Image

മമ്മൂട്ടിയുടെ മുന്നില്‍ പതറിയ സംഭവം തുറന്നുപറഞ്ഞ് ശ്രീകുമാര്‍

Published on 28 November, 2018
മമ്മൂട്ടിയുടെ മുന്നില്‍ പതറിയ സംഭവം തുറന്നുപറഞ്ഞ് ശ്രീകുമാര്‍

മമ്മൂട്ടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ ഒരനുഭവം തുറന്നു പറയുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി.ശ്രീകുമാര്‍. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ശ്രീകുമാര്‍ തന്റെ അനുഭവം പറഞ്ഞത്.

ഒരിക്കല്‍ തോപ്പില്‍ ഭാസിയുടെ കൈയും തലയും പുറത്തിടരുത് എന്ന് സിനിമയ്ക്ക് മമ്മൂട്ടിയെ ബുക്ക് ചെയ്യാന്‍ മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ ഞങ്ങളെത്തി. ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച ടൈറ്റ് ബനിയനൊക്ക ഇട്ട് സുന്ദരനായ ചെറുപ്പക്കാരനെയാണ്. അത് മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തെ കണ്ട് ഞങ്ങള്‍ സലാം പറഞ്ഞു. എന്നാല്‍ മൈന്‍ഡ് ചെയ്യാതെ ഒരു 45 മിനിട്ടോളം മമ്മൂട്ടി ഞങ്ങളെ കാത്തുനിറുത്തി. അതിനുശേഷമാണ് അദ്ദേഹം വന്നത്. എന്നിട്ടു പറഞ്ഞു പെട്ടന്നങ്ങനെ ഇറങ്ങി വരാന്‍ കഴിയില്ല, എന്റെ കൂടെ ഇരുന്നവരെല്ലാം ഇന്‍ഡസ്ട്രീയെ നയിക്കുന്നവരാണ്.

ഞങ്ങള്‍ വന്ന കാര്യം മമ്മൂട്ടിയെ അറിയിച്ചു. വരുന്ന സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ആറ് ദിവസം മതിയാകുമെന്നും മമ്മൂട്ടിയോട് പറഞ്ഞു. എന്നാല്‍ അപ്പോള്‍ തനിക്ക് സമയമുണ്ടാകില്ലെന്നും ഒരുവര്‍ഷം കഴിഞ്ഞ് നോക്കാമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. അല്‍പനേരത്തെ നിശബ്ദതയ്ക്ക് ശേഷം ഒന്ന് അഡ്ജസ്റ്റ് ചെയ്തൂ കൂടെയെന്ന് ഞാന്‍ ചോദിച്ചു. പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

'അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ എന്റെ കൂടെ പഠിച്ചതോ, മറ്റെന്തെങ്കിലും ബന്ധമുണ്ടോ നമ്മള്‍ തമ്മില്‍ ഇതായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇളിഭ്യനായി നില്‍ക്കാന്‍ മാത്രമെ എനിക്കാ സമയം കഴിഞ്ഞുള്ളു. എന്നാല്‍ മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമെല്ലോ എന്ന ചിന്ത ഉണര്‍ന്നു. അപ്പോഴാണ് മമ്മൂട്ടി 'ഒരു കാര്യം ചെയ്യൂ, അടുത്ത സെപ്തംബറില്‍ ചാര്‍ട്ട് ചെയ്യ് ഡേറ്റ് തരാം' എന്നു പറയുന്നത്. എന്റെ എന്തോ മണ്ടത്തരത്തിന് ഞാന്‍ പൊട്ടിത്തെറിച്ചു. അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം അതുപോലെ ഞാനും തിരിച്ചു പറഞ്ഞു. അങ്ങനെ അവിടെ നിന്നും ഞങ്ങള്‍ വഴക്കുണ്ടാക്കി പിരിഞ്ഞിറങ്ങി.

പിന്നീട് പ്രിയദര്‍ശന്റെ 'രാക്കുയിലിന്‍ രാഗസദസില്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് മമ്മൂട്ടിയെ കാണുകയുണ്ടായി. എന്നെ കണ്ട് 'സലാം' എന്നു പറഞ്ഞെങ്കിലും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. ഉടനെ എണീറ്റ് വന്ന് എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞത് 'നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേ' എന്നായിരുന്നു. ആ മമ്മൂട്ടിയാണ് മലയാള സിനിമയില്‍ നിര്‍മ്മാണമൊക്കെ നടത്തി പൊട്ടിപൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായി ജീവിക്കാന്‍ നിവര്‍ത്തിയില്ലാതായ എന്നെ, കാര്‍ കൊടുത്തയച്ച് ആലപ്പുഴയിലെ സെറ്റില്‍ എത്തിച്ച് ഇന്നത്തെ നിലയ്‌ക്കെത്തിച്ചത്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യ സ്‌നേഹിയാണ് മമ്മൂട്ടി' ശ്രീകുമാര്‍ വാചാലനായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക