Image

സംഘര്‍ഷമൊഴിയാത്ത ശബരിമലയില്‍ കനത്ത വരുമാന നഷ്ടം (ശ്രീകുമാര്‍)

Published on 26 November, 2018
 സംഘര്‍ഷമൊഴിയാത്ത ശബരിമലയില്‍ കനത്ത വരുമാന നഷ്ടം (ശ്രീകുമാര്‍)
ഭക്തിയുട മറവില്‍ ശബരിമലയിലെ രാഷ്ട്രീയ സംഘര്‍ഷം കടുത്ത വരുമാന നഷ്ടത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവും എന്ന് പറയുക അസാധ്യം. നിരോധനാജ്ഞ നവംബര്‍ 30 വരെ നീട്ടിയാണ് കലക്ടര്‍ ഉത്ത്രവിട്ടിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ 144 തുരും. രാത്രിയില്‍ നാമജപം നടക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം 82 പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചെന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മണ്ഡലകാലം മുഴുവന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശയാണ് ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്‍കിയിട്ടുള്ളത്. ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പെടുത്തിയ നടപടിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് നേതാക്കള്‍ സന്നിധാനത്തെത്തി നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഭക്തരെ നിലയ്ക്കല്‍ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കുന്നുവെന്ന പരാതിയും മനുഷ്യാവകാശ കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വീണ്ടും നിരോധനാജ്ഞ നീട്ടിയത്. 

ഇന്ന് (നവംബര്‍ 26) സന്നിധാനത്തേക്ക് പോകാനെത്തിയ ബി.ജെ.പി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് മുന്നില്‍കണ്ട് വലിയ രീതിയിലുള്ള തയ്യാറെടുപ്പ് പോലീസ് ഒരുക്കിയിരുന്നു. അതിനിടെയാണ് ബി.ജെ.പി അംഗം എന്‍.ബി രാജഗോപാല്‍ നിലയ്ക്കലില്‍ എത്തിയത്. ഇയാള്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. അതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്ന നിലപാട് പോലീസ് എടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ രാജഗോപാല്‍ ഒപ്പിടാത്തതിനാലാണ് കസ്റ്റഡിയിലെടുത്തത്. ശബരിമലയില്‍ ഏതു നിമിഷവും സംഘര്‍ഷമുണ്ടാവുമെന്നാണ് ഈ അറസ്റ്റ് സൂചിപ്പിക്കുന്നത്. പ്രക്ഷോഭക്കാര്‍ ഒറ്റയ്ക്കും കൂട്ടായും എത്തിയേക്കാം. 

മറ്റൊരു പ്രധാന വിഷയം വരുമാന നഷ്ടമാണ്. സംഘര്‍ഷത്തിന്റെ നടുവിലേയ്ക്ക് യഥാര്‍ത്ഥ വിശ്വാസികളായ ഭൂരിപക്ഷവും എത്താന്‍ മടിക്കുന്നുവെന്നാണ് ഇതുവരെയുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസിലാവുന്നത്. അന്യസംസ്ഥാനക്കാര്‍ എത്തുന്നുണ്ടെങ്കിലും മലയാളികളുടെ തീര്‍ത്ഥാടന പ്രവാഹം മന്ദഗതിയിലാണ്. ഇത് ശബരിമലയിലെ വരുമാനത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് സീസണില്‍ വിവിധ വിഭാഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് കേരളത്തില്‍ നടക്കുന്നത്. 

അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചുരുക്കം ചില സ്വയംപര്യാപ്തമായ ക്ഷേത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും നടത്തിപ്പ് ശബരിമലയിലെ മണ്ഡലക്കാല വരുമാനത്തെ ആശ്രേയിച്ചാണ്. കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളിലെ ചെറുതും വലുതുമായി ഒട്ടേറെ സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങളുടെ വരുമാനം വര്‍ധിക്കുന്ന കാലം കൂടിയാണ് വൃശ്ചിക മാസം. അയ്യപ്പ ഭക്തര്‍ ഇവിടങ്ങളിലെ ക്ഷേത്രങ്ങളിലെത്തി കാണിക്കയിട്ട ശേഷമാണ് സന്നിധാനത്തെത്തുക. ഇപ്പോള്‍ ആ വരുമാനവും കുറഞ്ഞിരിക്കുന്നു. 

കെ.എസ്.ആര്‍.ടി.സിക്കും നല്ല വരുമാനമുണ്ടാവുന്ന സമയമാണിത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ വരവില്‍ നികുതിയിനത്തിനത്തിലും വരുമാനമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന സ്വകാര്യ-ടാക്‌സി വാഹനങ്ങളുടെ പെര്‍മിറ്റ് തുക, ഭക്തര്‍ നടത്തുന്ന ഷോപ്പിങ് എല്ലാം വരുമാനം വര്‍ധിപ്പിക്കുന്നു. പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, കോട്ടയം, എരുമേലി ഭാഗങ്ങളില്‍ റെസ്‌റ്റോറന്റുകള്‍, ലോഡ്ജുകള്‍, സീസണ്‍ കടകള്‍, മറ്റ് കച്ചവട കേന്ദ്രങ്ങള്‍ ങ്ങള്‍ എന്നിവയ്ക്ക് മണ്ഡലക്കാലത്ത് കാര്യമായി വരുമാനം കിട്ടുന്നതാണ്.

വരുമാനക്കുറവ് ദേവസ്വംബോര്‍ഡിനെയും ജീവനക്കാരെയും കാര്യമായി തന്നെ ബാധിക്കുമെന്നുറപ്പ്. 1250ലേറെ ക്ഷേത്രങ്ങള്‍, 8000ത്തോളം സ്ഥിരം ജീവനക്കാര്‍, 2000ത്തോളം പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, 2000 പെന്‍ഷന്‍കാര്‍...എല്ലാം ദേവസ്വം ബോര്‍ഡിനെ ആശ്രയിക്കുന്നു. കൂടാതെ കോളേജുകളും,സ്‌ക്കൂളുകളുമടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ ബോര്‍ഡിന്റെ കീഴിലുണ്ട്. ബോര്‍ഡിന്റെ കീഴിലുള്ള അറുപതോളം ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തതയില്‍ നില്‍ക്കാന്‍ വരുമാനമുള്ളത്. ശമ്പളവും മറ്റ് അലവന്‍സുകള്‍ക്കുമായിട്ട് മാത്രം, ജീവനക്കാര്‍ക്ക് പ്രതിമാസം 30 കോടി രൂപ ബോര്‍ഡ് കണ്ടെത്തണം. ഇതിനെല്ലാം ദേവസ്വം ബോര്‍ഡ് മുഖ്യമായും ആശ്രയിക്കുന്നത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തെയാണെന്ന് പ്രക്ഷോഭക്കാര്‍ മനസിലാക്കുന്നുണ്ടോ..?

ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍22 വരെയുള്ള വരുമാനത്തിന്റെ കണക്ക് തിട്ടപ്പെടുത്തിയിരുന്നുവെങ്കിലും ഔദ്യോഗികമായി ദേവസ്വംബോര്‍ഡ് പുറത്തിവിട്ടിട്ടില്ല. എന്നിരുന്നാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനം ഗണ്യമായി കുറഞ്ഞുവെന്നത് ദേവസ്വം ബോര്‍ഡ് സമ്മതിക്കുന്നു. മണ്ഡലക്കാലത്ത് ഏറ്റവും തിരക്കുള്ള സമയത്ത് പതിനെട്ടാം പടി കടന്നു പോകുന്ന ഭക്തരുടെ ഏകദേശ കണക്ക്  മിനിറ്റില്‍ 100 മുതല്‍ 130 പേരും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ മിനിറ്റില്‍ 60 മുതല്‍ 80 പേരുമാണത്രേ. എന്നാല്‍ ഇപ്പോഴത് മിനിറ്റില്‍ 40ല്‍ താഴെയാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ഇനി വരുമാനത്തിന്റെ കാര്യം. മണ്ഡലകാലത്തെ ആദ്യ ആറു ദിവസം ശബരിമലയിലെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനം വരെ കുറവെന്നാണ് ഒരു റിപ്പോര്‍ട്ട്. ഈ ആറ് ദിവസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം 22.82 കോടി ഉണ്ടായിരുന്നത്, ഈ വര്‍ഷം 8.48 കോടി മാത്രമാണ്. ദേവസ്വം ബോര്‍ഡിന് കാണിക്ക അല്ലാതെ ലഭിക്കുന്ന മറ്റ് വരുമാന സ്രോതസ് അപ്പം, അരവണ വില്‍പ്പനയും വഴിപാടുകളും സംഭാവനകളുമൊക്കെയാണ്. കഴിഞ്ഞ വര്‍ഷം ആദ്യ ആറ് ദിവസം അരവണ വിതരണത്തിലൂടെ 9,88,52,090 രൂപ വരുമാനമുണ്ടായത് ഈ വര്‍ഷം 3,14,38,750 രൂപയായി. കാണിക്ക കഴിഞ്ഞ വര്‍ഷം 7,33,72, 285 രൂപ ലഭിച്ചത് ഇത്തവണ 3,83,88550 രൂപയും. 

മുറി വാടകയിനത്തില്‍ 43,96,221 രൂപ മാത്രമാണ് ആറു ദിവസം കൊണ്ട് നേടിയത്. കഴിഞ്ഞ വര്‍ഷം അത് 74,25,955 രൂപയായിരുന്നു.  സംഭാവന ഇനത്തില്‍ ഇത്തവണ 10,08,075 രൂപയും (കഴിഞ്ഞ വര്‍ഷം 26,73,095 രൂപ), കരാര്‍ 1,20,000 രൂപ (കഴിഞ്ഞ വര്‍ഷം 1,80,35,293), മാളികപ്പുറം 5,96,905 (12,98,795) വരുമാനം ഇങ്ങനെയാണ് അനൗദ്യോഗിക കണക്ക്. മണ്ഡലക്കാലത്തെ മറ്റൊരു വരുമാന സ്രോതസ് കടകളുടെയും സ്റ്റാളുകളുടെയും ലേലത്തിലൂടെ കിട്ടുന്ന തുകയാണ്. ഇതിലും കാര്യമായി വരുമാനം കുറഞ്ഞിട്ടുണ്ട്. സന്നിധാനം മുതല്‍ ഇലവുങ്കല്‍ വരെയുള്ള സ്ഥലങ്ങളില്‍ 220 കടമുറികളും സ്റ്റാളുകളുമാണ് ദേവസ്വം ബോര്‍ഡ് ലേലത്തിന് നല്‍കുന്നത്.

സാധാരണ മണ്ഡലകാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഇതെല്ലാം റെക്കോര്‍ഡ് തുകക്ക് ലേലത്തില്‍ പോവുന്നതാണ്. ഇത്തവണ സന്നിധാനം മുതല്‍ പമ്പ വരെ 60 ഓളം കടമുറികളും സ്റ്റാളുകളും ലേലത്തില്‍ പോയിട്ടില്ല. ലേലത്തുകയുടെ 35 ശതമാനം ഇളവു നല്‍കിയിട്ടും ഓപ്പണ്‍ ടെണ്ടര്‍ ഉള്‍പ്പെടെ പല തവണ ലേലം നടത്തിയിട്ടും ഇതില്‍ മാറ്റമുണ്ടായിട്ടില്ല. സന്നിധാനത്ത് മാത്രം 15ഓളം കടകള്‍ ലേലത്തില്‍ പോകാതെ കിടിക്കുകയാണ്. ഭക്തരുടെ കുറവിനൊപ്പം കടുത്ത പോലീസിന്റെ സമയ നിയന്ത്രണങ്ങളും കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നു. വരുമാനമില്ലെന്ന് കാണിച്ച് കടമുറികള്‍ ലേലത്തില്‍ പിടിച്ച വ്യാപാരികളില്‍ പലരും ദേവസ്വം ബോര്‍ഡിനോട് തുക തിരികെ ആവശ്യപ്പെടുകയാണ്.

 സംഘര്‍ഷമൊഴിയാത്ത ശബരിമലയില്‍ കനത്ത വരുമാന നഷ്ടം (ശ്രീകുമാര്‍)
Join WhatsApp News
വിദ്യാധരൻ 2018-11-27 12:26:00
പയിസ പോയാലും വേണ്ടില്ല 
പട്ടിണി കിടന്നാലും വേണ്ടില്ല 
കാക്കണം അയ്യപ്പനെ 
സ്ത്രീയുടെ കടക്കണ്ണിൽ നിന്ന് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക