Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-26: ഏബ്രഹാം തെക്കേമുറി)

Published on 26 November, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-26: ഏബ്രഹാം തെക്കേമുറി)
ഏതായാലും ജീവിതത്തിന്റെ സൈ്വരത നഷ്ടപ്പെട്ടിരിക്കുന്നു. അല്ല! എന്തു സൈ്വരതയാണു് ജീവിതത്തിന്ള്ളതു്?. ഏതെങ്കിലും വിഷയത്തെപ്പറ്റി അല്‍പ്പമെങ്കിലും ചിന്തിക്കുമ്പോള്‍ ആകെ സൈ്വരക്കേടു തന്നേ. വിഷയം വിഷയങ്ങളിലേയ്ക്കു്. കാര്യങ്ങള്‍ കാരണങ്ങളിലേയ്ക്കു്. കാരണങ്ങള്‍ കൊണ്ടെത്തിക്കുന്നതു് ഭൗതികവാദങ്ങളിലേയ്ക്കു്. എല്ലാ മനസ്സിന്റെയും ആഗ്രഹം ‘ജീവിതത്തിന്റെ സുഖം’ എന്നതുതന്നെ. സുഖം എന്നും ഒരു ദിശയിലേക്കുമാത്രം ഒഴുകുന്നു. അതിന്റെ ഒഴുക്കു് നിര്‍വിഘ്‌നം തന്നെ,
ആ പന്ഥാവില്‍ നിന്നും മന്ഷ്യനെ വഴിതെറ്റിക്കുന്ന ഏതോ ഒരു അദൃശ്യശക്തിയുണ്ടു്. അന്ധനായ സഹചാരി. ഇരുട്ടിലേയ്ക്കു് വഴി നടത്തുന്നവന്‍. നിസാരകാര്യങ്ങളില്‍ അവന്‍ കോപം ജ്വലിപ്പിക്കുന്നു. കോപം പാപത്തെ ജനിപ്പിക്കുന്നു. പാപം മരണത്തെ പെറുന്നു. ഇതറിയാതെ, ഈ ‘ആത്മാവിന്റെ വൈകല്യത’യെ അഹങ്കാരം, സ്വാര്‍ത്ഥത, മോഹം എന്നൊക്കെ വിശേഷിപ്പിച്ചു് കലഹഭാവം വര്‍ദ്ധിപ്പിക്കുന്ന ലോകം.
ഡോ. ടൈറ്റസു് അസ്വസ്ഥതയോടു് അറിവുകള്‍ തനിക്കു സമ്മാനിക്കുന്ന നൊമ്പരങ്ങളെ തന്നിലേയ്ക്കു് ആവാഹിപ്പിച്ചു് നിഷ്പ്രഭനായിരുന്നു. മസ്തിഷ്കം ഉരുകുന്നു. ‘പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്നറിയായ്കയാല്‍ ഇവരോടു് ക്ഷമിക്കേണമേ’യെന്നു പ്രാര്‍ത്ഥിച്ച ക്രൂശിതരൂപം കണ്‍മുന്‍പില്‍ തെളിയുന്നു. ആ ക്രിസ്തുവിങ്കലേക്കു് ഇനിയും എത്ര ദൂരം?.
എല്ലാ വേദനകളുടെയും യാതനകളുടെയും മദ്ധ്യത്തില്‍ നിന്നുയിര്‍ത്തെഴുന്നേറ്റു് സ്വാതന്ത്ര്യത്തിന്റെ പന്ഥാവിലേക്കു് സ്വര്‍ക്ഷാരോഹണം ചെയ്യാന്‍ ഒരു നിമിഷം മാത്രം മതിയെന്നല്ലേ ക്രിസ്തു പഠിപ്പിച്ചതു്!
എന്നിട്ടും?. . . . . . ബറബാസിനെ വിട്ടുതരിക. ക്രിസ്തുവിനെ ക്രൂശിക്ക.
‘നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെയും ഓര്‍ത്തുകൊള്ളേണമേയെന്നു് പ്രാര്‍ത്ഥിക്കുന്നവനെ, നീ ക്രിസ്തുവെങ്കില്‍ ക്രൂശില്‍ നിന്നിറങ്ങി വരിക’യെന്ന അട്ടഹാസം മുഴക്കുന്ന സമൂഹം ക്രൂശില്‍ തറെക്കയല്ലേ വീണ്ടും?
‘എന്താച്ചായാ വല്ലാതെ വിയര്‍ക്കുന്നതു്?’
ബാബുവിന്റെ ചോദ്യംകേട്ടു് ടൈറ്റസു് ചിന്തയില്‍ നിന്നുണര്‍ന്നു. നെറ്റിയിലെ സ്വേദകണങ്ങളെ വിരലുകൊണ്ടു് തോണ്ടിത്തെറിപ്പിച്ചു. താന്‍ വല്ലാതെ വിയര്‍ത്തിരിക്കുന്നു.
‘ഇനിയും വല്ല പ്രഷറോ, ഷുഗറോ?’
‘ഏയ്, അങ്ങനെയൊന്നുമില്ല.’
‘ഇല്ലയെന്നൊന്നും പറയേണ്ട. നോക്കിയിട്ടു കാലമെത്രയായി? മോളി ടൈറ്റസിന്റെ മുഖത്തേക്കു് നോക്കി.
‘മൂം’ അയാള്‍ ഒന്നു മൂളുകമാത്രം ചെയ്തു. കരച്ചിലിന്റെ പാടുകള്‍ അപ്പോഴും മോളിയുടെ മുഖത്തു് പ്രകടമായിരുന്നു.
അവള്‍ എന്തൊക്കെയോ തീരുമാനിച്ചുറച്ചിരിക്കുന്നു. അധികം ചിന്തിക്കാനില്ലല്ലോ! ‘ആ കത്തനാര്‍ ഇനിയും വരും. അതുകൊണ്ടു് നേരത്തേ കാലത്തേ ഇവിടുന്നു മുങ്ങിയേക്കാ’മെന്നതു തന്നെയായിരിക്കും.
‘അതു തെറ്റല്ലല്ലോ!’ അവള്‍ പരിചയിച്ച ഒരു ജീവിതമുണ്ടല്ലോ. ഒന്നിനോടും കടപ്പാടില്ലാത്ത ‘സ്വാതന്ത്ര’ത്തിന്റെ നാളുകള്‍. മാന്ഷിക പ്രയത്‌നത്താല്‍ ഭൂമിയില്‍ കെട്ടപ്പെട്ട സ്വര്‍ക്ഷരാജ്യം. പരാതികളോ, പരിഭവങ്ങളോ ഇല്ലാത്ത സ്വാതന്ത്രത്തിന്റെ നാടു്. മന്ഷ്യന്‍ എന്ന പദത്തിന്് ഒരു ജന്മംകൊണ്ടു് അവകാശപ്പെട്ടതെല്ലാം അന്ഭവിച്ചു് കടന്നുപോകുവാന്‍ വേണ്ട സാമ്പത്തിക സാമുദായിക സാംസ്കാരിക സമത്വം ഉറപ്പുവരുത്തിയ അമേരിക്ക. പ്രകൃതിയിലെ വിഭവങ്ങളെ മാനവസുഖത്തിനായി പരിണയിപ്പിച്ചെടുത്തു് പ്രകൃതിയുടെ വികൃതികളില്‍ നിന്നെല്ലാം മന്ഷ്യനെ സംരക്ഷിക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യകള്‍. അതിശൈത്യത്തിലും കൊടുംവറവിലും അവിടെ മന്ഷ്യന്‍ ബുദ്ധിമുട്ടുന്നില്ല. രോഗങ്ങള്‍ക്കു് ചികിത്‌സയും അതിനുള്ള മാര്‍ക്ഷങ്ങളും എപ്പോഴും സുലഭം. നിയമം അക്ഷരംപ്രതി ജനങ്ങളെ അന്സരിപ്പിക്കുന്ന ഭരണവ്യവസ്ഥിതി. ഒരു രാഷ്ട്രത്തിലെ സമസ്തജനങ്ങള്‍ക്കും എല്ലാക്കാര്യങ്ങളിലും സുഭിക്ഷത നിലനിര്‍ത്തിക്കൊണ്ടു് ലോകരാഷ്ട്രങ്ങള്‍ക്കു് ധനസഹായവും നല്‍കി നിലനില്‍ക്കുന്ന അമേരിക്ക.
എല്ലാ സൗഭാഗ്യങ്ങളും കാല്‍ച്ചുവട്ടില്‍ കിടക്കുമ്പോഴല്ലേ ഈ പാരമ്പര്യത്തിന്റെ സ്വപ്നങ്ങളെ തലോടി താന്‍ അലയുന്നതു്?
‘എന്താ അച്ചായന്‍ ഇങ്ങനെ ചിന്തിച്ചിരിക്കുന്നതു്?’ മോളി ചോദിച്ചു.
‘ഓ! ഞാന്‍ ആ കത്തനാരെപ്പറ്റി ഇങ്ങനെ ഓര്‍ക്കയായിരുന്നു. നീ എന്താ വളരെ ദേഷ്യഭാവത്തോടു് അയാളോടു് പെരുമാറിയതു്.?’
മുഖത്തു് തെളിഞ്ഞുവന്ന വിവിധഭാവങ്ങളെ അടക്കാന്‍ മോളി തത്രപ്പെടുകയായിരുന്നു. മുഖം മനസ്സിന്റെ കണ്ണാടി. ആ കണ്ണാടിയില്‍ തെളിയുന്ന ഭാവഭേദങ്ങളെ ടൈറ്റസു് അളന്നു. തെളിഞ്ഞ മുഖത്തു് ഒരു കറുത്ത പാടു്. താന്‍ ഇതു് അറിഞ്ഞിട്ടില്ലയെന്ന ആത്മവിശ്വാസം കൊണ്ടു് അവള്‍ ആ പാടിനെ മറയ്ക്കുവാന്‍ ശ്രമിക്കുന്നു.
‘ഓ. . ഞാന്‍ അയാളോടു് എന്തോ പറയാനാ? പട്ടക്കാരന് പള്ളിക്കാര്യം നോക്കിയാല്‍ പോരേ? എന്റെ കുടുംബക്കാര്യം അന്വേഷിക്കണോ?’ മോളിയുടെ ഉത്തരം നീരസം നിറഞ്ഞതായിരുന്നു.
“ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരുക. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്‍ത്തൊട്ടിയെയും അറിയുന്നു. സൃഷ്ടിയുടെ മകുടമായ മന്ഷ്യനോ ദൈവത്തെ അറിയുന്നില്ല.”
അറിഞ്ഞിരുന്നെങ്കില്‍. . . . . . . .
കള്ളനോടു് നീ അനുകൂലപ്പെടുകയില്ലായിരുന്നു.
വ്യഭിചാരികളോടു് നീ പങ്കു കൂടില്ലായിരുന്നു
നിന്റെ വായ് ദോഷത്തിന് വിട്ടുകൊടുക്കില്ലായിരുന്നു.
നീ ഇരുന്നു നിന്റെ സഹോദരന് വിരോധമായി സംസാരിക്കില്ലായിരുന്നു.
പ്രപഞ്ചം ഇരുളുകയായിരുന്നു.
അപ്രതീക്ഷിതമായാണു് രാജന്ം ലിസിയും വന്നിറങ്ങിയതു്.
കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ തളംകെട്ടി നിന്നു. ലക്ഷ്യമില്ലാതടിക്കുന്ന കാറ്റില്‍ മരച്ചില്ലകള്‍ വാചാലരാകുന്നു. മൂകതയുടെ കസവുസാരിയുമണിഞ്ഞു് ലിസി അകത്തേക്കു് കയറിപ്പോയി.
രാജന്റെ മുമ്പില്‍ പ്രകൃതി പ്രശോഭിച്ചു നില്‍ക്കുന്നു. കാര്‍മേഘങ്ങള്‍ ഉയരുന്നില്ലെങ്കില്‍ സൂര്യരശ്മിക്കു് മങ്ങലില്ലല്ലോ!. ഒരു നല്ലകാര്യം ചെയ്യുന്നതിലുള്ള സംതൃപ്തി ആ മുഖത്തു കളിയാടി. അനാഥയായ ഒരു കുട്ടിയെ, അതും ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുക. എത്രയോ നല്ല കാര്യം!.
ലിസി നേരെപോയതു് അടുക്കളയിലേക്കാണു്. പരിസരത്തെ ശ്രദ്ധിക്കാതെ എന്തിനേയോ തിരയുന്നതുപോലെ ആ കണ്ണുകള്‍ പരതി.
സരോജിനിക്കൊപ്പം പരിയംപുറത്തിരുന്നു പാത്രം കഴുകുന്നു രജനി. ലിസിയുടെ കണ്ണുകള്‍ അടുക്കളയുടെ ജനലഴികള്‍ക്കിടയിലൂടെ പരതുന്നതു കണ്ട റാഹേലമ്മ ഓര്‍മ്മിപ്പിച്ചു.
‘മോളേ ,. . . .വിവരക്കേടൊന്നും വരുത്തിവയ്ക്കല്ലേ!’
ലിസിയ്ക്കടക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങള്‍, കുഞ്ഞേ ഈ കണ്ണുകള്‍ നിന്നെയോര്‍ത്തു നനവാര്‍ന്ന പോളകള്‍ക്കുള്ളിള്‍ ഒളിച്ചിരിക്കുകയായിരുന്നു. നീയിതു വല്ലതും അറിഞ്ഞിരുന്നോ?
അവള്‍ രജനിയെ വാരിപ്പുണര്‍ന്നു. സോപ്പും കരിയും കലര്‍ന്ന ആ പിഞ്ചുകൈയ്യില്‍പ്പിടിച്ചു് വിരലുകള്‍ നിവര്‍ത്തുനോക്കി. തേങ്ങലുകള്‍ അപസ്വരങ്ങളായി. പിന്നെ കരച്ചിലായി പരിണമിച്ചു.
അന്ധാളിച്ച നോട്ടവുമായി സരോജിനി നിലകൊണ്ടു. എന്താണു് പറയേണ്ടതെന്നറിയാതെ. അവളുടെ നിഗമനങ്ങളൊക്കെ ശരിയായി രൂപാന്തരപ്പെട്ടു.
‘ബാബുവേട്ടാ നമ്മുടെ കണക്കുകൂട്ടലുകള്‍ ശരിയാണു്.’ അവള്‍ മനസ്സില്‍ മന്ത്രിച്ചു. ഇടതുകരം കൊണ്ടു് തോളില്‍ കിടന്ന രണ്ടാംമുണ്ടിനാല്‍ മുഖം തുടച്ചു. ഒപ്പം കണ്ണുകളും.
‘എന്താ ചേച്ചീ! ഈ കുട്ടിയോടിത്ര സ്‌നേഹം?’ അവള്‍ ചോദിച്ചു.
രജനിയാകട്ടേ, ഒരു അന്യസ്ത്രീ തന്നോടു കാട്ടുന്ന വിഭ്രാന്തികളെ നോക്കി ഭയവും സങ്കടവും കലര്‍ന്ന മുഖഭാവത്തോടു് നിന്നു.
സൂര്യന്‍ സമുദ്രത്തിന്ള്ളിലേക്കു് എടുത്തുചാടി ആത്മഹത്യ ചെയ്തു. മറയാന്‍ അറെച്ചു നില്‍ക്കുന്ന ഓര്‍മ്മകളെപ്പോലെ രശ്മികള്‍ അപ്പോഴും പടിഞ്ഞാറു് ഒളിച്ചു നിന്നു.
റാഹേലമ്മ ജനാലയഴികള്‍ക്കിടയിലൂടെ രംഗം വീക്ഷിച്ചു നിന്നു. പെറ്റതള്ളയ്ക്ക് കുഞ്ഞിനെ മറക്കാന്‍ ആവുമോ? എന്നാല്‍ എത്രയോ തള്ളമാര്‍ മറന്നിരിക്കുന്നു. ലിസിയുടെ ദുഃഖത്തിന്റെ ഒരംശം റാഹേലമ്മയുടെ മാതൃത്വത്തിന്റെ നെഞ്ചിലേശി. വികാരത്തെ വിവേകംകൊണ്ട് കീഴ്‌പ്പെടുത്തി അവര്‍ പുലമ്പി ‘അഭിമാനമാണു മോളെ വലുത്’.
ലിസിയുടെ കണ്ണില്‍ ഇരുട്ട് കയറി. പരിസരം തന്നെ വിഡ്ഡിയാക്കുന്നു. നിലത്തെ പുല്‌ക്കൊടി മുതല്‍ മാനത്തെ അമ്പിളി വരെ തന്നെ നോക്കി പരിഹസിക്കുന്നു. നിഴലും നിലാവും തനിക്കെതിരേ കുറ്റപത്രം എഴുതുന്നു. ഓര്‍മ്മയുടെ വിദൂരതീരങ്ങളില്‍ നിന്ന് ഉഷ്ണക്കാറ്റ് തനിക്കെതിരേ വീശുന്നു. ഇരുകൈകളുംകൊണ്ട് മുഖംപൊത്തി ലിസി നിലത്തിരുന്നു ചുട്ടുപൊള്ളുന്ന മരുഭൂമി തനിക്കു ചുറ്റും.
മരുഭൂമിയിലൊരു വേഴാമ്പലുപോല്‍ സരോജിനിയും ഒരം ചേര്‍ന്നു നിന്നു.
ഏറെ നേരം നിന്നു. മരിച്ചവരെപ്പോലെ മൗനതയിലേക്ക് നാവുകള്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.
ലിസിയന്നേറെ കരഞ്ഞു. വിധിദോഷത്താല്‍ ഇത്തരമൊരു ഗതികേടില്‍ താന്‍ ചെന്നെത്തിയതിന്റെ ചിന്താഭാരമെന്നേ രാജന്‍ മനസ്സിലാക്കിയുള്ളു.
‘എന്തിനാടീ നീ കരയുന്നതു്? ഇതൊക്കെ സാധാരണമല്ലേ? നമ്മള്‍ക്കു കുട്ടികള്‍ ജനിച്ചില്ല, നാമൊരു കുട്ടിയെ ദത്തെടുക്കുന്നു, ഇങ്ങനെയങ്ങു് സമാധാനപ്പെട്ടാല്‍പ്പോരെ?’ അയാള്‍ ചോദിച്ചു.
അറിവില്ലാത്തവാക്കുകളാല്‍ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍? ഇതിനാല്‍ എന്റെ ഹൃദയം വിറച്ചു് തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു. ഇരുളിന്റെ പാര്‍പ്പിടം എവിടെ?
അറിഞ്ഞിരുന്നെങ്കില്‍. . . . . . . .
ഹൗവായെപ്പോലെ എന്റെ ലംഘനംമൂടി എന്റെ അകൃത്യം മാര്‍വിടത്തു മറെച്ചു കൊള്ളുമായിരുന്നു. ഇരുട്ടും വെളിച്ചവും കലര്‍ന്ന ഈ ഇടവഴിയില്‍ ഒരു ജന്മം മുഴുവന്‍ ഒരു രഹസ്യവുംപേറി യാത്ര ചെയ്യുന്നതെങ്ങനെ? കുഞ്ഞേ! നിന്നെ ഞാന്‍ പ്രസവിച്ചതാണെന്നു പറയാന്‍ കഴിയാതെ, പറഞ്ഞാല്‍ , പ്രശസ്തിയും പ്രതാപവും ഇല്ലായ്മപ്പെടുന്ന അവസ്ഥയില്‍ പൊളിഞ്ഞുവീഴുന്ന ദാമ്പത്യത്തിന്ള്ളില്‍ നീറി നീറി കഴിയാനോ വിധി?

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക