Image

ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജതജൂബിലി ആഘോഷിച്ചു

ഏബ്രഹാം തോമസ് Published on 29 November, 2018
ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജതജൂബിലി ആഘോഷിച്ചു
ഡാലസ്: 25 വര്‍ഷം പിന്നിട്ട ഡാലസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായി നവംബര്‍ 16,17,18 തീയതികളില്‍ ആഘോഷിച്ചു.

ആഘോഷ പരിപാടികള്‍ 16-നു വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന സന്ധ്യാ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. തുടര്‍ന്നു ഇടവകാംഗങ്ങളും കുടുംബങ്ങളും ചേര്‍ന്നു നടത്തിയ ഘോഷയാത്രയുണ്ടായിരുന്നു. അതിനുശേഷം തിരുമേനി ഭക്തജനങ്ങളെ അഭിസംബോധന ചെയ്തു. ആദ്യ വികാരിയായിരുന്ന ഫാ. ചെറിയാന്‍ കുന്നേല്‍ സ്മരണകള്‍ പങ്കുവെച്ചു. കലാപരിപാടികളോടും അത്താഴവിരുന്നോടുംകൂടി ജൂബിലി സമാപന ആദ്യ ദിവസത്തെ ആഘോഷങ്ങള്‍ സമാപിച്ചു.

17-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45-നു പള്ളി അങ്കണത്തില്‍ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര നടന്നു. വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ക്കൊപ്പം അതിഥികളായ സണ്ണിവെയ്ല്‍ ടൗണ്‍ഷിപ്പ് മേയര്‍ സജി ജോര്‍ജ്, കൊപ്പേല്‍ കൗണ്‍സില്‍മാന്‍ ബിജു മാത്യു എന്നിവര്‍ ഘോഷയാത്രയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ അഭിവന്ദ്യ തിരുമേമനി അധ്യക്ഷനായിരിക്കുകയും, സന്ദേശം നല്‍കുകയും ചെയ്തു. സജി ജോര്‍ജും, ബിജു മാത്യുവും ഡാലസ് പോലീസ് ചീഫിനെ പ്രതിനിധാനം ചെയ്‌തെത്തിയ ഡപ്യൂട്ടിയും, ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലും, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഏബ്രഹാം ഈപ്പനും, പൊന്നച്ചന്‍ കോശിയും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രമുഖ ചെണ്ടമേള സംഘം ചെണ്ടമേളം നടത്തി.

സില്‍വര്‍ജൂബിലി സ്മരണികയുടെ പ്രകാശനം മുഖ്യാതിഥികളുടേയും ജൂബിലി കണ്‍വീനര്‍ മാത്യു കോശിയുടേയും പത്രാധിപര്‍ ഏബ്രഹാം തോമസിന്റേയും സാന്നിധ്യത്തില്‍ ആദ്യ കോപ്പി വികാരി ഫാ. ജോണ്‍ കുന്നത്തുശേരിലിന് നല്‍കി അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ ഇടവകാംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ചു. യോഗം ആരംഭിച്ചത് മാത്യു കോശിയുടെ ആമുഖത്തോടെ ആയിരുന്നു. വികാരി ഫാ. ജോണ്‍ കുന്നത്തുശേരില്‍ സ്വാഗതവും ട്രസ്റ്റി ഷാനു രാജന്‍ നന്ദിയും രേഖപ്പെടുത്തി. പള്ളിയുടെ സ്ഥാപകാംഗങ്ങളേയും, വികാരിയേയും ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

18-നു ഞായറാഴ്ച രാവിലെ അഭി. തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും, വി. കുര്‍ബാനയും നടന്നു. അതിനുശേഷം തിരുമേനിയുടെ പ്രഭാഷണവും ഉച്ചഭക്ഷണവുമുണ്ടായിരുന്നു.
ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജതജൂബിലി ആഘോഷിച്ചുഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി രജതജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക