Image

തദ്ദേശ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ മുന്നേറ്റം: ഏഴു വാര്‍ഡുകള്‍ പിടിച്ചെടുത്തു

Published on 30 November, 2018
തദ്ദേശ ഉപതെരെഞ്ഞെടുപ്പില്‍  എല്‍ഡിഎഫ്‌ മുന്നേറ്റം: ഏഴു വാര്‍ഡുകള്‍ പിടിച്ചെടുത്തു


കൊച്ചി: സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ മികച്ച മുന്നേറ്റം. തിരുവനന്തപുരത്തും തൃശൂരിലും എറണാകുളത്തും മലപ്പുറത്തുമായി യുഡിഎഫില്‍ നിന്ന്‌ ആറും ബിജെപിയില്‍ നിന്നും ഒരു വാര്‍ഡും എല്‍ഡിഎഫ്‌ പിടിച്ചെടുത്തു.

ആലപ്പുഴയില്‍ യുഡിഎഫിന്റെ രണ്ടു വാര്‍ഡ്‌ ബിജെപി പിടിച്ചു. എല്‍ഡിഎഫ്‌ ആകെ 21 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന്‌ 11 സീറ്റ്‌ മാത്രം. ബിജെപിയ്‌ക്ക്‌ രണ്ടും എസ്‌ഡിപി ഐ ക്ക്‌ രണ്ടു സീറ്റും ഉണ്ട്‌.രണ്ടിടത്ത്‌ സ്വതന്ത്രരും ഒരിടത്ത്‌ യുഡിഎഫ്‌ വിട്ടു മത്സരിച്ച കേരള കോണ്‍ഗ്രസും വിജയിച്ചു.

തൃശൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ വാര്‍ഡും എല്‍ഡിഎഫ്‌ നേടി. ഒരു വാര്‍ഡ്‌ ബിജെപിയില്‍ നിന്ന്‌ പിടിച്ചു. നാലെണ്ണം നിലനിര്‍ത്തി.പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ ബിജെപി ജയിച്ച വാര്‍ഡാണ്‌ എല്‍ഡിഎഫ്‌ പിടിച്ചെടുത്തത്‌.

ബിജെപി അംഗം ഷീജ സജി രാജിവെച്ചതിനെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി പിജെ സിബി ആണ്‌ വിജയിച്ചത്‌. ബിജെപിയിലെ രേഷ്‌മസാജുവും യുഡിഎഫിലെ ജെ പ്രേംദാസുമാണ്‌ മല്‍സരിച്ചത്‌.

ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ടാം വാര്‍ഡില്‍്‌ (ബംഗ്ലാവ്‌) സിപിഐയിലെ കെ എം കൃഷ്‌ണകുമാര്‍ 85 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ്‌ അംഗം സിപിഐയിലെ വി കെ സരള മരിച്ചതിനെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. യുഡിഎഫിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ടി ഒ ഫ്‌ളോന്‍സ്‌ ബിജെപിയിലെ പ്രവീണ്‍ ഭരതന്‍ എന്നിവരായിരുന്നു എതിരാളികള്‍.

കടവല്ലൂര്‍ പഞ്ചായത്തിലെ കോടത്തുകുണ്ട്‌ വാര്‍ഡില്‍ സിപിഐഎമ്മിലെ കെ വി രാജന്‍ 149 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ്‌ അംഗം രാജിവെച്ചതിനെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. കോണ്‍ഗ്രസിലെ കെ കെ സതീഷും ബിജെപിയിലെ ബബിത പ്രേമനും മല്‍സരിച്ചു.

ചേലക്കര പഞ്ചായത്ത്‌ വെങ്ങാനെല്ലൂര്‍ വെസ്റ്റ്‌ രണ്ടാം വാര്‍ഡില്‍ സിപിഐ എമ്മിലെ പി ഗിരിഷ്‌ വിജയിച്ചു.സിപിഐഎം അംഗം ടി ഗോപിനാഥന്‍ മരിച്ചതിനെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. കോണ്‍ഗ്രസിലെ സജീ്വ്‌ തേലക്കാട്ട്‌, ബിജെപിയിലെ ശ്രീകാന്ത്‌ മുണ്ടയ്‌ക്കല്‍ എന്നിവരായിരുന്നു രംഗത്ത്‌ . 22 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 11 അംഗങ്ങള്‍ വീതമാണ്‌ ഉള്ളത്‌.

വള്ളത്തോള്‍നഗര്‍ യത്തീംഖാന വാര്‍ഡില്‍ സിപിഐഎമ്മിലെ പി നിര്‍മ്മലദേവി വിജയിച്ചു. സിപിഐഎം അംഗം സുലൈഖ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. കോണ്‍ഗ്രസിലെ ഷാജില ബാദുഷ, ബിജെപിയിലെ സുനന്ദ എന്നിവരാണ്‌ മല്‍സരിച്ചത്‌.

എറണാകുളം ജില്ലയിലും തെരഞ്ഞെടുപ്പ്‌ നടന്ന അഞ്ചിടത്തും എല്‍ഡിഎഫ്‌ വിജയിച്ചു. എല്‍ഡിഎഫ്‌ മൂന്നു വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന്‌ പിടിച്ചെടുത്തു. രണ്ട്‌ വാര്‍ഡ്‌ നിലനിര്‍ത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക