Image

പ്രളയം കഴിഞ്ഞ നൂറു ദിനങ്ങള്‍; കോര്‍ത്ത കൈകള്‍ അഴിയരുത് (ജോയ് ഇട്ടന്‍)

Published on 27 November, 2018
പ്രളയം കഴിഞ്ഞ നൂറു ദിനങ്ങള്‍; കോര്‍ത്ത കൈകള്‍ അഴിയരുത് (ജോയ് ഇട്ടന്‍)
കേരളത്തിന്റെ ഭാവിയെത്തന്നെ പിടിച്ചു കുലുക്കിയ പ്രളയവും ഉരുള്‍പൊട്ടലും കഴിഞ്ഞിട്ട് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇന്നലെ വരെ കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തന മികവിനെയും ഈ രംഗത്തെ മലയാളി കൂട്ടായ്മയെയും കുറിച്ചായിരുന്നു ചര്‍ച്ച. ദുരിതത്തിലായ സഹജീവികള്‍ക്കായി കേരള ജനത ഭിന്നതകളെല്ലാം മറന്നു കൈകോര്‍ക്കുകയായിരുന്നു. കേരളം ഇത്രയേറെ ഒത്തൊരുമയോടെ നിന്ന മറ്റൊരവസരം ചൂണ്ടിക്കാണിക്കാനില്ല.

വെള്ളപ്പൊക്കവും മറ്റു പ്രകൃതി ദുരന്തങ്ങളു മുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കാത്തിരിക്കുകയാണ് രാജ്യത്തിന്റെ മറ്റു മേഖലകളിലെ പതിവെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയോ പുറത്തുനിന്നുള്ള സഹായത്തിനോ കാത്തുനില്‍ക്കാതെ കേരളത്തിലെ ജനങ്ങള്‍ സ്വയം രംഗത്തിറങ്ങുകയായിരുന്നു. വ്യക്തികളും കുടുംബങ്ങളും സംഘടനകളും സമൂഹമാധ്യമ കൂട്ടായ്മകളും ദുരിതബാധിതരുടെയും അഭയാര്‍ഥികളുടെയും ആവശ്യം കണ്ടെത്തി പലപ്പോഴും സ്വന്തം പോക്കറ്റില്‍ നിന്നു പണം ചെലവാക്കിയാണ് സാധനസാമഗ്രികള്‍ എത്തിച്ചുകൊടുത്തത്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തങ്ങളാലാകുന്ന സഹായ മെത്തിക്കാന്‍ ജനങ്ങള്‍ ഒന്നിച്ച കാഴ്ചയാണ് എവിടെയും കാണാനായത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടോ ദുരിതാശ്വാസ നിധിയിലേക്ക് പണവും അവശ്യ സാധനങ്ങളും സംഭാവന നല്‍കിയോ പ്രളയ അതിജീവന പ്രക്രിയയില്‍ കൈകോര്‍ക്കാത്ത മലയാളി കുടുംബങ്ങള്‍ നന്നേ വിരളം. പ്രളയം തിരുത്തിയ ഒരു ധാരണയുണ്ട് .പാരസ്പര്യം മറന്നു സ്വന്തത്തിലേക്ക് ചുരുങ്ങുന്നവരും സാമൂഹികമാധ്യമങ്ങളില്‍ ഒതുങ്ങിക്കഴിയുന്നവരുമാണ് മലയാളി എന്ന പുതിയ ധാരണ .

പ്രളയ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും വീടും സമ്പാദ്യവും ഉപേക്ഷിച്ചു പലായനം ചെയ്തവര്‍ക്കു താങ്ങായി വര്‍ത്തിക്കുന്നതിലും മുന്‍പന്തിയില്‍ മലയാളി യുവജനങ്ങള്‍ ആയിരുന്നു .അഭയകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് ബോട്ടില്‍ കയറാനുള്ള ചവിട്ടു പടിയായി കിടന്നു കൊടുത്ത ജൂസെലിനെ പോലെയുള്ള യുവാക്കള്‍ ത്യാഗത്തിന്റെയും സേവനസന്നദ്ധതയുടെയും പ്രതീകങ്ങളായി ചരിത്രത്തില്‍ ഇടം പിടിച്ചു.

സഹജീവികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സ്വ ന്തം ജീവന്‍ പോലും അവര്‍ മറന്നു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് പറഞ്ഞു നേവിയും സൈന്യവും പിന്മാറിയ പ്രദേശങ്ങളില്‍ പോലും വെല്ലുവിളി ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങി ആയിരക്കണക്കിനാളുകളെ രക്ഷ പ്പെടുത്തി.അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസി മലയാളികള്‍ എല്ലാവിധ സഹായവുമായി ഒപ്പം കൂടി .

ഉദ്യോഗസ്ഥ, രാഷ്ട്രീയ മേഖലയുടെ മാനുഷിക മുഖം തെളിഞ്ഞുനിന്ന അവസരവുമായിരുന്നു ഇത്. ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയം നോക്കാതെ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി നേതൃത്വം നല്‍കുമ്പോള്‍ പ്രതിപക്ഷ നേതാവ് ഒപ്പം തന്നെയുണ്ടായിരുന്നു. മന്ത്രിമാര്‍, കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍ തുടങ്ങി ഭരണകൂടത്തിന്റെ യന്ത്രങ്ങള്‍ എണ്ണയിട്ടതു പോലെ നീങ്ങി.

ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്ന സാധന സാമഗ്രികള്‍ ലോറികളില്‍ നിന്ന് ഇറക്കാനും ക്യാമ്പുകളിലേക്ക് കടത്താനും ക്യാമ്പുകളില്‍ ഭക്ഷണം വിളമ്പാനും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും മത്സരിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതെല്ലാം മാറ്റിവെച്ചു ആഴ്ചകളോളം തിരുവനന്തപുരത്ത് തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആശ്വാസം പകരുകയും ചെയ്തു.

ശുചീകരണം, പുനരധിവാസം തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തിലും ഈ കൂട്ടായ്മ തുടരുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജീവനക്കാരും സന്നദ്ധ സംഘടനകളും ചരിത്രത്തില്‍ ഇടം നേടിയ ഈ മലയാളി കൂട്ടായ്മ തുടരണം. ദുരിതാശ്വാസ സഹായങ്ങള്‍ കൃത്യമായി നല്‍കുന്നില്ല,അര്‍ഹതപ്പെട്ടവര്‍ക്ക് പോലും സഹായം ലഭിക്കുന്നില്ല എന്ന വിഷമതകള്‍ ഇയറുന്നുണ്ട് ഇപ്പോള്‍ .ആര്‍ക്കൊക്കെ സഹായങ്ങള്‍ ഇനിയും ലഭിക്കും എന്ന് ഉറപ്പില്ലാത്ത രീതിയില്‍ വാര്‍ത്തകള്‍ വരുന്നു .പക്ഷെ ഇത്തരം വാര്‍ത്തകള്‍ ആഗോള മലയാളികളില്‍ ആശങ്കകള്‍ ഉണ്ടാക്കും.നവകേരള നിര്‍മ്മിതിയില്‍ നിന്നും മലയാളികള്‍ പിന്നോട്ട് പോകും .

ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലയാളികളുടെ പരസ്പരം കോര്‍ത്ത കൈകള്‍ വേര്‍പിരിയരുത്. തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഈ ഒത്തൊരുമയും ഐക്യവും തുടരണം. ഈ അവസരത്തില്‍ നമ്മുടെയീല്ലാം ചിന്ത അതാകണം .മറ്റുള്ളതെല്ലാം നമുക്ക് മറക്കാം .നമ്മുടെ സഹോദരങ്ങള്‍ക്കായി നമുക്ക് പലതും ചെയ്യാനുണ്ട് .അത് നമുക്ക് ഓര്‍മ്മ വേണം 
Join WhatsApp News
വിദ്യാധരൻ 2018-11-27 15:21:06
പ്രളയം കഴിഞ്ഞ് ജനങ്ങളുടെ കയ്യ്കളാണ് കോർത്തിരുന്നെതെങ്കിൽ ഇപ്പോൾ അവരുടെ 'കൊമ്പാണ് കോർക്കുന്നത്' അഹങ്കാരികളും ധിക്കാരികളുമായ മലയാളി പഠിക്കണമെങ്കിൽ അവന് സ്വയ ബോധം ഉണ്ടാകണം. അതിന് ചിന്തിക്കാൻ കഴിവുണ്ടാകണം. സ്ത്രീകളടക്കം മറ്റു മനുഷ്യരെ മാനിക്കാൻ കഴിയാത്ത മലയാളിയുടെ കൊമ്പുകൾ എന്നും കോർത്തിരിക്കും  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക