Image

വെറുതെയിരിക്കുന്നു (റോജന്‍)

Published on 28 November, 2018
വെറുതെയിരിക്കുന്നു  (റോജന്‍)
ഞാനിപ്പോള്‍
തൃശ്ശൂര്‍ പൂരം കാണാറില്ല.
വെടിക്കെട്ട് കേള്‍ക്കാറില്ല.

റോഡിലെ
വളരുന്ന കുഴികളെയോ
അപകടങ്ങളെയോ
കയ്യേറ്റങ്ങളെയോ
ശ്രദ്ധിക്കാറില്ല.

അരുണ്‍ഫെരാരിയും
അര്‍ക്ക ദീപും
മുസ്തഫ കമാലും
അറസ്റ്റിലായ
വാര്‍ത്ത പോലും
വായിച്ചില്ല.

വൈപ്പിനിലെ കുഞ്ഞുങ്ങളുടെ
ദുസ്വപ്നമായ കരിംപൂതം
ആക്ഷന്‍ ഹീറോ ബിജുവായത്
കണ്ട് ചിരിച്ചില്ല.

അയപ്പന്റെ നൈഷ്ഠികതയെ
കുറിച്ച് ചര്‍ച്ചിച്ചില്ല.
രഹന ഫാത്തിമയുടെ
അറസ്റ്റില്‍
പ്രതിഷേധിച്ചില്ല.

മാസങ്ങള്‍ക്ക് മുന്‍പ്
ആള്‍ക്കൂട്ടം തല്ലിക്കൊന്ന
ആദിവാസിയുടെ
പേര് പോലും
ഓര്‍മ്മയില്ല.

ഞാനിപ്പോള്‍
തൃശ്ശൂര്‍ പൂരം കാണാറില്ല.
വെടിക്കെട്ട് കേള്‍ക്കാറില്ല.
മുറിയടച്ച്
മനമടച്ച്
വെറുതെ
ഒന്നും എഴുതാതിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക