Image

ശബരിമലയില്‍ തട്ടി തല്ലിപ്പിരിയുന്ന കേരള നിയമസഭാ സമ്മേളനം

ശ്രീകുമാര്‍ Published on 29 November, 2018
ശബരിമലയില്‍ തട്ടി തല്ലിപ്പിരിയുന്ന കേരള നിയമസഭാ സമ്മേളനം
പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനമാണിപ്പോള്‍ നടക്കുന്നത്. 'നടക്കുന്നത്' എന്ന് പറയുന്നതിനേക്കള്‍ 'അടിച്ച് പിരിയുന്നു...' എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. നവംബര്‍ 27നാണ് സമ്മേളനം തുടങ്ങിയത്.  ഡിസംബര്‍ 13 വരെ സമ്മേളനം തുടരും. പക്ഷേ അങ്ങനെയങ്ങോട്ട് ഉറപ്പിക്കാനുമാവില്ല. ശബരിമല സംഭവങ്ങളുടെ അലയടികള്‍ നിയമസഭാ സമ്മേളത്തില്‍ രൂക്ഷമായി പ്രതിഫലിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. അത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി നിയമസഭ പ്രക്ഷുബ്ധമാവുകയും നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ശബരിമല വിഷയം ഉയര്‍ത്തി നിയമസഭയേയും സമരഭൂമിയാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. സഭാ സമ്മേളനം തുടങ്ങി മൂന്നാം ദിവസവും ശബരിമല തന്നെയാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയം. കഴിഞ്ഞ ദിവസം നടന്ന നാടകീയ സംഭവങ്ങളുടെ ആവര്‍ത്തനം തന്നെയായിരുന്നു ഇന്നും (നവംബര്‍ 29) സഭയില്‍.

ശബരിമല വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സഭാതലം ബഹളത്തില്‍ മുങ്ങിയത്. ചോദ്യോത്തര വേള റദ്ദ് ചെയ്‌തോ, സഭ നിര്‍ത്തിവച്ചോ ഒരു ചര്‍ച്ചയുടേയും ആവശ്യമില്ലെന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നു. ഇന്ന് രാവിലെ സഭ തുടങ്ങിയപ്പോള്‍ മുതല്‍ ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം ശബരിമല വിഷയം ഉന്നയിച്ചത്. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ട് ഇല്ലെന്ന വാദത്തിലാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരു കാരണവശാലും ഇതില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. 

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളായിരുന്നു ഇന്നത്തെ കലാപ വിഷയം. ചോദ്യോത്തര വേള നിര്‍ത്തി വെച്ച് ശബരിമല ചര്‍ച്ച ചെയ്യണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ എം.എല്‍.എമാര്‍ പ്ലക്കാര്‍ഡുകളും ബാനറുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി വളഞ്ഞു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളും തുടങ്ങി. ശബരിമല വിഷയത്തില്‍ ഇന്നലെ തന്നെ വിശദമായ മറുപടി നല്‍കിയതാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സ്പീക്കര്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായി ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം സ്പീക്കറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു.

പ്രതിഷേധം തുടരുന്നത് ശരിയല്ലെന്നും സഭയില്‍ നടക്കുന്നത് ജനം കാണുന്നുണ്ട് എന്നുമുളള ഗവര്‍ണറുടെ വാക്കുകള്‍ സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തി. തങ്ങളാരും കസേര മറിച്ചിട്ടിട്ടില്ല എന്നാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നല്‍കിയ മറുപടി. ബഹളത്തിനിടെ ശബരിമല വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ മറുപടി നല്‍കി. എന്നാല്‍ മറുപടി മേശപ്പുറത്ത് വെക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ ഭക്തര്‍ സംതൃപ്തരാണ് എന്നുളള പത്രവാര്‍ത്തകള്‍ മന്ത്രി സഭയില്‍ ഉയര്‍ത്തിക്കാണിച്ചു. ചോദ്യങ്ങള്‍ക്കുളള മറുപടികള്‍ വായിക്കാതെ മറ്റ് മന്ത്രിമാരും മേശപ്പുറത്ത് വെച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെ മറുപടികള്‍ സ്പീക്കര്‍ ഒഴിവാക്കി. ചോദ്യോത്തര വേള റദ്ദാക്കി സ്പീക്കര്‍ മറ്റു നടപടികളിലേക്ക് കടന്നു. പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. വെറും 21 മിനിറ്റുകള്‍ മാത്രമാണ് ഇന്ന് നിയമസഭ ചേര്‍ന്നത്. 

ഇന്നലത്തെ ഗുസ്തിയുടെ റണ്ണിങ് കമന്ററി ഇങ്ങനെ...രാവിലെ ഒന്‍പത് മണി. ചോദ്യോത്തര വേള തുടങ്ങിയതോടെ സമീപകാലത്തൊന്നും കാണാത്ത വിധം സഭയില്‍ പ്രതിഷേധ തിരമാലകള്‍ അലതല്ലി. ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ പ്രതിപക്ഷ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണനും അന്‍വര്‍ സാദത്തും ശ്രമിച്ചു. ഇരുവരെയും ഹൈബി ഈഡനും എ. വിന്‍സെന്റും ചേര്‍ന്ന് ജെ.സി.ബി കൊണ്ടെന്നപോലെ തള്ളിമാറ്റി. പിന്നെ ഒരു മണിക്കൂര്‍ സഭ നിര്‍ത്തിവെക്കുന്നതായുള്ള സ്പീക്കറുടെ അറിയിപ്പാണ് കേട്ടത്. പ്രതിപക്ഷം ഒന്നടങ്ങി. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷത്തുനിന്നും വി.എസ് ശിവകുമാര്‍ ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.  അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി.

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പൊലീസ് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് പറഞ്ഞായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. നിരോധനാജ്ഞ പിന്‍വലിക്കണം, അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷം മുന്നോട്ടുവെച്ചു. സി.പി.എമ്മും ബി.ജെ.പിയും ശബരിമലയില്‍ ഒത്തു കളിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. പ്രതിപക്ഷത്തിന്റെ മുഴുവന്‍ ആരോപണങ്ങളെയും മുഖ്യമന്ത്രി തള്ളി. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ക്രമസമാധാന ചുമതല ഏറ്റെടുക്കുകയും പൊലീസിന്റെ മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന ചോദ്യമുയര്‍ന്നു. തില്ലങ്കേരി മെഗാഫോണില്‍ അനുയായികളോട് സംസാരിച്ചത് പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. സ്ഥിതി ശാന്തമാക്കാനാണ് ഇത്തരമൊരു നടപടിയുണ്ടായതത്രേ.

ശബരിമലയില്‍ ക്രമസമാധാനത്തിന് ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍ പെട്ടില്ലെന്നും ബലപ്രയോഗം നടത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെന്നും പ്രതിഷേധക്കാര്‍ മൂലം ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു ഇതെന്നും പിണറായി വിജയന്‍ സഭയെ അറിയിച്ചു. അതിനിടെ മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കാതെ ഡാവില്‍ ഒഴിഞ്ഞു മാറി. പ്രതിപക്ഷ അംഗങ്ങളുടെ നക്ഷത്ര ചിഹ്നമില്ലാത്ത നാലു ചോദ്യങ്ങള്‍ക്കും സഭയില്‍ മൗനം പാലിക്കുകയാണ് പിണറായി ചെയ്തത്. കെ.ടി ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം സംബന്ധിച്ച് വി.ടി ബല്‍റാം, സണ്ണി ജോസഫ്, മഞ്ഞളാംകുഴി അലി എന്നിവരായിരുന്നു സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ മുഖ്യമന്ത്രി കട്ട മൗനിയായി.

ശബരിമല വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങള്‍ ചെവിക്കൊള്ളാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറായിരുന്നില്ല. സര്‍ക്കാറാണ് ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ചോദിച്ചുവാങ്ങിയ വിധിയെന്നാണ് സുപ്രീം കോടതി വിധിയെ രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും വിശേഷിപ്പിച്ചത്. ശബരിമലയിലെ ക്രിമിനലുകളെ പൊലീസിന് അറസ്റ്റു ചെയ്യാം. എന്നാല്‍ നാമജപം നടത്തുന്ന എല്ലാവരും ക്രിമിനലുകളല്ല. കുറിയിടുന്നവരെല്ലാം ആര്‍.എസ്.എസുകാരല്ല. കാവിയിടുന്നവരെല്ലാം ആര്‍.എസ്.എസുകാരല്ലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷേത്രം അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടുത്തിയ തന്ത്രിക്കെതിരെയുള്ള നടപടി ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭക്തരെന്ന നാട്യത്തില്‍ ഒരു വിഭാഗമാണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് സഭയെ അറിയിച്ചു. 

ഭക്തരുടെ വാഹനങ്ങള്‍ തടഞ്ഞു. ഇത്തരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായപ്പോഴാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നത്. എന്നാല്‍ സുപ്രിം കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ല എന്ന തരത്തില്‍ നിയമം കയ്യിലെടുക്കാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ അവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമസാധ്യത ഉള്ളിടത്തോളം നിയന്ത്രണങ്ങളും തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തുടര്‍ന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വീണ്ടും പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. അതോടെ സഭ നടത്തിക്കൊണ്ടുപോകാനാവാത്ത സ്ഥിതി വന്നു. സബ് മിഷനുകളും ശ്രദ്ധക്ഷണിക്കലും ഒഴിവാക്കി. ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു നേരിട്ടുവിട്ടുകൊണ്ട് സഭ പിരിയുകയായിരുന്നു. എന്നാല്‍ കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കുറിച്ച്, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെ കുറിച്ച്, ശ്രദ്ധേയമായ ഒരു ചോദ്യവും സഭയില്‍ ഉയര്‍ന്നില്ലെന്നതാണ് ഖേദകരം.

ശബരിമലയില്‍ തട്ടി തല്ലിപ്പിരിയുന്ന കേരള നിയമസഭാ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക