Image

അമേരിക്കന്‍ പൗരന്റെ ശരീരം വീണ്ടെടുക്കാന്‍ പുതിയ വഴി തേടി പൊലീസ്‌

Published on 25 November, 2018
അമേരിക്കന്‍ പൗരന്റെ ശരീരം വീണ്ടെടുക്കാന്‍  പുതിയ വഴി തേടി പൊലീസ്‌

ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനലീസ്‌ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ്‌ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ പുതിയ വഴി തേടി പൊലീസ്‌. നൂറ്റാണ്ടുകളായി പുറംലോകവുമായി യാതോരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗോത്രവിഭാഗത്തിന്റെ മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നരവംശശാസ്‌ത്രജ്ഞരുടെയും ഗവേഷകരുടെയും സഹായം തോടുകയാണ്‌ പൊലീസ്‌.

സെന്റിനലിസ്‌ ദ്വീപില്‍ ചൗ അതിക്രമിച്ച്‌ കയറുകയായിരുന്നുവെന്നും ലോകത്തില്‍ തന്നെ ഏറ്റവും സംരക്ഷിത വിഭാഗങ്ങളില്‍ ഒന്നായ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും വിദഗ്‌ധര്‍ പറഞ്ഞു. ദ്വീപിലെ ഗോത്രവിഭാഗത്തെ മതപരിവര്‍ത്തനം നടത്തുക എന്ന ഉദ്ദേശമായിരുന്നു ചൗവിന്റേതെന്ന്‌ അന്വേഷണ സംഘം വ്യക്തമാക്കി.

ഇക്കഴിഞ്ഞ നവംബര്‍ 16നു ദ്വീപിലെത്തിയ ജോണിനെ ഗോത്രവര്‍ഗക്കാര്‍ അമ്പും വില്ലും കൊണ്ട്‌ ആക്രമിക്കുകയായിരുന്നു. ജോണിനെ ദ്വീപിലെത്തിച്ച ഏഴു മത്സ്യത്തൊഴിലാളികളെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. 25,000 രൂപ പ്രതിഫലം വാങ്ങിയാണ്‌ മത്സ്യത്തൊഴിലാളികള്‍ അതിക്രമിച്ച്‌ മതപരിവര്‍ത്തനം നടത്താന്‍ എത്തിയ ജോണിനെ ദ്വീപില്‍ എത്തിച്ചത്‌.

സെന്റിനലീസ്‌ ഗോത്രക്കാരെ നേരിട്ടു കാണാന്‍ ജോണ്‍ പലതവണ ശ്രമിച്ചിരുന്നു. ഇതിനായി അഞ്ചു തവണ അദ്ദേഹം ആന്‍ഡമാനിലെത്തിയിട്ടുണ്ട്‌. നവംബര്‍ 14ന്‌ സെന്റിനല്‍ ദ്വീപിലെത്താന്‍ ജോണ്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനു ശേഷം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തീരത്തെത്തിയ ജോണ്‍ ഗോത്രവര്‍ഗക്കാര്‍ എയ്‌ത അമ്പുകള്‍ കൊണ്ട ശേഷവും ചെറുവള്ളത്തില്‍ യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഗോത്രവിഭാഗം എയ്‌ത അമ്പുകള്‍ ഏറ്റ്‌ ജോണ്‍ വീഴുകയായിരുന്നു.

ജോണിനെ കടല്‍ത്തീരത്തേക്കു വലിച്ചിഴച്ചു കൊണ്ടു വന്നുവെന്നും പിന്നീടു പകുതി ശരീരം മണലില്‍ പൂഴ്‌ത്തിയ നിലയില്‍ കണ്ടുവെന്നും മത്സ്യത്തൊഴിലാളികള്‍ പൊലീസിന്‌ മൊഴി നല്‍കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക