Image

പൗരന്‍മാര്‍ സുപ്രീംകോടതി വിധി മാനിക്കണം: ജസ്‌റ്റിസ്‌ കുര്യന്‍ജോസഫ്‌

Published on 30 November, 2018
പൗരന്‍മാര്‍ സുപ്രീംകോടതി വിധി മാനിക്കണം: ജസ്‌റ്റിസ്‌ കുര്യന്‍ജോസഫ്‌


ന്യൂഡല്‍ഹി: സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചാല്‍ അത്‌ രാജ്യത്തെ നിയമമാണെന്നും നിയമത്തിന്‌ വിലകല്‍പ്പിക്കുന്ന എല്ലാ പൗരന്‍മാരും വിധി അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും സുപ്രീംകോടതിയില്‍ നിന്നും കഴിഞ്ഞദിവസം വിരമിച്ച ജഡ്‌ജി കുര്യന്‍ ജോസഫ്‌.

കോടതിവിധികള്‍ വിമര്‍ശനാതീതമാണെന്ന്‌ കരുതുന്നില്ല. എന്നാല്‍, വിമര്‍ശനങ്ങളും വിയോജിപ്പുകളും നിയമപരമായ രീതിയിലുള്ളതാകണം. വിധി തിരുത്തണമെന്നോ ഭേദഗതി ചെയ്യണമെന്നൊ പുനഃപരിശോധിക്കണമെന്നോ അഭിപ്രായമുള്ളവര്‍ക്ക്‌ കോടതിയെ സമീപിക്കാം. വിധി പാലിക്കാത്തത്‌ കോടതി അലക്ഷ്യനിയമപ്രകാരമുള്ള കുറ്റമാണ്‌.

മതവിശ്വാസമല്ല, മതവിശ്വാസത്തില്‍ അധിഷ്‌ഠിതമായ ആചാരങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കുമോയെന്ന വിഷയമാണ്‌ കോടതി പരിഗണിക്കാറുള്ളത്‌. മതവിശ്വാസം വ്യക്തിപരമായ വിഷയമാണ്‌. അതിനെ ആര്‍ക്കും ചോദ്യംചെയ്യാന്‍പറ്റില്ല. അത്തരം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ആചാരങ്ങളാണ്‌ ചിലപ്പോള്‍ തര്‍ക്കം സൃഷ്ടിക്കാറുള്ളത്‌.

ഭരണഘടനയുടെ 25ാം അനുച്ഛേദം വാഗ്‌ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ മറികടക്കാത്തിടത്തോളം ആചാരങ്ങള്‍ക്ക്‌ നിയമ സാധുതയുണ്ട്‌. മുത്തലാഖ്‌ വിഷയത്തില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷവിധി പുറപ്പെടുവിച്ചത്‌ താനാണ്‌. കോടതി ലക്ഷ്‌മണരേഖ ലംഘിച്ചുവെന്ന്‌ അന്ന്‌ ആരും പരാതിപ്പെട്ടിട്ടില്ല.

ഇത്തരം വിഷയങ്ങളില്‍ സ്വന്തം വാദങ്ങള്‍ വിശദമായി കേട്ടില്ലെന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ഏതൊരാള്‍ക്കും കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ പറഞ്ഞു.

ജഡ്‌ജിമാരുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയഇടപെടല്‍ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്‌താല്‍, ചില പേരുകള്‍ മാത്രം അംഗീകരിച്ച്‌ ബാക്കിയുള്ളവരുടെ നിയമനം കാരണം വ്യക്തമാക്കാതെ തടഞ്ഞുവെക്കുന്നത്‌ പതിവായിട്ടുണ്ട്‌. കേരള ഹൈക്കോടതിയിലേക്ക്‌ കൊളീജിയം ശുപാര്‍ശ ചെയ്‌ത ചില പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിട്ടുണ്ട്‌.

സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്രയുടെ നടപടികള്‍ക്ക്‌ എതിരെ താന്‍ ഉള്‍പ്പടെ നാല്‌ മുതിര്‍ന്ന ജഡ്‌ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത്‌ എല്ലാവഴികളും അടഞ്ഞ സാഹചര്യത്തിലാണ്‌. സുപ്രീംകോടതിയിലെ ആഭ്യന്തരവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫുള്‍കോര്‍ട്ട്‌ വിളിക്കണമെന്ന്‌ അന്നത്തെ ചീഫ്‌ ജസ്‌റ്റിസിനോട്‌ നിരവധി വട്ടം ആവശ്യപ്പെട്ടിരുന്നു. കാവല്‍നായ പലവട്ടം കുരച്ചിട്ടും വീട്ടുകാരന്‍ ഉണര്‍ന്നില്ലെങ്കില്‍, പിന്നീട്‌ കടിച്ചുണര്‍ത്തുകയേ വഴിയുള്ളു. വിവാദവാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതില്‍ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക