Image

അയ്യനെ കാണാന്‍ വൈകല്യം മറന്ന് അഞ്ചാം തവണയും ഏഴുമലൈ

അനില്‍ പെണ്ണുക്കര Published on 26 November, 2018
അയ്യനെ കാണാന്‍  വൈകല്യം മറന്ന്  അഞ്ചാം തവണയും ഏഴുമലൈ
തമിഴ്നാട് ആദി അണ്ണാമല അക്ഷയ ശ്രീ സായി ധ്യാന സഭയുടെ സ്ഥാപകനായ സ്വാമി സായി രവിചന്ദ്രന്‍ 42-ാം വര്‍ഷമാണു അയ്യപ്പദര്‍ശനത്തിനെത്തുന്നത്. ഇക്കുറിയും ദൃഢനിശ്ചയത്തോടെയാണ് സ്വാമിജി ദര്‍ശനത്തിനെത്തിയത്. സാധുവും സന്യാസിയും പ്രജയും രാജാവും എല്ലാവരും ഈ പുണ്യഭൂമിയില്‍ ഒന്നാണ്. തത്വമസി- അതിലാണ് തനിക്കു വിശ്വാസമെന്ന് ഭക്തിലഹരിയില്‍ കണ്ണുനിറഞ്ഞ് സ്വാമി രവിചന്ദ്രന്‍ പറഞ്ഞു. പിതാവ് 80 വര്‍ഷം ശബരിമല ദര്‍ശനം നടത്തി മോക്ഷം ലഭിച്ചയാളാണ്. അച്ഛനെക്കൂടാതെ അമ്മയും അക്കയും ഒക്കെ വര്‍ഷങ്ങള്‍ ദര്‍ശനം നടത്തിയിരുന്നു. വരാന്‍ കഴിയാത്തവര്‍ക്കു വേണ്ടി പ്രതിനിധിയായിപ്പോലും നെയ്ത്തേങ്ങയുമായി ആര്‍ക്കും വരാന്‍ കഴിയുന്ന ഇടമാണ് അയ്യന്റെ തിരുസന്നിധി. അതിലൂടെ അവര്‍ക്കും പുണ്യം ലഭിക്കുന്നു. 

ലോകരക്ഷകനു പൂജ ചെയ്യുന്നതിലൂടെ ലഭിക്കുന്നത് ജന്‍മാന്തര സുകൃതമാണ്. അയ്യപ്പന്‍ തപസ്സിരിക്കുന്ന സ്ഥലമാണിത്. ഇവിടെ വ്രതനിഷ്ഠയോടെ എല്ലാവരും വരണം. സൂര്യ-ചന്ദ്രന്മാര്‍ക്ക് ദര്‍ശനം കൊടുക്കുന്ന അയ്യപ്പന്റെ മുന്നില്‍ എല്ലാവരും ഒന്നാണ്. എല്ലാവരും സ്വാമി ദര്‍ശനത്തിനായി വരണമെന്നും അയ്യപ്പന്റെ അനുഗ്രഹം ലഭിക്കുന്നത് മോക്ഷമാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. പുറത്തു പ്രചരിക്കുന്നതുപോലെ പൂങ്കാവനത്തില്‍ ദര്‍ശനത്തിനു ഒരു പ്രശ്നവുമില്ലെന്നു ബോധ്യപ്പെട്ടതായി ഗുരു സ്വാമി കൂടിയായ സ്വാമിജി പറഞ്ഞു. സാധാരണ തങ്ങള്‍ 120 പേര്‍ വരെ ഒന്നിച്ചുവരാറുണ്ട്. താന്‍ നാട്ടിലെത്താന്‍ കാത്തിരിക്കുകയാണ് ശിഷ്യരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ. 

അവര്‍ക്കും ദര്‍ശനത്തിനു വരുന്നതിനായി. സിംഗപ്പൂരില്‍ നിന്നുവരെ ഭക്തര്‍ ദര്‍ശനത്തിനു വരുമെന്നു അദ്ദേഹം പറഞ്ഞു. 

അപകടത്തില്‍ ഒരുകാലു നഷ്ടപ്പെട്ട ഏഴുമലൈ ഇത് അഞ്ചാംതവണയാണ് അയ്യനെ ദര്‍ശിക്കാനെത്തുന്നത്. തമിഴ്നാട് കാഞ്ചീപുരം നോനാമുണ്ടി സ്വദേശിയായ ഏഴുമലൈ തന്റെ അണ്ണന്‍ രാധാകൃഷ്ണനും തമ്പിയായ കൃഷ്ണനും ബന്ധു വിജയിക്കുമൊപ്പമാണു ദര്‍ശനത്തിനെത്തിയത്. തിരക്കുണ്ടെങ്കിലും ഇതിനു മുമ്പ് ഇത്ര എളുപ്പത്തില്‍ പലപ്രാവശ്യം അയ്യനെ കണ്ടു വണങ്ങാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് ഏഴുമലൈ പറഞ്ഞു. 2004ല്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ട് ഇടതുകാല്‍ മുട്ടിനു മുകളില്‍ വച്ചു മുറിക്കേണ്ടിവന്നത്. എങ്കിലും അയ്യപ്പദര്‍ശനം മുടക്കാന്‍ ഏഴുമലൈ തയാറായില്ല. തനിക്കു ജീവിക്കാനുള്ള ഉള്‍ക്കരുത്തും പ്രേരണയും നല്‍കിയത് അയ്യപ്പസ്വാമിയാണെന്നു ഏഴുമലൈ വിശ്വസിക്കുന്നു.

ഇപ്പോള്‍ പഞ്ചായത്തിന്റെ നൂറുദിനപണിയില്‍ തനിക്ക് ആവുന്ന ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. അണ്ണന്‍ രാധാകൃഷ്ണന്‍ ഡ്രൈവറാണ്. 15 വര്‍ഷമായി രാധാകൃഷ്ണന്‍ ശബരിമല ദര്‍ശനം നടത്തിവരുന്നു. മൂന്നുതവണ കൂടി വന്ന് പെരിയസ്വാമിയാകാനുള്ള ആഗ്രഹത്തിലാണ് രാധാകൃഷ്ണന്‍. അനുജന്‍ കൃഷ്ണനും ബന്ധു വിജയയും സ്വകാര്യസ്ഥാപനങ്ങളില്‍ ജീവനക്കാരാണ്. ചില വാര്‍ത്തകള്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയെങ്കിലും ശബരിമലയില്‍ വന്നുകഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വളരെ ശാന്തമാണെന്നു ബോധ്യപ്പെട്ടതായി സംഘം പറഞ്ഞു. 

പ്രളയം കവര്‍ന്നെടുത്ത പമ്പയില്‍പ്പോലും ആവശ്യമായ സൗകര്യങ്ങള്‍ ലഭിച്ചുവെന്നും സന്നിധാനത്ത് വളരെ സുഗമമായി ദര്‍ശനം നടത്താന്‍ കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം നാട്ടില്‍പ്പോയി ബന്ധുക്കളോടും സൃഹൃത്തുക്കളോടും പറയും. സന്നിധാനത്ത് അനാവശ്യമായി ആരെയും തങ്ങാന്‍ അനുവദിക്കാത്തത് ഒരര്‍ഥത്തില്‍ അനുഗ്രഹമായെന്ന് അവര്‍ പറഞ്ഞു. ഒരു ബുദ്ധിമുട്ടും കൂടാതെ ദര്‍ശനം നടത്താന്‍ കഴിഞ്ഞു. പോലീസുകാരും മറ്റ് ജീവനക്കാരും നല്ല രീതിയില്‍ സഹകരിച്ചുവെന്നും ഇനിയും അവസരം കിട്ടിയാല്‍ വരുമെന്നും ഏഴുമലൈ പറഞ്ഞു.
അയ്യനെ കാണാന്‍  വൈകല്യം മറന്ന്  അഞ്ചാം തവണയും ഏഴുമലൈ അയ്യനെ കാണാന്‍  വൈകല്യം മറന്ന്  അഞ്ചാം തവണയും ഏഴുമലൈ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക