Image

നീ വെറും പെണ്ണല്ലേ ? (പി. ടി. പൗലോസ്)

Published on 27 November, 2018
നീ വെറും പെണ്ണല്ലേ ? (പി. ടി. പൗലോസ്)
കാലങ്ങളായി പുരുഷമേധാവിത്വ സമൂഹം സ്ത്രീകളോട് പ്രത്യക്ഷമായും പരോക്ഷമായും ചോദിക്കുന്ന ഒരു ചോദ്യമാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. സ്ത്രീകളുടെ തുല്യതക്കും അന്തസ്സിനുമുള്ള പോരാട്ടങ്ങള്‍ നൂറ്റാണ്ടുകളായി തുടരുമ്പോഴും അവയെല്ലാം പുരുഷമേധാവിത്വ സമൂഹത്തില്‍ തെറ്റായ രീതിയിലാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍ തന്നെ ഒരു സ്ത്രീ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ന്നിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. സ്ത്രീ ഒരു ഉപഭോഗവസ്തുവും ദുര്‍ബലയും പുരുഷന് കീഴ്‌പ്പെട്ട് ജീവിക്കേണ്ടവളുമാണ് എന്ന ധാരണ ശക്തമായതിനാല്‍ പുരുഷന് കീഴില്‍ ജീവിച്ചുവരികയാണ് സ്ത്രീസമൂഹം. അതുകൊണ്ട് സാമൂഹികമായും ശാരീരികമായും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതും സ്ത്രീകള്‍ തന്നെ. കൂടാതെ സ്ത്രീകളെ വരുതിയില്‍ നിര്‍ത്താനുള്ള ചട്ടക്കൂടുകള്‍ എല്ലാ വിശുദ്ധ മതഗ്രന്ഥങ്ങളിലുമുണ്ട്.

സ്ത്രീവിവേചനം അതിന്റെ ഭീകരാവസ്ഥയില്‍ എത്തിയിരിക്കുന്ന രാജ്യങ്ങളിലൊന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയാണ്. ഒരിക്കല്‍ ഒരു കുട്ടി ഗാന്ധിജിയോട് ചോദിച്ചു ''എന്താണ് ജനാധിപത്യം'' എന്ന്. ഗാന്ധിജി ലഘുവായ വാക്കുകളില്‍ പറഞ്ഞ ഉത്തരം പ്രസിദ്ധമാണ്. ''ഒരു ഓട്ടപ്പന്തയം ആണ് ജനാധിപത്യം''. പലരും ഓടുന്നു. ഒരാള്‍ മുന്നിലെത്തുന്നു. അപ്പോള്‍ കൂടെയും ചിലര്‍ ഓടിയിരുന്നു എന്ന് മുന്നിലെത്തുന്നവന്‍ മറന്നുപോകുന്നു. അവിടെത്തുടങ്ങുന്നു ജനാധിപത്യത്തിന്റെ മൂല്യത്തകര്‍ച്ച. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പെണ്‍ഭ്രൂണഹത്യ സാധാരണയാണ്. നിയമം അനുശാസിക്കുന്നില്ലെങ്കിലും സ്വകാര്യ ആശുപത്രികള്‍ അതിന് സൗകര്യമൊരുക്കുന്നു. വിവാഹാനന്തരം വീടിനുള്ളില്‍ ഒതുങ്ങിക്കൂടുന്ന സ്ത്രീകളാണ് കൂടുതലും. സതി നടന്ന കാലഘട്ടത്തില്‍ പോലും ഭാര്യയുടെ മരണശേഷം പുരുഷന് മറ്റൊരു വിവാഹത്തിന് തടസ്സമുണ്ടായിരുന്നില്ല. എന്നിട്ടും സതി നിയമംകൊണ്ടു തടഞ്ഞപ്പോള്‍ എഴുപതിനായിരത്തില്പരം സ്ത്രീകള്‍ സതി ആചാരം തുടരാന്‍ തെരുവിലിറങ്ങിയെന്നാണ് ചരിത്രം. അതുപോലെ ശൈശവവിവാഹം ഭാരതത്തിലെ ഒരു സാമൂഹ്യവിപത്തായിരുന്നു. എത്രയോ കുഞ്ഞുവാവ ഭാര്യമാര്‍ ആദ്യരാത്രിയില്‍ അരക്കെട്ടുതകര്‍ന്നു മരിച്ചിരിക്കുന്നു. 1891ല്‍ ഫൂല്‍മണി എന്ന ഒറീസ്സക്കാരി പത്തുവയസ്സുള്ള കുഞ്ഞുവാവ ഭാര്യ ആദ്യരാത്രിയില്‍ അരക്കെട്ടൊടിഞ്ഞു മരിച്ചത് 35 വയസ്സുള്ള ഹരിമോഹന്‍ മൈത്തി എന്ന ഭര്‍ത്താവ് ലൈംഗികദാഹം തീര്‍ത്തപ്പോഴാണ്. 1891 ലെ ഏജ് കണ്‍സന്‍റ് ബില്‍ പാസ്സാക്കുവാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത് ഫൂല്‍മണിയുടെ മരണമാണെന്നാണ് പറയപ്പെടുന്നത്.

കേരളത്തിലെ സ്ഥിതി അതിലും ഭീകരവും ദുരിതപൂര്‍ണ്ണവുമായിരുന്നു . പി. ഭാസ്കരനുണ്ണിയുടെ 'പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരള ' ത്തില്‍ പറയുന്നു. ശൂദ്രപ്പെണ്ണുങ്ങള്‍ക്ക് മൂക്കുത്തിയിടാന്‍ പാടില്ലാത്ത കാലത്ത് പന്തളം തെരുവീഥിയില്‍ പുലയസ്ത്രീകള്‍ മൂക്കുത്തിയിട്ട് ഇറങ്ങിയപ്പോള്‍ അവരുടെ മൂക്ക് സവര്‍ണ്ണപ്പട വലിച്ചുകീറി. അതിന് മേല്‍ജാതിപ്പെണ്ണുങ്ങള്‍ പിന്തുണയും നല്‍കി. കായംകുളം പട്ടണത്തിലൂടെ ഈഴവയുവതി നാണം മറയ്ക്കാന്‍ മാറില്‍ തുണ്ടു തുണിയിട്ടു പോയപ്പോള്‍ മേല്‍ജാതിക്കാര്‍ അവരുടെ തുണി വലിച്ചുമാറ്റി മാറില്‍ വെളളക്കാമോട (മച്ചിങ്ങ ) പിടിപ്പിച്ചു പൂര്‍ണ്ണ നഗ്‌നയാക്കി റോഡിലൂടെ നടത്തി. കീഴ്ജാതിക്കാര്‍ കടയില്‍ പോയി ഉപ്പ് ചോദിച്ചാല്‍ തല്ലിക്കൊല്ലും. അച്ചിപ്പുടവ നെയ്യുന്ന ഈഴവപ്പെണ്ണുങ്ങള്‍ക്ക് മുട്ടിനുതാഴെ മുണ്ടുടുക്കാന്‍ അവകാശമില്ലായിരുന്നു. റോഡിലൂടെ നടക്കാന്‍ അവകാശമില്ലാത്തതുകൊണ്ട് പറയജാതിക്കാര്‍ പകല്‍വെളിച്ചത്തില്‍ പൊന്തക്കാടുകളിലൂടെ പതുങ്ങിയും നിരങ്ങിയും ആണ് സഞ്ചരിച്ചിരുന്നത്. സ്വാമി വിവേകാനന്ദന് ജാതി പറയാത്തതുകൊണ്ട് കൊടുങ്ങല്ലൂര്‍ ക്ഷേത്രപരിസരത്തുനിന്ന് ദാഹിച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം പോലും കൊടുത്തില്ല. അദ്ദേഹം കേരളം ഒരു ഭ്രാന്താലയം എന്നുപറയാന്‍ അതും ഒരു കാരണമാകാം. നാമിന്ന് പത്തൊന്‍പതാം നൂറ്റാണ്ടിലെ ആ ഇരുണ്ട ലോകത്തേക്കൊരു മടക്കയാത്രക്കൊരുങ്ങുകയാണ്.

ആചാരലംഘനങ്ങളുടെയം ആത്മവീര്യത്തിന്‍റെയും സഹനത്തിന്റെയും ചരിത്രമാണ് നവോദ്ധാനത്തിന്‍റെ ഏടുകളില്‍ കാണുന്നത്. ''എനിക്ക് ജാതിയില്ല, മതമില്ല'' എന്നുറക്കെ പ്രഖ്യാപിച്ച വിശ്വമാനവികതയുടെ മഹാപ്രവാചകനായ ശ്രീനാരായണഗുരുവിനെ ആണ് നവോദ്ധാനനായകരില്‍ എടുത്തുപറയേണ്ടത്. അരുവിപ്പുറത്തെ കണ്ണാടിപ്രതിഷ്ഠ കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. നമുക്ക് ഇനി പുതിയ അമ്പലങ്ങള്‍ വേണ്ട. പകരം വിദ്യാലയങ്ങളും വ്യവസായശാലകളുമാണ് വേണ്ടത് എന്ന്. കണ്ണാടിപ്രതിഷ്ഠക്കുമുന്പ് നെയ്യാറില്‍ മുങ്ങിനിവര്‍ന്ന് ഗുരു ധ്യാനലീനനായി മണിക്കൂറുകള്‍ കരഞ്ഞു കണ്ണീരൊഴുക്കി എന്ന് കുമാരനാശാന്‍ എഴുതിയിട്ടുണ്ട്. ആരെ ചൊല്ലിയാണ് ഗുരു കരഞ്ഞത് ? അതെ, മനുഷ്യവംശത്തിന്റെ ദുരിതങ്ങളെച്ചൊല്ലി, അസഹ്യമായ വേദന അനുഭവിക്കുന്ന കേരളജനതയെച്ചൊല്ലിയാണ് ഗുരു കരഞ്ഞത്. ആ ഗുരുവിനെയാണ് സമാധിക്കുശേഷം സവര്‍ണ്ണമാടമ്പികള്‍ ''സിമന്റ് നാണു'' എന്നുവിളിച്ചത് !

അയ്യങ്കാളിയുടെ കാര്‍ഷിക പണിമുടക്കിലൂടെയാണ് പുലയപെണ്‍കുട്ടി പഞ്ചമിയെയും കൂട്ടുകാരെയും പള്ളിക്കൂടത്തില്‍ പ്രവേശിപ്പിച്ചത്. ഒന്നര വര്‍ഷം നെല്‍വയലുകള്‍ കൊയ്യാതെ കിടന്നു. വിളഞ്ഞ നെല്ലുകള്‍ പതിരായി. മേലാളന്മാര്‍ വിറച്ചു. അവസാനം കീഴ് ജാതിക്കുട്ടികള്‍ക്ക് പൊതുവിദ്യാലയത്തില്‍ പ്രവേശനം കൊടുക്കേണ്ടിവന്നു. അതുപോലെതന്നെ വൈക്കം സത്യാഗ്രഹവും. വൈക്കത്ത് അമ്പലത്തിനു മുന്‍പിലുള്ള വഴിയിലൂടെ കീഴ് ജാതിക്കാര്‍ക്ക് നടക്കാന്‍ പോലും അവകാശമില്ലായിരുന്നു. മധ്യസ്ഥതക്ക് ഗാന്ധിജി എത്തി. അമ്പലത്തിന്റെ അവകാശി ഇണ്ടംതുരുത്തിമനക്കല്‍ നമ്പൂതിരിപ്പാട് ഗാന്ധിജിയെ വൈശ്യനായതുകൊണ്ട് മനയില്‍ കയറ്റിയില്ല. ഗാന്ധിജിയെ മുറ്റത്തു പന്തലിട്ടിരുത്തി നമ്പൂതിരിപ്പാട് മനയുടെ ജനല്‍പാളികള്‍ തുറന്ന് സംസാരിക്കുകയാണ് ചെയ്തത്. ഗാന്ധിജി ചോദിച്ചു. ''അവരെക്കൂടി മനുഷ്യരായി പരിഗണിച്ചുകൂടേ ?'' നമ്പൂതിരി പറഞ്ഞു ''ആചാരം അനുവദിക്കുന്നില്ല. അവര്‍ നീചജന്മങ്ങളാണ്. വൈക്കത്തപ്പന് അതിഷ്ടമല്ല ''. നവോദ്ധാനത്തിലൂടെ വൈക്കത്തപ്പന്റെ ഇഷ്ടം തിരുത്തിക്കുറിച്ചു. ഇണ്ടംതുരുത്തിമന ഇന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി ഓഫീസാണ്. ചരിത്രം അങ്ങനെ പ്രതികാരം ചെയ്തതായും കാണാം.

ഇന്ന് ശബരിമലയില്‍ ശരണം വിളികളല്ല. മതഭീകരരുടെ കൊലവിളികള്‍ ആണ്. സ്ത്രീയുടെ
ആര്‍ത്തവം അയ്യപ്പനിഷ്ടമല്ല , അത്
ആചാരലംഘനമാണ് എന്ന് അലമുറയിടുന്ന ഹിന്ദുതീവ്രവാദികളും അവരോട് ഇണചേരുന്ന രാഷ്ട്രീയനപുംസകങ്ങളും ഒന്ന് മനസ്സിലാക്കണം വര്‍ഷങ്ങളായി ശബരിമലയില്‍ ആചാരലംഘനങ്ങള്‍ തുടര്‍ക്കഥ ആകുന്നുവെന്ന് . പതിനെട്ടാംപടിയില്‍ സിനിമ ഷൂട്ടിങ് നടത്തിയതും കുട്ടിക്ക് ചോറൂണ് നടത്തിയതും മകരവിളക്കിനും മണ്ഡലക്കാലത്തും നട തുറന്നിരുന്നത് ഇന്ന് എല്ലാ ഒന്നാം തിയതിയും തുറന്ന് അഞ്ചുദിവസമാക്കിയതും ശയനപ്രദിക്ഷണം ആള് കൂടിയപ്പോള്‍ നിര്‍ത്തലാക്കിയതും ആചാരലംഘനമല്ലേ ? കാണിക്കപ്പണം എണ്ണാന്‍ ക്ഷേത്രത്തിന്റെ അടിയിലൂടെ കന്‍വെയര്‍ ബെല്‍റ്റ് സ്ഥാപിച്ചപ്പോഴും പതിനെട്ടാംപടിയില്‍ പടിപൂജയും തേങ്ങയുടക്കലും നിര്‍ത്തലാക്കിയപ്പോഴും ആചാരലംഘനം തോന്നിയില്ലേ ? തലേദിവസം മാലയിട്ട് പിറ്റേദിവസം മലചവിട്ടുന്ന ഈ ടൂറിസ്റ്റ് സംസ്കാരത്തില്‍ 41 ദിവസം വ്രതമനുഷ്ടിച്ച് മലക്കു പോകുന്നവര്‍ എത്ര പേരുണ്ടാകും ? ഗോത്രാചാരങ്ങള്‍ ഒക്കെ തട്ടിയെടുത്തില്ലേ ? മലയരയന്മാരുടെ തേനഭിഷേകവും ചീരമ്പാറ കുടുംബത്തിന്റെ വെടിവഴിപാടാവകാശവും മകരവിളക്ക് തെളിയിക്കാനുള്ള മലമ്പണ്ടാരങ്ങളുടെ അവകാശവും പോയി. ഇത്രേയുള്ളൂ ആചാരങ്ങളുടെ കഥ. അപ്പോള്‍ സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ പരമോന്നതകോടതിയുടെ ചരിത്രപ്രധാനമായ വിധിക്കെതിരെ സ്ത്രീകളുടെ ആര്‍ത്തവം മാര്‍ക്കറ്റ് ചെയ്ത് സ്ത്രീകളെക്കൊണ്ടുതന്നെ സമരം ചെയ്യിക്കുന്ന സാമൂഹ്യവിരുദ്ധരായ നവയാഥാസ്ഥിതികരുടെ ഉദ്ദേശം കലാപമുണ്ടാക്കി മേല്‍ജാതിക്കാരുടെ ശബരിമലയിലെ ഇരിപ്പിടം ഉറപ്പിക്കുകയും വര്‍ഗീയരാഷ്ട്രീയത്തിന് അടിത്തറ പാകുകയും ചെയ്യണം എന്നുള്ളതാണ്.

സ്‌നേഹത്തിന്റെ വിശ്വരൂപമായി നവോത്ഥാനകാലത്ത് ജീവിച്ച ഒരു കാലത്തിന്റെ കഥാകാരി ഉണ്ടായിരുന്നു നമുക്ക്, ലളിതാംബിക അന്തര്‍ജ്ജനം. അവരുടെ 'ആത്മകഥയ്ക് ഒരാമുഖം' എന്ന പുസ്തകത്തില്‍ ലളിതാംബിക എഴുതി ''ആ ദിവസം ഞാന്‍ ഋതുമതി ആയ ദിവസം അതറിഞ്ഞപ്പോള്‍ വീട്ടില്‍ അച്ഛന്‍ കരഞ്ഞു. അമ്മ കരഞ്ഞു. വേലക്കാരിപ്പെണ്ണുങ്ങള്‍ കരഞ്ഞു. മുത്തച്ഛനും മുത്തച്ചിയും കരഞ്ഞു. ഇതുകണ്ട് ഞാനും പൊട്ടിക്കരഞ്ഞു. മരിച്ച വീടുപോലെ ആയി എന്റെ വീട്. സാമൂഹിക ലോകത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ മരിച്ചിരുന്നു.'' ഇതായിരുന്നു നൂറു കൊല്ലം മുന്‍പുള്ള കേരളത്തിന്റെ നേര്‍ക്കാഴ്ച. ഇന്ന് ഒരു പെണ്‍കുട്ടി ഋതുമതി ആകുമ്പോള്‍ പാപത്തിലേക്കാണ് അവള്‍ കടന്നുകയറുന്നതു് എന്നാരും പറയില്ല. സന്തോഷം അലതല്ലുകയായിരിക്കും കുടുംബത്തില്‍. കാരണം അവള്‍ ഒരു പുതിയ ഋതുവിലേക്ക് പ്രവേശിക്കുകയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ വേറൊരു ജീവനെ പ്രദാനം ചെയ്യുവാനുള്ള സ്ത്രീത്വത്തിന്റെ മറ്റൊരു പടവിലേക്ക് കയറുന്ന വസന്തദിനമായിട്ടാണ് ഋതുമതിയാകുന്ന നിമിഷത്തെ ആധുനികസ്ത്രീകള്‍ വിശേഷിപ്പിക്കുക. വസന്താഗമനത്തിന്റെ , വസന്തഋതുവിന്റെ പ്രവേശം എന്നാണ് ഋതുമതി എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മരണവീട് പോലെയായ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ വീട്ടില്‍നിന്നും വെളിച്ചമുള്ള ഒരു പ്രഭാതം കാണാന്‍ കേരളം നടന്നുതീര്‍ത്ത ദൂരമാണിത് !

കേരള നവോത്ഥാനചരിത്ര നായകന്മാരായി ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും കെ. പി. കറുപ്പനെയും
അയ്യാവൈകുണ്ഠസ്വാമിയേയും ഒക്കെ
നാം പരിചയപ്പെടും. എന്നാല്‍ അടുക്കളയില്‍നിന്നും അരങ്ങത്തേക്കും അവിടെനിന്നും തൊഴില്‍ശാലകളിലേക്കും കുതിച്ച സ്ത്രീകളുടെ ചരിത്രം കൂടിയാണ് കേരളത്തിന്റെ നവോത്ഥാനചരിത്രം. നവോത്ഥാനത്തിന്‍റെ ഓരോ പടവുകളിലും സ്ത്രീകളുടെ ചോരയുണ്ട്, വിയര്‍പ്പുണ്ട് , സമരമുണ്ട് , സഹനത്തിന്റെ കഥകളുണ്ട്. കല്ലുമാല പൊട്ടിച്ച കീഴാളസ്ത്രീയുടെ സമരം മുതല്‍, മുലമുറിച്ചു മുലക്കരത്തിനെതിരെ പ്രതിഷേധിച്ച നങ്ങേലിയുടെ സമരം മുതല്‍, ചാന്നാര്‍ കലാപം പോലുള്ള മാറ് മറയ്ക്കലിന് എതിരെയുള്ള സമരം മുതല്‍, മറക്കുടയ്ക്കുളളിലെ മഹാനരകത്തില്‍നിന്നും സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച നമ്പൂതിരി സ്ത്രീകളുടെ കലാപം മുതല്‍ ചരിത്രത്തിന്റെ ഏത് ഏട് പരിശോധിച്ചാലും സ്ത്രീകളായ പോരാളികളെ കാണാം. അഭിമാനിനികളായ മനുഷ്യാന്തസ്സിനെ മുറുകെപ്പിടിച്ച സ്ത്രീകളുടെ ചരിത്രം കൂടിയാണ് കേരളനവോത്ഥാനചരിത്രം. ആ സ്ത്രീകളുടെ മുഖത്തു നോക്കിയാണ് ''നിങ്ങള്‍ അശുദ്ധരാണ് '' എന്ന് ചിലര്‍ പറയുന്നത്. ഇത് പറയാന്‍ ഇവര്‍ ആരാണ് ? ഏത് വിധിയാണ് ഇവര്‍ക്കതിന് അവകാശം കൊടുത്തത് ?

1927 ഡിസംബര്‍ 25 ന് മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലുള്ള ചവദാര്‍ കുളത്തിലേക്കുള്ള ദളിതരുടെ അവകാശം സവര്‍ണ്ണമാടമ്പികളില്‍ നിന്നും പിടിച്ചുവാങ്ങി കുളക്കരയില്‍, ആയിരക്കണക്കിന് കീഴ്ജാതിക്കാരെ സാക്ഷിനിര്‍ത്തി ജാതിവ്യവസ്ഥയില്‍ അധിഷ്ടിതമായ വര്‍ണ്ണാശ്രമ സാമൂഹ്യവ്യവസ്ഥിതി മുന്നോട്ടു വയ്ക്കുന്ന, സ്ത്രീകളെ കൊല്ലുന്നത് അത്രയ്ക്ക് കുറ്റമല്ലാത്ത ''മനുസ്മൃതി'' കത്തിച്ചുകൊണ്ട് ഡോഃ ബി. ആര്‍. അംബേദ്ക്കര്‍ പ്രസംഗിച്ചു ''ആചാരങ്ങളുടെ കെട്ട സംഹിതയായ മനുസ്മൃതി ഞാനിവിടെ കത്തിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു, ഇന്ത്യയിലെ മുഴുവന്‍ മനുഷ്യര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന ഒരു ഭരണഘടന നിങ്ങള്‍ക്ക് ഉണ്ടായിരിക്കും.'' ആ വാഗ്ദാനത്തിന്റെ നിറവേറ്റലാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഭരണഘടനയായി നമ്മുടെ കൈകളില്‍ എത്തിയത്. നൂറ്റാണ്ടുകളായുള്ള പോരാട്ടങ്ങളുടെയും യാതനകളുടെയും പ്രതിഫലമാണ് ഇന്ത്യന്‍ ഭരണഘടന . അത് കത്തിക്കണമെന്നാണ് പത്തനംതിട്ടയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഒരു സംഘപുത്രന്‍ പ്രസംഗിച്ചത്. ഇന്ത്യന്‍ ഭരണഘടന കത്തിച്ച് മനുസ്മൃതി പകരം വാക്കാനൊരുങ്ങുന്ന കാപാലികര്‍ക്ക് മാപ്പില്ല.

മതങ്ങള്‍ ആചാരങ്ങള്‍ക്കപ്പുറം മൂല്യങ്ങള്‍ ആകട്ടെ ! അമ്പലനടകളില്‍ ആര്‍ത്തവം തെളിയിക്കാന്‍ ഉടുതുണിപൊക്കി സ്ത്രീകള്‍ സ്വയം അപഹാസ്യരാകുന്ന ഈ കെട്ട കാലത്ത്, സ്ത്രീകളെ രണ്ടാംതരക്കാരാക്കി നിലനിര്‍ത്താന്‍ നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മതേതരമാനവികതയുടെ ചരമഗീതം സ്ത്രീകളെക്കൊണ്ടുതന്നെ പാടിപ്പിക്കുന്ന ഈ വര്‍ത്തമാനകാലത്ത്, വര്‍ഗ്ഗീയാധിഷ്ടിതമായ നവയാഥാസ്ഥിതികത്വത്തിന്റെ പുത്തന്‍ പ്രത്യയശാസ്ത്രങ്ങള്‍ വിഷസര്‍പ്പങ്ങളായി മനുഷ്യമനസ്സാക്ഷിക്കുനേരെ ഫണമാടുന്ന ഈ ശപിക്കപ്പെട്ട സാമൂഹ്യസാഹചര്യത്തില്‍ ഓരോ സ്ത്രീയും മുഴുവന്‍ ഹൃദയവിശുദ്ധിയോടെ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു ''എന്നെ നിയന്ത്രിക്കുന്നത് എന്റെ മനസ്സാക്ഷി ആണെന്ന്. എന്റെ നീതിബോധമാണെന്ന് ''. അതുതന്നെയാണ് സ്ത്രീസുരക്ഷക്കുള്ള ബോധവത്ക്കരണവും .

പണ്ട് നാസ്സി പട്ടാളക്യാമ്പില്‍ അടിമയായി അകപ്പെട്ട ഒരു ജൂതപ്പെണ്ണിന്റെ കഥയോര്‍ത്തുപോകുന്നു. രാത്രി മുഴുവനും പട്ടാളഓഫീസറുടെ കൂടെ ശയിച്ച പെണ്ണിനെ പിറ്റേദിവസം തിങ്ങിനിറഞ്ഞ പട്ടാളസദസ്സില്‍ നഗ്‌നയാക്കി നിറുത്തിയിട്ട് ഓഫീസര്‍ ചോദിച്ചു ''പെണ്ണേ, നിനക്ക് ലജ്ജ തോന്നുന്നില്ലേ ?'' ജൂതപ്പെണ്ണ് മറുപടി പറഞ്ഞു. ''ചീര്‍ത്തു വീര്‍ത്ത ഉദ്ധരിക്കാത്ത നിന്റെ ലിംഗത്തെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു''.
Join WhatsApp News
വിദ്യാധരൻ 2018-11-27 23:55:46
   നല്ലൊരു ലേഖനത്തിന് നന്ദി.  സ്ത്രീകളോട് പുരുഷന്മാർക്ക് എത്രമാത്രം ക്രൂരത കാട്ടാമെന്നതിന് ഉദാഹരണമാണ് 'ഇമലയാളിയിലെ '  യുവാവിനെ  കെട്ടിയിട്ട് കാമുകിയെ ആറുപേര് ചേർന്ന്   ബലാൽസംഗം ചെയ്‌തു എന്ന വാർത്ത. ആറ് പുരുഷന്മാരിൽ ഒരുത്തനുപോലും തോന്നിയില്ല അവർ ചെയ്യുന്നത് തെറ്റാണെന്ന്. സ്ത്രീ വെറും കാമം തീർക്കാനുള്ള ഒരു ഉപാധിയായിട്ടാണ് മിക്ക പുരുഷന്മാരും കാണുന്നത് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത് .  ക്ഷേത്രങ്ങളിലും. പള്ളികളിലും അതുപോലെ മതരാഷ്ട്രീയ നേതൃത്വങ്ങളെ കാണാൻ സ്ത്രീകൾ ഒറ്റക്ക് പോകാതിരിക്കുക. എപ്പോഴാണ് ഇവർ ചാടിവീഴുന്നതെന്ന് അറിയില്ല 

കാമം ജ്വലിക്കുന്ന കണ്ണുമായി
പാത്തിരിക്കുന്നു ഹിംസ്ര ജന്തുക്കൾ 
ഒറ്റ തിരിഞ്ഞു വരുന്ന 
മാൻപേടകളുടെ മേൽ 
ചാടിവീഴുന്നു വ്യാഘ്രം കണക്കെയവർ  
ആഴ്ത്തുന്നു നഖങ്ങൾ 
കൊമ്പല്ലാൽ കടിച്ചുകീറുന്നു 
കാമദാഹികളാ മൃഗപാളികയെ .
കാണാം കാവിവസ്ത്രധാരികളായി 
എംഎൽ യായി എം പിയായി 
കാപ്പായിട്ട ഫ്രാൻകോമാരായി 
പൊയ്‌മുഖധാരികളിവർ 
തക്കംപാർത്തിരിക്കു-
ന്നൊര വസരത്തിനായി
ക്ഷമിക്കണം സ്ത്രീകളെ 
കരുത്തില്ല ഞങ്ങൾക്കിന്നു 
നിങ്ങളെ കാത്തു പരിപാലിക്കുവാൻ 
കാക്കുക നിങ്ങൾ നിങ്ങളെ സ്വയം.
പരിവർത്തനത്തിന്റ 
രഥചക്ര ധ്വനി കേൾക്കുന്നുണ്ടകലെ 
ഇന്നല്ലെങ്കിൽ നാളെ മാറിയേ പറ്റു
അഴുകി നാറുമീ സംസ്കാരം 
കാത്തിരിക്കുന്നതിനായ് ഞങ്ങളും 
Save yourself. 2018-11-28 17:13:07

Male dominance has not changed ever since the beginning of civilization. Religion, politics, society- all are under male dominance. We can point our finger direct on religion for it. Because religion controls the human from birth to death. Many educated young generations are eliminating religion from their life and are taking wise choices where the woman becomes a partner and not a slave. But the sad part is; we are brought up in the old tradition and even if they are given freedom they tend to hang on to their male. Women need to change. They must gain education and good jobs. Women need to wake up and throw away the ‘housewife’ attitude. Be a partner, a contributor – then you will gain more rights and respect.

There is no one coming from the skies to save you. Be your own leader & Savior.

andrew

ഉണക്ക മീനും പൂച്ചയും 2018-11-28 17:29:53

ഉണക്ക മീനും പൂച്ചയും പോലെ ആണ് സ്ത്രി സ്വതന്ത്രം. എത്ര സ്വതന്ത്രം കൊടുത്താലും റബര്‍ ബാന്‍ഡ് പോലെ സ്ത്രി തിരികെ വരും. അതായത് പോ പൂച്ചേ എന്ന് പറഞ്ഞു ഉണക്ക മീന്‍ കൊണ്ട് പൂച്ചയെ അടിച്ചു ഓടിക്കാന്‍ നോക്കുന്നതുപോലെ. എന്നുംകൊണ്ട് ചൂട് വെള്ളം ഒഴിച് ഓടിക്കല്ലേ.

നാരദന്‍ 

WOMEN UNITED 2018-11-28 17:35:49
Over 50% of women that are murdered are killed by partners or ex partners, and a majority of the time, those partners are reported to the police with little to no action against them. /DISARM DOMESTIC ABUSERS/.
josecheripuram 2018-11-28 20:58:19
The women's liberation should start from home,although we talk women's equality how many of our girls are treated like boys in their homes?The parents constantly remind them "That you are a Girl,you have limitations."So even you give them freedom they are unable to use it properly.If you put a Dog on a leash,Even there is no leash,the Dog is not going any where.
സത്യം കൈയ്പുള്ളതാണ് 2018-11-28 22:15:27
പണ്ട് കാലത്ത് കേരളത്തിൽ നിന്ന് കുടിയേറിയ മലയാളികൾ, അവര് വന്നത് സ്ത്രീകൾ  വഴിയാണെങ്കിലും, താൻ പുരുഷനാണ്, വീട്ടിലെ നാഥനാണ്, തന്നെ എല്ലാവരും ബഹുമാനിക്കണം എന്നക്കെയുള്ള മൗഢ്യ ചിന്തകളുമായി കുടിയേറിവർ ആയിരുന്നു. അവരുടെ വലിയ പ്രശ്‌നം അപകർഷ ബോധമായിരുന്നു.  നാട്ടിൽ തറവാടിന്റെ മഹിമയും ഒക്കെ പറഞ്ഞ് തേരാപാരാ നടന്ന് ഇവിടെ വന്ന് താഴ്ന്ന ജോലി (അമേരിക്കക്കാർക്ക് ഒരു ജോലിയും താഴ്ന്ന ജോലിയല്ല ) ചെയ്യണ്ടതായി വന്നപ്പോൾ പലർക്കും തലക്ക് ഭ്രാന്തു പിടിച്ചു. കുറേപേർ കള്ളു കുടിച്ചു ചീട്ടു കളിച്ചു. പിന്നെ മലയാളി അസോസിയേഷൻ സ്ഥാപിച്ചു അവിടെ പ്രസിഡണ്ടായി. ചീട്ടുകളിയും കള്ളു കുടിയും അങ്ങോട്ട് മാറ്റി.  ഇവിടെ നിന്ന് ഇവന്മാർ തട്ടകം പള്ളികളിലേക്ക് മാറ്റി അവിടെ പ്രസിഡണ്ട് സെക്രട്ടറി എന്ന് വേണ്ട ഓരോ പരിപാടി തുടങ്ങി . പക്ഷെ എന്ത് ചെയ്യാം പട്ടി എവിടെ ചെന്നാലും നക്കി അല്ലെ കുടിക്കു.  എരി തീയിൽ എണ്ണ ഒഴിച്ച് കത്തിക്കുന്നതുപോലെ ബിഷൊപ്പ്മാരും പള്ളീൽ അച്ചന്മാരും ഇവമ്മാരുടെ പൊങ്ങച്ചത്തിന്റെ മേൽ അഭിഷേക തൈലം ഒഴിച്ച് കൊടുത്ത് .  അങ്ങനെ കാലം മുന്നോട്ട് പോയി, അവൻ ത്രീ പീസ് സൂട്ടിൽ നാട് ഭരിച്ചു വിലസിയപ്പോൾ പാവം സ്ത്രീകൾ രണ്ടു ജോലി ചെയ്ത്, നാടു നന്നാക്കാൻ ഇറങ്ങി അലഞ്ഞു തിരിഞ്ഞു നടക്കുന്ന മഹാ നേതാക്കന്മാരുടെ കുട്ടികളെ വളർത്തി വലുതാക്കി .  രാത്രിയിൽ കള്ളു കുടിച്ചു എല്ലാവരും ഉറങ്ങി കഴിയുമ്പോൾ വീട്ടിൽ കയറി വരുന്നവനും, ഭാര്യയെ എടുത്തിട്ട് ഇടിക്കുകയും കുട്ടികളോട്  നാല് ഇംഗ്ലീഷ് വാക്ക് ചേർത്തു പറയാൻ അറിയാത്തവനും ഒക്കെ ജീവിക്കുന്ന വീട്ടിലാണോ മിസ്റ്റർ ജോസ് ചെറിപുരം മാന്യം മരിയാദ പഠിക്കേണ്ടത് ? അടുത്ത തലമുറ രക്ഷപ്പെട്ടെങ്കിൽ നല്ലത്.  

josecheripuram 2018-11-29 20:45:49
Mr,Paulose,I like your articles, as I said to you before, words should penetrate in the heart of readers.Then only a writer is successful.Keep writing keep your pen sharp.
Tom abraham 2018-11-29 08:35:04

There is MALE in Female, and FEMALE in male, at least some psychologists say so. Female Astronauts in America. Attorneys, Prosecutors who have proven efficiency. Males not having the real guts speak against Creator God Who made woman beautiful, strong to deliver babies, enduring, amidst all odds. Lioness greater than Lion. Male dominence till he gets slapped by woman. 


Venu Kolkata 2019-03-20 00:34:13
Sthree shaaktikaranavum navodhanavum hindu dharmam adhava hindu jeevithareethiyil mathram mathiyo? Rajyathum lokathumulla mattu shtreekalkathu bhadhakamalle? Sthree swathanthryam shabarimalayilum, aarthavathilum mathram nilkunnathano? Innu ethra sthreekal oro veetilum swathanthraranu? Ethra sthreekalku abhipraya swathanthryamundu nammude naatil? Enthra sthreekalku swantham ishtathinanusarichu pravarthana meghala thiranjedukkanulla swathanthryamundu? Innathe samskarika nayakan maar ezhuthilum prasangathilum mathrame samsakaram kaanikkunnullu, pravarthiyil ethraperundu? Ethenkilum samsakara nayakanu parayamo sthreekale palliyil kayattathadatholam kaalam adhehavum adhehathinte kudumbathilulla mattu prushan marum palliyil niskarikkillannu? Karthavinte thampurattilkentha varna uduppukal dharikkan padille? Avarkkum kaanille mohangalum moha bangangalum? Navodhanam hindu kkalkidayil mathram mathiyo? Ee jathiperum, thottukoodaymayum paranju kure pere matham maatiyeduthallo, avare yokke navodhanicho?? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക