Image

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഭരണകൂട മുഷ്‌ക്ക് (എ.എസ് ശ്രീകുമാര്‍)

Published on 30 November, 2018
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഭരണകൂട മുഷ്‌ക്ക് (എ.എസ് ശ്രീകുമാര്‍)
ജനാധിപത്യത്തിന്റെ നാലാം തൂണായാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ജുഡീഷ്യറി, ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, പ്രസ് എന്നീ നാല് തൂണുകള്‍ പരസ്പരം പൂരകങ്ങളാവുമ്പോഴാണ് ജനാധിപത്യം പുഷ്‌കലമാവുന്നത്. എന്നാല്‍ ലെജിസ്ലേച്ചറിന് നേതൃത്വം കൊടുക്കേണ്ട സര്‍ക്കാര്‍ എക്‌സിക്യൂട്ടീവിനെക്കൊണ്ട് പ്രസിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ എന്താവും സ്ഥിയെന്ന് ഊഹിക്കാവുന്നതേയുള്ളു. നിര്‍ഭാഗ്യവശാല്‍ കേരളത്തിലിപ്പോള്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നത് പലരും ഓര്‍ക്കുന്നുണ്ടായിരിക്കും. അതിനേക്കാള്‍ കടുത്തതാണ് ഇടതു സര്‍ക്കാരിന്റെ  ഏകപക്ഷീയമായ മാധ്യമ നിയന്ത്രണങ്ങള്‍ എന്ന് അപലപിക്കേണ്ടിവരും.

ആരും ധൈര്യപ്പെടാത്ത, ഒരുകാലത്തുമില്ലാത്ത ഇണ്ടാസാണ് പുറത്തിറക്കിയിയിരിക്കുന്നത്. സെക്രട്ടറേയറ്റിനകത്തും പുറത്തെ വേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. പൊതുപരിപാടികളില്‍ എത്തുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം മാധ്യമങ്ങള്‍ നിര്‍ബന്ധപൂര്‍വമെടുക്കുന്നതിനും വിലക്കുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് പിണറായി വിലാസം ഉത്തരവിറക്കിയത്. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം എടുക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. 

ജില്ലാതലത്തില്‍ ഒരു വകുപ്പും നേരിട്ട് വാര്‍ത്താക്കുറിപ്പ് നല്‍കരുത്. വാര്‍ത്തകള്‍ നേരിട്ട് നല്‍കുന്ന വകുപ്പ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ ഉറവിടമായി മാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് സര്‍ക്കുലറിലുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം തേടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. വിശിഷ്ട വ്യക്തികള്‍ മാധ്യമങ്ങളുമായി സംവദിക്കണമോയെന്ന് മുന്‍ കൂട്ടി നിശ്ചയിക്കണം. പി.ആര്‍.ഡി വഴിയായിരിക്കും ഇവിടെ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാവുക. ജില്ലാ തലങ്ങളില്‍ വിവിധ വകുപ്പുകളില്‍ വാര്‍ത്ത നല്‍കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസയം സര്‍ക്കാര്‍ വകുപ്പുകളും മന്ത്രിമാരും പി.ആര്‍.ഡി മുഖേന മാത്രമേ മാധ്യമങ്ങളോട് ഇനി മുതല്‍ സംസാരിക്കൂ. ഇതാണ് ധിക്കാരപരമായ സര്‍ക്കുലറിന്റെ ചുരുക്കം.

ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി നടത്തിയ ഒരു വിധി പ്രസ്താവം പ്രസക്തമാവുന്നു. അതിങ്ങനെ: ''പത്രങ്ങളുടെ വായ മൂടിയാല്‍ രാജ്യത്തിന്റെ ജനാധിപത്യം അത്യാപത്തിലാവും. നാലാം തൂണില്‍ നിന്നുയരുന്ന ശബ്ദത്തെ ഞെരിച്ചടക്കിയാല്‍ ഇന്ത്യ ഒരു നാസി സാമ്രാജ്യമാകും. അപ്പോള്‍ നമ്മുടെ സ്വാതന്ത്ര്യ സമര ഭടന്‍മാരും ഭരണഘടനാ ശില്‍പികളും അനുഭവിച്ച യാതനകളും ത്യാഗവും ഓവുചാലിലൂടെ ഒഴുകിപ്പോവും...'' ഒരു വാരികയുടെ പേരിലുള്ള അപകീര്‍ത്തി കേസ് തള്ളിക്കൊണ്ടാണ് കോടതി ഇപ്രകാരം പ്രസ്താവിച്ചത്. വാസ്തവത്തില്‍ മലയാളത്തിന്റെ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ഓവുചാലിലൂടെ ഒഴുക്കിക്കളയാനാണ് ഈ കടുത്ത സര്‍ക്കുലര്‍ എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. 

കുറേ മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കണ്ണുരുട്ടിക്കൊണ്ട് ''കടക്കൂ പുറത്ത്...'' എന്ന് ശാസിച്ചത് വലിയ വിവാദ കോലാഹലങ്ങളാണുണ്ടാക്കിയത്. അന്നത് വാമൊഴിയായിരുന്നെങ്കില്‍ ഇന്നത്തെ സര്‍ക്കുലര്‍ വരമൊഴിയാണ്-റിട്ടണ്‍ ഡോക്യുമെന്റ്. സമ്പൂര്‍ണ മാധ്യമ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഈ കാടന്‍ സര്‍ക്കുലര്‍ അനുസരിക്കാന്‍ സര്‍ക്കാരിന്റെ സ്തുതിപാഠകരും അധികാരത്തിന്റെ തണലില്‍ നില്‍ക്കുന്ന മാധ്യമസ്ഥാപനങ്ങളും അതിന്റെ വിധേയ മാധ്യമ പ്രവര്‍ത്തകരും അല്ലാതെ സ്വതന്ത്രവും ശക്തവുമായ നിലപാടുള്ളവര്‍ ഒരിക്കലും തയ്യാറാവില്ല. ചങ്കൂറ്റമുള്ള മാധ്യമപ്രവര്‍ത്തകര്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന ഈ അപരിഷ്‌കൃത നടപടിക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മാധ്യമ പ്രവര്‍ത്തകര്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഥവാ പി.ആര്‍.ഡി വരയ്ക്കുന്ന നിയന്ത്രണ രേഖയ്ക്കുള്ളില്‍ നിന്നുകൊണ്ടു വേണം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 'രാഷ്ട്രീയ പ്രശസ്ത'രോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. അല്ലെങ്കില്‍ ''ഇങ്ങോട്ടൊന്നും ചോദിക്കേണ്ട, ഞങ്ങള്‍ തരുന്നതങ്ങ് കൊടുത്താല്‍ മതി...'' എന്ന ഫാസിസ്റ്റ് ധാര്‍ഷ്ട്യമാണ് ഈ നിയന്ത്രണങ്ങളില്‍ നിഴലിക്കുന്നത്. മുഖ്യമന്ത്രിയോടോ മന്ത്രിമാരോടോ അവര്‍ക്ക് അലോസരമുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് അവരെ കുഴപ്പിക്കുന്ന കാര്യങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കുമെന്ന ഭയവും ഈ നടപടിയുടെ പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കാണാം. അതായത് വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയാണ് ഇവിടെ പ്രകടമാകുന്നത്. മന്ത്രിമാരുടെയും ടി. പ്രശസ്തരുടെയും അഴിമതികളും സദാചാര ധ്വംസനങ്ങളും സ്വജനപക്ഷപാതവും ഒക്കെ പുറത്ത് കൊണ്ടുവന്നിട്ടുള്ളത് ഇവിടുത്തെ മാധ്യമങ്ങളാണ്. അതോടൊപ്പം മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രശസ്തി ഇവര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു...അങ്ങനെ സെലിബ്രിറ്റികളാവുന്നു.

ഈ നിയന്ത്രണങ്ങള്‍ നടപ്പിലായാല്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നു മാത്രമല്ല, ജനങ്ങളുടെ അറിയാനുള്ള അവകാശം കൂടി തടയപ്പെടുകയും ചെയ്യും. വിവരാവകാശ നിയമം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് വിവരങ്ങളങ്ങനെ മൂടിവയ്ക്കാനുമാവില്ലല്ലോ. മീഡിയ ആക്ടിവിസത്തിന്റെ ഉച്ചസ്ഥായിയിലാണ് നാമിന്ന്.  ജനങ്ങളുടെ സമ്മതിദാനാവകാശം നേടി തെരഞ്ഞെടുക്കപ്പെട്ട് മന്ത്രി മന്ദിരങ്ങളില്‍ വാഴുന്നവര്‍ തങ്ങളുടെ ഉത്തരവാദിത്വം യഥാവിധി നിര്‍വഹിക്കുന്നുണ്ടോ എന്നറിയാന്‍ മാധ്യമജാഗ്രതയുടെ കണ്ണുകള്‍ അവരെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. അതുപക്ഷേ, യുറോപ്പിലും മറ്റും കാണുന്ന പപ്പരാസി സംസ്‌കാരമല്ല. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെപ്പോലെയുള്ള മാധ്യമ കുലപതികള്‍ വിഭാവനം ചെയ്തയഥാര്‍ത്ഥ മാധ്യമ ധര്‍മ്മമാണ്. ഒരു സര്‍ക്കുലറിനും അതിനെ ഭേദിക്കാനാവില്ല. 

പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ അടുപ്പിക്കാറേയില്ല. പറയാനുള്ളത് കടലാസിലാക്കി മാധ്യമങ്ങള്‍ക്കു കൊടുക്കും. ഒരു തരം വണ്‍വേ കമ്മ്യൂണിക്കേഷന്‍. മുമ്പ് പ്രധാനമന്ത്രിമാര്‍ വിദേശ സഞ്ചാരം നടത്തുമ്പോള്‍ കൂടെ എംബഡഡ് ജേര്‍ണലിസ്റ്റുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ മോദിയുടെ കൂട്ടത്തില്‍ ഒന്നോ രണ്ടോ ഏജന്‍സികളും ദൂരദര്‍ശന്റെ ആള്‍ക്കാരുമേ ഉണ്ടാകൂ. അവര്‍ക്ക് മോദി പറയുന്നതാണ് വേദവാക്യം. ഇത് മാധ്യമപ്രവര്‍ത്തനമല്ല, സ്തുതി പാടലാണ്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുമ്പോള്‍ അപകടകരമായ വാക്കുകള്‍ ഉതിര്‍ന്നു വീഴുമോ എന്ന് സര്‍ക്കുലറില്‍ സൂചിപ്പിച്ചിരിക്കുന്നു. 'പ്രശസ്ത വ്യക്തികള്‍' ഭയപ്പെടുന്ന ആ വാക്കുകള്‍ ചേര്‍ത്ത് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ അതവര്‍ക്ക് നെഗറ്റീവ് വാര്‍ത്തകളാകുന്നു. എന്നാല്‍ നെഗറ്റീവ് കാര്യങ്ങളുണ്ടാകുമ്പോഴാണ് നെഗറ്റീവ് വാര്‍ത്തകളും അച്ചടിക്കപ്പെടുന്നത്, അല്ലെങ്കില്‍ എയര്‍ ചെയ്യപ്പെടുന്നത്. 

ഈ ഇണ്ടാസിലൂടെ മുഖ്യമന്ത്രി അധികാരം തന്നിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഈ നടപടി നാളെ സര്‍ക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴി തെളിയിച്ചേക്കാം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്ത നല്‍കുന്ന മാധ്യമ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തി പരസ്യങ്ങളും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ച് ദ്രോഹിച്ചേക്കാം. പി.ആര്‍.ഡിയുടെ നിയന്ത്രണരേഖ മറികടക്കുന്ന നട്ടെല്ലുള്ള മാധ്യമപ്രവര്‍ത്തകരെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് റിമാന്‍ഡിലാക്കി പീഡിപ്പിച്ചേക്കാം. സര്‍ക്കാരും മാധ്യമ പ്രവര്‍ത്തകരും വലിയ കുഴപ്പമില്ലാതെ കഴിഞ്ഞുകൂടി പോന്നിരുന്നതാണ്. ആ സ്മൂത്തായ അന്തരീക്ഷത്തിലേക്കാണ് മാധ്യമ നിയന്ത്രണത്തിന്റെ കൂരമ്പുകള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തൊടുത്തുവിട്ടിരിക്കുന്നത്. 

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഭരണകൂട മുഷ്‌ക്ക് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക