Image

ലോക റിക്കോര്‍ഡിന്റെ തിളക്കവുമായി മാലിയില്‍ പുളിക്കത്ര തറവാട്‌

Published on 30 November, 2018
ലോക റിക്കോര്‍ഡിന്റെ തിളക്കവുമായി മാലിയില്‍ പുളിക്കത്ര തറവാട്‌

എടത്വാ:കുട്ടനാടന്‍ ജനതയുടെ ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട്‌ ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചു.

9 ദശാംബ്ദം കൊണ്ട്‌ ഒരേ കുടുംബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളി വള്ളങ്ങള്‍ നിര്‍മിച്ച്‌ മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതിയുമായിട്ടാണ്‌ ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചത്‌.

കൊല്‍ക്കത്തയില്‍ നടന്ന ആഗോള ടാലന്റ്‌ ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇത്‌ സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്‌സല്‍ റിക്കോര്‍ഡ്‌ ഫോറം അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ്‌ ഡോ.സുനില്‍ ജോസഫ്‌ നിര്‍വഹിച്ചു.

എടത്വാ വില്ലേജ്‌ യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ്‌ ആയിരുന്ന റിട്ടയേര്‍ഡ്‌ കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ്‌ പുളിക്കത്രയാണ്‌ 1926 ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും 'പുളിക്കത്ര ' വള്ളം നീരണിയിക്കുന്നത്‌.ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും 2017 ജൂലൈ 27 ന്‌ ഏറ്റവും ഒടുവില്‍ നീരണഞ്ഞ കളിവളളം ആണ്‌ ഷോട്ട്‌ പുളിക്കത്ര.

കല്‍ക്കത്തയില്‍ പ്രഖ്യാപനം നടന്ന അതേ സമയം എടത്വാ മാലിയില്‍ പുളിക്കത്ര തറവാടിനോട്‌ ചേര്‍ന്ന്‌ ഉള്ള മാലിപ്പുരയില്‍ ജലോത്സവ പ്രേമികളും കുടുംബാംഗങ്ങളും ഒത്ത്‌ ചേര്‍ന്നു. അര്‍പ്പുവിളികളാല്‍ മുകരിതമായ അന്തരീക്ഷത്തില്‍ ഗ്ലോബല്‍ പീസ്‌ വിഷന്‍ അന്താരാഷ്ട്ര ചെയര്‍പേഴ്‌സണ്‍ വനജ അനന്ത(യു.എസ്‌.എ) പ്രഖ്യാപന രേഖ മോളി ജോണ്‍ പുളിക്കത്രക്ക്‌ സമ്മാനിച്ചു.
ചടങ്ങില്‍ ഗിന്നസ്‌ & യു.ആര്‍.എഫ്‌ റെക്കോര്‍ഡ്‌സ്‌ ഹോള്‍ഡേഴ്‌സ്‌ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.

തന്റെ കുടുംബത്തിന്‌ ജലോത്സവ പ്രേമികളും ദേശനിവാസികളും നല്‌കിയ പിന്തുണയും സഹകരണവും തിരിച്ചറിയുന്നുവെന്നും ഈ അംഗികാരം ഏവര്‍ക്കും കൂടി അവകാശപെട്ടതാണെന്നും ജോര്‍ജ്‌ ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര (ജോര്‍ജി) പറഞ്ഞു.

പുതുതലമുറയ്‌ക്ക്‌ വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനുമാണ്‌ ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്‌ടന്‍ ആക്കി നെഹ്‌റു ട്രോഫി ഉള്‍പെടെയുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക