.എന്‍. മുരളീധരന്‍, പി. ജനാര്‍ദനന്‍, അഡ്വ. വി. രാജേഷ്, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, കെ.സി. സുധീര്‍ബാബു, ഡോ. സി.ഐ. ഐസക്, എം. ബാലകൃഷ്ണന്‍, നീലേശ്വരം ഭാസ്‌കരന്‍, അഡ്വ. അഞ്ജനാദേവി, ആര്‍. സഞ്ജയന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍, ഇ.സി. അനന്തകൃഷ്ണന്‍, പി.ജി. രാമചന്ദ്രന്‍, രാധാമാധവന്‍, ഹരികുമാര്‍ ഇളയിടത്ത്, പ്രസന്നകുമാര്‍, ബി. വിനയകുമാര്‍, അഡ്വ. എന്‍. അജീഷ്, പി.കെ. വിജയന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ സഭകളില്‍ പ്രസംഗിച്ചു.

ശിബിരത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ച രാവിലെ ഏകാത്മ മാനവ ദര്‍ശനത്തെ അധികരിച്ച് മുതിര്‍ന്ന സംഘകാര്യകര്‍ത്താവും ബൗദ്ധികാചര്യനുമായ ആര്‍. ഹരി ക്ലാസെടുത്തു. ശിബിരം ഞായറാഴ്ച വൈകിട്ട് കുടുംബസംഗമത്തോടെ സമാപിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക