Image

സുഗമദര്‍ശനം സാധ്യമായി, ശബരിമലയില്‍ തിരക്കേറുന്നു

അനില്‍ പെണ്ണുക്കര Published on 26 November, 2018
സുഗമദര്‍ശനം സാധ്യമായി, ശബരിമലയില്‍ തിരക്കേറുന്നു
ശബരിമല: യഥാര്‍ഥ വസ്തുത ഭക്തജനങ്ങള്‍ തിരിച്ചറിയുന്നതിന്റെ തെളിവായി സന്നിധാനത്ത് തിരക്കു വര്‍ധിച്ചുതുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞു വലിയ നടപ്പന്തല്‍ നിറഞ്ഞു ഭക്തര്‍ എത്തി. മലയാളി ഭക്തര്‍ക്കൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്‍തോതില്‍ ഭക്തജനങ്ങള്‍ ശബരിമലയിലേക്കു വരുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിലുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്തരെ സഹായിക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരും പോലീസുകാരും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ രാപ്പകല്‍ രംഗത്തുണ്ട്. തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍നിന്നു കൂട്ടം കൂട്ടമായിട്ടാണ് ഭക്തര്‍ എത്തുന്നത്. തങ്ങള്‍ക്ക് ഒരിടത്തും ഒരുതരത്തിലുമുള്ള പ്രയാസങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വസ്തുതകള്‍ ബോധ്യപ്പെട്ടെന്നും ഭക്തര്‍ പറഞ്ഞു. ഹൈദ്രാബാദില്‍ നിന്ന് നൂറിലേറെ ഭക്തര്‍ ഇന്നലെ വൈകിട്ട് ഒന്നിച്ചു ദര്‍ശനത്തിനെത്തി. കൊച്ചുമണികണ്ഠന്‍മാരും കുഞ്ഞുമാളികപ്പുറങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.

സന്നിധാനത്ത് വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങള്‍ യഥേഷ്ടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഷമിച്ചു വരുന്ന ഭക്തര്‍ക്കായി ഔഷധ ചൂടുവെള്ള വിതരണം 24 മണിക്കൂറും സന്നിധാനത്ത് വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുണ്ട്്. കൂടാതെ വൈദ്യ സഹായത്തിനായി അലോപ്പതി, ഹോമിയോ, ആയുര്‍വേദ ആശുപത്രികളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ അതിനു ശേഷം കൂടുതല്‍ സമയം സന്നിധാനത്തു തങ്ങാതെ മലയിറങ്ങുന്നതു മൂലം പിന്നാലെ വരുന്നവര്‍ക്കു സുഗമമായി പതിനെട്ടാംപടി കയറാന്‍ കഴിയുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഈ ക്രമീകരണം വിജയകരമായിരിക്കുകയാണ്. സന്നിധാനത്തും പരിസരങ്ങളിലും ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ഥാടനം നിര്‍വഹിക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. പമ്പയില്‍ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയത്തിനു ശേഷം രണ്ടുമാസം കൊണ്ടാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞത്. എല്ലാം നഷ്ടപ്പെട്ട പമ്പാ തീരം പഴയപോലെ ആക്കുന്നതിനു ഇനിയും കഠിനശ്രമം ശേഷിക്കുകയാണ്. ഇടിഞ്ഞുപോയ പമ്പാതീരം അരകിലോമീറ്റര്‍ എങ്കിലും ദൂരം അമ്പതടിയിലേറെ ഉയരത്തില്‍ ആയിരക്കണക്കിനു മണല്‍ച്ചാക്കുകള്‍ അടുക്കി ഇനിയും ഇടിയാതെ സുരക്ഷിതമാക്കിയിട്ടുണ്ട്. കുറഞ്ഞ സമയപരിധിയിലെ കഠിനാധ്വാനത്തിന്റെ ഉദാഹരണമായി ഇത് നിലകൊള്ളുകയാണ്.

പൂങ്കാവനം ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 72 സിസി കാമറകള്‍ ചലനങ്ങള്‍ ഒപ്പിയെടുത്ത് സന്നിധാനത്തെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. അരകിലോമീറ്റര്‍ വരെ റോഡ് വളരെ വ്യക്തമായി നിരീക്ഷിക്കാന്‍ ഓരോ കാമറയ്ക്കും കഴിയും. രാത്രി കാഴ്ചയ്ക്ക് ഇന്‍ഫ്രാറെഡ് കാമറകളുമുണ്ട്.
സുഗമദര്‍ശനം സാധ്യമായി, ശബരിമലയില്‍ തിരക്കേറുന്നുസുഗമദര്‍ശനം സാധ്യമായി, ശബരിമലയില്‍ തിരക്കേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക