Image

ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു

Published on 30 November, 2018
ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു


ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. നിലയ്‌ക്കലില്‍ യതീഷ്‌ ചന്ദ്രക്ക്‌ പകരം സുരക്ഷാ ചുമതല എച്ച്‌.മഞ്‌ജുനാഥിന്‌ നല്‍കി. അതേ സമയം, ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന പോലീസ്‌ റിപ്പോര്‍ട്ട്‌ ജില്ലാ ഭരണകൂടത്തിന്‌ കൈമാറി.

യുവതി പ്രവേശനത്തില്‍ സുപ്രീം കോടതി വിധി വന്ന ശേഷം മണ്ഡലകാല സുരക്ഷക്കായി കഴിഞ്ഞ 15 മുതലാണ്‌ വിവിധ പോലീസ്‌ ഉദ്യോഗസ്ഥരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചത്‌.

ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഇന്ന്‌ അവസാനിക്കുന്നതോടെ പുതിയ പോലീസുകാരാണ്‌ ഇനി ചുമതലയില്‍ ഉണ്ടാകുക.

നിലയ്‌ക്കലില്‍ യതീഷ്‌ ചന്ദ്രക്ക്‌ പകരം എച്ച്‌ മഞ്‌ജുനാഥിനും സന്നിധാനത്ത്‌ പ്രതീഷ്‌ കുമാറിന്‌ പകരം കറുപ്പസാമി ഐപിഎസിനുമാണ്‌ ചുമതല.

പമ്‌ബയില്‍ കാളിരാജ്‌ മഹേഷ്‌കുമാറിനാണ്‌ ചുമതല നല്‍കിയിരിക്കുന്നത്‌. ഐജി ദിനേന്ദ്ര കശ്യപിനാണ്‌ സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സുരക്ഷയുടെ ഏകീകരണ ചുമതല.

പമ്‌ബ,നിലയ്‌ക്കല്‍ മേഖലയിലെ ചുമതല ഐജി അശോക്‌ യാദവിനാണ്‌. 800 ഓളം പൊലീസിനെയാണ്‌ നിലയ്‌ക്കലില്‍ നിയോഗിച്ചിരിക്കുന്നത്‌. ഇന്ന്‌ രാവിലെ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു.

ഇതിനിടെ, സന്നിധാനം, പമ്‌ബ, നിലയ്‌ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ 144 തുടരണമെന്നാവിശ്യപ്പെട്ട്‌ ജില്ലാ ഭരണകൂടത്തിന്‌ പോലീസ്‌ റിപ്പോര്‍ട്ട്‌ കൈമാറി.

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിരോധനാജ്ഞ തുടരാമെന്നുമുള്ള ഹൈക്കോടതി ഉത്തരവ്‌ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ പോലീസ്‌ നിലപാട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക