Image

പൂങ്കാവനത്തില്‍ കര്‍മനിരതരായി വിശുദ്ധി സേന

അനില്‍ പെണ്ണുക്കര Published on 25 November, 2018
പൂങ്കാവനത്തില്‍ കര്‍മനിരതരായി വിശുദ്ധി സേന
സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളാണ്. സന്നിധാനത്ത് മാത്രമല്ല പമ്പ, നിലക്കല്‍, പന്തളം കുളനട എന്നിവിടങ്ങളുലും വിശുദ്ധി സേന പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ഭാഗങ്ങളുടെ ശുചീകരണം ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്തുള്ള വിവിധ സ്ഥലങ്ങളിലെ ശുചീകരണത്തില്‍ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള വിശുദ്ധി സേനാംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയിട്ടുള്ള 305 വിശുദ്ധി സേനാംഗങ്ങളാണ് സന്നിധാനത്ത് ശുചീകരണം നടത്തുന്നത്. തമിഴ് നാട്ടിലെ സേലത്ത്നിന്നുള്ള 1000 തൊഴിലാളികളാണ് കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് 305, നിലക്കല്‍ 350 പമ്പ 315 പന്തളം25 കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ വിന്യസിച്ചിട്ടുള്ളത്. ശുചീകരണത്തിനായി സന്നിധാനത്തെ ഒന്‍പത് സെക്ടറുകളായി തിരിച്ചിട്ടുണ്ട്. താഴെ തിരുമുറ്റം, അപ്പാച്ചിമേട്-മരക്കൂട്ടം റോഡ്, മരക്കൂട്ടം-സബ്വേ, മരക്കൂട്ടം-ശരംകുത്തിറോഡ്, നടപ്പന്തല്‍, ഭസ്മക്കുളം, പാണ്ടിത്താവളം, മാലിന്യസംസ്‌ക്കരണ പ്ലാന്റ്, മരക്കൂട്ടം-13-ാം വളവ് എന്നിങ്ങനെയാണ് ശുചീകരണസ്ഥലങ്ങള്‍ വേര്‍തിരിച്ചിട്ടുള്ളത്.

ആറ് സെക്ടറുകളില്‍ 24 മണിക്കൂറും ശുചീകരണം നടക്കുന്നുണ്ട്. പുണ്യംപൂങ്കാവനം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. 30 പേര്‍വരെ ഉള്ളവരുടെ സംഘങ്ങളായാണ് വിശുദ്ധി സേനാംഗങ്ങളെ വിവിധ സെക്ടറുകളായി നിയോഗിച്ചിട്ടുള്ളത്. ഓരോ സെക്ടറിലും സേനാംഗങ്ങളില്‍ നിന്നും ഓരോരുത്തരെ ലീഡര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമേ റവന്യൂ, ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള സൂപ്പര്‍വൈസര്‍മാരേയും ഓരോ സെക്ടറുകളിലായി നിയോഗിച്ചിട്ടുണ്ട്.

ജില്ലാകളക്ടര്‍ അടൂര്‍ ആര്‍ഡിഒ, ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ മേല്‍ നോട്ടത്തിലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം. ദിന ബത്തയും താമസവും ഭക്ഷണവും ദേവസ്വം ബോര്‍ഡാണ് നല്‍കുന്നത്. 26 വര്‍ഷമായി വിശുദ്ധിസേനയില്‍ പ്രവര്‍ത്തിക്കുന്ന സേലം ജില്ലയിലെ രാജു ആണ് ടീം ലീഡര്‍. 25 വര്‍ഷമായി മുടങ്ങാതെ ശുചീകരണത്തിലേര്‍പ്പെടുന്ന ഞങ്ങള്‍ക്ക് അയ്യന്റെ സന്നിധാനം ശുചീകരിക്കുന്നത് ആത്മ സമര്‍പ്പണത്തോടെയുള്ള സേവനമാണെന്ന് സന്നിധാനത്തെ ഗ്രൂപ്പ് ലീഡര്‍ രാമലിംഗം പറഞ്ഞു.

ഭക്തര്‍ക്ക് സുഖകരമായ ദര്‍ശനം സാധ്യമാക്കുന്നതിന്‍െ്റ ഭാഗമായി ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങള്‍ ഹൈടെക്കാക്കുന്നു. ഇതിന്റെ ഭാഗമായി 72 പുതിയ ഹൈകെട് ക്യാമറകളാണ് സന്നിധാനത്തും പരിസരത്തും സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 40 എണ്ണം ബുള്ളറ്റ് വിഭാഗം ക്യാമറകളും 32 എണ്ണം പാന്‍ ടില്‍ ടു സൂം(പി.ടി.സെഡ്) വിഭാഗത്തിലുള്ള അതിനൂതന ക്യാമറകളുമാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെയാണ് ക്യാമറകളുടെ നിരീക്ഷണ പരിധി. ക്യാമറകളുടെ കണ്‍ട്രോള്‍ സന്നിധാനത്ത് മാരാമത്ത് കോംപ്ല്ക്സിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലായതിനാല്‍ തിരക്കുള്ള സ്ഥലം കണ്ടെത്തി ഭക്തരുടെ സുഗമമായ ദര്‍ശനത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനു പോലീസിനും സാധിക്കും. 15 മോണിറ്ററുകള്‍ ചേര്‍ത്ത് 45 ഇഞ്ചുള്ള വിലയ സ്‌ക്രീനാണ് കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിട്ടുള്ളത്. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായിരിക്കും. പോലീസ് സേനയെ വിന്യസിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഹൈടെക് സംവിധാനം മുതല്‍ക്കൂട്ടാകും. ഫേയ്സ് ഡിറ്റെക്ഷന്‍, വൈപ്പര്‍, വാഷര്‍, ടൂര്‍ സംവിധാനം, ഓട്ടോഫോക്സ് തുടങ്ങിയ സംവിധാനങ്ങളും ക്യാമറകുടെ പ്രത്യേകതകളാണ്. ഫെയ്സ് ഡിറ്റെക്ഷന്‍ സംവിധാനം ഉപയോഗിച്ച് പോലീസ് നിരീക്ഷണ പട്ടികയിലുള്ളവരെ തിരിച്ചറിയാന്‍ സാധിക്കും. 500 മീറ്ററോളം സൂമ്മിങ് കപ്പാസിറ്റിയുള്ള ക്യാമറകളും ഇക്കൂട്ടത്തിലുണ്ട്. എകദേശം 36 കിലോമീറ്ററാണ് നിരീക്ഷണ പരിധി. പൊതുമേഖലാ സ്ഥാപനമായി കെല്‍ട്രോണ്‍ ആണ് ക്യാമറകള്‍ സ്ഥാപിച്ചത്.

സന്നിധാനത്തും പരിസരത്തും ചിക്കന്‍പോക്സ്, എച്ച്1എന്‍1 പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നമെന്ന തരത്തില്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പടരുന്ന വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്നു സന്നിധാനം ഹോമിയോ, ആയുര്‍വേദം, അലോപതി വിഭാഗങ്ങള്‍. ഇതുവരെ രണ്ടു ചിക്കന്‍പോക്സ് ലക്ഷണങ്ങളാണ് ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് സന്നിധാനത്തുനിന്നും പിടിപെട്ടതല്ല. രോഗലക്ഷണങ്ങള്‍ കാണിച്ചവര്‍ക്ക് വേണ്ട ചികിത്സ നല്‍കിയതായി സന്നിധാനം സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍ രാജ് വ്യക്തമാക്കി. ഇവര്‍ ദര്‍ശനശേഷം മലയിറങ്ങി. ഹോമിയോ ആശുപത്രിയില്‍നിന്ന് 385 പേര്‍ നേരിട്ടും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ വിഭാഗങ്ങളുടെ ക്യാമ്പുകളിലായി 700 പേര്‍ക്കും പ്രതിരോധ മരുന്നുകള്‍ മുന്‍കരുതലെന്ന നിലയില്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. സന്നിധാനം സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റലിലും സര്‍ക്കാര്‍ അലോപതി ഹോസ്പിറ്റലിലും പകര്‍ച്ചവ്യാധികള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആയുര്‍വേദ ഹോസ്പിറ്റലില്‍ ഇന്‍ഫ്രാറെഡ് ഉപയോഗിച്ചുള്ള ആയുര്‍വേദ ഫിസിയോതെറാപ്പി അടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാണെന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജീഷ് പറഞ്ഞു. സന്നിധാനത്തും പരിസരത്തും പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനുള്ള ഫോഗിങ്, സ്പ്രെയിങ് അടക്കമുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് നടത്തിവരുന്നതായും എലിപ്പനി മുന്‍കരുതലായി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയുന്നതായും പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം ചുമതല വഹിക്കുന്ന ഡോ. രാജേഷ് വ്യക്തമാക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതായി യാതൊരു ആരോഗ്യ പ്രശ്നങ്ങളും സന്നിധാനത്ത് നിലനില്‍ക്കുന്നില്ലെന്നും ഏതു സാഹചര്യത്തേയും നേരിടാനുള്ള മരുന്നുകളും സംവിധാനങ്ങളും സജ്ജമാണെന്നും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി.
പൂങ്കാവനത്തില്‍ കര്‍മനിരതരായി വിശുദ്ധി സേന പൂങ്കാവനത്തില്‍ കര്‍മനിരതരായി വിശുദ്ധി സേന പൂങ്കാവനത്തില്‍ കര്‍മനിരതരായി വിശുദ്ധി സേന പൂങ്കാവനത്തില്‍ കര്‍മനിരതരായി വിശുദ്ധി സേന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക